കേരള ബാങ്ക് ;ഒരു ബാങ്ക് ശാഖയും പൂട്ടില്ലെന്ന് സഹകരണമന്ത്രി
കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഒരു ബാങ്ക് ശാഖയും പൂട്ടില്ലെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരം ജില്ലാ ബാങ്കിന്റെ ശാഖകൾ പൂട്ടുന്ന തീരുമാനത്തിന് കേരള ബാങ്കിന്റെ രൂപീകരണവുമായി ബന്ധമില്ല. ജില്ലാ സഹകരണ ബാങ്കുകളിൽ നഷ്ടത്തിലുള്ള ഏക ബാങ്കാണ് തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കെന്നും മന്ത്രി പറഞ്ഞു.
ബാങ്ക് ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് ശാഖകൾ പൂട്ടാൻ തീരുമാനിച്ചത്. നഷ്ടം കുറക്കുന്നതിനാണ് ഏതാനും ശാഖകൾ ഒഴിവാക്കുന്നത്. ബാങ്കിനെ നഷ്ടത്തിൽ നിന്നും കരകയറ്റാൻ സർക്കാർ എല്ലാ സഹായവും ചെയ്യുന്നുണ്ട്. ശാഖ പൂട്ടുമ്പോൾ ജീവനക്കാർക്ക് ആശങ്ക വേണ്ടെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലാ ബാങ്കിന്റെ അഞ്ച് ശാഖകളാണ് പൂട്ടാൻ തീരുമാനിച്ചത്. പാളയം മോണിങ് ആൻറ് ഈവനിങ് ,മെഡിക്കൽ കോളേജ്, പേരൂർക്കട ,ആലങ്ങോട്, മൊബൈൽ ബാങ്കിങ് ശാഖകളാണ് പൂട്ടുന്നത്. മൊബൈൽ ബാങ്കിങ് ശാഖ പൂട്ടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ബാങ്ക് അപ്പീൽ പോവും. ഘട്ട ഘട്ടമായി കൂടുതൽ ബ്രാഞ്ചുകൾ പൂട്ടുമെന്നാണ് സൂചന.