കേരള ബാങ്കിന്റെ കോര്‍ബാങ്കിങ് കരാര്‍വിപ്രോയ്ക്ക്; ഡിജിറ്റല്‍ ബാങ്കിങ്ഇന്‍ഫ്രാസോഫ്റ്റിന്

Deepthi Vipin lal

കേരള ബാങ്കില്‍ ഐ.ടി. സംയോജനത്തിനുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയായി. കോര്‍ബാങ്കിങ് ഏര്‍പ്പെടുത്തുന്നതിനുള്ള കരാര്‍ വിപ്രോയ്ക്കാണ് ലഭിച്ചിട്ടുള്ളത്. ആധുനിക ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ‘ഓമ്നി ചാനല്‍’ കരാര്‍ ഇന്‍ഫ്രാസോഫ്റ്റ് ടെക്നോളജീസിനാണ് നല്‍കിയിട്ടുള്ളത്. വിപ്രോയ്ക്ക് സപ്റ്റംബര്‍ രണ്ടിനും ഇന്‍ഫ്രാസോഫ്റ്റിന് സപ്റ്റംബര്‍ ആറിനും ഓര്‍ഡര്‍ നല്‍കി. ആറു വര്‍ഷത്തേക്കാണ് കരാര്‍.


ഐ.ടി.സംയോജനം, കോര്‍ബാങ്കിങ്, എച്ച്.ആര്‍.എം.എസ്., ഗവണ്‍മെന്റ് ബിസിനസ് മൊഡ്യൂള്‍, ഡാറ്റ സെന്റര്‍ ഹാര്‍ഡ് വെയര്‍/നെറ്റ് വര്‍ക്ക്, സൈബര്‍ സെക്യുരിറ്റി, അസറ്റ് ലയബിലിറ്റി മാനേജ്മെന്റ്, ആന്റി മണി ലോണ്ടറിങ് മുതലായ സേവനങ്ങള്‍ ഉറപ്പാക്കുകയാണ് വിപ്രോയ്ക്കുള്ള ചുമതല. ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളായ മൊബൈല്‍ ബാങ്കിങ്, ഇമിഡിയറ്റ് പെയ്മെന്റ് സിസ്റ്റം ( ഐ.എം.ബി.പി.), യൂണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫെയ്സ് (യു.പി.ഐ.), ഇന്റര്‍നെറ്റ് ബാങ്കിങ്, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍, വീഡിയോ കെ.വൈ.സി., ഇ-കെ.വൈ.സി., ഇ-കൊമേഴ്സ്, പെയിന്റ് ഓഫ് സെയില്‍, മൈക്രോ എ.ടി.എം. എന്നിവ അഞ്ചു വര്‍ഷ കാലയളവിലേക്ക് ചെയ്യാനുള്ള കരാറാണ് ഇന്‍ഫ്രാ സോഫ്റ്റിന് നല്‍കിയിട്ടുള്ളത്.


ഇങ്ങനെ രണ്ടു രീതിയിലായി തരംതിരിച്ച സേവനങ്ങള്‍ ഒറ്റക്കരാറായി നല്‍കണമെന്നായിരുന്നു തുടക്കത്തില്‍ കേരളബാങ്ക് തയ്യാറാക്കിയ ആര്‍.എഫ്.പി.യില്‍ പറഞ്ഞിരുന്നത്. രണ്ടു കമ്പനികള്‍ ചെയ്യുമ്പോള്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഏറെയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. അതനുസരിച്ച് ടെണ്ടര്‍ നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ തീരുമാനം മാറ്റുകയും ആദ്യം വിളിച്ച ടെണ്ടര്‍ റദ്ദാക്കുകയും ചെയ്തു. നേരത്തെ തയ്യാറാക്കിയ ആര്‍.എഫ്.പി. രണ്ടായി വിഭജിച്ചാണ് ഇപ്പോള്‍ ടെണ്ടറിലൂടെ കരാര്‍ നല്‍കിയിരിക്കുന്നത്.


ഏഴ് ജില്ലാ ബാങ്കുകളില്‍ നേരത്തെ കോര്‍ബാങ്കിങ് നടപ്പാക്കിയത് വിപ്രോയാണ്. ഇന്‍ഫോസിസിന്റെ സോഫ്റ്റ്വെയറാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോഴും ഇന്‍ഫോസിസിന്റെ സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നതെങ്കിലും പൂര്‍ണമായും അത് പുതിയ സംവിധാനത്തോടെയുള്ളതാണ്. അതിനാല്‍, നിലവിലുള്ള സോഫ്റ്റ്വെയറുകള്‍ മാറ്റി പുതിയത് സ്ഥാപിക്കണം. എങ്കിലും, ജില്ലാബാങ്കുകളുടെ കോര്‍ബാങ്കിങ് ഏറ്റെടുത്ത് നിര്‍വഹിച്ചതിന്റെ പരിചയം വിപ്രോയ്ക്ക് സഹായകമാകും. 2021 ഏപ്രില്‍ മാസത്തോടെ മാത്രമേ കേരളബാങ്കില്‍ ആധുനിക ബാങ്കിങ് സേവനം ലഭ്യമാക്കാനാകൂവെന്നാണ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞത്. വിപ്രോയും ഇന്‍ഫ്രാസോഫ്റ്റും സമയബന്ധിതമായി അവരുടെ കരാര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയാല്‍ ഈ ലക്ഷ്യം നേടാനാകും.

Leave a Reply

Your email address will not be published. Required fields are marked *

Latest News