കെ.എസ്.ആര്.ടി.സി.പെന്ഷന് സഹകരണ ബാങ്കുകളില്‍നിന്ന് പണം കണ്ടെത്താന്‍ ധാരണാപത്രമായി
കെ.എസ്.ആര്.സി. പെന്ഷന് നല്‍കുന്നതിന് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പണം കണ്ടെത്താന്‍ ധാരണാപത്രമായി. . കെ.എസ്.ആര്.ടി.സി., ധനവകുപ്പ്, സഹകരണവകുപ്പ് എന്നിവയാണ് ധാരണാപത്രത്തില്‍ പങ്കാളികളാകുന്നത്. കേരള ബാങ്കിനാണ് കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനുള്ള ചുമതല. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു.
പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്നാണ് പെന്ഷന് നല്‍കാനുള്ള ഫണ്ട് ശേഖരിക്കുക. ഒരുമാസം 80 കോടിരൂപയാണ് വേണ്ടത്. ഒരുവര്‍ഷത്തേക്കാണ് സഹകരണ സംഘങ്ങള്‍ ഫണ്ട് നല്‍കേണ്ടത്. കേരളബാങ്കാണ് ഈ ഫണ്ട് സ്വരൂപിക്കുക. പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴിയാണ് പെന്ഷന് നല്‍കുക. കെ.എസ്.ആര്.ടി.സി. പെന്‍ഷന്‍കാര്‍ ഇതിനായി സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് എടുക്കണം. നേരത്തെയും ഇതേ രീതിയിലാണ് കെ.എസ്.ആര്.ടി.സി. പെന്ഷന് നല്‍കിയിരുന്നത്. അതിനാല്‍, പെന്‍ഷന്‍കാര്‍ക്കെല്ലാം സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുണ്ട്.
കണ്‍സോര്‍ഷ്യത്തില്‍ അംഗമായ സഹകരണബാങ്കുകള്‍ കേരളബാങ്കിലേക്കാണ് പണം അടക്കേണ്ടത്. കേരളബാങ്ക് കെ.എസ്.ആര്.ടി.സി. നല്കുന്ന പെന്‍ഷന്‍കാരുടെ പട്ടിക അനുസരിച്ച് ഓരോ ജില്ലയിലേയും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് പെന്ഷന് തുക കൈമാറും. ഡിസംബര്‍ മുതലുള്ള പെന്‍ഷനാണ് ഇപ്പോള്‍ കുടിശ്ശികയുള്ളത്.
സഹകരണ ബാങ്കുകള്‍ നല്കുന്ന പണത്തിന് 8.8 ശതമാനമാണ് പലിശ നിശ്ചയിട്ടിട്ടുള്ളത്. ഇത്രയും പലിശ അനുവദിക്കുന്നതിന് നേരത്തെ ധനവകുപ്പ് എതിരായിരുന്നു. അതിനാലാണ് ധാരണാപത്രം ഒപ്പിടുന്നത് വൈകിയത്. സര്‍ക്കാര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. കെ.എസ്.ആര്.ടി.സിക്കുള്ള വാര്‍ഷിക വിഹിതത്തില്‍ നിന്നാണ് സഹകരണ ബാങ്കുകള്‍ക്ക് പലിശ സഹിതം തുക തിരിച്ചുനല്‍കുന്നത്. തിരിച്ചടവ് വൈകുമോയെന്ന് സഹകരണ ബാങ്കുകള്‍ക്ക് ആശങ്കയുണ്ട്. കണ്‍സോര്‍ഷ്യം നല്കുന്ന സ്വരൂപിക്കുന്ന പണം തിരിച്ചുനല്‍കുന്ന കാര്യത്തില്‍ കേരളബാങ്കിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.