കുത്തനൂരിലെ സംഘക്കൃഷിക്ക് പെണ്‍തിളക്കം
അനില്‍ വള്ളിക്കാട്
സംഘക്കൃഷിയിലൂടെ പരമ്പരാഗത കൃഷിരീതി തിരിച്ചുകൊണ്ടുവരാനൊരു ശ്രമം. പാലക്കാട് കുത്തനൂരിലെ അമ്പതേക്കറില്‍ നടത്തിയ ഈ പരീക്ഷണം വിജയകരമായി. തിരുക്കോട് പാടശേഖരത്തില്‍ ഇങ്ങനെ പരീക്ഷണം നടത്തി വിജയിച്ച കര്‍ഷകരില്‍ വലിയൊരു ഭാഗം വനിതകളാണ്
എന്നതാണ് പ്രത്യേകത.
പാലക്കാട് കുത്തനൂരിലെ അമ്പത് ഏക്കര്‍ കൃഷിയിടത്തില്‍ വിളഞ്ഞത് സമൃദ്ധിയുടെ നെന്മണികള്‍ മാത്രമല്ല പെണ്ണൊരുമയുടെ പൊന്മണികള്‍ കൂടിയാണ്. സംഘക്കൃഷിയിലൂടെ പരമ്പരാഗത കൃഷിരീതി തിരിച്ചു കൊണ്ടുവന്നതിന്റെ ആഹ്ലാദത്തിലാണ് കുത്തനൂര്‍ പഞ്ചായത്തിലെ തിരുക്കോട് പാടശേഖരത്തിലെ കര്‍ഷകര്‍. നല്ലൊരു ഭാഗം വനിതകളടങ്ങിയ ഈ കര്‍ഷകസംഘം വലിയൊരു കൂട്ടായ്മയുടെ വിതയെറിഞ്ഞു വിളവെടുത്തിരിക്കുകയാണ്.
ലളിതം, ലാഭകരം
കൃഷിയിറക്കുന്നതിലെ സങ്കീര്‍ണതകള്‍ തന്നെയായിരുന്നു പലപ്പോഴും പാടശേഖരത്തിലെ കര്‍ഷക വനിതകളുടെ മുഖ്യ ചര്‍ച്ചാവിഷയം. ഈ ചര്‍ച്ചകള്‍ക്കൊടുവിലാണ് പലസമയത്ത് കൃഷിയിറക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ സംയോജിത കൃഷിരീതി എന്ന ആശയത്തിലേക്ക് ഇവര്‍ എത്തിയത്. വനിതാ കര്‍ഷകരുടെ കൂട്ടായ്മക്ക് മുഴുവന്‍ കര്‍ഷകരും പിന്തുണയുമായി വന്നു. കഴിഞ്ഞ മെയ് മാസം പകുതിയോടെ ആദ്യമായി ഇത് പരീക്ഷിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു.
നടാനാവശ്യമായ ഞാറുകള്‍ ഒരിടത്തുതന്നെ തയാറാക്കിക്കൊണ്ട് സംഘശക്തിയുടെ ലളിതവും ലാഭകരവുമായ കൃഷിയാത്രക്ക് തുടക്കിട്ടു. പരമ്പരാഗത കര്‍ഷക പി.കെ. പ്രേമകുമാരിയുടെ ഒരേക്കര്‍ പാടത്താണ് കൃഷിക്കാവശ്യമായ ഞാറ്റടി തയാറാക്കിയത്. ഇത് ഓരോരുത്തര്‍ക്കും വെവ്വേറെ തയാറാക്കാന്‍ ആയിരം രൂപ വരെ ചെലവ് വരുമായിരുന്നു. ഒരിടത്തു തയാറാക്കിയതിലൂടെ ആ ചെലവ് കുറഞ്ഞു. ഉമ വിത്താണ് ഞാറ്റടി തയാറാക്കാന്‍ ഉപയോഗിച്ചത്. പറിച്ചെടുത്ത ഞാറുകള്‍ ഒരേസമയം പാടങ്ങളില്‍ നട്ട് സമയനഷ്ടം കുറച്ചു. വളപ്രയോഗത്തില്‍ മിതത്വം പാലിച്ചു ലാഭമുണ്ടാക്കി. വിത മുതല്‍ കൊയ്ത്തു വരെ ഒരേസമയം പണികള്‍ നടത്തി പലതരത്തിലുള്ള കൂലിച്ചെലവുകള്‍ കുറച്ചു. വിത്ത്, വളം, കളപറി തുടങ്ങിയവയുടെ കൂലിയിനത്തില്‍ ഇങ്ങനെ ഇരുപതു ശതമാനം വരെ കുറയ്ക്കാനായി. ഇരുപതേക്കര്‍ കൃഷി ഉഴവിന് അറുപതിനായിരത്തിലേറെ രൂപ ചെലവ് വരുമായിരുന്നു. അത് പകുതിയായി. ഒരേ സമയത്തെ വളപ്രയോഗം മൂലം കെട്ടി നിര്‍ത്തുന്ന വെള്ളത്തിന്റെ അളവ് ക്രമീകരിക്കാനും അതുവഴി ജലനഷ്ടം കുറയ്ക്കാനുമായി. ഒരു കൊയ്ത്തു യന്ത്രം ഉപയോഗിച്ച് ഒറ്റദിവസം കൊണ്ട് കൊയ്‌തെടുത്തതും ലാഭകരമായി.
ലക്ഷ്യം ജൈവക്കൃഷി
75 ഏക്കര്‍ വിസ്തൃതി വരുന്ന കൃഷിയിടമാണ് പാടശേഖരസമിതിയുടെ കീഴില്‍ വരുന്നത്. ഇതില്‍ ഒരേസമയത്ത് കൃഷിയിറക്കാന്‍ സൗകര്യമുള്ള 50 ഏക്കര്‍ ആദ്യം കണ്ടെത്തുകയായിരുന്നു. അവശേഷിക്കുന്ന കൃഷിയിടങ്ങളിലും അടുത്ത വിളകളില്‍ സംഘക്കൃഷി ചെയ്യാനുള്ള സൗകര്യമൊരുക്കും. പരമ്പരാഗത കൃഷിരീതി വിഭാവനം ചെയ്യുന്ന രാഷ്ട്രീയ കൃഷി വികാസ് യോജന ( ആര്‍.കെ.വി.വൈ ) പദ്ധതിയുടെ പിന്തുണ കുത്തനൂര്‍ കൃഷി ഓഫീസ് അധികൃതര്‍ പാടശേഖര സമിതിക്കു നല്‍കിയത് കൂടുതല്‍ ഊര്‍ജമായി. ജൈവക്കൃഷി പദ്ധതി നടപ്പാക്കാന്‍ കുത്തനൂര്‍ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുത്തതും ഈ പാടശേഖര സമിതിയെയാണ്.
ജൈവക്കൃഷിയിലേക്കുള്ള ചുവടുവെയ്പ് ആദ്യ സംഘക്കൃഷിയില്‍ത്തന്നെ നടപ്പാക്കിയെന്ന് പാടശേഖരസമിതി സെക്രട്ടറി സജീഷ് കുത്തനൂര്‍ പറഞ്ഞു. നിലവില്‍ നടത്തുന്ന രാസവള പ്രയോഗം പെട്ടെന്ന് നിര്‍ത്താനാവില്ല. ആട്-കോഴികളുടെ വിസര്‍ജ്യം, കാലിവളം തുടങ്ങിയ ജൈവ രീതികള്‍ പ്രയോഗിച്ച് രാസവളത്തിന്റെ തോത് കുറയ്ക്കുകയാണ് ചെയ്തത്. മൂന്നു തവണ രാസവളം ചേര്‍ക്കുന്നത് ഒന്നാക്കി. അതുതന്നെ അളവ് പകുതിയാക്കി രണ്ടു തവണയായി നല്‍കി. കളനാശിനിയും കീടനാശിനിയും ജൈവ രീതിയില്‍ത്തന്നെ പ്രയോഗിച്ചു. മൂന്നു വര്‍ഷം കൊണ്ട് പൂര്‍ണമായും ജൈവക്കൃഷി രീതി ഈ പാടശേഖരത്തില്‍ നടപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് സജീഷ് പറഞ്ഞു.
വിത മുതല്‍ കൊയ്ത്തു വരെ ഒരുമിച്ചു നടത്തുന്ന ചെലവുകള്‍ സ്ഥല വിസ്തൃതിക്കനുസരിച്ച് കര്‍ഷകര്‍ വഹിക്കുന്നതാണ് സംഘക്കൃഷിയുടെ ഇപ്പോഴത്തെ രീതി. കൊയ്‌തെടുക്കുന്ന നെല്ല് അവരവര്‍ സ്വന്തമായി വില്‍ക്കും. ഒരേസമയം കൊയ്‌തെടുക്കുന്നതുമൂലം സംഭരണവേളയില്‍ മില്ലുകാരില്‍ നിന്നും ഇടനിലക്കാരില്‍ നിന്നും ഉണ്ടാകാവുന്ന ചൂഷണം ഒരളവു വരെ തടയിടാന്‍ കഴിയും. എന്നാല്‍, ജൈവക്കൃഷി പൂര്‍ണമായും നടപ്പാക്കിക്കഴിഞ്ഞാല്‍ ഈ കൂട്ടായ്മയിലെ കര്‍ഷകരുടെ നെല്ല് പ്രത്യേകമായി കൈകാര്യം ചെയ്യാന്‍ ഒരു വിപണന സംഘം രൂപവത്കരിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് സമിതി പ്രസിഡന്റ് വി.പ്രവീണ്‍ കുമാര്‍ പറഞ്ഞു. അരി, അവില്‍, അരിപ്പൊടി എന്നിവ ഉല്‍പാദിപ്പിച്ച് ബ്രാന്‍ഡ് ചെയ്ത് വില്‍ക്കും.
ആഹ്ലാദത്തിന്റെ വിളവെടുപ്പ്
കൊയ്ത്തു ദിവസം അതിന്റെ മുന്നൊരുക്കത്തിനായി വനിതാ കര്‍ഷകരുള്‍പ്പടെയുള്ളവര്‍ പാടശേഖരത്തിലെത്തിയിരുന്നു. സമൃദ്ധമായ വിളവില്‍ എല്ലാവരുടെയും മുഖത്ത് സന്തോഷശോഭ പരന്നു. വിജയിക്കും എന്നുറപ്പുള്ള പരീക്ഷണമായിരുന്നു ഇതെന്ന് കര്‍ഷകാരിലൊരാളായ അംബിക പറഞ്ഞു. ചെലവ് മാത്രമല്ല വിത മുതല്‍ വില വരെയുള്ള കാലത്തെ മാനസിക സംഘര്‍ഷങ്ങള്‍ കുറച്ച് ആഹ്ലാദകരമായ കൃഷി നടത്തിപ്പായിരുന്നു ഇതെന്ന് അംബിക പറഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന ലൗലി ഭായും രത്‌നാവതിയും മൈഥിലിയും നിറഞ്ഞ ചിരി കൊണ്ട് അതിനെ പിന്തുണച്ചു. കനത്ത കതിര്‍ക്കുലകള്‍ കയ്യിലെടുത്തു സെക്രട്ടറി സജീഷ് പറഞ്ഞു: ‘ ഒരേക്കറില്‍ നിന്ന് 2000 മുതല്‍ 3000 വരെ കി. ഗ്രാം നെല്ല് ഇവിടെ നിന്നു ലഭിക്കാന്‍ സാധ്യതയുണ്ട്. ഒരേക്കറില്‍ 2200 കി. ഗ്രാം നെല്ലാണ് എല്ലായിടത്തും ശരാശരി ഉല്‍പാദനം. ഈ പാടങ്ങളില്‍ അതില്‍ക്കൂടുതല്‍ ലഭിക്കും. ‘ കൂടെയുണ്ടായിരുന്ന പ്രവീണ്‍ കുമാറും സമിതി അംഗം നാരായണനും അത് ശരിവെച്ചു. അല്‍പം കഴിഞ്ഞു പണിയാരവങ്ങളില്ലാതെ കൊയ്ത്തു യന്ത്രം പാടത്തേയ്ക്കിറങ്ങി. പിന്നീട് കതിരുകള്‍ മുറിച്ചെടുക്കുന്ന യന്ത്രമുരളിച്ച മാത്രം. സംഘശക്തിയുടെ വിളവെടുപ്പിന്റെ ആഹ്ലാദം പങ്കുവെച്ച് കര്‍ഷകര്‍ വരമ്പത്തും.