കാപ്‌കോസ് നെല്ല് സംസ്‌കരണ കേന്ദ്രം; ഊരാളുങ്കലുമായി കരാര്‍ ഒപ്പുവെച്ചു
നെല്ല് സംസ്‌കരണവും വിപണനവും സാധ്യമാക്കാനുള്ള സഹകരണ മേഖലയുടെ ഇടപെടല്‍ അന്തിമഘട്ടത്തിലേക്ക് എത്തുന്നു. നെല്ല് സംഭരണത്തിലെ ചൂഷണങ്ങള്‍ ഒഴിവാക്കാനും മികച്ച അരി വിപണിയില്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണ സംഘം (കാപ്‌കോസ്) ആധുനിക മില്ല് സ്ഥാപിക്കുന്നതിന് ഊരാളുങ്കല്‍ സൊസൈറ്റുമായി കരാറില്‍ ഒപ്പുവെച്ചു. കോട്ടയം ആസ്ഥാനമായി പാലക്കാട് ഒഴികെയുള്ള 13 ജില്ലകളില്‍ പ്രവര്‍ത്തന പരിധിയായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘമാണ് കാപ്‌കോസ്. പാലക്കാട് ജില്ലയ്ക്ക് മാത്രമായി പാപ്‌കോസ് എന്ന സഹകരണ മില്ല് പ്രവര്‍ത്തനം തുടങ്ങാനിരിക്കെയാണ്.
കോട്ടയം കിടങ്ങൂര്‍ പഞ്ചായത്തില്‍ കാപ്‌കോസ് വാങ്ങിയ 10 ഏക്കര്‍ ഭൂമിയിലാണ് നെല്ല് സംഭരണത്തിനായി ഗോഡൗണും, ആധുനികമില്ലും മൂല്ല്യവര്‍ദ്ധിത ഉത്പന്നനിര്‍മ്മാണത്തിന് അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുക. ഇതിനുള്ള കരാറാണ് സഹകരണ മന്ത്രി വി.എന്‍. വാസവന്റെ ചേബറില്‍ കരാറില്‍ കാംപ്‌കോസ് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണനും, ഊരാളുങ്കല്‍ സെക്രട്ടറി ഷാജുവും ഒപ്പുവെച്ചത്. നെല്‍കര്‍ഷകരുടെ സംഭരണ, വിപണന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച കാപ്‌കോസ് 86 കോടി രൂപയുടെ പദ്ധതിയാണ് കിടങ്ങുരില്‍ സാധ്യമാക്കുന്നത്. ഇതില്‍ 30 കോടി രൂപ ഓഹരി മൂലധനത്തിലൂടെയും ബാങ്കി തുക സര്‍ക്കാരിന്റെയും, വിവിധ ഏജന്‍സികളുടെയും സഹായത്തോടെയാണ് സമാഹരിക്കുക.
ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 35 കോടി ചിലവിലുള്ള ആധുനിക റൈസ് മില്ലാണ് സ്ഥാപിക്കുന്നത്. ആന്ധ്ര, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ മില്ലുകള്‍ സംബന്ധിച്ച് വിദഗ്ധ സംഘം പഠനം നടത്തിയ ശേഷമാണ് കോട്ടയത്ത് സ്ഥാപിക്കുന്ന മില്ലിന്റെ തീരുമാനം ആയത്. കുട്ടനാട് , അപ്പര്‍ കുട്ടനാട് മേഖലയിലെ ഒരു വര്‍ഷത്തെ നെല്ല് ഉത്പാദനം 1,65000 മെട്രിക്ക് ടെണ്ണാണ്. കാപ്‌കോസ് സ്ഥാപിക്കുന്ന മില്ലില്‍ 50000 മെട്രിക്ക് ടെണ്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ളതാണ്.
ഒരുവര്‍ഷം എട്ട് ലക്ഷത്തിലധികം ടണ്‍ നെല്ല് സപ്ലൈകോ സംഭരിക്കുമ്പോള്‍ 7 ലക്ഷം ടണ്ണും സംസ്‌കരിക്കുന്നതു സ്വകാര്യമില്ലുകളാണ്. ആ മേഖലയിലേക്കാണ് സഹകരണ മേഖല എത്തുന്നത്. മില്ല് പൂര്‍ത്തിയാകുന്നതോടെ നെല്ലു സംസ്‌കരണത്തിന്റെ മേഖലയില്‍ 4 ശതമാനം കൂടി സര്‍ക്കാര്‍ സഹകരണ മേഖലയുടെ കൈയിലെത്തും. ഇപ്പോഴിത് 2.75 ശതമാനം മാത്രമാണ്. നെല്‍ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളും സംഘം വഴി നടപ്പിലാക്കും.എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് കോട്ടയം ജില്ലയിലെ 26 പ്രാഥമിക കാര്‍ഷിക സര്‍വിസ് സഹകരണ ബാങ്കുകള്‍ അംഗ സംഘങ്ങളായി രജിസ്റ്റര്‍ ചെയ്ത് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്.
കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ കര്‍ഷകര്‍ക്ക് കൈതാങ്ങായി ആധുനിക റൈസ് മില്ല് ഒരു വര്‍ഷത്തിനുള്ളില്‍ സാധ്യമാക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് സഹകരണ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. അപ്പര്‍ കുട്ടനാട്ടിലാണ് ഇപ്പോള്‍ റൈസ് മില്ല് സ്ഥാപിക്കുന്നത്. കുട്ടനാട്ടിലും മില്ല് സ്ഥാപിക്കുന്ന കാര്യം സംഘം രൂപീകരിക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു . ഇതിന്റെ തുടര്‍ച്ചയായി അതിലേക്ക് കടക്കും. നെല്ല് ഉത്പാദനം മാത്രമല്ല സംഘത്തിന്റെ ഉല്‍പന്നങ്ങള്‍ വിപണയില്‍ എത്തിക്കുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്നതും ലക്ഷ്യങ്ങളില്‍ പെടുന്നു.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിയും സ്വകാര്യ മേഖലയിലും ഓണ്‍ലൈനുമാണ് വില്‍പന നടത്തുകയെന്ന് മന്ത്രി പറഞ്ഞു.