കരുവന്നൂരിന് പ്രത്യേകം കുടിശ്ശികനിവാരണ പദ്ധതി; ഓവര്‍ഡ്രാഫ്റ്റ് വായ്പയ്ക്കും ഇളവ്

moonamvazhi

കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക കുടിശ്ശിക നിവാരണ പദ്ധതിക്ക് മാര്‍ച്ച് 31വരെ കാലാവധി നീട്ടിനല്‍കി. 50 ലക്ഷം രൂപവരെയുള്ള ഓവര്‍ഡ്രാഫ്റ്റ് വായ്പയ്ക്കും കുടിശ്ശിക നിവാരണ പദ്ധതിയില്‍ ഇളവ് അനുവദിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വായ്പ കുടിശ്ശികയായ തീയതിമുതല്‍ അവസാനിപ്പിക്കുന്ന തീയതിവരെ പണയവായ്പയിലെന്നപോലെ ഓവര്‍ഡ്രാഫ്റ്റ് വായ്പയ്ക്കും ഇളവ് അനുവദിക്കാമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

2023 ഡിസംബര്‍ വരെയായിരുന്നു കരുവന്നൂരിനായി പ്രത്യേക കുടിശ്ശിക നിവാരണ പദ്ധതി പ്രഖ്യാപിച്ചത്. ഇത് മാര്‍ച്ച് 31വരെ നീട്ടണമെന്ന് രജിസ്ട്രാര്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. രജിസ്ട്രാറുടെ ശുപാര്‍ശയുടെയും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടി. വായ്പകളില്‍ ഇളവ് അനുവദിക്കുന്നതിന് നാല് വ്യവസ്ഥകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

* മൂന്നുവര്‍ഷത്തിലധികം കുടിശ്ശികയായ എല്ലാവായ്പകള്‍ക്കും പലിശ ഇനത്തില്‍ 50 ശതമാനം വരെ സംഘം ഭരണസമിതിക്ക് ഇളവ് അനുവദിക്കാം.
* പരിധികളില്ലാതെ എല്ലാ വായ്പകള്‍ക്കും പലിശ മുതലിനേക്കാള്‍ അധികരിക്കുകയാണെങ്കില്‍ പലിശ മുതലിനൊപ്പം ക്രമീകരിച്ച് തീര്‍പ്പാക്കാം.
* ബാങ്കിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ആവശ്യമെങ്കില്‍ വായ്പ പരിധികളില്ലാതെ ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍ എന്നിവയ്ക്കുള്ള ഫീസ്, കോടതി ചെലവുകള്‍, പരസ്യ ചെലവുകള്‍ എന്നിവയില്‍ ഇളവ് നല്‍കും.
* ബാങ്കിന്റെ കുടിശ്ശിക വായ്പ കണക്കില്‍ ഏറ്റവുമധികം വരുന്ന 50 ലക്ഷം രൂപവരെയുള്ള ബിസിനസ് ഓവര്‍ഡ്രാഫ്റ്റ് വായ്പകള്‍ക്ക് സാധാരണ വായ്പയായി കണക്കാക്കി പദ്ധതിയില്‍ ഉള്‍പ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *

Latest News