ഒടുവില്‍ കേരളബാങ്കിനെതിരെ പ്രത്യക്ഷസമരത്തിനിറങ്ങി ഇടതുസംഘടനയായ എംപ്ലോയീസ് ഫെഡറേഷന്‍

moonamvazhi

ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ, സംഘടകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനോ കേരളബാങ്ക് മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്ന പരാതിയുമായി ഇടത് സംഘടനായ കേരളബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ പ്രത്യക്ഷസമരത്തിനിറങ്ങുന്നു. കേരളബാങ്ക് രൂപീകരണത്തിന് ഏറെ പിന്തുണ നല്‍കിയ സംഘടനായാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍. എന്നാല്‍, പ്രതീക്ഷിച്ച ഫലമല്ല കേരളബാങ്ക് രൂപീകരണത്തിന് ശേഷം ജീവനക്കാര്‍ക്ക് ഉണ്ടായതെന്ന വിശദീകരണത്തോടെയാണ് ഫെഡറേഷന്‍ സമരത്തിന് ഇറങ്ങുന്നത്. 23 ആവശ്യങ്ങള്‍ ഉന്നയിച്ച് രാപകല്‍ സമരം നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

എന്തുകൊണ്ട് സമരത്തിന് ഇറങ്ങേണ്ടിവന്നുവെന്നതിന് എംപ്ലോയീസ് ഫെഡറേഷന്‍ വിശദീകരിക്കുന്നുണ്ട്. മുതലാളിത്ത-വര്‍ഗീയ ഫാസിസ്റ്റ് കൂട്ടുകെട്ട് കേന്ദ്രഭരണത്തില്‍ പൊതുമേഖല-വാണിജ്യ-നവസ്വകാര്യ ബാങ്കുകള്‍ ഒന്നാകെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ ഇത്തരം നയങ്ങള്‍ക്കെതിരെയുള്ള ജനകീയ ബദലായാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ എല്ലാവിധ എതിര്‍പ്പുകളെയും മറികടന്ന് കേരളബാങ്ക് രൂപംകൊണ്ടത്. ഇങ്ങനെ രൂപം കൊണ്ട കേരളബാങ്കിനെ സംരക്ഷിച്ച് വളര്‍ച്ചയിലേക്ക് നയിക്കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവിലാണ് നിരവിധി പ്രയാസങ്ങളുണ്ടായിട്ടും അതെല്ലാം സഹിച്ച് ജീവനക്കാര്‍ ഒറ്റക്കെട്ടായി ബാങ്കിന്റെ പുരോഗതിക്ക് അക്ഷീണം പ്രയത്‌നിച്ചത്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷവും ജീവനക്കാരും ബാങ്കുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് പരിഹരിക്കപ്പെടാതെ നില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ നിര്‍ബന്ധിതമായിട്ടുള്ളത്- ഇതാണ് ഫെഡറേഷന്റെ വിശദീകരണം.

വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തുടങ്ങി ശനിയാഴ്ച രാവിലെ അവസാനിക്കുന്ന വിധത്തില്‍ കേരളബാങ്ക് ഹെഡ് ഓഫീസിന് മുമ്പില്‍ രാപകല്‍ സമരം നടത്തും. സപ്തംബര്‍ എട്ടിന് ഏകദിന പണിമുടക്കും നിശ്ചയിച്ചിട്ടുണ്ട്.

പ്രധാന ആവശ്യങ്ങള്‍

* ഒഴിവുള്ള തസ്തികകളില്‍ അടിയന്തര നിയമനം നടത്തുക. കേരളബാങ്കിലെ തസ്തികകള്‍ നിര്‍ണയിക്കുക

* പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റും വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡും ജീവനക്കാരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിക്കുക.

* സ്ഥാനക്കയറ്റം ലഭിച്ച പി.ടി.എസ്. ജീവനക്കാരുടെ ശമ്പളം പുതിയ തസ്തികയുടെ സ്‌കെയില്‍ നിശ്ചയിച്ച് നല്‍കുക.

* ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണം കഴിക്കാനുള്ള സമയം നിഷേധിച്ചുള്ള ഉത്തരവ് പിന്‍വലിക്കുക

* ട്രാന്‍സ്ഫര്‍ പോളിസിയിലെ തൊഴിലാളി വിരുദ്ധ നിബന്ധനകള്‍ ഒഴിവാക്കുകയും ട്രാന്‍സ്ഫര്‍ പോളിസി സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി എം.ഒ.യു. ഒപ്പുവെക്കുകയും ചെയ്യുക

* പ്രത്യേക ഇന്‍ക്രിമെന്റിന്‍മേല്‍ ആനുപാതികമായ വീട്ടുവീടക ബത്തയും പെന്‍ഷന്‍ വിഹിതവും വെല്‍ഫയര്‍ഫണ്ട് വിഹിതവും വെട്ടിക്കുറച്ചത് പുനസ്ഥാപിക്കുക.

* സോഫ്റ്റ് വെയര്‍ ഏകീകരണത്തിലെ അപാകതകള്‍ പരിഹരിക്കുക. മലപ്പുറം ജില്ലാബാങ്കിനെ കൂടി ഇതിന്റെ ഭാഗമാക്കുക.

* കേരളബാങ്ക് ജീവനക്കാരുടെ സര്‍വീസ് റൂള്‍ തയ്യാറാക്കുക.

* ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സന്‍ഷന്‍ അനുവദിക്കുക.

* പെന്‍ഷന്‍ പദ്ധതി കേരളബാങ്ക് ഏറ്റെടുത്ത് കാലാനുസൃതമായി പരിഹരിക്കുക.

* പേ യൂണിഫിക്കേശന്‍ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Latest News