ഉയര്‍ച്ച സ്വപ്നം കാണുന്ന പന്തലായനി നെയ്ത്തു സംഘം
1925 ല്‍ തുടങ്ങിയ പന്തലായനി നെയ്ത്തു സഹകരണ
സംഘം പ്രതിസന്ധികളില്‍ ആടിയുലഞ്ഞിട്ടും ഇപ്പോഴും
മുന്നോട്ടുപോവുകയാണ്. പുതിയ ആസ്ഥാന മന്ദിരം
പണിയുന്നതോടെ സംഘം പുഷ്ടിപ്പെടുമെന്നാണു
ഭരണസമിതിയുടെ പ്രതീക്ഷ.
പ്രതിസന്ധികളിലും തളരാതെ അതീജീവനത്തിനായുളള പോരാട്ടത്തിലാണു ഒരു നൂറ്റാണ്ടിലേക്കെത്തുന്ന കോഴിക്കോട് പന്തലായനി നെയ്ത്തുകാരുടെ സഹകരണ സംഘം. കൈത്തറിയുടെ പെരുമയുള്ള പന്തലായനി നെയ്ത്തു സഹകരണ സംഘം വിപണിയിലിറക്കുന്ന കൈത്തറി വസ്ത്രങ്ങള്‍ക്കു നാടെങ്ങും ആവശ്യക്കാരേറെയായിരുന്നു. കോഴിക്കോട് മിഠായിത്തെരുവിലും നിലമ്പൂരിലും കല്‍പ്പറ്റയിലും കൊയിലാണ്ടി ടൗണിലുമെല്ലാം പന്തലായനി കൈത്തറി സംഘത്തിന്റെ വില്‍പ്പന കേന്ദ്രങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ കല്‍പ്പറ്റയിലും കൊയിലാണ്ടിയിലും മാത്രമാണു വില്‍പ്പന കേന്ദ്രങ്ങളുളളത്.
പലവിധ പ്രതിസന്ധികളില്‍പ്പെട്ടാണു പന്തലായനി നെയ്ത്തു സഹകരണ സംഘത്തിന് അടിതെറ്റിയത്. എന്നാല്‍, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തുണി ഉല്‍പ്പാദനത്തിലും വില്‍പ്പനയിലും വര്‍ധനവുണ്ടായിട്ടുണ്ടെന്നാണു സംഘത്തിന്റെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. 2020 ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 17,51,160.75 രൂപയുടെ തുണിയുല്‍പ്പാദനവും 16,37,667.50 രൂപയുടെ വില്‍പ്പനയും ഉണ്ടായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സ്‌കൂള്‍ യൂണിഫോം പദ്ധതി പ്രകാരം 4824.50 മീറ്റര്‍ ഷര്‍ട്ടിംഗ് ഉല്‍പ്പാദനം 2019 – 20 കാലത്തു പന്തലായനി നെയ്ത്തു സഹകരണ സംഘം നടത്തുകയുണ്ടായി.
വികസന പദ്ധതി
പന്തലായനി നെയ്ത്തു സംഘത്തിന് ആസ്ഥാന മന്ദിരം നിര്‍മിക്കാനുളള വികസന പദ്ധതിയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. സംഘത്തിന്റെ കൈവശം കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷന്‍ റോഡിലുളള ഒരു ഏക്കര്‍ സ്ഥലത്താണു സംഘത്തിനു പുതിയ കെട്ടിടം പണിയുന്നത്. മൂന്നു നില കെട്ടിടമാണു ലക്ഷ്യമിടുന്നതെങ്കിലും തുടക്കത്തില്‍ രണ്ട് നിലയാണു നിര്‍മിക്കുക.സംഘത്തിന്റെ ഓഫീസ്, ബ്ലീച്ചിങ് സെക്ഷന്‍, വില്‍പ്പന കേന്ദ്രം, സ്റ്റോര്‍ റൂം എന്നിവയെല്ലാം പുതിയ കെട്ടിടത്തിലാവും പ്രവര്‍ത്തിക്കുക. തുടക്കത്തില്‍ 20 മുറികള്‍ പണിയും.
1925 ലാണു പന്തലായനി നെയ്ത്തുകാരുടെ പരസ്പര സഹായ സഹകരണ സംഘം തുടങ്ങിയത്. ദീര്‍ഘകാലം വടകര എം.പി.യും കേന്ദ്രമന്ത്രിയുമായിരുന്ന കെ.പി. ഉണ്ണിക്കൃഷ്ണന്റെ പിതാവ് കെ.പി. കുഞ്ഞിക്കണ്ണന്‍ നായരാണു സംഘത്തിന്റെ പ്രഥമ പ്രസിഡന്റ്. മാരാമുറ്റം, കൊരയങ്ങാട്, വെളളറക്കാട്, മൂടാടി, ആച്ചേരി, വെളിയണ്ണൂര്‍, തിരുവങ്ങൂര്, പൂക്കാട്, നടുവത്തൂര്‍, അത്തോളി, തിക്കോടി തുടങ്ങിയ ശാലിയത്തെരുവുകളില്‍ അധിവസിക്കുന്ന പത്മശാലിയ വിഭാഗക്കാരുടെ പാരമ്പര്യ തൊഴില്‍ മേഖല സംരക്ഷിക്കാനും അവരുടെ ഉന്നമനത്തിനും പരസ്പര സഹകരണത്തിനും സഹായത്തിനും വേണ്ടിയാണ് ഇവരെയെല്ലാം ഉള്‍ക്കൊണ്ട് പന്തലായനി നെയ്ത്തു സഹകരണ സംഘം രൂപവത്കരിച്ചത്. വി.വി. കുഞ്ഞിരാരു പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്പോഴാണ് ഇപ്പോള്‍ നെയ്ത്തു സഹകരണ സംഘം പ്രവര്‍ത്തിക്കുന്ന സ്ഥലം വാങ്ങിയത്. എം.സി. ഗോപാലന്‍ പ്രസിഡന്റായ സമയത്താണു കെട്ടിടം നിര്‍മിച്ചത്. 1971 – 72 ലാണ് ഓഫീസ് കെട്ടിടം നിര്‍മിച്ചത്. സംഘത്തിന്റെ കൈവശം മുചുകുന്നു സര്‍ക്കാര്‍ കോളേജിനു സമീപം നാല് ഏക്കര്‍ സ്ഥലം ഇപ്പോഴുമുണ്ട്. മുചുകുന്നില്‍ 21 ഏക്കര്‍ സ്ഥലം പന്തലായനി നെയ്ത്തു സംഘത്തിന്റെ കൈവശമുണ്ടായിരുന്നു. ഇതില്‍ നിന്ന് 17 ഏക്കര്‍ കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം. ഗവ. കോളേജ് നിര്‍മ്മാണത്തിനു നല്‍കി. സഹകരണ സംഘം പുരോഗതി പ്രാപിച്ചാല്‍ മുചുകുന്നിലെ അവശേഷിച്ച നാല് ഏക്കര്‍ സ്ഥലത്തു പുതിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്.
തുടക്കത്തില്‍ 2000 അംഗങ്ങള്‍
രണ്ടായിരത്തോളം അംഗങ്ങള്‍ ഈ സംഘത്തില്‍ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 996 പേരുണ്ടെന്നു പ്രസിഡന്റ് കെ.കെ. ദാസന്‍ പറഞ്ഞു. നെയ്ത്തു ജോലിയ്ക്കു മുപ്പതോളം പേര്‍ മാത്രമേ ഇപ്പോഴുളളു. വിവിധ ശാലിയത്തെരുവുകളിലെ കുടുംബങ്ങള്‍ നെയ്തെടുക്കുന്ന കമനീയമായ കൈത്തറി വസ്ത്രങ്ങള്‍ സംഭരിച്ച് പന്തലായനി സഹകരണ സംഘത്തിന്റെ വില്‍പ്പന കേന്ദ്രങ്ങളിലൂടെ വിപണിയിലെത്തിക്കുന്നുണ്ട്. തുണി നിര്‍മാണത്തിനാവശ്യമായ നൂല് അംഗങ്ങള്‍ക്കു സംഘം തൂക്കി നല്‍കും. തൂക്കത്തിനനുസരിച്ചുളള തുണികള്‍ തിരിച്ചേല്‍പ്പിക്കണമെന്ന വ്യവസ്ഥയോടെയാണിത്. തുണി നെയ്താലുളള കൂലി വേറെ നല്‍കും. കൂടാതെ സംഘാംഗങ്ങള്‍ക്കു മെഡിക്കല്‍ അലവന്‍സ്, ബോണസ് തുടങ്ങിയവയും നല്‍കുന്നുണ്ട്.
പന്തലായനി കൈത്തറി സംഘം വിപണിയിലിറക്കുന്ന മുണ്ടുകള്‍, കളളി മുണ്ടുകള്‍, കളര്‍ മുണ്ടുകള്‍, തോര്‍ത്ത്, കിടക്കവിരി, സാരികള്‍, ടവ്വല്‍, കര്‍ട്ടന്‍, ഷര്‍ട്ട് പീസുകള്‍ എന്നിവയ്ക്ക് ആവശ്യക്കാരെറെയാണ്. കല്‍പ്പറ്റയിലെയും കൊയിലാണ്ടി നഗരമധ്യത്തിലേയും ഷോറുമുകളില്‍ ഇപ്പോഴും കൈത്തറി വസ്ത്രങ്ങള്‍ തേടി ആള്‍ക്കാരെത്തുന്നു. ഓണം, വിഷു, ബക്രീദ്, ക്രിസ്മസ്, സ്‌കൂള്‍ തുറക്കുന്ന സമയം എന്നീ ഘട്ടങ്ങളില്‍ സര്‍ക്കാര്‍ കൈത്തറി വസ്ത്രങ്ങള്‍ക്കു റിബേറ്റ് പ്രഖ്യാപിക്കുമ്പോള്‍ നല്ല വില്‍പ്പനയാണ് ഈ ഷോറുമുകളില്‍ ഉണ്ടാവുക.
കൊയിലാണ്ടി നഗരത്തില്‍ ഏതാനും കടകള്‍ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുണ്ട്. ഈ കടകള്‍ വാടകയ്ക്കു നല്‍കുന്ന വകയിലും നല്ലൊരു വരുമാനം സംഘത്തിനു ലഭിക്കുന്നുണ്ട്. പന്തലായനി നെയ്ത്തു സംഘത്തിന്റെ കരുത്തില്‍ ശാലിയത്തെരുവുകളില്‍ ജീവിതം പച്ചപിടിച്ചിച്ചിരുന്നെങ്കിലും പില്‍ക്കാലത്തു കൈത്തറി മേഖല നേരിട്ട പ്രതിസന്ധികളില്‍പ്പെട്ട് ഈ സംഘവും ആടിയുലഞ്ഞു. എന്നിട്ടും, തോല്‍വി സമ്മതിക്കാതെ, അടിപതറാതെ മുന്നോട്ടുളള പ്രയാണത്തിലാണ് സംഘമിപ്പോള്‍.
കൈത്തറി ഉപജീവന മാര്‍ഗം
പരമ്പരാഗതമായി കൈത്തറി ഉപജീവന മാര്‍ഗമായി സ്വീകരിച്ച ഏതാനും പേരാണ് ഈ മേഖലയില്‍ നെയ്ത്തുകാരായി ഇപ്പോള്‍ ശേഷിക്കുന്നത്. കോവിഡ് ലോക്ഡൗണിന്റെ ഭാഗമായുളള സാമ്പത്തിക, തൊഴില്‍ പ്രതിസന്ധി ഇവരുടെ ജീവിതത്തിലും കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍, പുതിയ ആസ്ഥാന മന്ദിരം യാഥാര്‍ഥ്യമാകുമ്പോഴേക്കും പന്തലായനി നെയ്ത്തു സഹകരണ സംഘവും പുഷ്ടിപ്പെടുമെന്നാണു പ്രതീക്ഷ. വരുമാനക്കുറവാണു നെയ്ത്തു ജോലിയില്‍ നിന്നു പുതു തലമുറ അകന്നുമാറാന്‍ ഇടയാക്കിയത്. പരിചയ സമ്പന്നനായ ഒരു തൊഴിലാളി എട്ടു മണിക്കൂര്‍ ജോലി ചെയ്താല്‍ നെയ്യാനാവുക അഞ്ചോ ആറോ മീറ്റര്‍ തുണിയാണ്. സ്‌കൂള്‍ യൂണിഫോം ഒരു മീറ്റര്‍ നെയ്താല്‍ കിട്ടുക 58 രൂപയാണ്. ഈ രീതിയില്‍ നോക്കിയാല്‍ ഒരു ദിവസത്തെ പരമാവധി വരുമാനം 300 രൂപയോളമേ വരു. ഇതിനിടയില്‍ ലോക്ഡൗണ്‍ കൂടി ആയതോടെ തുച്ഛമായി ലഭിച്ചിരുന്ന വരുമാനവും നിലച്ച അവസ്ഥയിലാണ്.
തൊഴിലാളി ക്ഷാമം കൈത്തറി മേഖലയിലാകെ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നു പന്തലായനി നെയ്ത്തു സഹകരണ സംഘം ഭാരവാഹികളുടെ അഭിപ്രായം. താല്‍പ്പര്യമുളള യുവതീ യുവാക്കള്‍ക്കു നെയ്ത്തിലും അനുബന്ധ ജോലികളിലും പരിശീലനം നല്‍കാന്‍ സംഘം തീരുമാനിച്ചിട്ടുണ്ട്. നൂറോളം പേര്‍ക്കെങ്കിലും വിദഗ്ധരായ തൊഴിലാളികളുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുകയാണു ലക്ഷ്യം. പന്തലായനി നെയ്ത്തു സംഘത്തിന്റെ പ്രസിഡന്റ് കെ.കെ. ദാസനും വൈസ് പ്രസിഡന്റ് എ.വി. ബാലനുമാണ്. എം.കെ. ബാലന്‍, പി.പി. ശൈലജ, സി. സജിത, ബി.കെ. ജാനു എന്നിവര്‍ ഡയരക്ടര്‍മാരാണ്. പി. സജീഷ് സെക്രട്ടറിയും.