ഉദ്യോഗസ്ഥ കെടുകാര്യസ്ഥത- സഹകരണ സ്പിന്നിങ് മില്ലുകൾ സർക്കാറിന് ബാധ്യതയാകുന്നു.
സംസ്ഥാനത്ത് എട്ട് സഹകരണ സ്പിന്നിങ് മില്ലുകൾ ആണ് ഉള്ളത്. ഇതെല്ലാം തന്നെ നഷ്ടത്തിലും ആണ്. ഇൻഡസ്ട്രിയൽ ഡിപ്പാർട്ട്മെന്റിന്റെ കീഴിലാണ് സഹകരണ സ്പിന്നിങ് മില്ലുകൾ പ്രവർത്തിക്കുന്നത്. മില്ലുകളുടെ ഓഡിറ്റിങ് മാത്രമാണ് സഹകരണവകുപ്പിനുള്ളത്. ബാക്കി എല്ലാ പ്രവർത്തനങ്ങളും വ്യവസായ വകുപ്പിന് കീഴിലാണ് നടക്കുന്നത്. ഓരോന്നിലും നൂറുകണക്കിന് തൊഴിലാളികളാണ് പണിയെടുക്കുന്നത്. അസംസ്കൃത വസ്തുക്കൾ യഥാസമയം വാങ്ങാതെയും മറ്റുമായി പലപ്പോഴും മില്ലുകൾ ലെ ഓഫിന്റെ വക്കിലാണ്. ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയാണ് മില്ലുകളെ നഷ്ടത്തിൽ ആക്കിയത്. വലിയ ശമ്പളമാണ് മിക്ക മില്ലുകളുടെയും എം.ഡി മാർ വാങ്ങുന്നത്. ഒപ്പം കാട്ടിലെ തടി തേവരുടെ ആന എന്ന നിലപാടും.
സർക്കാരിനു ഇപ്പോൾ ഈ 8 സ്പിന്നിങ് മില്ലുകളും ബാധ്യതയായി ഇരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തികവർഷം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് മില്ലുകൾ വരുത്തിയിരിക്കുന്നത്. ഇതിൽ നാലു മില്ലുകൾ എട്ടു കോടിക്ക് മുകളിലാണ് നഷ്ടം. കോട്ടയം മീനടം പ്രിയദർശനി സഹകരണ സ്പിന്നിങ് മിൽ, ആലപ്പി സഹകരണ സ്പിന്നിങ് മിൽ, കൊയിലോൺ സഹകരണ സ്പിന്നിംഗ് മിൽ, കണ്ണൂർ സഹകരണ സ്പിന്നിങ് മിൽ എന്നീ നാല് മില്ലുകളും എട്ടു കോടിക്ക് മുകളിലാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ നഷ്ടം. തൃശ്ശൂർ സഹകരണ സ്പിന്നിങ് മിൽ, മാള കരുണാകരൻ സ്മാരക സഹകരണ സ്പിന്നിങ് മിൽ, മലപ്പുറം സഹകരണ സ്പിന്നിങ് മിൽ, കുറ്റിപ്പുറം മലബാർ സഹകരണ ടെക്സ്റ്റൈൽസ് ഈ നാലു തൊട്ടു താഴെയും നഷ്ടത്തിലാണ്.
സർക്കാരിനെ കൂടുതൽ സാമ്പത്തിക ബാധ്യത യിലേക്ക് നയിക്കുന്ന സഹകരണ സ്പിന്നിംഗ് മില്ലുകളുടെ മുന്നോട്ടുള്ള പോക്കിനെ സംബന്ധിച്ച് ആശങ്കകൾ ഉണ്ട്. സഹകരണമേഖലയിൽ നിലനിൽക്കുന്നു എന്നതുകൊണ്ടും നൂറുകണക്കിന് തൊഴിലാളികളുടെ ഉപജീവന മാർഗ്ഗം എന്നതിനാലും ആണ് സർക്കാർ ഇതിനെ ഇപ്പോഴും തീറ്റിപ്പോറ്റുന്നത്.