ഉത്തര്‍പ്രദേശില്‍ ക്ഷീരവികസനത്തിനു ആയിരം കോടിയുടെ പദ്ധതിക്കു തുടക്കമിട്ടു
സംസ്ഥാനത്തെ ക്ഷീരമേഖലയുടെ വികസനവും ക്ഷീരോല്‍പ്പാദനവര്‍ധനവും ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നന്ദ് ബാബ ക്ഷീര ദൗത്യം എന്ന പദ്ധതിക്കു തുടക്കം കുറിച്ചു. ഗ്രാമങ്ങളില്‍ ക്ഷീരോല്‍പ്പാദക സഹകരണസംഘങ്ങളിലൂടെ പാലുല്‍പ്പാദകര്‍ക്കു തങ്ങളുടെ പാല്‍ മിതമായ വിലയ്ക്കു വില്‍ക്കാനുള്ള ഈ പദ്ധതിക്കു ആയിരം കോടി രൂപയാണു ചെലവഴിക്കുന്നത്.
ക്ഷീര കര്‍ഷകര്‍ക്കു ന്യായവില കിട്ടാനും കാര്‍ഷികാടിസ്ഥാനസൗകര്യം ശക്തിപ്പെടുത്താനുംവേണ്ടി ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വികസനം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണു സര്‍ക്കാര്‍ ഈ പദ്ധതിവഴി നടത്തുന്നതെന്നു സംസ്ഥാന മൃഗസംരക്ഷണ- ക്ഷീര വികസനവകുപ്പു മന്ത്രി ധരംപാല്‍ സിങ് അറിയിച്ചു. പാലുല്‍പ്പാദിപ്പിക്കുന്ന ഗ്രാമങ്ങളില്‍ത്തന്നെ വില്‍പ്പനയും സാധ്യമാക്കാനായി ക്ഷീര കര്‍ഷകരുടെ ഉല്‍പ്പാദക സംഘടനകള്‍ ( മില്‍ക്ക്
എഫ്.പി.ഒ ) രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. 2023-24 സാമ്പത്തികവര്‍ഷം പ്രാരംഭപദ്ധതി എന്ന നിലയില്‍ കഴിയുന്നത്ര ജില്ലകളില്‍ അഞ്ചു മില്‍ക്ക് എഫ്.പി.ഒ. വീതം രൂപവത്കരിക്കും. വനിതകള്‍ക്ക് ഇതില്‍ പ്രധാന പങ്കാളിത്തം നല്‍കും – മന്ത്രി പറഞ്ഞു.