ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുമായി സഹകരണ സംഘം; സര്‍ക്കാര്‍ 40 ലക്ഷം അനുവദിച്ചു
കാലത്തിനൊത്ത് മാറാനും പുതിയ തൊഴില്‍ സാധ്യതകള്‍ തീര്‍ക്കാനുമായി ഒരു പട്ടികജാതി സഹകരണ സംഘത്തിന്റെ ചുവടുവെപ്പ്. ഇവന്റ് മാനേജ്മെന്റ് മേഖലയിലേക്ക് കാലുവെക്കാനാണ് ആലപ്പുഴ എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണ സംഘം ശ്രമിക്കുന്നത്. സംഘത്തിന്റെ ഈ ശ്രമത്തെ സര്‍ക്കാര്‍ പൂര്‍ണമായി പിന്തുണച്ചു. പുതിയ സംരംഭത്തിന് 40 ലക്ഷം രൂപയാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്.
സംഘത്തിലെ തൊഴില്‍രഹിതരായ അംഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് പുതിയ സംരംഭത്തിനുള്ള പദ്ധതിരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് ധനസഹായം നല്‍കണമെന്ന് ആഗസ്റ്റ് 11 ന് ചേര്‍ന്ന സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. അത് അംഗീകരിച്ചാണ് 40 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 30 ലക്ഷം രൂപ സബ്സിഡിയായും 10 ലക്ഷം രൂപ ഓഹരിയായുമായാണ് നല്‍കുന്നത്.
സംഘത്തിന്റെ പ്രവര്‍ത്തന പരിധിയില്‍നിന്നുകൊണ്ട് പുതിയ ബിസിനസ് സാധ്യതകള്‍ കണ്ടെത്താന്‍ ഈ സംഘം ഭരണസമിതി നേരത്തെയും ശ്രമിച്ചിട്ടുണ്ട്. ആലപ്പുഴയുടെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്തുന്ന പദ്ധതി സംഘം തയ്യാറാക്കിയിട്ടുണ്ട്. ലോക സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ കാക്കത്തുരുത്ത് ദ്വീപിന്റെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്. സംഘം നേതൃത്വത്തില്‍ ഹോട്ടല്‍, ലോഡ്ജിംഗ്, ഹൗസ് ബോട്ട്, ആയുര്‍വേദ പഞ്ചകര്‍മ കേന്ദ്രം ഉള്‍പ്പെടെയുള്ള ടൂറിസം പാക്കേജാണ് നടപ്പാക്കുന്നത്. ഒന്നരക്കോടി രൂപ മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പാക്കാന്‍ ആദ്യഘട്ടത്തില്‍ 20 ലക്ഷം രൂപ സഹകരണ വകുപ്പിന്റെ പദ്ധതിവിഹിതത്തില്‍ നിന്ന് അനുവദിച്ചിരുന്നു. ഇതുപയോഗിച്ച് ശിക്കാര വഞ്ചി നിര്‍മിക്കുന്നുണ്ട്. കുമ്പളങ്ങി ടുറിസം വില്ലേജിനു സമീപമുള്ള ആറു ഏക്കര്‍ 63 സെന്റ് സ്ഥലത്ത് ഹോട്ടല്‍, ലോഡ്ജിംഗ്, ഹട്ടുകള്‍ എന്നിവ നിര്‍മിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.