അഴിയൂരിന്റെ അഭിമാനമായി വനിതാ സഹകരണ സംഘം
(ആഗസ്റ്റ് ലക്കം -2021)
“24 വര്‍ഷത്തെ പ്രവര്‍ത്തനം, അതിനിടയില്‍ മൂന്നു തവണ
സംസ്ഥാന അവാര്‍ഡ്. ഒരു തവണ ജില്ലാ അവാര്‍ഡ്.
തുടക്കം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന അഴിയൂര്‍
വനിതാ സഹകരണ സംഘം ഒരു ദേശത്തിന്റെ അഭിമാനം
ഉയര്‍ത്തിപ്പിടിക്കുന്നു.”
വീ ണ്ടും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ അവാര്‍ഡ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണു കോഴിക്കോട് അഴിയൂരിലെ വനിതാ സഹകരണ സംഘം പ്രവര്‍ത്തകര്‍. 1997ല്‍ ആരംഭിച്ച സംഘത്തിന് ഇതിനു മുമ്പു രണ്ടു തവണ സംസ്ഥാന അവാര്‍ഡും ഒരു തവണ ജില്ലാ ബാങ്കിന്റെ എക്സലന്‍സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2019 – 20 ല്‍ മികച്ച വനിതാ സഹകരണ സംഘത്തിനുള്ള രണ്ടാം സ്ഥാനമാണു കിട്ടിയത്.
1997 മാര്‍ച്ചില്‍ അന്നത്തെ സഹകരണ മന്ത്രി പിണറായി വിജയനാണ് അഴിയൂര്‍ വനിതാ സഹകരണ സംഘം ഉദ്ഘാടനം ചെയ്തത്. നാളിതുവരെ സംഘം ലാഭത്തില്‍ത്തന്നെയാണു പ്രവര്‍ത്തിച്ചുവരുന്നത്. അംഗങ്ങള്‍ക്കു 20 – 25 ശതമാനംവരെ ലാഭവിഹിതം നല്‍കുന്നുണ്ട്. കൂടാതെ, സമീപ പ്രദേശങ്ങളില്‍ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഘം നടത്തുന്നുണ്ട്. കുഞ്ഞിപ്പള്ളിയില്‍ പ്രധാന ശാഖയുള്ള സംഘം പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2010 മേയില്‍ കോറോത്ത് റോഡിലും 2020 മാര്‍ച്ചില്‍ പൂഴിത്തലയിലും പുതിയ ശാഖകള്‍ ആരംഭിച്ചു. ആധുനിക സജ്ജീകരണങ്ങളുളള ഒരു മെഡിക്കല്‍ ലാബ് 2018 ജൂലായില്‍ കുഞ്ഞിപ്പള്ളിയിലും തുടങ്ങി.
ജനവിശ്വാസവും സഹകരണവും
എ, ബി, സി, ഡി വിഭാഗങ്ങളിലായി പതിനയ്യായിരത്തില്‍പ്പരം അംഗങ്ങളുളള സംഘത്തിന്റെ പ്രവര്‍ത്തനപരിധി അഴിയൂര്‍, ഒഞ്ചിയം, ചോറോട്, ഏറാമല ഗ്രാമപ്പഞ്ചായത്തുകളാണ്. എങ്കിലും, പ്രധാന പ്രവര്‍ത്തനമേഖല അഴിയൂര്‍ ഗ്രാമപ്പഞ്ചായത്താണ്. 9.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുളള അഴിയൂര്‍ പഞ്ചായത്തില്‍ അയ്യായിരത്തില്‍പ്പരം വീടുകളിലായി ഏകദേശം മുപ്പതിനായിരത്തോളം പേരാണു താമസിക്കുന്നത്. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ജനസാന്ദ്രത കൂടുതലുളള അഴിയൂര്‍ പഞ്ചായത്തില്‍ 10 ധനകാര്യ സ്ഥാപനങ്ങളും അതിന്റെ ശാഖകളുമടക്കം 13 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടയില്‍ വനിതാ ബാങ്ക് എന്നു വിളിക്കുന്ന അഴിയൂര്‍ വനിതാ സഹകരണ സംഘം മികച്ച സംഘത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയതു ജനങ്ങളുടെ സഹകരണവും വിശ്വാസവും കൊണ്ടുമാത്രമാണ്.
കുഞ്ഞിപ്പളളി ശാഖ കാലത്തു ഒമ്പതര മുതല്‍ വൈകുന്നേരം ഏഴു മണിവരെ രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്നു. കൂടാതെ സണ്‍ഡേ ബാങ്കിങ്് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എല്ലാ ശാഖകളും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചതിനാല്‍ കോര്‍ബാങ്കിങ് സംവിധാനവും നിലവിലുണ്ട്. കൂടാതെ, എസ്.ബി.ഐ. അഴിയൂര്‍ ശാഖയുമായി ചേര്‍ന്നു നെഫ്റ്റ് സൗകര്യവും നല്‍കിവരുന്നു. സേവിങ്‌സ് അക്കൗണ്ട്, സ്വര്‍ണ വായ്പ എന്നീ ഇടപാടുകള്‍ക്കു എസ്.എം.എസ്. സൗകര്യവുമുണ്ട്.
സംഘത്തില്‍ കൂടുതലും സ്ത്രീജീവനക്കാരായതിനാല്‍ സ്ത്രീസൗഹൃദ സ്ഥാപനം എന്ന അംഗീകാരവും അഴിയൂര്‍ സംഘത്തിനുണ്ട്. നിലവില്‍ 66 കോടി രൂപ പ്രവര്‍ത്തന മൂലധനവും 65.5 കോടി രൂപ നിക്ഷേപവും 43 കോടി രൂപ കടം ബാക്കിയിരിപ്പുമുണ്ട്. നിക്ഷേപം വര്‍ധിപ്പിക്കുന്നതു സാധാരണക്കാരായ അംഗങ്ങളില്‍ നിന്നു ചെറിയ സംഖ്യകള്‍ സ്വരൂപിച്ചുകൊണ്ടാണ്. കഴിഞ്ഞ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ സഹകരണ വകുപ്പ് നല്‍കിയ മൂന്നു കോടി രൂപയുടെ ലക്ഷ്യത്തുക നാലരക്കോടിയിലേക്ക് എത്തിക്കാന്‍ സംഘത്തിനു കഴിഞ്ഞു. നിക്ഷേപത്തില്‍ നിന്ന് അഞ്ച് കോടി രൂപ സര്‍ക്കാറിന്റെ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിച്ചിട്ടുണ്ട്.
മെഡിക്കല്‍ ലാബും ഫിസിയോ തെറാപ്പി സെന്ററും
സംഘത്തിന്റെ കീഴിലുളള മറ്റു രണ്ട് സംരംഭങ്ങളാണു മെഡിക്കല്‍ ലാബും ഫിസിയോ തെറാപ്പി സെന്ററും. ആധുനിക സജ്ജീകരണങ്ങളോടെ ആരംഭിച്ച ഈ യൂണിറ്റില്‍ സൗജന്യ നിരക്കിലാണു സേവനം നല്‍കുന്നത്. സര്‍ക്കാരില്‍ നിന്നു 25 ലക്ഷം രൂപ സാമ്പത്തിക സഹായം ഈ യൂണിറ്റിനു ലഭിച്ചിട്ടുണ്ട്. സംഘത്തിലും അനുബന്ധ സ്ഥാപനത്തിലുമായി മുപ്പതോളം ജീവനക്കാര്‍ ജോലി ചെയ്യുന്നു. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്ത്രീകളില്‍ തൊഴില്‍സാധ്യത വര്‍ധിപ്പിക്കാന്‍ വേണ്ടി പുതിയ സംരംഭത്തിനായി 22 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. സഹകരണ വകുപ്പിന്റെയും സര്‍ക്കാരിന്റെയും സഹായ സഹകരണങ്ങള്‍ ലഭിക്കുന്നതിനാല്‍ ഉത്സവാഘോഷച്ചന്തകളും മറ്റും ഏറ്റെടുത്തു വിജയിപ്പിക്കാന്‍ സംഘത്തിനു സാധിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കാവശ്യമായ പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്ന സംഘം അവര്‍ക്കായി വിനോദ യാത്രകളും കുടുംബ സംഗമങ്ങളും നടത്തുന്നു. സംഘാംഗങ്ങള്‍ക്കു വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകളും നടത്താറുണ്ട്.
സില്‍വര്‍ ജൂബിലിയാഘോഷിക്കുന്ന സംഘത്തിന് ഒരു ആസ്ഥാനമന്ദിരം പണിയാനും വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്കു കൂടുതല്‍ തൊഴില്‍ സാധ്യതയുളള യൂണിറ്റുകള്‍ ആരംഭിക്കാനും ആതുര ശുശ്രൂഷാ രംഗത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കാനും ഉദ്ദേശിക്കുന്നു. ക്ലാസ് വണ്‍ എ ഗ്രേഡില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ 1.25 കോടി രൂപ സ്വന്തം ഭൂമിയ്ക്കും കെട്ടിടത്തിനുമായി നീക്കിയിരിപ്പുണ്ട്.
ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളില്‍ അഴിയൂര്‍ വനിതാ സംഘത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. അഴിയൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സ്ഥിരമായി ഒ.പി. ശീട്ടും മെഡിസിന്‍ കവറും വിതരണം ചെയ്യുന്ന സംഘം അവിടെ വീല്‍ച്ചെയറും വാട്ടര്‍ പ്യൂരിഫയറും എല്‍.ഇ.ഡി. ടി.വി. യും നല്‍കിയിട്ടുണ്ട്. പാലിയേറ്റീവ് സെന്ററുകളുമായി സഹകരിച്ച് കിടപ്പുരോഗികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നു. പഞ്ചായത്തിലെ കിടപ്പുരോഗികള്‍ക്കു ധനസഹായവും നല്‍കുന്നുണ്ട്. സംഘത്തിന്റെ മെഡിക്കല്‍ ലാബ് സന്നദ്ധ സംഘടനകളുമായി ചേര്‍ന്നു വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും നടത്തുന്നു.
അഴിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ സ്‌കൂളുകളില്‍ ഫാനുകള്‍ വിതരണം ചെയ്ത സംഘം കുട്ടികള്‍ക്കു ദിനപ്പത്രങ്ങളും നല്‍കി. സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണത്തിനാവശ്യമായ പാത്രങ്ങള്‍ കൊടുക്കുകയും അഴിയൂര്‍ ഗവ. ഹൈസ്‌ക്കൂളില്‍ ആധുനിക രീതിയിലുളള പഠനോപകരണങ്ങള്‍ വാങ്ങാന്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. സംഘത്തിലെ എ ക്ലാസ് മെമ്പര്‍മാരുടെയും ജീവനക്കാരുടെയും മക്കളില്‍ പഠനമികവ് പുലര്‍ത്തിയവര്‍ക്ക് എല്ലാ വര്‍ഷവും കാഷവാര്‍ഡ് നല്‍കി വരുന്നുണ്ട്. കോവിഡ് മഹാമാരിക്കാലത്തു വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തു.
കാര്‍ഷിക പ്രവര്‍ത്തനം
അടുക്കളത്തോട്ടം പ്രോല്‍സാഹിപ്പിക്കുന്നതിനായി അഞ്ഞൂറോളം കുടുംബങ്ങള്‍ക്കു സൗജന്യമായി വിത്തും വളവും വിതരണം ചെയ്തു. സ്വയം സഹായ സംഘങ്ങള്‍ക്കും വിത്തും വളവും നല്‍കി. നല്ല വിളവുണ്ടാക്കിയ സംഘത്തിനു പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. കോവിഡ് കാലത്ത് സംഘം നേരിട്ട് കപ്പക്കൃഷി നടത്തി.
അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത് മഴക്കാലത്തിനു മുമ്പു കുഞ്ഞിപ്പളളി ടൗണില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തില്‍ വനിതാ സംഘവും പങ്കാളിയായി. വേനലില്‍ കുടിവെളള ക്ഷാമം നേരിടുന്ന വീടുകളില്‍ ജലവിതരണം നടത്തി. കോവിഡ് എഫ്.എല്‍.ടി.സി.കളിലേക്കു കിടക്കകളും ടി.വി.യും ഭക്ഷ്യ വസ്തുക്കളും നല്‍കി. സ്ത്രീകള്‍ക്കു സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി കുറഞ്ഞ പലിശ നിരക്കില്‍ സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പ് ലോണുകള്‍ അനുവദിച്ചു. പഞ്ചായത്തിലെ ഭവന രഹിതരായ രണ്ട് പേര്‍ക്കു വീട് നിര്‍മാണത്തിനു സഹായധനവും നല്‍കി.
2018 ആഗസ്റ്റ് 12 നു ചുമതലയേറ്റ ഭരണസമിതിയാണു നിലവില്‍ സംഘത്തിന്റെ ഭരണം നടത്തുന്നത്. സി.എച്ച്. പത്മജ പ്രസിഡന്റും പി.എം. നളിനി വൈസ് പ്രസിഡന്റുമായ ഭരണ സമിതിയില്‍ ടി.എന്‍. പങ്കജാക്ഷി ടീച്ചര്‍, ഗീതാ സുധാകരന്‍, സി. പ്രസീത, അനില കുമാരി, വിനീത മുതുവന, വി.പി. സുലോചന എന്നിവര്‍ അംഗങ്ങളാണ്. സെക്രട്ടറി ഒ.കെ. ഷാജി.