അര്‍ബന്‍ ബാങ്കുകള്‍ നിഷ്ക്രിയ ആസ്തി കുറയ്ക്കണം- റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
ഭരണനിര്‍വഹണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി അര്‍ബന്‍ സഹകരണ ബാങ്കുകള്‍ നിഷ്ക്രിയ ആസ്തി കുറച്ചുകൊണ്ടു വരണമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആവശ്യപ്പെട്ടു.
മുംബൈയില്‍ അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍മാര്‍ക്കായി റിസര്‍വ് ബാങ്ക് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണു വര്‍ധിച്ചുവരുന്ന നിഷ്ക്രിയ ആസ്തിയില്‍ ശക്തികാന്ത ദാസ് ആശങ്ക പ്രകടിപ്പിച്ചത്. ഭരണനിര്‍വഹണത്തിന്റെ നിലവാരം വര്‍ധിപ്പിച്ചും ക്രെഡിറ്റ് റിസ്ക്കില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയും നിഷ്ക്രിയ ആസ്തിയുടെ അനുപാതം 8.7 ശതമാനത്തില്‍നിന്നു കുറച്ചുകൊണ്ടുവരണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
നിക്ഷേപകരുടെ പണത്തിന്മേലാണ് അര്‍ബന്‍ ബാങ്കുകള്‍ നിലനില്ക്കുന്നതെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. ഇടത്തരക്കാരും പാവപ്പെട്ടവരും ജോലിയില്‍നിന്നു വിരമിച്ചവരുമായ മനുഷ്യര്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണമാണത്. ഈ പണം സംരക്ഷിക്കുന്നതാണ് ക്ഷേത്രത്തിലും ഗുരുദ്വാരയിലും പോകുന്നതിനേക്കാള്‍ പാവനമായ കാര്യം- ശക്തികാന്ത ദാസ് സഹകാരികളോട് പറഞ്ഞു. അര്‍ബന്‍ ബാങ്കുകളുടെ പ്രവര്‍ത്തനം മൊത്തത്തില്‍ നോക്കുമ്പോള്‍ നല്ലതാണ്. എന്നാല്‍, മൊത്തം നിഷ്ക്രിയ ആസ്തിയും മൂലധന പര്യാപ്തതയും പരിഗണിക്കുമ്പോള്‍ സ്ഥിതി ഒട്ടും തൃപ്തികരമല്ല- അദ്ദേഹം പറഞ്ഞു.
ഷെഡ്യൂള്‍ഡ് കമേഴ്സ്യല്‍ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 2023 മാര്‍ച്ചില്‍ ഒരു ദശകത്തിലെ ഏറ്റവും മികച്ച നിലവാരത്തിലാണ് ( 3.9 ശതമാനം ). ഇതിനിയും മെച്ചപ്പെട്ടേക്കും. ശേഷിയുണ്ടായിട്ടും വായ്പാ തിരിച്ചടവ് മുടക്കുന്ന വമ്പന്മാരില് കൂടുതലും വ്യക്തികളും ബിസിനസ്സുകാരുമാണ്. മൊത്തം തിരിച്ചടയ്ക്കാനുള്ള വായ്പയുടെ 60 ശതമാനത്തിലധികവും ഇരുപതു പേരുടെ കൈകളിലാണുള്ളത്. ഇവരെക്കൊണ്ട് തിരിച്ചടപ്പിക്കാന്‍ കഴിഞ്ഞാല്‍ നിഷ്ക്രിയ ആസ്തിയുടെ തോതു കുറയ്ക്കാനാവും. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെയും റിസ്ക് മാനേജ്മെന്റിലും ആഭ്യന്തര ഓഡിറ്റിലും ശ്രദ്ധ ചെലുത്തിയും ഭരണനിര്‍വഹണത്തിന്റെ ഗുണനിലവാരം കൂട്ടിയാല്‍ നില മെച്ചപ്പെടുത്താനാവും- റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് മുമ്പാകെ വര്‍ഷത്തിലൊരിക്കല്‍ റിസ്ക് അവലോകനറിപ്പോര്‍ട്ട് വെക്കുന്നതിനുപകരം ഇതു മൂന്നു മാസത്തിലൊരിക്കലാക്കണമെന്നു ശക്തികാന്ത ദാസ് നിര്‍ദേശിച്ചു. സാമ്പത്തികമേഖല, ക്രെഡിറ്റ് റിസ്ക്, ബാങ്കിങ്, വിവര സാങ്കേതികവിദ്യ, റിസ്ക് മാനേജ്മെന്റ് എന്നിവയെക്കുറിച്ച് ബാങ്ക് ഡയറക്ടര്‍മാര്‍ക്കും ധാരണയുണ്ടാകണം. തുറന്ന മനസ്സോടെയും ജനാധിപത്യരീതിയിലുമുള്ള ചര്‍ച്ചകള്‍ ബോര്‍ഡില്‍ നടക്കണം. മനസ്സിലുള്ള ചോദ്യങ്ങളെല്ലാം ചോദിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കണം-അദ്ദേഹം പറഞ്ഞു.