അന്തർദേശീയ സഹകരണ വാരാഘോഷം നാളെ മുതൽ: സംസ്ഥാനതല ഉദ്ഘാടനം നാളെ കട്ടപ്പനയിൽ.
അന്താരാഷ്ട്ര സഹകരണ വാരാഘോഷതോടനുബന്ധിച്ചുള്ള സംസ്ഥാനതല പരിപാടികൾ നാളെ ആരംഭിക്കും. നാളെ രാവിലെ കട്ടപ്പനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി എം.എം. മണി മുഖ്യപ്രഭാഷണം നടത്തും. എംപിമാർ എംഎൽഎമാർ പ്രമുഖ സഹകാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. നാളെ രാവിലെ സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി.കെ.ജയശ്രീ ഐ.എ.എസ് പതാക ഉയർത്തുന്നതോടെ സഹകരണ വാരാഘോഷത്തിന് തുടക്കമാകും. കട്ടപ്പനയിലെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായരും ഇടുക്കി ജോയിന്റ് രജിസ്ട്രാർ ഷെർളിയും പറഞ്ഞു.
കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ഉദ്ഘാടനത്തിനുശേഷം “കേരള ബാങ്ക്” എന്ന വിഷയത്തിൽ സെമിനാർ നടക്കും. സംസ്ഥാന സഹകരണ ബാങ്ക് അഗ്രിക്കൾച്ചർ സ്റ്റാഫ് ട്രെയിനിങ് ഡയറക്ടർ ടി. പരംജ്യോതി വിഷയമവതരിപ്പിക്കും. Pacs അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് വി.ജോയ് എം.എൽ.എ ചർച്ച നയിക്കും. കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്, മുൻ എം.എൽ.എ വി.എൻ.വാസവൻ, തുടങ്ങിയവർ സംസാരിക്കും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും.
വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന സഹകരണ ഘോഷയാത്രയിൽ അയ്യായിരത്തിലധികം സഹകാരികൾ സഹകരണ പതാകയുമേന്തി കട്ടപ്പനയുടെ ഹൃദയത്തിലൂടെ മഴവിൽ ശോഭ തീർക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് കോട്ടയത്ത് നിന്ന് വരുന്ന സഹകരണ പതാകജാഥയ്ക്കും എറണാകുളത്തു നിന്ന് വരുന്ന കൊടിമര ജാഥയും സമ്മേളനനഗരിയിൽ വർണ്ണശബളമായ സ്വീകരണം നൽകും. വരുംദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലും ഭാഗങ്ങളിലും സഹകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ചകളും സെമിനാറുകളും പൊതുസമ്മേളനവും നടക്കും.