അഞ്ചര കോടിയുടെ പൊക്കാളി റൈസ് മില്ലുമായി പള്ളിയാക്കല്‍ ബാങ്ക്
സഹകരണ വകുപ്പിന്റെ ഇന്നൊവേഷന്‍ അവാര്‍ഡിനു പിന്നാലെ പള്ളിയാക്കല്‍
സഹകരണ ബാങ്കിന് ഇത്തവണ എക്‌സലന്‍സ് അവാര്‍ഡും. ജൈവ നെല്ലായ
പൊക്കാളിയുടെ സംസ്‌കരണത്തിനു മാത്രമായി ബാങ്ക് ഒരു റൈസ് മില്‍
സ്ഥാപിച്ചിരിക്കുകയാണ്. പൊക്കാളി നെല്‍ക്കൃഷിയുടെ വ്യാപനവും പ്രോത്സാഹനവുമാണു
ബാങ്ക് ലക്ഷ്യമിടുന്നത്.
ഭൗമസൂചികാ പദവി ലഭിച്ച ജൈവനെല്ലായ പൊക്കാളിയുടെ സംസ്‌കരണത്തിനു മാത്രമായി അഞ്ചരക്കോടി രൂപ ചെലവില്‍ ഒരു റൈസ്മില്‍ സ്ഥാപിച്ചിരിക്കുകയാണ് എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്. ഇതിന്റെ പ്രവര്‍ത്തനം ജൂലായ് 30 നു തുടങ്ങി. ‘പള്ളിയാക്കല്‍ മാതൃക’ യെന്നു പ്രശസ്തമായ സംയോജിത കൃഷിസംവിധാനത്തിലൂടെ സര്‍ക്കാരിന്റെ ‘കേരള ഫുഡ് പ്ലാറ്റ്‌ഫോം’ എന്ന ഡിജിറ്റല്‍ സംവിധാനത്തിന് ആധാരമായ കാര്‍ഷികമാതൃക സൃഷ്ടിച്ച പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്കിനാണ് ഇത്തവണത്തെ സഹകരണ വകുപ്പിന്റെ എക്‌സലന്‍സ് അവാര്‍ഡ്. നേരത്തെ ബാങ്കിനു സഹകരണ വകുപ്പിന്റെതന്നെ ഇന്നൊവേഷന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
മില്‍ സ്ഥാപിക്കാനാവശ്യമായ പണത്തില്‍ മൂന്നു കോടി കേരള ബാങ്ക് വഴി നബാര്‍ഡില്‍ നിന്നാണു ലഭിച്ചത്. കേരള ബാങ്ക് ഇതിന് ഒരു ശതമാനം പലിശയാണ് ഈടാക്കുക. ഏഴു വര്‍ഷംകഴിഞ്ഞ് അടച്ചുതുടങ്ങിയാല്‍ മതി. വിളവെടുപ്പനന്തര വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനുള്ള നബാര്‍ഡിന്റെ കാര്‍ഷിക അടിസ്ഥാനസൗകര്യ നിധി ( അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ഫണ്ട് – എ.ഐ.എഫ് ) യില്‍നിന്നാണു മൂന്നു കോടി അനുവദിച്ചത്. സഹകരണ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്നു 90 ലക്ഷം രൂപ ലഭിച്ചു. ഇതില്‍ 40 ലക്ഷം രൂപ സബ്‌സിഡിയാണ്. ബാക്കിത്തുക ബാങ്ക് വഹിച്ചു. ഏഴിക്കര ഗ്രാമപ്പഞ്ചായത്തില്‍ പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മന്ദിരത്തോടു ചേര്‍ന്നുള്ള ഒരേക്കര്‍ സ്ഥലത്താണു മില്‍. 2017 ജൂലായില്‍ മുന്‍മന്ത്രി എസ്. ശര്‍മയാണു തറക്കല്ലിട്ടത്. 2018 ലെ പ്രളയവും 2019 ലെ കാലവര്‍ഷക്കെടുതിയും രണ്ടു വര്‍ഷത്തിലേറെ നീണ്ട കോവിഡും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിച്ചു.
2000 മെട്രിക് ടണ്‍
അരി പുഴുങ്ങിയുണക്കും
സുതാര്യമായ ടെണ്ടര്‍ നടപടിക്രമങ്ങളിലൂടെയാണു വിവിധ യന്ത്രസാമഗ്രികള്‍ വിവിധ കമ്പനികളില്‍നിന്നു വാങ്ങിയത്. 500 മെട്രിക് ടണ്‍ ധാന്യം സംഭരിക്കാന്‍ ശേഷിയുള്ള സംഭരണി, റൈസ്മില്‍, നെല്ലു പുഴുങ്ങിയെടുക്കുന്ന പാര്‍ബോയിലിങ് യന്ത്രം, ആവി ഉല്‍പ്പാദിപ്പിക്കുന്ന ബോയിലര്‍, ഉണക്കുന്ന ഡ്രയര്‍, അരി വിവിധയിനങ്ങളായി തിരിക്കുന്ന സോര്‍ട്ടെക്‌സ്, വിവിധ അളവുകളിലായി പാക്ക് ചെയ്യുന്ന പാക്കിങ് യന്ത്രം തുടങ്ങിയവ റൈസ് മില്ലിന്റെ ഭാഗങ്ങളാണ്. ഈ പ്രക്രിയകള്‍ പൂര്‍ത്തിയാവാന്‍ എട്ടു മണിക്കൂറെടുക്കും. ഒരു ബാച്ച് ആണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിവര്‍ഷം 2000 മെട്രിക് ടണ്‍ അരി പുഴുങ്ങിയുണക്കി തരംതിരിച്ചു പാക്ക് ചെയ്യാനുള്ള ശേഷി മില്ലിനുണ്ട്. ഈ ശേഷി 3500 മെട്രിക് ടണ്‍ ഉയര്‍ത്താനുള്ള സംവിധാനവും ചെയ്യാനാവും.
വസ്തുക്കള്‍ തീരെ പാഴാകുന്നില്ല എന്നതും പ്രത്യേകതയാണ്. 35 ലക്ഷം രൂപ ചെലവില്‍ എഫ്‌ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (ഇ.ടി.പി) ഉണ്ട്. ആറു ടണ്‍ നെല്ലു സംസ്‌കരിക്കാന്‍ 10,000 ലിറ്റര്‍ വെള്ളം വേണം. ഇതിന്റെ 60ശതമാനവും ഇ.ടി.പി. വഴി പുനരുപയോഗിക്കാനാകും. അതിനാല്‍ അടുത്ത ബാച്ച് സംസ്‌കരണത്തിന് 4000 ലിറ്റര്‍ പുതുതായി മതിയാകും. ഇലക്ട്രീഷ്യനും മറ്റു സാങ്കേതിക ജോലിക്കാരും ഉള്‍പ്പെടെ ഏഴു ജീവനക്കാരെയാണു താത്ക്കാലികമായി റൈസ്മില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിയോഗിച്ചിട്ടുള്ളത്.
പൊക്കാളി നെല്‍ക്കൃഷിയുടെ വ്യാപനവും പ്രോത്സാഹനവുമാണു മില്‍ കൊണ്ടു ലക്ഷ്യമിടുന്നത്. പൂര്‍ണമായി ജൈവികമായ പൊക്കാളി അരി പ്രമേഹരോഗികള്‍ക്കു മറ്റിനം അരികളെക്കാള്‍ ആശ്രയിക്കാം. മറ്റ് ഔഷധ ഗുണങ്ങളുമുണ്ട്. തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ ചില ഭാഗത്തും എറണാകുളം ജില്ലയിലെ ഏഴിക്കര, കടമക്കുടി, കുഴുപ്പിള്ളി, ചെല്ലാനം പ്രദേശങ്ങളിലുമായി 34 ഗ്രാമപ്പഞ്ചായത്തിലും നാലു മുനിസിപ്പാലിറ്റിയിലും മാത്രമുള്ള ഒരു തനതു നെല്ലിനമാണു പൊക്കാളി. പള്ളിയാക്കല്‍ ബാങ്കിന്റെ മാതൃകാപരമായ കാര്‍ഷിക പ്രവര്‍ത്തനങ്ങളെപ്പറ്റി 2020 മാര്‍ച്ചില്‍ ‘ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് പള്ളിയാക്കല്‍ മാതൃക’എന്ന ഫീച്ചര്‍ ‘മൂന്നാംവഴി’ പ്രസിദ്ധീകരിച്ചിരുന്നു. പൊക്കാളിയുടെയും അതിന്റെ കൃഷിയുടെയും പ്രത്യേകത അതില്‍ വിവരിക്കുന്നുണ്ട്. അതില്‍നിന്ന്: ”ഈ നെല്‍ച്ചെടിയുടെയും കൃഷിയിടത്തിന്റെയും പ്രത്യേകത മൂലം കൊയ്ത്തടക്കമുള്ള കാര്യങ്ങളില്‍ കാര്യമായി യന്ത്രവത്കരണം പറ്റില്ല. അരയ്‌ക്കൊപ്പം വെള്ളത്തില്‍നിന്നാണു പൊക്കാളിനെല്ലു കൊയ്യുന്നത്. പൂര്‍ണമായി മനുഷ്യാധ്വാനത്തില്‍ അധിഷ്ഠിതമാണ് ഈ കൃഷി. പ്രകൃതിയെമാത്രം ആശ്രയിച്ചുനടത്തുന്ന പരമ്പരാഗത ജൈവക്കൃഷിയാണിത്. മെതിക്കു മാത്രമാണു യന്ത്രം ഉപയോഗിക്കാനാവുക. ഓരുജലത്തിനടിയില്‍ ആറു മാസം കഴിയുന്ന പൊക്കാളിപ്പാടങ്ങളില്‍ വര്‍ഷകാലത്ത് ലവണാംശം കഴുകി മാറ്റപ്പെടുന്നതോടെയാണു പൊക്കാളിക്കൃഷി സാധ്യമാവുക. വര്‍ഷത്തില്‍ ആറു മാസമാണ് ഈ കൃഷി നടത്തുക. ബാക്കി ആറു മാസം ആ പാടത്തു മത്സ്യക്കൃഷി (മുഖ്യമായും ചെമ്മീന്‍കൃഷി) ആയിരിക്കും. പൊക്കാളിക്കൃഷിയുടെ അവശിഷ്ടങ്ങള്‍ മത്സ്യത്തിനു തീറ്റയാകും. മത്സ്യക്കൃഷിയുടെ അവശിഷ്ടങ്ങള്‍ പൊക്കാളിക്കു വളമാകും. ഇങ്ങനെ പരസ്പരപൂരകമാണു പൊക്കാളി, മത്സ്യക്കൃഷികള്‍.”
പൊക്കാളിപ്പാടം
7000 ഹെക്ടര്‍ മാത്രം
കാല്‍ നൂറ്റാണ്ടു മുമ്പ് 25,000 ഹെക്ടറില്‍ പൊക്കാളിപ്പാടം ഉണ്ടായിരുന്നു. അതു ചുരുങ്ങി ഏഴായിരത്തോളമായി. ഇതില്‍ 5040 ഹെക്ടര്‍ എറണാകുളം ജില്ലയിലാണ്. 2021 ല്‍ ജില്ലയില്‍ 460 ഹെക്ടറിലാണു പൊക്കാളിക്കൃഷി ചെയ്തത്. പള്ളിയാക്കലിലെ റൈസ്മില്‍ മറ്റിനം നെല്ലുകള്‍ സംസ്‌കരിക്കാനും പര്യാപ്തമാണ്. എങ്കിലും, പൊക്കാളിക്കു മാത്രമായിത്തന്നെ ഇതു പ്രയോജനപ്പെടുത്താനാവുംവിധം പൊക്കാളിക്കൃഷി വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കാണു ബാങ്ക് മുന്‍തൂക്കം നല്‍കുന്നത്. ഇക്കാര്യത്തില്‍ പൊക്കാളി നിലവികസന ഏജന്‍സിക്കു കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്നു പള്ളിയാക്കല്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എം.എസ്. ജയചന്ദ്രന്‍ ചൂണ്ടിക്കാട്ടി. യന്ത്രവത്കരണം സാധ്യമല്ലാത്തതിനാല്‍ ഉല്‍പ്പാദനച്ചെലവ് കൂടുതലാണെന്നതും മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ച് ഉല്‍പ്പാദനം കുറവാണെന്നതുമാണു പൊക്കാളിയുടെ പ്രശ്‌നം. ഭൗമസൂചികാ പദവി ലഭിച്ച ഔഷധഗുണമുള്ള തനതുനെല്ലിനം എന്ന പ്രത്യേകതയ്ക്കു പ്രാധാന്യം നല്‍കിയുള്ള വിപണനരീതിയിലൂടെ വേണം ഇതു മറികടക്കാന്‍. അതിനായി പൊക്കാളി അടിസ്ഥാനമാക്കിയുള്ള 13 മൂല്യവര്‍ധിതോല്‍പ്പന്നങ്ങള്‍ ബാങ്ക് തയാറാക്കി വില്‍ക്കുന്നുണ്ട്. പൊക്കാളി പുഴുങ്ങലരി, പച്ചരി, തവിടുകളയാത്ത അരി, അവല്‍, തവിട് തുടങ്ങി ഉമി വരെ ഇതില്‍പ്പെടുന്നു.കേരള ഫുഡ് പ്ലാറ്റ്‌ഫോമില്‍നിന്ന് ഓണ്‍ലൈനായി ലഭിക്കുന്ന ഓര്‍ഡറുകളുടെയും മറ്റും അടിസ്ഥാനത്തില്‍ ഇതര സംസ്ഥാനങ്ങളിലേക്ക് ആവശ്യക്കാര്‍ക്ക് ഇവ കൊറിയര്‍ ചെയ്യുന്നുണ്ട്. കയറ്റുമതിലൈസന്‍സിനും ശ്രമിക്കുന്നു. ദേശീയ സഹകരണ വികസന കോര്‍പറേഷന്റെ കാര്‍ഷികക്കയറ്റുമതിക്കുള്ള സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
കഴിഞ്ഞവര്‍ഷം കിലോയ്ക്ക് 60 രൂപ നല്‍കിയാണു പള്ളിയാക്കല്‍ ബാങ്ക് പൊക്കാളിനെല്ലു സംഭരിച്ചത്. നിലവിലുള്ള പൊക്കാളിപ്പാടങ്ങളില്‍ മുഴുവന്‍ കൃഷി വ്യാപിപ്പിച്ചു സംഭരിച്ചാല്‍ത്തന്നെ പള്ളിയാക്കലിലെ റൈസ്മില്ലിന്റെ ശേഷിയിലും കവിഞ്ഞ തോതില്‍ പൊക്കാളിനെല്ലു സംസ്‌കരിക്കാന്‍ ലഭിക്കും. അതിനുള്ള കൃഷിവ്യാപന പ്രവര്‍ത്തനങ്ങളാണു പ്രധാനം. ലോകവിപണിയിലേക്ക് ഇതിനെ ആകര്‍ഷിക്കാനായാല്‍ കൂടുതല്‍ നല്ല വില കിട്ടുകയും കൂടുതല്‍ പേര്‍ ഇതിന്റെ കൃഷിയിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യും എന്നാണു പ്രതീക്ഷ.
കാര്‍ഷിക
ടൂറിസം
പൊക്കാളിപ്പാടങ്ങളുമായി ബന്ധപ്പെട്ടു കാര്‍ഷിക ടൂറിസവും നടപ്പാക്കിവരികയാണ്. ഇതിനു 1.34 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇതില്‍ 28 ലക്ഷം രൂപ സബ്‌സിഡിയാണ്. കൊച്ചി അടിസ്ഥാന സൗകര്യവികസന സഹകരണ സംഘമാണു പദ്ധതിവിശദാംശങ്ങള്‍ തയാറാക്കിയത്. കോവിഡ്ഭീതി ഒഴിഞ്ഞുതുടങ്ങിയതിനാല്‍ പദ്ധതിക്ക് ഇനി മികച്ച പ്രതികരണം ലഭിക്കുമെന്നാണു പ്രതീക്ഷ. പൊക്കാളിപ്പാടങ്ങളിലൂടെ വഞ്ചിയാത്ര, മാതൃകാകൃഷിത്തോട്ട സന്ദര്‍ശനം, കര്‍ഷകഭവനത്തില്‍ ഊണ്, സന്ദര്‍ശകര്‍ക്കു സ്വയം ചൂണ്ടയിട്ടു മീന്‍പിടിച്ചു ഭക്ഷണം തയാറാക്കാന്‍ സഹായം, ഞാറു നടുന്നതിലും കൊയ്യുന്നതിലും പങ്കെടുപ്പിക്കല്‍, ഹോംസ്‌റ്റേ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനു സംയുക്ത ബാധ്യതാ ഗ്രൂപ്പുകള്‍ (ഖീശി േഘശമയശഹശ്യേ ഏൃീൗു ഖഘഏ) രൂപവത്കരിച്ച് പദ്ധതികള്‍ നടപ്പാക്കിയാണു ബാങ്കിന്റെ മുന്നേറ്റം. അഞ്ചു മുതല്‍ 10 വരെ അംഗങ്ങളാണു ഓരോ ജെ.എല്‍.ജി.യിലുമുള്ളത്.
ജൂലായ് 30നു സഹകരണ മന്ത്രി വി.എന്‍. വാസവനാണു റൈസ്മില്‍ ഉദ്ഘാടനം ചെയ്തത്. സഹകരണമേഖലയും കാര്‍ഷികമേഖലയും പരസ്പരപൂരകമാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ സഹകരണ മന്ത്രി എസ്. ശര്‍മ അധ്യക്ഷനായിരുന്നു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് സിംനാസന്തോഷ്, പറവൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രസിഡന്റ് പി.പി. അജിത്കുമാര്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ സജീവ് കര്‍ത്ത, നബാര്‍ഡിലെ പ്രമുഖ ഉദ്യോഗസ്ഥനായ അജീഷ് ബാലു, ബാങ്ക് പ്രസിഡന്റ് എം.എസ്. ജയചന്ദ്രന്‍, സെക്രട്ടറി വി.വി. സനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊക്കാളി പൈതൃകക്കാഴ്ചയും സംഘടിപ്പിച്ചു. പണ്ടു കൃഷിക്കുപയോഗിച്ചിരുന്ന വ്യത്യസ്ത ഉപകരണങ്ങള്‍, പൊക്കാളിപ്പടവിന്റെയും കെട്ടിന്റെയും രൂപങ്ങള്‍, വിവിധ പൊക്കാളി ഉല്‍പ്പന്നങ്ങള്‍, പൊക്കാളിപ്പുട്ടും മറ്റും വിളമ്പിയ ഫുഡ് കോര്‍ട്ട് എന്നിവയുണ്ടായിരുന്നു.
2017 ല്‍ അധികാരമേറ്റ ബാങ്ക് ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ആഗസ്റ്റ് 14 നു തിരഞ്ഞെടുപ്പു നടന്നു. എല്‍.ഡി.എഫ് നേതൃത്വത്തില്‍ നിലവിലുളള സഹകരണ ജനാധിപത്യമുന്നണിതന്നെ എല്ലാ സീറ്റിലും ജയിച്ചു. എം.എസ്. ജയചന്ദ്രന്‍, എം.പി. വിജയന്‍, എ.ജെ. ജോയി, കെ.എ. പ്രതാപന്‍, എ.സി. ഷാന്‍, പി.എസ്. ഷിനോജ് കുമാര്‍, സന്തോഷ് കുമാര്‍, നൗഫിദ നിസാം, ലസിതാ മുരളി, എല്‍.എസ്. ശുഭ, എം.വി. വര്‍ഗീസ്, രേണുക എന്നിവരാണു പുതിയ ഭരണസമിതിയംഗങ്ങള്‍. എ.സി. ഷാനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. വി.വി. സനിലാണു സെക്രട്ടറി.
[mbzshare]