അംഗങ്ങളുടെ ‘ശുദ്ധീകരണത്തിന്’ കേന്ദ്രത്തിന് മുമ്പില്‍ പുതിയ മാതൃക നിര്‍ദ്ദേശിച്ച് തമിഴ്‌നാട്
സഹകരണ സംഘങ്ങളിലെ അംഗങ്ങളുടെ വിവരങ്ങള്‍ കൃത്യമല്ലെന്ന കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിഗമനത്തിന് പരിഹാരം നിര്‍ദ്ദേശിച്ച് തമിഴ്‌നാട്. സഹകരണ സംഘങ്ങള്‍ അംഗങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ജനാധിപത്യത്തിലേക്ക് മാറണമെന്നാണ് കരട് നയത്തില്‍ കേന്ദ്രസഹകരണ മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാല്‍, പല സംഘങ്ങളും ഏതാനും കുറച്ചുപേരുടെ നിയന്ത്രണത്തിലാകുന്ന രീതിയാണുള്ളത്. അംഗങ്ങളെന്നത് പലപ്പോഴും കടലാസിലെ പേരുമാത്രമാകുന്നുവെന്ന സംശയങ്ങളും കേന്ദ്ര സഹകരണ മന്ത്രാലയം ഉന്നയിക്കുന്നുണ്ട്.
കേന്ദ്രത്തിന്റെ ഈ സംശയത്തിനാണ് അംഗങ്ങളുടെ ശുദ്ധീകരണം ഉറപ്പാക്കാന്‍ സ്വീകരിച്ചിട്ടുള്ള മാതൃക തമിഴ്‌നാട് വിശദീകരിക്കുന്നത്. ഗ്രാമീണ മേഖലയിലെ 75 ശതമാനം കുടുംബങ്ങളും സഹകരണ സംഘങ്ങളില്‍ അംഗങ്ങളാക്കുകയെന്ന ലക്ഷ്യമാണ് തമിഴ്‌നാടിന് ഉണ്ടായിരുന്നത്. പ്രത്യേകിച്ച് ഒരു കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ഒരാള്‍ എങ്കിലും കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളില്‍ അംഗമാകണം. ഇതിനായി, സഹകരണ സംഘങ്ങളില്‍ അംഗങ്ങളാകുന്നതുകൊണ്ട് ഒരാള്‍ക്കുണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്നും, അംഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ എന്തെല്ലാമാണെന്നും ബോധ്യപ്പെടുത്തുന്ന പ്രചരണങ്ങളും സംഘടിപ്പിച്ചു.
തമിഴ്‌നാട്ടിലെ 75 ശതമാനം കര്‍ഷകരും പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളില്‍ അംഗങ്ങളാണെന്നാണ് കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ഭിന്നശേഷിക്കാര്‍, സ്വാശ്രയ കൂട്ടായ്മകള്‍, മത്സ്യത്തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍ എന്നിവരെയെല്ലാം വിവിധ സംഘങ്ങളുടെ ഭാഗമാക്കിയിട്ടുണ്ട്. ഇതിനൊപ്പം, അംഗങ്ങളുടെ കാര്യത്തില്‍ ‘ശുദ്ധീകരണം’ ഉറപ്പാക്കാന്‍ സംഘങ്ങള്‍ക്ക് ഒരുനിബന്ധന കൂടി കൊണ്ടുവന്നു. എല്ലാവര്‍ഷവും ജനുവരി മാസം ഒന്നാം തീയതി അതത് സംഘത്തിലെ എല്ലാ അംഗങ്ങളുടെയും പട്ടിക നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. ഇതിന്റെ പകര്‍പ്പ് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നല്‍കുകയും വേണം.
അംഗങ്ങളുടെ പട്ടികയില്‍ തിരുത്തലും തിരുകി കയറ്റലും വെട്ടി ഒഴിവാക്കലുമെല്ലാം തടയാനുള്ള ഒരു നിയമപരമായ നടപടിയായാണ് തമിഴ്‌നാട് ഇതിനെ വിശദീകരിച്ചിരിക്കുന്നത്. ഇത് സംഘങ്ങളില്‍ നടപ്പാക്കിയാല്‍ ഓരോവര്‍ഷവും ഓരോ സംഘത്തിലും അംഗങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റം, ആക്ടീവ് അംഗങ്ങളുടെ എണ്ണം എന്നിവയെല്ലാം കണക്കാക്കാനാകും. ഏതെങ്കിലും അംഗത്തിന്റെ അംഗത്വം അയാള്‍ അറിയാതെ റദ്ദാക്കിയാല്‍ ഈ പട്ടികയില്‍നിന്ന് മനസിലാകും. തിരഞ്ഞെടുപ്പ് സമയത്ത് അല്ലാതെ തന്നെ ഇക്കാര്യത്തില്‍ രജിസ്ട്രാര്‍ക്ക് പരാതി നല്‍കാനുമാകും. ഇതാണ് തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നത്.