വയനാട് ടൗണ്‍ഷിപ്പ്: ഡിസംബറില്‍ എല്ലാ വീടും പൂര്‍ത്തിയാക്കും: യുഎല്‍സിസിഎസ്
കഴിഞ്ഞവര്‍ഷം വന്‍പ്രകൃതിദുരന്തത്തിനിരയായ മുണ്ടക്കൈ-ചൂരല്‍മലപ്രദേശത്തുകാരുടെ പുനരധിവാസത്തിനുള്ള വയനാട് ടൗണ്‍ഷിപ്പില്‍ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണെന്നും എല്ലാവീടും ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്നു നിര്‍മാണച്ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (യുഎല്‍സിസിഎസ്) അറിയിച്ചു. പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന നിര്‍മാണസാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. സ്ഥലം കൈമാറി ദിവസങ്ങള്‍ക്കകം മാതൃകാപാര്‍പ്പിടം നിര്‍മിക്കാനായി. 410 വീടാണു പണിയേണ്ടത്. ഇതില്‍ 122 വീടിനു നിലം ഒരുക്കി. 51 പ്ലോട്ടുകളുടെ മണ്ണുപരിശോധന കഴിഞ്ഞു. 27 അടിത്തറയായി. 20 വീടിന്റെ പില്ലര്‍ ഉയര്‍ത്തി.
1000ചതുരശ്രയടി വിസ്‌തൃതിയില്‍ രണ്ടു ബെഡ്‌റൂം രണ്ടു ബാത്ത് റൂം ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, പഠനമുറി, സിറ്റൗട്ട്, എല്ലാ സൗകര്യവുമുള്ള അടുക്കള, വര്‍ക്ക് ഏരിയ, രണ്ടുനിലകൂടി പണിയാന്‍തക്ക ഉറപ്പുള്ള അസ്ഥിവാരം, ആദ്യനില, മുറ്റത്ത് ഇന്റര്‍ലോക്ക് ടൈല്‍, ചുറ്റുമതില്‍, ഉയര്‍ന്ന ഗുണനിലവാരമുള്ള ഇലക്ട്രിക് വയറിങ്ങും സ്വിച്ചുകളും ഉപകരണങ്ങളും വാഷ്‌ബേസിനും ക്ലോസെറ്റുകളും ഫ്‌ഷ്ടാങ്കുകളും സാനിറ്ററി ഫിറ്റിങ്ങുകളും എന്നിവ ഓരോ വീടിനുമുണ്ടാകും.ടൗണ്‍ഷിപ്പില്‍ ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, ലൈബ്രറി, കമ്മൂണിറ്റി സെന്റര്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍, കളിസ്ഥലങ്ങള്‍, വൈദ്യുതിസബ്‌സ്റ്റേഷന്‍, കുടിവെള്ളം, ശുചിത്വസംവിധാനം, 12 മീറ്റര്‍ വീതിയില്‍ പ്രധാനറോഡ്, ക്ലസ്‌റ്ററുകളിലേക്കു പ്രത്യേകറോഡുകള്‍ എന്നിവയുണ്ടാകും. ഈ ദൗത്യം തങ്ങളുടെ സമര്‍പ്പണമാണെന്ന് യുഎല്‍സിസിഎസ് എറിയിച്ചു.
ഉരുള്‍പൊട്ടല്‍ ഉണ്ടായ 2024 ജൂലൈ 30നു രാത്രി വിവരം അറിഞ്ഞപ്പോള്‍തന്നെ തങ്ങള്‍ വിദഗ്‌ധസന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കുകയും പുലര്‍ച്ചെതന്നെ എത്തുകയും ചെയ്‌തിരുന്നുവെന്നു യുഎല്‍സിസിഎസ് അനുസ്‌മരിച്ചു. ചെയര്‍മാന്‍ രമേശന്‍ പാലേരിയുടെ നിര്‍ദേശപ്രകാരം യന്ത്രോപകരണങ്ങളുമായാണ് എത്തിയത്. ഡയറക്ടര്‍ പി. പ്രകാശന്റെ നേതൃത്വത്തില്‍ വിദഗ്‌ധതൊഴിലാളികളും എഞ്ചിനിയര്‍മാരുമായി 40പേരും അഞ്ചുമണ്ണുമാന്തിയന്ത്രവും കട്ടിങ് മെഷീനുകളും വാഹനങ്ങളും പ്രവര്‍ത്തിച്ചു. ഭക്ഷണം, വസ്‌ത്രം, ഉപകരണങ്ങള്‍ തുടങ്ങിയവയും ആദ്യമണിക്കൂറുകളില്‍തന്നെ എത്തിക്കാനായി. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തരമായി ഹെലിപ്പാഡ് ഒരുക്കിയതും യുഎല്‍സിസിഎസാണ്. ബെയ്‌ലിപാലം നിര്‍മിക്കാന്‍ വഴിയുണ്ടാക്കിയും സ്ഥലം സജ്ജമാക്കിയും അഞ്ച് എക്‌സ്‌കവേറ്ററുകള്‍ എത്തിച്ചുംമറ്റുംസൈന്യത്തെ സഹായിക്കുകയും ചെയ്‌തു. അട്ടമലയിലുംമറ്റും കുടുങ്ങിയ നിരവധിപേരെ രക്ഷിക്കുകയും 300രക്ഷാപ്രവര്‍ത്തകര്‍ക്കു ദിവസവും ഭക്ഷണം നല്‍കുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ പുരസ്‌കാരം കിട്ടിയതും സൈന്യം അഭിനന്ദിച്ചതു പ്രചോദകമായെന്നു യുഎല്‍സിസിഎസ് അറിയിച്ചു.