സഹകരണത്തിനു വിഷന്‍ 2031: അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാം
കേരളപ്പിറവിയുടെ 75-ാംവാര്‍ഷികത്തോടനുബന്ധിച്ചു 2031ഓടെ അഭിമാനിക്കാവുന്ന കേരളസഹകരണമാതൃക എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന വിഷന്‍2031 പദ്ധതിയിലേക്കു പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. https://vision2031.cooperation.kerala.gov.inhttps://vision2031.cooperation.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഇതു ചെയ്യാവുന്നതാണ്. കേരളത്തിലെ സഹകരണമേഖലയുടെ ഭാവിവികസനദിശ നിര്‍ണയിക്കുന്ന വികസനരൂപരേഖയായാണു വിഷന്‍ 2031 വിഭാവന ചെയതിട്ടുള്ളത്. ഇതിന്റെ കരടുരേഖയെ അടിസ്ഥാനമാക്കി പൊതുജനാഭിപ്രായം ശേഖരിക്കുന്നതിനാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍. കഴിഞ്ഞ 10വര്‍ഷത്തെ വളര്‍ച്ച വിലയിരുത്താനും ഭാവിവികസനലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യാനും 2031ല്‍ കേരളം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള ആശയങ്ങളും നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളാനുമാണിത്. സംസ്ഥാനവികസനത്തിന്റെ ചാലകശക്തിയായി സഹകരണവകുപ്പിനെ മാറ്റലും ഉദ്ദേശ്യമാണ്. സഹകരണസ്ഥാപനങ്ങളുടെ ശൃംഖലയും ജനകീയയും ഉപയോഗിച്ചു സാമ്പത്തികവളര്‍ച്ച നേടാനും സ്വയംതൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, കാര്‍ഷിക-ചെറുകിടവ്യവസായ-സ്‌ത്രീശാക്തീകരണ-സാമൂഹികസുരക്ഷാ മേഖലകളില്‍ സഹകരണസംരംഭങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ഉദ്ദേശ്യമുണ്ട്.
വിഷന്‍ 2031 പദ്ധതിയുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 28നു കോട്ടയം ഏറ്റുമാനൂര്‍ ഗ്രാന്റ് അറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ വിപുലമായ അവതരണങ്ങളും ചര്‍ച്ചകളുമുണ്ട്. സഹകരണവകുപ്പു സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. വീണാമാധവന്‍ സഹകരണവകുപ്പു കഴിഞ്ഞ 10വര്‍ഷം കൈവരിച്ച നേട്ടങ്ങള്‍ അവതരിപ്പിക്കും. സഹകരണമന്ത്രി വി.എന്‍. വാസവന്‍ വിഷന്‍ 2031ന്റെ അവതരണം നിര്‍വഹിക്കും. തുടര്‍ന്നു വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു ചര്‍ച്ചയും വിഷന്‍ 2031ന്റെ ക്രോഡീകരണവുമുണ്ടാകും. 13കാര്യങ്ങള്‍ നിലവില്‍ പദ്ധതിയുടെ ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. എല്ലാജീവനക്കാരുടെയും വിവരമുള്ള ഡാറ്റാബാങ്ക്, സംഘങ്ങളില്‍ ഇലക്ട്രോണിക് റെക്കോഡ്‌സ് മാനേജ്‌മെന്റ്, ഒരേരേഖ പലയിടത്തു പണയംവെക്കുന്നതുംമറ്റും തടയാന്‍ പണയരേഖകള്‍ക്കു സംസ്ഥാനതലപൊതുരജിസ്‌ട്രി, സംഘങ്ങള്‍ക്കു മികവുഗ്രേഡിങ്ങും ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സംവിധാനവും, റിക്കവറി ഓണ്‍ലൈനിങ്ങും ചിട്ടിജാമ്യവ്യവസ്ഥാപരിഷ്‌കരണവും, മിനിറ്റ്‌സ് അന്നന്നു പൂര്‍ത്തിയാക്കി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഇടല്‍, പൊതുസോഫ്‌റ്റുവെയറും ക്ലാസിഫിക്കേഷന്‍ മാനദണ്ഡപരിഷ്‌കരണവും ഏകീകൃതപര്‍ച്ചേസ് മാന്വലും, നഷ്ടസംഘങ്ങള്‍ക്കു ഫണ്ട് മാനേജമെന്റും കുടിശ്ശികപരിക്കല്‍ നിരീക്ഷണസംവിധാനവും, ചിട്ടികള്‍ക്കു കെഎസ്‌എഫ്‌ഇ മാതൃക എന്നിവയാണിവ.
വിഷന്‍ 2031പദ്ധതിയെക്കുറിച്ചു പൊതുജനാഭിപ്രായം തേടുന്ന വെബ് പോര്‍ട്ടല്‍ കഴിഞ്ഞദിവസം ഡോ. വീണാമാധവന്റെയും സഹകരണസംഘം രജിസ്‌ട്രാര്‍ ഡോ. ഡി. സജിത്‌ബാബുവിന്റെയും സാന്നിധ്യത്തില്‍ മന്ത്രി വാസവന്‍ ഉദ്‌ഘാടനം ചെയ്‌തിരുന്നു.