അര്‍ബന്‍ബാങ്കുഡയറക്ടര്‍മാരുടെയുംമറ്റും വായ്‌പനിയന്ത്രണത്തിനു പുതിയകരടുനിര്‍ദേശങ്ങളായി

Moonamvazhi
  • പൊതുട്രസ്റ്റിനും പേഴ്‌സണല്‍ ലോണിനും ഇളവ്‌
  • വ്യവസ്ഥാലംഘനം രഹസ്യമായി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണം

അര്‍ബന്‍ സഹകരണബാങ്കുകള്‍ (യു.സി.ബി) ഡയറക്ടര്‍മാര്‍ക്കും അവര്‍ക്കു പ്രത്യക്ഷമായോ പരോക്ഷമായ താല്‍പര്യങ്ങളുള്ള മറ്റുവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വായ്‌പകള്‍ അനുവദിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ചു പുതുക്കിയ കരടു നിര്‍ദേശങ്ങള്‍ റിസര്‍വ്‌ ബാങ്ക്‌ പ്രസിദ്ധീകരിച്ചു. ഇവയെപ്പറ്റി ഒക്ടോബര്‍ 31വരെ അഭിപ്രായം അറിയിക്കാം. സഹകരണബാങ്കുകള്‍ ഡയറക്ടര്‍മാര്‍ക്കും അവര്‍ക്കു താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ക്കും വായ്‌പ കൊടുക്കുന്നതിനു കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. എങ്കിലും നിയമപരമായ പരിധിയില്‍ വരാത്ത താല്‍പര്യസ്ഥാപനങ്ങളുണ്ടാകാം. അവയ്‌ക്കു നല്‍കപ്പെടുന്ന പ്രത്യക്ഷവും പരോക്ഷവുമായ വായ്‌പകള്‍ പ്രശ്‌നമാണ്‌. അതിനാലാണു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. 2026 ഏപ്രില്‍ഒന്നിന്‌ ഇവ പ്രാബല്യത്തില്‍ വരും. നിലവിലുള്ള ഇത്തരം വായ്‌പകള്‍ കാലാവധിയെത്തുംവരെ തുടരാം. അല്ലെങ്കില്‍ നിര്‍ദേശങ്ങള്‍ വന്ന്‌ ഒരുമാസംവരെ.

പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം അര്‍ബന്‍ ബാങ്കുകള്‍ ഡയറക്ടര്‍മാര്‍ക്കു വായ്‌പ കൊടുക്കരുത്‌. ഡയറക്ടര്‍ പങ്കാളിയോ മാനേജരോ ജീവനക്കാരോ ഗ്യാരന്ററോ ആയ സ്ഥാപനങ്ങള്‍ക്കും കൊടുക്കരുത്‌. ഡയറക്ടര്‍ ഏതെങ്കിലും കമ്പനിയുടെയോ ഉപകമ്പനിയുടെയോ ഹോള്‍ഡിങ്‌ കമ്പനിയുടെയോ ഡയറക്ടര്‍കൂടിയാണെങ്കില്‍ അവയ്‌ക്കും കൊടുക്കരുത്‌. അവയുടെ മാനേജര്‍, മാനേജിങ്‌ ഏജന്റ്‌, ജീവനക്കാര്‍, ഗ്യാരന്റര്‍ എന്നീ നിലകളില്‍ ഏതെങ്കിലും ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കൊടുക്കരുത്‌. അതിന്റെ ഡയറക്ടര്‍മാരാരെങ്കിലും പാര്‍ട്‌ണര്‍മാരോ ഗ്യാരന്ററോ ആയ വ്യക്തികള്‍ക്കും കൊടുക്കരുത്‌. എങ്കിലും ഡയറക്ടറാവുംമുമ്പുള്ള വായ്‌പകള്‍ക്കും ഏറ്റ കാര്യങ്ങള്‍ക്കും വ്യവസ്ഥകള്‍ ബാധകമല്ല. പക്ഷേ, അവ പുതുക്കുകയോ കലാവധിക്കുശേഷം തുടരുകയോ വര്‍ധിപ്പിക്കുകയോ ചെയ്യരുത്‌. ബാങ്കിലെയോ മേല്‍പറഞ്ഞവയില്‍പെടുന്ന കമ്പനിയിലെയോ ഡയറക്ടര്‍സ്ഥാനം ഒഴിയുകയും വേണം.

മേല്‍പറഞ്ഞനിയന്ത്രണങ്ങള്‍ക്ക്‌ ചില ഇളവുകളുണ്ട്‌. അതുപ്രകാരം, ഡയറക്ടര്‍ ട്രസ്‌റ്റിയായ പൊതുട്രസ്റ്റിനു നല്‍കുന്ന അഡ്വാന്‍സുകള്‍ക്ക്‌ മേല്‍പറഞ്ഞ വ്യവസ്ഥകള്‍ ബാധകമല്ല. സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, ലൈഫ്‌ഇന്‍ഷുറന്‍സ്‌ പോളിസികള്‍, സ്ഥിരനിക്ഷേപം എന്നിവയുടെ ഈടില്‍ ഡയറക്ടര്‍ക്കു നല്‍കുന്ന വായ്‌പകള്‍ക്കും വ്യവസ്ഥകള്‍ ബാധകമല്ല. അത്തരം സെക്യൂരിറ്റികള്‍ക്കു കാലാവധിയാകുമ്പോള്‍ കിട്ടുന്ന പണത്തെക്കാള്‍ കൂടുതലായിരിക്കരുത്‌ വായ്‌പ. ജീവനക്കാര്‍ എന്ന നിലയില്‍ എംപ്ലോയീഡയറക്ടര്‍മാര്‍ക്ക്‌ കിട്ടാനുള്ള വ്യക്തിഗതവായ്‌പകള്‍ക്കും അഡ്വാന്‍സുകള്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമല്ല. ചെയര്‍മാന്‍, മാനേജിങ്‌ ഡയറക്ടര്‍, ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ എന്നിവര്‍ക്കു നല്‍കുന്ന വ്യക്തിഗതവായ്‌പകള്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമല്ല. സവിവേകനിയന്ത്രണങ്ങളും വായ്‌പാ-ആസ്‌തിമൂല്യാനുപാതവും ഒക്കെ നോക്കി ഇവ നല്‍കാം. എന്നാല്‍ സാമ്പത്തികആസ്‌തികളില്‍ നിക്ഷേപിക്കാന്‍ എടുക്കുന്ന വായ്‌പകളില്‍ ഇതു പെടില്ല. ഡയറക്ടര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നല്‍കുന്ന ഫണ്ടിതരസംവിധാനങ്ങള്‍ക്കും (എന്‍.എഫ്‌.ബി) വ്യവസ്ഥകള്‍ ബാധകമല്ല. തുല്യമൂല്യമെങ്കിലുമുള്ള തുകയുടെ ഈടിലായിരിക്കണം ഇതെന്നു മാത്രം. സെറ്റില്‍മെന്റ്‌ ബാങ്കര്‍ യോഗ്യരായ കേന്ദ്രകൗണ്ടര്‍ പാര്‍ട്ടികള്‍ക്കു നല്‍കുന്ന ലൈന്‍ ഓഫ്‌ ക്രെഡിറ്റ്‌/ ഓവര്‍ഡ്രാഫ്‌റ്റ്‌ എന്നിവയെയും ഒഴിവാക്കിയിട്ടുണ്ട്‌. ബന്ധപ്പെട്ട റെഗുലേറ്ററുടെ അനുമതിയുള്ളതാകണം ഇത്‌. ശമ്പളക്കാരുടെ പ്രാഥമികഅര്‍ബന്‍സഹകരണബാങ്ക്‌ ബോര്‍ഡുകളുടെ ഡയറക്ടര്‍മാര്‍ക്ക്‌ അംഗങ്ങളെന്ന നിലയില്‍ കിട്ടാവുന്ന സാധാരണവായ്‌പകള്‍ക്കും വ്യവസ്ഥകള്‍ ബാധകമല്ല.

 

ഡയറക്ടര്‍മാരുടെ ബന്ധുക്കള്‍ക്കു താല്‍പര്യങ്ങളുള്ള സ്ഥാപനങ്ങളുമായും കമ്പനികളുമായും സംരംഭങ്ങളുമായും യു.സി.ബി.കള്‍ വായ്‌പാഇടപാടുകള്‍ നടത്തരുത്‌. ഡയറക്ടര്‍ ഗ്യാരന്ററായ വ്യക്തിക്കോ സ്ഥാപനത്തിനോ അവയ്‌ക്കു വേണ്ടിയോ വായ്‌പ നല്‍കാമെന്ന്‌ ഏല്‍ക്കരുത്‌.

ഫണ്ട്‌ അധിഷ്‌ഠിതമായതും അല്ലാത്തതുമായ ഒരു വായ്‌പക്കും ഡയറക്ടര്‍മാരെയോ, അവരുടെ ബന്ധുക്കളെയോ, അവര്‍ക്കു താല്‍പര്യങ്ങളുള്ള ബന്ധപ്പെട്ട മറ്റേതെങ്കിലും കക്ഷിയെയോ (സ്ഥാപനങ്ങളും കമ്പനികളും സംരംഭങ്ങളുമടക്കം) ഗ്യാരന്റര്‍മാരായോ ജാമ്യക്കാരായോ സ്വീകരിക്കരുത്‌.

 

ഇവയൊക്കെ ഉറപ്പുവരുത്തേണ്ടതു ബോര്‍ഡാണ്‌. ഇവയും കൂടുതല്‍ സുരക്ഷാനടപടികളും വായ്‌പാനയത്തില്‍ ഉണ്ടായിരിക്കണം. ബാങ്കിന്റെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കും ബന്ധുക്കള്‍ക്കും വായ്‌പ നല്‍കുന്നതു സംബന്ധിച്ചു പ്രത്യേകവ്യവസ്ഥകള്‍ നയത്തിലുണ്ടാകണം. ബന്ധുത്വമുള്ള കക്ഷികള്‍ക്കുള്ള നിയമവിരുദ്ധമോ അധാര്‍മികമോ ചോദ്യംചെയ്യപ്പെടാവുന്നതോ ആയ വായ്‌പകളെപ്പറ്റി രഹസ്യമായി അറിയിക്കാന്‍ ജീവനക്കാരെ പ്രോല്‍സാഹിപ്പിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണം. പ്രതികാരനടപടിയുണ്ടാകുമെന്ന പേടി കൂടാതെ ജീവനക്കാര്‍ക്ക്‌ ഇതു ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ്‌ ഏര്‍പ്പെടുത്തേണ്ടത്‌. ഇവിടെ പരസ്‌പരനേട്ടക്രമീകരണങ്ങള്‍ ഒഴിവാക്കണം. ബന്ധുത്വമുള്ള കക്ഷികള്‍ക്കു കൊടുക്കാവുന്ന വായ്‌പയുടെ പരിധി നയത്തില്‍ വ്യക്തമാക്കണം. ഇതില്‍തന്നെ വ്യക്തിക്കും ഗ്രൂപ്പിനുമുള്ള പരിധി വെവ്വേറെ വേണം. റിസര്‍വ്‌ ബാങ്ക്‌ പറയുന്ന സവിവേകപരിധിക്കകത്തായിരിക്കണം താനും. വ്യവസ്ഥകള്‍ പ്രകാരം ഇളവുള്ള ബന്ധുത്വവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന വായ്‌പകള്‍ക്കും (വ്യക്തിവായ്‌പയടക്കം) വായ്‌പാനയത്തില്‍ പരിധി നിശ്ചയിക്കണം. ടയര്‍ഒന്ന്‌ യു.സി.ബി.കള്‍ക്ക്‌ ഒരു കോടിയും, ടയര്‍ രണ്ട്‌ യു.സി.ബി.കള്‍ക്കു രണ്ടുകോടിയും, ടയര്‍ മൂന്ന്‌ യു.സി.ബി.കള്‍ക്ക്‌ അഞ്ചുകോടിയും, ടയര്‍ നാല്‌ യു.സി.ബി.കള്‍ക്കു 10കോടിയുമാണു പരിധി. ബാങ്കുനയമനുസരിച്ചു വ്യത്യസ്‌തവിഭാഗങ്ങള്‍ക്കു വ്യത്യസ്‌തപരിധിയാകാം. പരിധിക്കുമുകളില്‍ വായ്‌പ കൊടുക്കണമെങ്കില്‍ ബോര്‍ഡ്‌ അംഗീകരിക്കണം. ബന്ധപ്പെട്ട റെഗുലേറ്ററി സ്ഥാപനത്തിന്റെ നിയന്ത്രണങ്ങള്‍ അനുസരിക്കുകയും വേണം.

ബന്ധുത്വമുള്ള കക്ഷിക്കു നേരിട്ടോ പരോക്ഷമായോ ഉള്ള വായ്‌പ അനുവദിക്കുന്നതു സംബന്ധിച്ച ചര്‍ച്ചയിലും തീരുമാനമെടുക്കലിലും വിതരണത്തിനും നടത്തിപ്പിലും ബന്ധപ്പെട്ട ഡയറക്ടര്‍മാരും ബോര്‍ഡ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ അംഗങ്ങളും പങ്കെടുക്കരുത്‌. ഒറ്റത്തവണ തീര്‍പ്പാക്കല്‍, റദ്ദാക്കല്‍, ഈടു നടപ്പാക്കല്‍, പരിഹാരപദ്ധതികളുടെ നടത്തിപ്പ്‌ എന്നിവയ്‌ക്കൊക്കെ ഇതു ബാധകമാണ്‌.

ബന്ധുത്വമുള്ള കക്ഷികളുടെ പട്ടിക തയ്യാറാക്കാനും നിശ്ചിതസമയത്തു പുതുക്കാനും സംവിധാനം ഏര്‍പ്പെടുത്തണം. മൂന്നുമാസത്തിലൊരുക്കലെങ്കിലും ആഭ്യന്തരഓഡിറ്റര്‍മാര്‍ അതു പരിശോധിച്ചു വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോ എന്നു നോക്കണം. നിര്‍ദേശങ്ങള്‍ മറികടക്കാന്‍ ചെയ്യുന്നവയായി (പരസ്‌പരവായ്‌പകള്‍, പരസ്‌പരനേട്ടക്രമീകരണങ്ങള്‍ തുടങ്ങിയവ) ഓഡിറ്ററോ മേല്‍നോട്ടസ്ഥാപനമോ അന്വേഷണഏജന്‍സിയോ കണ്ടെത്തുന്ന കാര്യങ്ങള്‍ ബന്ധുത്വമുള്ളവര്‍ക്കു നല്‍കിയ വായ്‌പയായി കണക്കാക്കും. ബന്ധുത്വവിഭാഗങ്ങള്‍ക്കുള്ള വായ്‌പകള്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാര്‍ പ്രാതിനിധ്യസ്വഭാവത്തോടെ പരിശോധിക്കണം. ബാങ്കിന്റെ ഗ്രൂപ്പുസ്ഥാപനങ്ങളായി വരുന്ന ബന്ധുത്വസ്ഥാപനങ്ങളുമായുള്ള എല്ലാ ബന്ധപ്പെടലും സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍ പരിശോധിച്ചിരിക്കണം. ഡയറക്ടര്‍മാരും മാനേജ്‌മെന്റ്‌ ബോര്‍ഡംഗങ്ങളും മുഖ്യമാനേജ്‌മെന്റ്‌ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട യു.സി.ബി.കളില്‍നിന്നു തങ്ങളും അനുബന്ധസ്ഥാപനങ്ങളുമെടുത്ത എല്ലാ വായ്‌പകളെക്കുറിച്ചും എല്ലാവര്‍ഷവും സത്യവാങ്‌മൂലം സമര്‍പ്പിക്കണം. ബന്ധുത്വമുള്ള കക്ഷികള്‍ക്കു നല്‍കിയ വായ്‌പകളും കരാറുകളും ക്രമീകരണങ്ങളും അവയുടെ ലംഘനങ്ങളും ബാങ്കുകള്‍ നിശ്ചിതഫോമില്‍ റിസര്‍വ്‌ ബാങ്കിന്റെ ദക്ഷ്‌ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം.

ധനകാര്യപ്രസ്‌താവനകളിലും ഇതൊക്കെ വേണം. രണ്ടുകൊല്ലത്തിലൊരിക്കലെങ്കിലും ഈ പ്രസ്‌താവനകള്‍ നല്‍കണം. ബന്ധുത്വമുള്ളവര്‍ക്കു നല്‍കിയ വായ്‌പ, ബാക്കിനില്‍പുതുക, പ്രത്യേകപരാമര്‍ശഅക്കൗണ്ടുകളിലും (എസ്‌എംഎ) നിഷ്‌ക്രിയസ്വത്തിലും വരുന്ന കാര്യങ്ങള്‍, വായ്‌പാബാക്കിയിലെ ഇത്തരം കാര്യങ്ങളുടെ അനുപാതം, ഏറ്റവും ഉയര്‍ന്ന 10 എക്‌സപോഷറുകള്‍ എന്നിവ പ്രസ്‌താവനയില്‍ വേണം.

നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ റിസര്‍വ്‌ ബാങ്കിനു ശിക്ഷിക്കാം. അതു പിഴയോ വ്യവസ്ഥകളോ ജീവനക്കാരെ സംബന്ധിച്ച നിര്‍ദേശങ്ങളോ ഫോറന്‍സിക്‌ ഓഡിറ്റോ മേല്‍നോട്ടമോ നടപടി നടപ്പാക്കലോ ആവാം.

കരടുനിര്‍ദേശങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഒക്ടോബര്‍ 31വരെ അറിയിക്കാം. റിസര്‍വ്‌ ബാങ്ക്‌ സൈറ്റിലെ കണക്ട്‌ ടു റെഗുലേറ്റ്‌ ലിങ്കിലൂടെയും ഇ-മെയിലിലൂടെയും തപാലിലൂടെയും അറിയിക്കാം. ചീഫ്‌ ജനറല്‍ മനേജര്‍ ഇന്‍ ചാര്‍ജ്‌, ഡിപ്പാര്‍ട്ടുമെന്റ്‌ ഓഫ്‌ റെഗുലേഷന്‍, സെന്‍ട്രല്‍ ഓഫീസ്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, 12/13-ാം നില, ഷഹീദ്‌ ഭഗത്‌സിങ്‌ മാര്‍ഗ്‌, ഫോര്‍ട്ട്‌ മുംബൈ 400 001 എന്നതാണ്‌ തപാലില്‍ അയക്കാനുള്ള വിലാസം.

Moonamvazhi

Authorize Writer

Moonamvazhi has 649 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!