അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ചെറുകിടവായ്‌പാപരിധിയും ഭവനവായ്‌പാപരിധികളും കൂട്ടി
അര്‍ബന്‍സഹകരണബാങ്കുകള്‍ക്ക് (യുസിബി) കൂടുതല്‍ തുക ഇനി ചെറുകിടവായ്‌പയായും ഭവനവായ്‌പായായും നല്‍കാനാവും. യുസിബികള്‍ക്കു നല്‍കാവുന്ന ചെറുകിടവായ്‌പകളുടെ പരിധി മൂന്നുകോടിരൂപയായി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഭവനവായ്‌പകളുടെ പരിധിയും കൂട്ടിയിട്ടുണ്ട്. ഇവ ഉടന്‍ പ്രാബല്യത്തിലാകുംവിധമാണു വിജ്ഞാപനം.ഒരു കോടിരൂപയായിരുന്നു ഒരുവ്യക്തിക്കു നല്‍കാവുന്ന ചെറുകിടവായ്‌പാപരിധി. യുസിബികള്‍ നല്‍കുന്ന മൊത്തംവായ്‌പയുടെ പകുതിയും ചെറുകിടവായ്‌പയായിരിക്കണമെന്നുണ്ട്. ഒരു വ്യക്തിക്ക് 25ക്ഷംവരെ, അല്ലെങ്കില്‍ ടയര്‍1 മൂലധനത്തിന്റെ 0.2ശതമാനം, ഏതാണോ കൂടുതല്‍ അത് എന്നതായിരുന്നു നേരത്തേയുള്ള ചെറുകിടവായ്‌പാ പരിധി. ഒരാള്‍ക്കു പരമാവധി ഒരുകോടിരൂപവരെയാണു വായ്‌പ നല്‍കാനാണ് അനുമതി ഉണ്ടായിരുന്നത്. ഈ പരിധി ഉയര്‍ത്തി. 25ലക്ഷംരൂപവരെ അല്ലെങ്കില്‍ ടയര്‍1 മൂലധനത്തിന്റെ 0.4ശതമാനംവരെ ഏതാണോ കൂടുതല്‍ അത് എന്നാണു ചെറുകിടവായ്‌പയുടെ പുതിയ നിര്‍വചനം. പരമാവധി ഒരു കോടിരൂപ എന്നതു മൂന്നുകോടിരൂപ എന്നാക്കി ഉയര്‍ത്തുകയും ചെയ്‌തു.
കാലാവധിയടക്കമുള്ള മറ്റുവ്യവസ്ഥകളില്‍ മാറ്റമില്ല. ബാങ്കുഭരണസമിതികള്‍ക്കു വായ്‌പയോടുള്ള പ്രതികരണം വിലയിരുത്തി പരിധികള്‍ കുറയ്‌ക്കാവുന്നതാണ്.ഭവനവായ്‌പയും റിയല്‍ എസ്‌റ്റേറ്റ് വായ്‌പയും വാണിജ്യറിയല്‍എസ്റ്റേറ്റ് വായ്‌പയും ആകെ ആസ്‌തിയുടെ 10ശതമാനത്തില്‍ കവിയരുതെന്നായിരുന്നു വ്യവസ്ഥ. ഇതു വ്യക്തികള്‍ക്കു ഭവനവായ്‌പ നല്‍കുന്ന കാര്യത്തില്‍ ആകെ ആസ്‌തികളുടെ 10 ശതമാനമെന്ന പരിധിക്കു പുറമെ അഞ്ചുശതമാനംവരെ കൂടി ആകാമെന്നു മാറ്റി. ഇതുപ്രകാരം ടയര്‍1 യുസിബികള്‍ക്ക് ഒരുവ്യക്തിക്കു പരമാവധി 60ലക്ഷംരൂപവരെയും, ടയര്‍2 യുസിബികള്‍ക്ക് 1.40 കോടിവരെയും, ടയര്‍ 3 യുസിബികള്‍ക്കു രണ്ടുകോടിരൂപവരെയും, ടയര്‍4 യുസിബികള്‍ക്കു മൂന്നുകോടിരൂപവരെയും ഭവനവായ്‌പ നല്‍കാം.ഭവനവായ്‌പകള്‍ ആകെ വായ്‌പകളുടെ 25 ശതമാനംവരെയാകാം. ഭവനവായ്‌പ ഒഴികെയുള്ള റിയല്‍എസ്‌റ്റേറ്റ് മേഖലയുടെ കാര്യത്തില്‍ ഇത് അഞ്ചുശതമാനംവരെ മാത്രമേ ആകാവൂ. റിയല്‍എസ്റ്റേറ്റ് വായ്‌പ സംബന്ധിച്ച മറ്റുവ്യവസ്ഥകളിലൊന്നും മാറ്റമില്ല.
യുസിബിവായ്‌പകളുടെ സുരക്ഷാറെസീപ്‌റ്റുകളുമായി ബന്ധപ്പെട്ടുള്ള ഗ്ലൈഡ്‌പാത്ത് 2027-28 സാമ്പത്തികവര്‍ഷംവരെ നീട്ടാനും തീരുമാനിച്ചു. എന്നാല്‍ പ്രത്യേകസുരക്ഷാറെസീപ്‌റ്റുകളുമായി ബന്ധപ്പെട്ടു നേരത്തേതന്നെ തയ്യാറാക്കപ്പെട്ട വ്യവസ്ഥകളുണ്ടെങ്കില്‍ അവ നിലനില്‍ക്കും.