ചെറുകച്ചവടക്കാരുമായുള്ള 2000രൂപവരെയുള്ള ഭീം-യുപിഐ ഇടപാടിന് ഇന്‍സന്റീവ് സ്‌കീം
വ്യക്തികള്‍ ചെറുകിടകച്ചവടക്കാരുമായി (പി2എം) നടത്തുന്ന 2000രൂപവരെയുള്ള ഭീം-യുപിഐ ഇടപാടുകള്‍ക്കു 0.15% ഇന്‍സെന്റീവ് നല്‍കുന്ന സ്‌കീം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രക്യാബിനറ്റ് അംഗീകരിച്ചു. 2024 ഏപ്രില്‍ ഒന്നുമുതല്‍ ഇതിനു പ്രാബല്യമുണ്ടാകും. 2025 മാര്‍ച്ച് 31ന് അവസാനിക്കും. ഇന്‍സന്റീവ് സ്‌കീമിനായി 1500 കോടിരൂപ ചെലവാക്കും.ചെറുകിടകച്ചവടക്കാരുമായുള്ള യുപിഐഇടപാടിനുമാത്രമാണ് ഇന്‍സന്റീവ്. 2000രൂപവരെയുള്ള ഓരോഇടപാടിനും 0.15%ഇന്‍സന്റീവ് ലഭിക്കും. കച്ചവടക്കാര്‍ക്കു ബാങ്ക് ലഭ്യമാക്കുന്ന ഇന്‍സന്റീവ് തുക ബാങ്കുകള്‍ക്കു സര്‍ക്കാര്‍ നല്‍കും. ഇതുപ്രകാരമുള്ള ഓരോമൂന്നുമാസത്തെയും ക്ലെയിമിന്റെ 80% ഉപാധികളൊന്നുംകൂടാതെ ബന്ധപ്പെട്ട ബാങ്കുകള്‍ക്കു നല്‍കും. ബാക്കി 20 ശതമാനം നല്‍കുന്നതിനു വ്യവസ്ഥകളുണ്ട്. ഇതില്‍ 10% നല്‍കുന്നതു ബാങ്കിന്റെ ടെക്‌നിക്കല്‍ ഡിക്ലൈന്‍ 0.75%ല്‍കുറവായിരിക്കുമ്പോഴാണ്. ബാക്കി 10% നല്‍കുന്നതു ബാങ്കിന്റെ സിസ്‌റ്റം അപ്‌ടൈം 99.5%ത്തെക്കാള്‍ കൂടുതലായിരിക്കുമ്പോഴാണ്.
സുഗമവും സുരക്ഷിതവും വേഗത്തിലുമുള്ള പണമൊഴുക്ക്, ഡിജിറ്റല്‍ ഫുട്‌പ്രിന്റിലൂടെ വര്‍ധിച്ച വായ്‌പാപ്രാപ്യത, സാധാരണക്കാര്‍ക്ക് അധികച്ചാര്‍ജില്ലാതെ പേമെന്റ് സൗകര്യങ്ങള്‍, അധികച്ചെലവില്ലാതെ ചെറുകിടകച്ചവടക്കാര്‍ക്കു യുപിഐ സേവനങ്ങള്‍, ചെറുകച്ചവടക്കാര്‍ വിലയുടെകാര്യത്തില്‍ കൂടുതല്‍ സെന്‍സിറ്റീവ് ആയതിനാല്‍ അവര്‍ക്കു യുപിഐ പേമെന്റ് സ്വീകരിക്കാന്‍ പ്രചോദനം, ലെസ് ക്യാഷ് സമ്പദ്‌വ്യവസ്ഥയെന്ന സര്‍ക്കാരിന്റെ ലക്ഷ്യംനേടാന്‍ സഹായകം, ഉയര്‍ന്ന സിസ്‌റ്റം അപ്‌ടൈമും കുറഞ്ഞ ടെക്‌നിക്കല്‍ ഡിക്ലൈനും നിലനിര്‍ത്തുമ്പോഴാണു 20% നല്‍കുക എന്നതിനാല്‍ ബാങ്കുകള്‍ കാര്യക്ഷമത വര്‍ധിപ്പിക്കുകയും പൗരര്‍ക്ക് 24മണിക്കൂറും പേമെന്റ് സേവനങ്ങള്‍ നല്‍കുകയും ചെയ്യും, യുപിഐ ഇടപാടുകള്‍ വളരുകയും സര്‍ക്കാര്‍ ഖജനാവിന്റെ സാമ്പത്തികഭാരം കുറയുകയും ചെയ്യും എന്നിവയാണ് ഉദ്ദേശിക്കുന്ന നേട്ടങ്ങള്‍.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭീം-യുപിഐ പ്ലാറ്റ്‌ഫോമിനെ പ്രോല്‍സാഹിപ്പിക്കല്‍ ആണു മുഖ്യലക്ഷ്യം. 2024-25 സാമ്പത്തികവര്‍ഷം ഇതിലൂടെ 20,000 കോടിരൂപയുടെ സാമ്പത്തികഇടപാടുകള്‍ ആണു ലക്ഷ്യം. പേമെന്റ് സംവിധാനങ്ങള്‍ ലഭ്യമാക്കുന്നവരെ കൂടുതല്‍ ശക്തവും സുരക്ഷിതവുമായ ഡിജിറ്റല്‍ പേമെന്റ് സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സഹായിക്കലാണു മറ്റൊരു ലക്ഷ്യം. ഗ്രാമങ്ങളിലേക്കും വിദൂരപ്രദേശങ്ങളിലേക്കും യുപിഐക്കു കടന്നുചെല്ലാന്‍ കഴിയുക എന്നതാണു മൂന്നാമത്തെ ലക്ഷ്യം. ഫീച്ചര്‍ഫോണ്‍ അധിഷ്‌ഠിതവും (യുപിഐ 123പേ), ഓഫ്‌ലൈനുമായ (യുപിഐ ലൈറ്റ്/യുപിഐ ലൈറ്റ് എക്‌സ്) പേമെന്റ് സംവിധാനങ്ങളിലൂടെ ഇതു കഴിയുമെന്നാണു പ്രതീക്ഷ.
ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളെ പ്രോല്‍സാഹിപ്പിക്കല്‍ സര്‍ക്കാരിന്റെ പ്രധാനലക്ഷ്യമാണ്. ഉപഭോക്താക്കള്‍ക്കും കച്ചവടക്കാര്‍ക്കും സേവനങ്ങള്‍ നല്‍കുമ്പോള്‍ ഡിജിറ്റല്‍ പേമെന്റ് വ്യവസായത്തിനുണ്ടാകുന്ന ചെലവ് തിരിച്ചുപിടിക്കുന്നത് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ചാര്‍ജിലൂടെയാണ്. ആര്‍ബിഐയുടെ വിലയിരുത്തല്‍പ്രകാരം എല്ലാ ഡെബിറ്റ്‌കാര്‍ഡ് ശൃംഖലകളിലും 0.90ശതമാനംവരെ എംഡിആര്‍ ബാധകമാണ്. എന്‍പിസിഐയുടെ വിലയിരുത്തല്‍പ്രകാരം യുപിഐ പി2എം ഇടപാടുകളില്‍ ഇടപാടുമൂല്യത്തിന്റെ 0.30 ശതമാനംവരെ എംഡിആര്‍ ബാധകമാണ്. ഡിജിറ്റല്‍ പേമെന്റുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ 2020 ജനുവരിമുതല്‍ റുപേ ഡെബിറ്റ് കാര്‍ഡുകളിലും ഭീം-യുപിഐ ഇടപാടുകളിലും എംഡിആര്‍ പൂജ്യം ആക്കിയിട്ടുണ്ട്. റുപേ ഡെബിറ്റ് കാര്‍ഡുകളിലും കുറഞ്ഞതുകയ്‌ക്കുള്ള ഭീം-യുപിഐ പി2എം ഇടപാടുകളിലും ഇന്‍സന്റീവ് സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിച്ചുവരുന്നുണ്ട്. സര്‍ക്കാര്‍ കച്ചവടക്കാര്‍ക്ക് അക്കൗണ്ടുള്ള ബാങ്കിനാണ് ഇന്‍സന്റീവ് നല്‍കുന്നത്. പിന്നീടത് ഉപഭോക്താവിന്റെ ബാങ്കുമായും പേമെന്റ് സര്‍വീസ് പ്രൊവൈഡര്‍ ബാങ്കുമായും ആപ്പ് പ്രൊവൈഡര്‍മാരുമായും പങ്കുവയ്‌ക്കും.