സഹകരണ സംഘങ്ങള്‍ക്ക് സര്‍ചാര്‍ജ്, ടി.ഡി.എസ്,നികുതി ഇളവുകള്‍ നല്‍കി: അമിത്ഷാ

Moonamvazhi

സഹകരണസംഘങ്ങള്‍ക്ക് സര്‍ചാര്‍ജ്, പണമായുള്ള ഇടപാട് പരിധി, ടി.ഡി.എസ് തുടങ്ങിയ കാര്യങ്ങളില്‍ വിവിധ ഇളവുകള്‍ അനുവദിച്ചിട്ടുള്ളതായി കേന്ദ്ര സഹകരണമന്ത്രി അമിത്ഷാ രാജ്യസഭയില്‍ ചോദ്യങ്ങള്‍ക്കു മറുപടിയായി അറിയിച്ചു.സഹകരണസംഘങ്ങളുടെ ഒരുകോടിരൂപമുതല്‍ 10കോടിരൂപവരെയുള്ള വരുമാനത്തിനു നല്‍കേണ്ട സര്‍ചാര്‍ജ് 12ശതമാനത്തില്‍നിന്ന് ഏഴുശതമാനമായി കുറച്ചിട്ടുണ്ട്.സഹകരണസംഘങ്ങള്‍ അടയ്‌ക്കേണ്ട ആള്‍ട്ടര്‍നേട്ട് മിനിമം ടാക്‌സ് 15ശതമാനമായും കുറച്ചിട്ടുണ്ട്. ഇതു 18 ശതമാനമായിരുന്നു. കമ്പനികള്‍ക്ക് 15 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. ആ നിരക്കിലേക്ക് സഹകരണസ്ഥാപനങ്ങളുടെതും കുറയ്ക്കുകയാണുണ്ടായത്.

ക്ഷീരസഹകരണസംഘങ്ങള്‍ക്കു ബാങ്കവധിദിനങ്ങളിലും വിതരണക്കാരില്‍നിന്നും ഇടപാടുകാരില്‍നിന്നും പണം സ്വീകരിക്കുന്നതിനും മറ്റും, നിര്‍ദിഷ്ടപരിധിക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കില്‍, രണ്ടുലക്ഷംരൂപയിലേറെവരുന്ന പണമിടപാടുകള്‍ ആദായനികുതിപ്പിഴഭീഷണി കൂടാതെ നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു. ഉത്പന്നോത്പാദന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന പുതിയ സഹകരണസംഘങ്ങള്‍ 15 ശതമാനം നികുതിയിളവ് അര്‍ഹമാണെന്നും മന്ത്രി അറിയിച്ചു. പുതിയമാനുഫാക്ചറിങ് കമ്പനികള്‍ക്ക് ഈ നികുതിയിളവ് ഉണ്ട്. അത് ഇക്കൊല്ലം മാര്‍ച്ച് 31മുതല്‍ പുതിയ സഹകരണ സംഘങ്ങള്‍ക്കും ബാധകമാക്കി.പ്രാഥമികകാര്‍ഷികവായ്പാസഹകരണസംഘങ്ങളിലെയോ പ്രാഥമിക കാര്‍ഷികഗ്രാമവികസനബാങ്കുകളിലെയോ അംഗങ്ങള്‍ക്ക് 20,000 രൂപയിലേറെ പണമായി നിക്ഷേപഇനത്തിലോ വായ്പയിനത്തിലോ നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യുന്നതിനുള്ള ആദായനികുതിനിയമവ്യവസ്ഥയിലെ നിയന്ത്രണവും ഭേദഗതി ചെയ്തിട്ടുണ്ട്. അത്തരം വായ്പയുടെയോ നിക്ഷേപത്തിന്റെയോ ബാക്കിനില്‍പുതുക രണ്ടുലക്ഷംരൂപയില്‍ കവിയരുതെന്ന വ്യവസ്ഥയോടെയാണ് ഇളവ്.

സഹകരണസംഘങ്ങള്‍ക്കു ബാങ്കുകളില്‍നിന്നു സ്രോതസ്സിലെ നികുതിപിടിത്തമില്ലാതെ (ടി.ഡി.എസ്) പിന്‍വലിക്കാവുന്ന പണം മൂന്നുകോടിരൂപയാക്കിയിട്ടുണ്ടെന്നും അറിയിച്ചു. സഹകരണസംഘങ്ങള്‍ക്ക്, പ്രത്യേകിച്ചു ക്ഷീരസംഘങ്ങള്‍, ഗ്രാമീണമേഖലയിലാണു പ്രവര്‍ത്തിക്കുന്നതെന്നതു കണക്കിലെടുത്താണിത്. പലപ്പോഴും അവര്‍ക്ക് അംഗങ്ങള്‍ക്കു പണമായി തുക നല്‍കേണ്ടിവരും. ഇതിനായി അവയ്ക്കു ബാങ്കുകളില്‍നിന്നു പണം പിന്‍വലിക്കേണ്ടി വരും. അതുകൊണ്ടുതന്നെ അവയുടെ പണം പിന്‍വലിക്കല്‍ ഒരുകോടിരൂപയില്‍ കൂടുതലാവും. അപ്പോള്‍ ടി.ഡി.എസ്. പിടിക്കും. ഈ സാഹചര്യത്തിലാണു സഹകരണസംഘങ്ങളുടെ ഇക്കാര്യത്തിലുള്ള പരിധി മൂന്നുകോടിയാക്കി ഉയര്‍ത്തിയത്.

Moonamvazhi

Authorize Writer

Moonamvazhi has 145 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News