സര്‍ഫാസി കേസ്: അസാധാരണസാഹചര്യത്തിലേ ഹൈക്കോടതികള്‍ക്ക് ഇടപെടാനാവൂ – രാജസ്ഥാന്‍ ഹൈക്കോടതി
സ്റ്റാറ്റിയൂട്ടറിയായ പരിഹാരമാര്‍ഗങ്ങള്‍ ലഭ്യമാണെങ്കില്‍ റിട്ട്ഹര്‍ജികളില്‍ അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഹൈക്കോടതികള്‍ ഇടപെടാവൂ എന്ന സ്വയംനിയന്ത്രണം സര്‍ഫാസി നിയമക്കേസുകളില്‍ കര്‍ശനമായി നടപ്പാക്കണമെന്നു രാജസ്ഥാന്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടു. സര്‍ഫാസിനിയമപ്രകാരമുള്ള നടപടി സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളിയ കടംതിരിച്ചുപിടിക്കല്‍ ട്രൈബ്യൂണലിന്റെ (ഡി.ആര്‍.ടി) നടപടിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഡി.ആര്‍. അപ്പീല്‍ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നും വസ്തു ഏറ്റെടുക്കലിനെതിരായ ഹര്‍ജി ഡി.ആര്‍.ടി.യുടെ പരിഗണനയിലിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അവനീഷ് ജിംഘന്റെതാണ് ഉത്തരവ്.
പൊതുകുടിശ്ശികകളും മറ്റും തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍, അത്തരം കുടിശ്ശികകള്‍ തിരിച്ചുപിടിക്കാന്‍ പാര്‍ലമെന്റും നിയമസഭകളും പാസ്സാക്കിയിട്ടുള്ള നിയമങ്ങള്‍ സ്വയം ഒരു നിയമസംഹിതതന്നെയാണെന്നും അവയില്‍ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ എടുക്കേണ്ട സമഗ്രമായ നടപടിക്രമങ്ങളും പരാതി പരിഹരിക്കാന്‍ അര്‍ധജുഡീഷ്യല്‍ സംവിധാനങ്ങള്‍ രൂപവത്കരിക്കാന്‍ വ്യവസ്ഥകളുമുണ്ടെന്നും രാജസ്ഥാന്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍, അത്തരം കേസുകളില്‍ ഭരണഘടനയുടെ 226-ാം അനുച്ഛേദപ്രകാരം ആരെങ്കിലും ഹൈക്കോടതിയില്‍ റിട്ട്ഹര്‍ജി നല്‍കിയാല്‍ സ്റ്റാറ്റിയൂട്ടുകള്‍പ്രകാരം പ്രശ്‌നം പരിഹരിക്കാനുള്ള എല്ലാ ശ്രമവും നടത്തിയശേഷമാണോ ഹര്‍ജി നല്‍കിയതെന്ന കാര്യം ഹൈക്കോടതി പ്രത്യേകം പരിശോധിക്കണമെന്ന് സത്യവതി ടൊണ്ടണും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസിലെ (2010) സുപ്രീംകോടതി വിധി ഉദ്ധരിച്ചുകൊണ്ടു കോടതി പറഞ്ഞു. സ്റ്റാറ്റിയൂട്ടറി പരിഹാരമാര്‍ഗങ്ങള്‍ ലഭ്യമാണെങ്കില്‍ 226-ാം അനുച്ഛേദപ്രകാരമുള്ള റിട്ട്ഹര്‍ജികള്‍ നല്‍കപ്പെട്ടാലും അസാധാരണസാഹചര്യങ്ങളില്‍മാത്രമേ അതില്‍ ഇടപെടാവൂ എന്നത് ഹൈക്കോടതികള്‍ സ്വയം നിശ്ചയിച്ച ഒരു നിയന്ത്രണമാണ്. നികുതി, സെസ്, ഫീസ്, മറ്റുതരത്തിലുള്ള പൊതുപണം, ബാങ്കുകള്‍ക്കും മറ്റു ധനകാര്യസ്ഥാപനങ്ങള്‍ക്കും കിട്ടേണ്ട തുകകള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ സ്റ്റാറ്റിയൂട്ടറി പരിഹാരമാര്‍ഗങ്ങള്‍ ലഭ്യമാണെങ്കില്‍ 226-ാംഅനുച്ഛേദപ്രകാരമുള്ള റിട്ട്ഹര്‍ജി സ്വീകരിക്കരുതെന്ന അംഗീകൃതസ്വയംനിയന്ത്രണം ഹൈക്കോടതി പരിഗണിക്കാതിരുന്നതിനെ സത്യവതി ടൊണ്ടണും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസിലെ വിധിയില്‍ സുപ്രീംകോടതി വിമര്‍ശിച്ച കാര്യം എടുത്തുപറഞ്ഞുകൊണ്ടാണ് രാജസ്ഥാന്‍ ഹൈക്കോടതി വിധി. ഇത്തരം ഹര്‍ജികളില്‍ നികുതി, സെസ്, ഫീസ് തുടങ്ങിയവ ഈടാക്കുന്നതിനു സ്‌റ്റേ അനുവദിക്കുന്നതു പൊതുപ്രാധാന്യമുള്ള പദ്ധതികളുടെ നടത്തിപ്പിനെയുംമറ്റും ഗൗരവമായി ബാധിക്കുമെന്നു പ്രത്യേകം ഓര്‍ക്കണമെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. റിക്കവറി പോലുള്ള കാര്യങ്ങളിലെ സ്റ്റേ അത്തരം സ്ഥാപനങ്ങളുടെ സാമ്പത്തികാരോഗ്യത്തെയും ബാധിച്ചേക്കാം. ആത്യന്തികമായി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്കുതന്നെയും ദോഷമായേക്കാം. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഹൈക്കോടതി വളരെയേറെ ശ്രദ്ധിക്കേണ്ടതെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതികള്‍ പലപ്പോഴും ഡി.ആര്‍.ടി.നിയമത്തിലും സര്‍ഫാസിനിയമത്തിലും ഫലപ്രദമായ ബദല്‍മാര്‍ഗങ്ങള്‍ ലഭ്യമായിട്ടും റിട്ട്ഹര്‍ജികള്‍ സ്വീകരിച്ച പശ്ചാത്തലത്തിലായിരുന്നു സുപ്രീംകോടതിയുടെ ആ വിധി. ഹൈക്കോടതികള്‍ ഈ സ്റ്റാറ്റിയൂട്ടറി പരിഹാരമാര്‍ഗങ്ങള്‍ ലഭ്യമാണെന്ന കാര്യം കണക്കിലെടുക്കാതെ 226-ാം അനുച്ഛേദപ്രകാരമുള്ള ഹര്‍ജികള്‍ സ്വീകരിക്കുന്നതു ഗൗരവമായി എടുക്കേണ്ടതാണെന്നും സുപ്രീംകോടതി ആ വിധിയില്‍ വ്യക്തമാക്കിയ കാര്യം ഹൈക്കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
ഇവിടെ കടംതിരിച്ചുപിടിക്കല്‍ ട്രൈബ്യൂണല്‍ 2023 ഏപ്രില്‍ 20നു പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാണു ഹര്‍ജി. ഈടു നല്‍കിയ വസ്തു കൈവശപ്പെടുത്താനുള്ള നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിക്കാരന്‍ 2022 മാര്‍ച്ച് മൂന്നിനു സഹോദരനില്‍നിന്നു വാങ്ങിയതാണു വസ്തു. സഹോദരന്‍ ഈ വസ്തു ഈടു നല്‍കി ഒരു സ്ഥാപനത്തില്‍നിന്നു വായ്പയെടുത്തിരുന്നു. ഹര്‍ജിക്കാരനാകട്ടെ ഈ വസ്തു വാങ്ങാന്‍ മറ്റൊരു സ്ഥാപനത്തില്‍നിന്നു വായ്പയെടുത്തു. എന്നാല്‍, സഹോദരന്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ഒരു ഹോംഫിനാന്‍സ് സ്ഥാപനം ഈ വസ്തു നിഷ്‌ക്രിയസ്വത്തായി (എന്‍.പി.എ) പ്രഖ്യാപിച്ച് 2021 ജൂണ്‍ ആറിന് സര്‍ഫാസി നിയമപ്രകാരം തുക തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വസ്തു കരസ്ഥമാക്കി. അതു സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണു ഹര്‍ജിക്കാരന്‍ ഡി.ആര്‍.ടി.യില്‍ പരാതിയും സ്‌റ്റേ അപേക്ഷയും നല്‍കിയത്. 2023 ഏപ്രില്‍ 20നു സ്റ്റേ അപേക്ഷ തള്ളി.
ഹര്‍ജിക്കാരനു സ്ഥലം വിറ്റ സഹോദരന്‍ ആ വസ്തു ഈടുനല്‍കി വായ്പയെടുത്തിരുന്ന സ്ഥാപനത്തില്‍ അടച്ചുതീര്‍ക്കേണ്ടിയിരുന്ന തുക അടച്ചുതീര്‍ത്തുകൊണ്ട് ആ വായ്പ ഏറ്റെടുത്ത ഹോംഫിനാന്‍സ് സ്ഥാപനമാണ് പിന്നീട് സര്‍ഫാസിനിയമപ്രകാരമുള്ള നടപടിയിലേക്കു നീങ്ങിയത്. വിറ്റയാളും വാങ്ങിയയാളും സഹോദരങ്ങളാണ്. തങ്ങളെ കബളിപ്പിക്കാനാണ് ഈടുനല്‍കിയ വസ്തു എന്‍.പി.എ. യായി പ്രഖ്യാപിച്ച ശേഷവും ആ വസ്തു കൈമാറ്റം ചെയ്തതെന്നാണ് സര്‍ഫാസി നിയമപ്രകാരം നടപടിയിലേക്കു നീങ്ങിയ സ്ഥാപനത്തിന്റെ വാദം. സര്‍ഫാസി നിയമത്തിലെ 26 (ഡി) പ്രകാരമുള്ള കാര്യങ്ങള്‍ തങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും കടപ്പെട്ട വസ്തു ഇതനുസരിച്ചുള്ള കേന്ദ്രരജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സ്ഥാപനം അറിയിച്ചു. വസ്തു വിറ്റ സഹോദരന്‍ വായ്പയെടുത്തിരുന്ന സ്ഥാപനത്തില്‍നിന്നു രേഖകള്‍ തിരികെ വാങ്ങിയശേഷം ഹര്‍ജിക്കാരന്‍ അവ ഉപയോഗിച്ചു വേറൊരു സ്ഥാപനത്തില്‍നിന്നു വായ്പയെടുക്കുകയാണുണ്ടായത് എന്നാണ് സര്‍ഫാസി നടപടിയിലേക്കു നിങ്ങിയ സ്ഥാപനത്തിന്റെ ആരോപണം. ഇക്കാര്യത്തില്‍ എഫ്.ഐ.ആര്‍. ഉണ്ടെന്നും സ്ഥാപനം അറിയിച്ചു. എന്തായാലും, ഹര്‍ജിക്കാരന്‍ ഡി.ആര്‍.ടി.യെ സ്റ്റേയ്ക്കായി സമീച്ചെന്നും സ്റ്റേ കിട്ടിയില്ലെങ്കിലും അദ്ദേഹത്തിന്റെ പരാതി പരിഗണനയിലുണ്ടെന്നും വ്യക്തമാണെന്നു വിധിയില്‍ പറയുന്നു. അതു പരിഗണനയിലിരിക്കെ ഹൈക്കോടതിയെ സമീപിച്ചതു രണ്ടു വള്ളത്തില്‍ കാല്‍വയ്ക്കലാണെന്നു ഹൈക്കോടതി ഉത്തരവില്‍ കുറ്റപ്പെടുത്തി.