റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്ക്‌ കുറച്ചു; പുതിയനിരക്ക്‌ 6.25%

Deepthi Vipin lal
  • എ.എഫ്‌.എ വ്യാപകമാക്കും
  • ബാങ്കുകള്‍ക്കായി `ബാങ്ക്‌ ഇന്‍’ ഡൊമെയ്‌ന്‍
  • ജിഡിപി വളര്‍ച്ചാപ്രതീക്ഷ 6.4%ആയി കുറച്ചു

റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ റിപ്പോ നിരക്ക്‌ ആറരശതമാനത്തില്‍നിന്ന്‌ 6.25 ശതമാനമായി കുറച്ചു. 2020നുശേഷം ആദ്യമായാണു ആര്‍.ബി.ഐ. പലിശനിരക്കു കുറക്കുന്നത്‌. 2020 മേയിലാണ്‌ ഒടുവില്‍ പലിശനിരക്കു കുറച്ചത്‌. അന്ന്‌ 40അടിസ്ഥാനപോയിന്റുകളാണു കുറച്ചത്‌.റിസര്‍വ്‌ ബാങ്കിന്റെ മൂന്നുദിവസത്തെ പണനയസമിതിയോഗമാണ്‌ പലിശനിരക്ക്‌ 25 ബേസിക്‌ പോയിന്റ്‌ കുറക്കാന്‍ തീരുമാനിച്ചത്‌. റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ സഞ്‌ജയ്‌ മല്‍ഹോത്ര വെള്ളിയാഴ്‌ച ഇക്കാര്യം പത്രസമ്മേളനത്തില്‍ അറിയിച്ചു.സുരക്ഷ ശക്തമാക്കാന്‍ ഓണ്‍ലൈന്‍ ആയി നടത്തുന്ന അന്താരാഷ്ട്ര ഡിജിറ്റല്‍ പേമെന്റുകള്‍ക്കും അഡീഷണല്‍ ഫാക്ടര്‍ ഓഫ്‌ ഒതന്റിഫിക്കേഷന്‍ (എ.എഫ്‌.എ.) നടപ്പാക്കാന്‍ തീരുമാനിച്ചു. വിദേശങ്ങളിലുള്ള വ്യാപാരികള്‍ക്കുള്ള പേമെന്റിന്റെ കാര്യത്തിലാണിത്‌. എഎഫ്‌എ ഉള്ളവരായിരിക്കും ഈ വ്യാപാരികള്‍.

ഇന്ത്യന്‍ ബാങ്കുകള്‍ക്ക്‌ മാത്രമായി `ബാങ്ക്‌ ഇന്‍’ എന്ന ഇന്റര്‍നെറ്റ്‌ ഡൊമെയിനും നടപ്പാക്കും. ഏപ്രിലില്‍ ഈ ഡൊമെയ്‌ന്‍ നെയ്‌മിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങും. ഇതുവഴി ബാങ്കിങ്‌ ക്രമക്കേടുകള്‍ തടയാം. പിന്നാലെ ധനകാര്യമേഖലയ്‌ക്കായി `ഫിന്‍ ഇന്‍’ എന്ന ഡൊമെയ്‌നും വരും.സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ ഫോര്‍വേര്‍ഡ്‌ കോണ്‍ട്രാക്ടുകള്‍കൂടി ഉള്‍പ്പെടുത്തുന്നതാണു മറ്റൊരു മാറ്റം. അപ്പോള്‍ ഇന്‍ഷുറന്‍സ്‌ ഫണ്ടുകള്‍പോലുള്ള ദീര്‍ഘകാല നിക്ഷേപകര്‍ക്ക്‌ പലിശനിരക്കിലെ റിസ്‌കുകള്‍ സുഗമമായി കൈകാര്യം ചെയ്യാനാവും.റീട്ടെയില്‍ നിക്ഷേപകര്‍ക്കു സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ കൂടുതലായി പ്രാപ്യമാക്കാന്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ രണ്ടാംതല വിപണികള്‍ക്കായുള്ള ഇലക്ട്രോണിക്‌ വ്യാപാരപ്ലാറ്റ്‌ഫോമായ എന്‍ഡിഎസ്‌-ഒഎം സെബിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത ബാങ്കിതര ദല്ലാള്‍മാര്‍ക്കുകൂടി പ്രാപ്യമാക്കും.
റിസര്‍വ്‌ ബാങ്ക്‌ നിയന്ത്രിക്കുന്ന വിപണികളിലെ വ്യാപാരത്തിന്റെയും സെറ്റില്‍മെന്റിന്റെയും സമയം സമഗ്രമായി പുന:പരിശോധിക്കാന്‍ വര്‍ക്കിങ്‌ ഗ്രൂപ്പിനെ നിയോഗിക്കും.ഗ്രൂപ്പ്‌ ഏപ്രില്‍ 30നകം റിപ്പോര്‍ട്ട നല്‍കണം.ആഗോളനിലയും ഇന്ത്യയിലെ നിലയും കണക്കിലെടുത്താണു പലിശനിരക്കു കുറക്കാന്‍ തീരുമാനിച്ചത്‌.

 ആഗോളസാമ്പത്തികരംഗം വെല്ലുവിളിനിറഞ്ഞതായി തുടരുകയാണ്‌. ആഗോളസാമ്പത്തികവളര്‍ച്ച ശരാശരിയിലും കുറവാണ്‌. വ്യാപാരം വര്‍ധിക്കുന്നുണ്ട്‌.
ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ വളരുകയാണ്‌. പക്ഷേ, ആഗോളവെല്ലുവിളികള്‍ ബാധിക്കുന്നുണ്ട്‌. കുറെമാസമായി രൂപയുടെ മൂല്യം ഇടിയുന്നു.ഏകകണ്‌ഠമായാണ്‌ നിരക്കു കുറക്കാന്‍ തീരുമാനിച്ചത്‌. സ്‌റ്റാന്റിങ്‌ ഡെപ്പോസിറ്റ്‌ ഫെസിലിറ്റി നിരക്ക്‌ (എസ്‌ഡിഎഫ്‌) ആറുശതമാനവും, മാര്‍ജിനല്‍ സ്റ്റാന്റിങ്‌ ഫെസിലിറ്റി നിരക്ക്‌ (എം.എസ്‌.എഫ്‌) 6.50 ശതമാനമായിരിക്കും. ബാങ്ക്‌ നിരക്കും 6.50 ശതമാനമായിരിക്കും.വിലക്കയറ്റം കുറഞ്ഞത്‌ പലിശനിരക്കു കുറക്കാന്‍ കാരണമാണ്‌. 2025-26ല്‍ വീണ്ടും കുറയുകയും ലക്ഷ്യത്തിലെത്തുകയും ചെയ്യുമെന്നാണു പ്രതീക്ഷ.നിലവിലുള്ള വര്‍ഷം 6.4 ശതമാനം മൊത്ത ആഭ്യന്തരോത്‌പാദനവളര്‍ച്ച (ജിഡപി) ആണു പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞവര്‍ഷം 8.2 ശതമാനം ഉണ്ടായിരുന്നു. കാര്‍ഷികരംഗം നല്ലനിലയിലാണ്‌. ഉല്‍പാദനരംഗം രണ്ടാംപാദത്തില്‍ മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. ഖനന, വൈദ്യുതിരംഗങ്ങള്‍ വര്‍ഷകാലത്തെ പിന്നാട്ടുപോക്കിനുശേഷം മെച്ചപ്പെടുന്നുണ്ട്‌. സേവനരംഗത്തു നല്ല പ്രതിരോധശേഷിയുണ്ട്‌.
നഗരങ്ങളിലെ ഉപഭോഗത്തില്‍ വര്‍ധനയില്ല. സര്‍ക്കാരന്റെ ഉപഭോഗച്ചെലവും മിതമായിരിക്കും. ഉയര്‍ന്ന ബിസിനസ്‌ പ്രതീക്ഷകളും സര്‍ക്കാരിന്റെ നയപരമായ പിന്തുണയും സ്ഥിരനിക്ഷേപം വളര്‍ത്തും. സേവനമേഖലയിലെ കയറ്റുമതി കൂടിയതും വളര്‍ച്ചയെ സഹായിക്കും. ഇവയോടൊപ്പം ആഗോളവെല്ലുവിളികൂടികണക്കിലെടുക്കുമ്പോള്‍ വാര്‍ഷത്തിന്റെ ആദ്യ ത്രൈമാസപാദത്തില്‍ 6.7 ശതമാനവും രണ്ടാംപാദത്തില്‍ ഏഴുശതമാനവും മൂന്നാംപാദത്തിലും നാലാപാദത്തിലും 6.5 ശതമാനവും ജിഡിപി വളര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്‌. ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തിലുള്ള വിലക്കയറ്റം 4.8 ശതമാനമായിരിക്കുമെന്നാണു കണക്കുകൂട്ടല്‍.2024ല്‍ ഇന്ത്യയിലേക്കുള്ള യുഎസ്‌ ഡോളറിന്റെ ഒഴുക്ക്‌ 129.1 ബില്യണ്‍ ഡോളറാണ്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഈ ഒഴുക്ക്‌ ഇന്ത്യയിലേക്കാണ്‌. 630.6 ബില്യണ്‍ ഡോളറാണ്‌ ഇന്ത്യയുടെ വിദേശനാണ്യശേഖരം.2024ല്‍ ജൂലൈമുതല്‍ നവംബര്‍വരെ പണക്ഷമത മിച്ചമായിരുന്നത്‌ ഡിസംബറിലും 2025 ജനുവരിയിലും കമ്മിയായി. മുന്‍കൂര്‍ നികുതിയടവുകള്‍, മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക്‌ തുടങ്ങിയവയാണു കാരണം. പല ബാങ്കും പണം റിസര്‍വ്‌ ബാങ്കില്‍തന്നെ സൂക്ഷിക്കുകയാണ്‌.ഷെഡ്യൂള്‍ഡ്‌ വാണിജ്യബാങ്കുകളുടെ വായ്‌പാനിക്ഷേപഅനുപാതം 80.8 ശതമാനമാണ്‌ ഇത്‌ 2024 സെപ്‌റ്റംബറിലെ നിലയില്‍നിന്നു കാര്യമായി മാറിയിട്ടില്ലെന്നും റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News