റൂറല്‍,അര്‍ബന്‍സഹകരണബാങ്കുകളുടെതടക്കമുള്ള വായ്‌പാറിസ്‌ക് നിര്‍ദേശങ്ങളില്‍ ഭേദഗതി
- ലൈസന്‍സില്ലാതെ നിക്ഷേപം സ്വീകരിക്കുന്നില്ലെന്ന് ഉറപ്പാക്കണം
- ആറുമാസത്തിലൊരിക്കല്‍ അക്കൗണ്ടുനിരീക്ഷണം നിര്‍ബന്ധം
- ടേംവായ്‌പകള്‍ ഗുണഭോക്താവിനു നേരിട്ടു നല്‍കണം
നിക്ഷേപം സ്വീകരിക്കാനോ പേമെന്റ് സര്‍വീസ് നടത്താനോ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോ അധികാരപ്പെടുത്തലോ ഇല്ലാത്ത അക്കൗണ്ടുടമകള്‍, ബാങ്കിന്റെ പക്കലുള്ള അക്കൗണ്ടിലൂടെ, അവ ചെയ്യുന്നില്ലെന്നു ബാങ്ക് ഉറപ്പാക്കണമെന്നതടക്കമുള്ള വ്യവസ്ഥകളോടെ അര്‍ബന്‍സഹകരണബാങ്കുകളുടെയും ഗ്രാമീണസഹകരണബാങ്കുകളുടെയും വായ്‌പാറിസ്‌ക്‌നിയന്ത്രണനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഭേദഗതി ചെയ്‌തു. സംസ്ഥാനസഹകരണബാങ്കുകളും കേന്ദ്രസഹകരണബാങ്കുകളും ഉള്‍പ്പെടെയുള്ള ഗ്രാമീണസഹകരണബാങ്കുകള്‍, അര്‍ബന്‍സഹകരണബാങ്കുകള്‍, ചറുകിടധനകാര്യബാങ്കുകളും പ്രാദേശികഏരിയാബാങ്കുകളും മേഖലാറൂറല്‍ ബാങ്കുകളും ഉള്‍പ്പെടെയുള്ള വാണിജ്യബാങ്കുകള്‍ എന്നിവ ഇവ നടപ്പാക്കാന്‍ ബാധ്യസ്ഥമാണ്.
കറന്റ് അക്കൗണ്ടുകളിലെയും പണവായ്‌പാഅക്കൗണ്ടുകളിലെയും (ക്യാഷ് ക്രെഡിറ്റ് – സിസി), ഓവര്‍ഡ്രാഫ്‌റ്റ് അക്കൗണ്ടുകളിലെയും (ഒഡി) ഇടപാട്‌അക്കൗണ്ടുകളിലെയും (ട്രാന്‍സാക്ഷന്‍ അക്കൗണ്ടുകള്‍) വായ്‌പാഅച്ചടക്കം കൂട്ടലും ഇടപാടുകള്‍ കൂടുതല്‍ ഫലപ്രദമായി നിരീക്ഷിക്കലും പണം കൂടുതല്‍ നന്നായി ഉപയോഗിക്കലമുമാണു ലക്ഷ്യങ്ങള്‍. ഇവ കഴിയുംവേഗം നടപ്പാക്കണമെന്നും ഏപ്രില്‍ ഒന്നിനപ്പുറം പോകരുതെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.ഇതുപ്രകാരം, വായ്‌പയെയുക്കുന്നയാളിന്റെ ആസ്‌തിമൂല്യവുമായി ബന്ധപ്പട്ടതും പ്രവര്‍ത്തനമൂലധനമെന്ന നിലയിലുള്ളതുമായ പണവായ്‌പാഅക്കൗണ്ടുകളില്‍ പണവായ്‌പാസൗകര്യങ്ങള്‍ നിയന്ത്രണമൊന്നുംകൂടാതെ ബാങ്കിന് ഏര്‍പ്പെടുത്താം.
ഉപഭോക്താവിന്റെ ആകെ ബാങ്കിങ്‌സംവിധാനഎക്‌സ്‌പോഷര്‍ പത്തുകോടിയില്‍താഴെയാണെങ്കില്‍ നിയന്ത്രണമൊന്നുംകൂടാതെ കറന്റ്, ഒഡി അക്കൗണ്ടുകളാകാം. (ബാങ്കിങ്‌സംവിധാന എക്‌സ്‌പോഷറില്‍ ഫണ്ടധിഷ്‌ഠിതവായ്‌പാസൗകര്യങ്ങളും ഫണ്ടിതരസൗകര്യങ്ങളും പെടും. പേമെന്റ്‌സ് ബാങ്കുകള്‍ ഒഴികെയുള്ളവയാണു ബാങ്കിങ് സംവിധാനഎക്‌സ്‌പോഷറില്‍ വരിക).എക്‌സ്‌പോഷര്‍ പത്തുകോടിയില്‍കൂടുതലുള്ളവരുടെ കാര്യത്തില്‍ ഉപഭോക്താവിന്റെ ആവശ്യാനുസരണം കറന്റ്, ഒഡി അക്കൗണ്ടുകള്‍ നിലനിര്‍ത്തണമെങ്കില്‍ വായ്‌പയെടുക്കുന്നയാളിന്റെ വായ്‌പാഎക്‌സ്‌പോഷറിന്റെ പത്തുശതമാനം ആ ബാങ്കില്‍നിന്നായിരിക്കണം. അല്ലെങ്കില്‍ വായ്‌പയെടുക്കുന്നയാളിന്റെ ഫണ്ടധിഷ്‌ഠിത ബാങ്കിങ് സംവിധാനത്തിന്റെ പത്തുശതമാനം ആ ബാങ്കില്‍നിന്നായിരിക്കണം. ബാങ്കിങ് സംവിധാനത്തിലെ ഒരു ബാങ്കിനും ഇതു പറ്റാതെ വരികയോ ഏതെങ്കിലും ഒരു ബാങ്കിനുമാത്രമേ പറ്റുന്നുള്ളൂ എന്നു വരികയോ ചെയ്‌താല്‍ വായ്‌പയെടുത്തയാള്‍ക്ക് ഏറ്റവും എക്‌സ്‌പോഷറുള്ള രണ്ടുബാങ്കിലായി കറന്റ്, ഒഡി അക്കൗണ്ടുകള്‍ ആകാം. വായ്‌പയെടുക്കുന്നയാളിന് ഒരു ബാങ്കുമായേ ഇടപാടുള്ളൂവെങ്കില്‍ അയാള്‍ക്കിഷ്ടമുള്ള മറ്റാരുബാങ്കിനെയും ചേര്‍ക്കാം. പക്ഷേ, വായ്‌പയെടുക്കുന്നയാളിന് എക്‌സ്‌പോഷറുള്ള ബാങ്കിന്റെ എതിര്‍പ്പില്ലായ്‌മാപത്രം വേണം.മേല്‍പറഞ്ഞ മാനദണ്ഡം പാലിക്കാത്ത ബാങ്കിനു കളക്ഷന്‍അക്കൗണ്ടേ നിലനിര്‍ത്താനാവൂ. അക്കൗണ്ടുടമക്കു കിട്ടുന്ന പണം സ്വീകരിക്കാന്‍മാത്രമുള്ളവയാണ് അവ. അതില്‍നിന്നു പണം കൈമാറാന്‍ നിയന്ത്രണമുണ്ട്. ബാങ്കുകള്‍ക്ക് ഇവയ്‌ക്കുപുറമെയും നിബന്ധനകള്‍ വായ്‌പാഅച്ചടക്കത്തിനായി ഏര്‍പ്പെടുത്താവുന്നതാണ്.

കളക്ഷന്‍ അക്കൗണ്ടില്‍ വരുന്ന തുക രണ്ടുദിവസത്തിനകം സിസി അക്കൗണ്ടിലോ കറന്റ് അക്കൗണ്ടിലോ ഒഡി അക്കൗണ്ടിലോ അടക്കണം. ഇതു വായ്‌പയെടുത്തയാള്‍ക്ക് ഇഷ്ടമുള്ള ബാങ്കിലാവാം. ബാങ്കിങ് സംവിധാനത്തിലുള്ള ബാങ്കായിരിക്കണമെന്നു മാത്രം. ഒഡി അക്കൗണ്ടില്‍നിന്നു ഓവര്‍ഡ്രാഫ്‌റ്റ് നല്‍കല്‍ ഈ അക്കൗണ്ടിലൂടെയായിരിക്കണം. ഇതിനെ ഡെസിഗ്നേറ്റഡ് അക്കൗണ്ട് എന്നാണു പറയുക. നികുതി, കുടിശ്ശികയിനങ്ങളില്‍ ബാങ്കിനു കിട്ടാനുള്ള തുക ഇതില്‍നിന്നു പിടിക്കാം. അതു പിടിച്ചശേഷം തുക കൊടുത്താല്‍മതി. വിദേശനാണ്യമാനേജ്‌മെന്റ് നിയമ(ഫെമ) പ്രകാരമുള്ള അക്കൗണ്ടുകള്‍ക്കും, കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ അക്കൗണ്ടുകള്‍ക്കും, നിയമംവഴി പ്രത്യേകാവശ്യത്തിനായി തുറന്ന അക്കൗണ്ടുകള്‍ക്കും, ധനകാര്യമേഖലാറെഗുലേറ്ററുടെ പ്രത്യേകനിര്‍ദേശമുള്ള അക്കൗണ്ടുകള്‍ക്കും, സാമ്പത്തികമേഖലാറെഗുലേറ്റര്‍മാരുടെ റെഗുലേറ്റിങ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അക്കൗണ്ടുകള്‍ക്കും മേല്‍നിബന്ധനകള്‍ ബാധകമല്ല. റിസര്‍വ് ബാങ്കും സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി), ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിട്ടിയും (ഐആര്‍ഡിഐ), പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിട്ടിയുമാണ് (പിഎഫ്‌ആര്‍ഡിഎ) ഇവിടെ ഉദ്ദേശിക്കുന്ന സാമ്പത്തികറെഗുലേറ്റര്‍മാര്‍. ഇവയിലും അനുവദിക്കപ്പെട്ട കാര്യങ്ങളേ നടക്കുന്നുള്ളൂവെന്നു ബാങ്കുകള്‍ ഉറപ്പാക്കണം. മിച്ചം ഡെസിഗനേറ്റഡ് അക്കൗണ്ടില്‍ അടക്കുകയും വേണം.എല്ലാബാങ്കും ആറുമാസത്തിലൊരിക്കലെങ്കിലും അക്കൗണ്ടുകള്‍ നിരീക്ഷിക്കണം. 10കോടി നിബന്ധന കടക്കുകയോ ബാങ്കിന്റെ എക്‌സ്‌പോഷര്‍ പത്തുശതമാനത്തില്‍ കുറയുകയോ എതിര്‍പ്പില്ലായ്‌മാപത്രം കിട്ടാതിരിക്കുകയോ ചെയ്‌താല്‍ ഒരുമാസത്തിനകം ബാങ്ക് ഉപഭോക്താവിനെ അറിയിക്കണം. അക്കൗണ്ട് നിര്‍ത്തുകയോ കളക്ഷന്‍അക്കൗണ്ടാക്കുകയോ ചെയ്യണമെന്നു പറയണം. മൂന്നുമാസത്തിനകം രണ്ടിലൊന്നു നടപ്പാക്കിയിരിക്കണം. ഇതൊക്കെ കോര്‍ബാങ്കിങ് സൊലൂഷനില്‍ ചേര്‍ക്കണം. കൃത്യമായി തിരിച്ചറിയാനും നിരീക്ഷിക്കാനുമാണിത്. വായ്‌പയെടുക്കുന്നയാള്‍ക്കായി ഒന്നിലേറെ അക്കൗണ്ടുള്ള ബാങ്കുകള്‍ അക്കൗണ്ടുകളും ഇടപാടുകളും പണത്തിന്റെ പോക്കുവരവും, വായ്‌പയെടുത്തയാളുടെ തലത്തിലും അക്കൗണ്ടുതലത്തിലും നിരീക്ഷിക്കണം. അധികാരപ്പെടുത്തപ്പെട്ട ബിസിനസിനും പ്രവര്‍ത്തനങ്ങള്‍ക്കുമേ അക്കൗണ്ട് ഉപയോഗിക്കുന്നുള്ളൂവെന്നും ബാങ്ക് ഉറപ്പാക്കണം. മൂന്നാംകക്ഷിയിടപാടുകള്‍ക്കുള്ള കൈമാറ്റച്ചാനലായി (പാസ് ത്രൂ) ഇവ ഉപയോഗിക്കപ്പെടരുത്. എന്നാല്‍ മൂന്നാംകക്ഷിയിടപാടിനായി ലൈസന്‍സ് കിട്ടിയതോ ധനറെഗുലേറ്റര്‍ അധികാരപ്പെടുത്തിയതോ ആയ അക്കൗണ്ടുകള്‍ക്ക് ഇതു ബാധകമല്ല. അത്തരം അക്കൗണ്ടുകളും അനുവാദമുള്ള നിശ്ചിതഇടപാടുപരിധിയില്‍ നില്‍ക്കണം. മൂന്നാംകക്ഷിയിടപാടുകള്‍ക്ക് അനുവാദമുള്ള അക്കൗണ്ടുകളുടെ കാര്യം കോര്‍ബാങ്കില്‍ ചേര്‍ത്തിരിക്കണം.നിക്ഷേപം സ്വീകരിക്കാനോ പേമെന്റ് സര്‍വീസ് നടത്താനോ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോ അധികാരപ്പെടുത്തലോ ഇല്ലാത്ത അക്കൗണ്ടുടമകള്‍, ബാങ്കിന്റെ പക്കലുള്ള അക്കൗണ്ടിലൂടെ, അവ ചെയ്യുന്നില്ലെന്നു ബാങ്ക് ഉറപ്പാക്കണം. മേല്‍പറഞ്ഞ നിയമവിരുദ്ധോപയോഗം കണ്ടെത്താന്‍ ശക്തമായ നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തണം. അസാധാരണമായി വന്‍ഇടപാടു നടക്കുന്ന അക്കൗണ്ടുകള്‍, തുടര്‍ച്ചയായ പാസ്‌ത്രൂ പ്രവര്‍ത്തനങ്ങള്‍, അക്കൗണ്ടുടമ പറഞ്ഞ ബിസിനസും നടത്തുന്ന ഇടപാടുകളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ എന്നിവയടക്കമുള്ള കാര്യങ്ങള്‍ ശക്തമായ നിരീക്ഷണം വേണ്ട കാര്യങ്ങളില്‍ പെടും.

ടേം വായ്‌പകള്‍ കഴിവതും വായ്‌പക്കാരുടെ അക്കൗണ്ടിലൂടെ തിരിച്ചുവിടാതെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കോ അതിന്റെ ഉപയോഗലക്ഷ്യസ്ഥാനത്തേക്കോ നേരിട്ടു കൊടുക്കണം.വാണിജ്യബാങ്കുകള്‍, ചെറുധനബാങ്കുകള്‍, പേമെന്റ്‌സ്‌ബാങ്കുകള്‍, പ്രാദേശികഏരിയാബാങ്കുകള്‍, മേഖലാഗ്രാമീണബാങ്കുകള്‍ എന്നിവയുടെ കാര്യത്തിലും സമാനഭേദഗതിനിര്‍ദേശങ്ങള്‍ ഇറക്കിയിട്ടുണ്ട്.

