കേരളബാങ്ക്‌ അടക്കമുള്ള സംസ്ഥാനസഹകരണബാങ്കുകള്‍ ആര്‍ബിഐ ഓംബുഡ്‌സ്‌മാന്‍ സ്‌കീമിലേക്ക്

Moonamvazhi

കേരളബാങ്ക്‌ നവംബര്‍ ഒന്നുമുതല്‍ പരാതിപരിഹാരത്തിനുള്ള ആര്‍ബിഐ ഇന്റഗ്രേറ്റഡ്‌ ഓംബുഡ്‌സ്‌മാന്‍ സ്‌കീമിന്റെ പരിധിയില്‍വരും. സംസ്ഥാനസഹകരണബാങ്കുകളെയും കേന്ദ്രസഹകരണബാങ്കുകളെയും ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തി റിസര്‍വ്‌ ബാങ്ക്‌ വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണിത്‌. നിലവില്‍ ഇവ നബാര്‍ഡിന്റെ പരാതിപരിഹാരസംവിധാനത്തില്‍ കീഴിലാണ്‌. ഒക്ടോബര്‍ ഒന്നിനു റിപ്പോ നിരക്കു സംബന്ധിച്ചു ആര്‍ബിഐ ഗവര്‍ണര്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിവിധ റെഗുലേറ്ററി നയങ്ങള്‍ സംബന്ധിച്ചു നടപ്പാക്കാന്‍ തീരുമാനിച്ച ഇരുപതോളം നടപടികളുടെ കൂട്ടത്തില്‍ ഇതും ഉള്‍പ്പെട്ടിരുന്നു. ഇതോടെ എല്ലാ വാണിജ്യബാങ്കുകളും റീജണല്‍ റൂറല്‍ ബാങ്കുകളും സംസ്ഥാനസഹകരണബാങ്കുകളും കേന്ദ്രസഹകരണബാങ്കുകളും ഷെഡ്യൂള്‍ഡ്‌ പ്രാഥമിക (അര്‍ബന്‍) സഹകരണബാങ്കുകഖലും ഷ്യെൂള്‍ഡ്‌ അല്ലാത്ത പ്രാഥമിക(അര്‍ബന്‍)സഹകരണബാങ്കുകളും ഇതില്‍ വരും. മുന്‍സാമ്പത്തികവര്‍ഷത്തെ ഓഡിറ്റുചെയ്‌ത ബാക്കിപത്രത്തില്‍ 50കോടിയോ അതിനുമുകളിലോ നിക്ഷേപമുള്ള ബാങ്കുകളാണു സ്‌കീമില്‍ വരിക. കൂടാതെ ഭവനധനസഹായക്കമ്പനികള്‍ ഒഴികെയുള്ള ബാങ്കിതരധനകാര്യസ്ഥാപനങ്ങളും റിസര്‍വ്‌ബാങ്ക്‌ ഇന്റഗ്രേറ്റഡ്‌ ഓംബുഡ്‌സ്‌മാന്‍ സ്‌കീമില്‍ വരും. നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയുള്ളതും മുന്‍വര്‍ഷത്തെ ഓഡിറ്റുചെയ്‌ത ബാക്കിപത്രത്തില്‍ 100കോടിയോ അതിനുമുകളിലോ ആസ്‌തിയുള്ള ഉപഭോക്തൃനിരയുള്ളതുമായ ബാങ്കിതകരധനകാര്യസ്ഥാപനങ്ങളാണ്‌ ഇതില്‍ വരിക. ഇതിനുപുറമെ സ്‌കീംപ്രകാരം നിര്‍വചിക്കപ്പെട്ട എല്ലാ സിസ്റ്റം പങ്കാളികളും വായ്‌പാവിവരക്കമ്പനികളും ഈ സ്‌കീമിലാവും വരിക.

പുതിയ വിജ്ഞാപനം പ്രകാരം സംസ്ഥാനസഹകരണബാങ്കുകളും കേന്ദ്രസഹകരണബാങ്കകളും റിസര്‍വ്‌ ബാങ്കു നിയന്ത്രിതസ്ഥാപനങ്ങളായി കണക്കാക്കപ്പെടും. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ ചെലവുകുറഞ്ഞതും സുഗമമവും വേഗത്തിലുള്ളതുമായ സംവിധാനമാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഓംബുഡ്‌സ്‌മാന്‍ സ്‌കീമില്‍ ഉള്‍പ്പെടുന്നതോടെ കൈവരുന്നത്‌. വാണിജ്യബാങ്കുകളും റിജണല്‍ റൂറല്‍ ബാങ്കുകളും ഷെഡ്യൂള്‍ഡും അല്ലാത്തതുമായ പ്രാഥമിക അര്‍ബന്‍ബാങ്കുകളും തിരഞ്ഞെടുക്കപ്പെട്ട ബാങ്കിതരധനകാര്യയസ്ഥാപനങ്ങളും വായ്‌പാവിവരക്കമ്പനികളും നേരത്തേതന്നെ ഈ സ്‌കീമിലാണുള്ളത്‌.ഗ്രാമീണസഹകരണബാങ്കുകളിലെ ഉപഭോക്താക്കള്‍ക്കും പരാതിപരിഹാരത്തിനു റിസര്‍വ്‌ബാങ്ക്‌ ഓംബുഡ്‌സ്‌മാന്‍ സവിധാനം പ്രാപ്യമാക്കുന്നതിനുവേണ്ടിയാണു സംസ്ഥാനസഹകരണബാങ്കുളെയും ജില്ലാകേന്ദ്രസഹകരണബാങ്കുകളെയുംകൂടി ഈ സ്‌കീമിലേക്കു കൊണ്ടുവന്നത്‌. പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളും ആഗോളതലത്തിലെ മികച്ചനടപടികളും വിലയിരുത്തിയാണു തീരുമാനം. കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുക, നടപടികള്‍ ലളിതമാക്കുക, നീതിപൂര്‍വകവും ഫലപ്രദവുമായ പരാതിപരിഹാരങ്ങള്‍ വേഗം ലഭ്യമാക്കുക തുടങ്ങിയവയാണു ലക്ഷ്യങ്ങള്‍.

നിലവിലുള്ള നബാര്‍ഡിന്റെ മേല്‍നോട്ടസംവിധാനത്തില്‍ സംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്കുകളും നെയ്‌ത്തുകാരുടെയുംമറ്റും അപ്പെക്‌സ്‌ സഹകരണസംഘങ്ങളും വിപണനഫെഡറേഷനുകളും തുടര്‍ന്നേക്കും. ഇവ സ്വയംസന്നദ്ധതാടിസ്ഥാനത്തിലാണു നബാര്‍ഡ്‌ മേല്‍നോട്ടസംവിധാനത്തില്‍ വരിക. നബാര്‍ഡ്‌ മേല്‍നോട്ടസംവിധാനത്തില്‍ സ്ഥാപനങ്ങളുടെ സാമ്പത്തികശക്തി വിലയിരുത്തല്‍, നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുംവിധമാണോ കാര്യങ്ങള്‍ നടക്കുന്നതെന്നു പരിശോധിക്കല്‍, ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന്‌ ഉറപ്പാക്കല്‍, കേന്ദ്രസര്‍ക്കാരും റിസര്‍വ്‌ ബാങ്കും നബാര്‍ഡും കാലാകാലങ്ങളില്‍ ഇറക്കുന്ന ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും അനുസരിക്കുന്നുണ്ടോ എന്നു നോക്കല്‍, ലൈസന്‍സ്‌ തുടരുന്നതും ഷെഡ്യൂളിങ്ങും നിയന്ത്രണനടപടികള്‍ എടുക്കുന്നതും സംബന്ധിച്ചു റിസര്‍വ്‌ ബാങ്കിനു ശുപാര്‍ശക്കുറിപ്പികള്‍ നല്‍കല്‍ എന്നിവയാണു നബാര്‍ഡ്‌ ചെയ്‌തുവരുന്നത്‌.സേവനങ്ങള്‍ സംബന്ധിച്ചു ന്യൂനതകളുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്കു പരാതി നല്‍കാനുള്ള മുതിര്‍ന്ന ആര്‍ബിഐ ഉദ്യോഗസ്ഥരാണ്‌ ഓംബുഡ്‌സ്‌മാന്മാ

ര്‍.

Moonamvazhi

Authorize Writer

Moonamvazhi has 655 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!