സ്ഥാനക്കയറ്റത്തില്‍ ചട്ടലംഘനം;എങ്കിലും വിരമിച്ചയാളുടെ ആനൂകൂല്യം തിരിച്ചുപിടിക്കേണ്ട-ഹൈക്കോടതി

Moonamvazhi

സഹകരണസംഘത്തിന്റെ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചയാള്‍ക്കു ചട്ടങ്ങള്‍ പ്രകാരം സ്ഥാനക്കയറ്റത്തിന്‌ അര്‍ഹതയില്ലെങ്കിലും നല്‍കിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കരുതെന്നു ഹൈക്കോടതി ഉത്തരവായി. 1867-ാംനമ്പര്‍ കൊല്ലം കുളത്തൂപ്പുഴ സര്‍വീസ്‌ സഹകരണബാങ്ക്‌ സെക്രട്ടറിയായി വിരമിച്ച പി. ജയകുമാറിന്റെ സ്ഥാനക്കയറ്റം അഗീകരിച്ച സിംഗിള്‍ജഡ്‌ജ്‌വിധി റദ്ദാക്കിയാണു ജസ്റ്റിസുമാരായ സുശ്രുത്‌ അര്‍വിന്ദ്‌ ധര്‍മാധികാരിയും പി.വി. ബാലകൃഷ്‌ണനുമടങ്ങിയ ബെഞ്ചിന്റെ വിധി. സ്ഥാനക്കയറ്റം അംഗീകരിച്ച സിംഗിള്‍ജഡ്‌ജ്‌വിധിക്കെതിരെ കൊല്ലം സഹകരണസംഘം ജോയിന്റ്‌ രജിസ്‌ട്രാറും(ജനറല്‍),പുനലൂര്‍ അസിസ്റ്റന്റ്‌ രജിസ്‌ട്രാറും (ജനറല്‍), സഹകരണവകുപ്പുസെക്രട്ടറിയും കൊടുത്ത അപ്പീലിലാണിത്‌.

2022 നവംബര്‍ 11നായിരുന്നു സിംഗിള്‍ബെഞ്ച്‌ വിധി. അപ്പോഴേക്കും ജയകുമാര്‍ വിരമിച്ചിരുന്നു. അക്കൗണ്ടന്റായിരുന്നു അദ്ദേഹം. സെക്രട്ടറി തസ്‌തിക ഒഴിവായ 2014 ഓഗസ്റ്റ്‌ ഒന്നുമുതല്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചുവരികയായിരുന്നു. 2018 ഫെബ്രുവരി ആറിനു സംഘംഭരണസമിതി സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കി. 2017 നവംബര്‍ ഒന്നുമുതല്‍ പ്രാബല്യവും നല്‍കി. 2018 ഫെബ്രുവരി ആറിന്‌ ഭരണസമിതി ഒരു ഇന്റേണല്‍ ഓഡിറ്ററുടെ സൂപ്പര്‍ന്യൂമററി തസ്‌തികയും സൃഷ്ടിച്ചു. ഇവ അംഗീകാരത്തിനായി സഹകരണഅസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍ക്ക്‌ അയച്ചെങ്കിലും അംഗീകരിച്ചില്ല. സഹകരണവകുപ്പുസെക്രട്ടറിക്കു നല്‍കിയ അപ്പീലും നിരസിച്ചു. തുടര്‍ന്നു ഹൈക്കോടതിയെ സമീപിച്ചു. കോടതി സ്ഥാനക്കയറ്റം അംഗീകരിച്ചു. ഇതിനെതിരെയാണ്‌ അപ്പീല്‍.

185-ാംചട്ടം വേണ്ടവിധം പരിഗണിക്കാതെയാണു സിംഗിള്‍ജഡ്‌ജ്‌ വിധിയെന്നാണ്‌ അപ്പീലിലെ വാദം. ഇവിടെ അക്കൗണ്ടന്റിനാണു സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കിയത്‌. ചട്ടം 185(1)ന്റെ രണ്ടാംപ്രൊവിസോ ഫീഡര്‍ കാറ്റഗറിക്കും അതിനു തൊട്ടുതാഴെയുള്ള കാറ്റഗറിക്കുംമാത്രമാണു ബാധകം. അതിലും താഴെയുള്ള കാറ്റഗറികള്‍ക്കു ബാധകമല്ല. അതുപ്രകാരം, അക്കൗണ്ടന്റിന്‌ അസിസ്റ്റന്റ്‌ സെക്രട്ടറിയായിമാത്രമേ സ്ഥാനക്കയറ്റം നല്‍കാവൂ. ഇന്റേണല്‍ ഓഡിറ്ററുടെയോ ശാഖാമാനേജരുടെ സൂപ്പര്‍ന്യൂമററി തസ്‌തിക സൃഷ്ടിച്ചുകൊണ്ട്‌ അതു ചെയ്യാം; അതുപോലും നിര്‍ദിഷ്ട യോഗ്യതകളുണ്ടെങ്കില്‍ മാത്രം. സിംഗിള്‍ബെഞ്ച്‌ വിധിയില്‍ ചട്ടങ്ങളിലെ ചട്ടം 185(5)ലെ രണ്ടാംപ്രൊവിസോ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. തസ്‌തികയിലെ 10% ഒഴിവിലേക്കാണു നിയമനമെങ്കിലേ ഇതു ചെയ്യാവൂ. ഇവിടെ സെക്രട്ടറി/അസിസ്റ്റന്റ്‌ സെക്രട്ടറിയുടെ ഒരു തസ്‌തികയേ ഉളളൂ. അപ്പോള്‍ മേല്‍പറഞ്ഞ സംവരണം ബാധകമാകില്ല. സ്ഥാനക്കയറ്റം കിട്ടിയയാള്‍ 185(5) പ്രകാരമുള്ള യോഗ്യതാപരീക്ഷ ജയിച്ചത്‌ 2019 മാര്‍ച്ചില്‍ മാത്രമാണ്‌. സ്ഥാനക്കയറ്റം പ്രാബല്യത്തില്‍വന്ന 2017 നവംബര്‍ ഒന്നിന്‌ അസിസ്റ്റന്റ്‌ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കാനുള്ള യോഗ്യതപോലും കൈവരിച്ചിരുന്നില്ല – ഇതാണ്‌ അപ്പീലിലെ വാദങ്ങള്‍.

സെക്രട്ടറി/അസിസ്‌റ്റന്റ്‌ സെക്രട്ടറി തസ്‌തിക ഒഴിവായിരുന്നുവെന്നും, ഇന്റേണല്‍ ഓഡിറ്ററുടെ തസ്‌തികയിലിരുന്നയാള്‍ സ്ഥാനക്കയറ്റത്തിനുള്ള യോഗ്യത കൈവരിച്ചിരുന്നില്ലെന്നും, ആ സാഹചര്യത്തില്‍ സെക്രട്ടറിയുടെ ഒഴിവു നികത്തേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത്‌ ഇന്റേണല്‍ ഓഡിറ്ററുടെ തസ്‌തിക സൂപ്പര്‍ന്യൂമററിയായി സൃഷ്ടിച്ചുകൊണ്ടു നിയമിതനു സെക്രട്ടറിയായി സ്ഥാനക്കയറ്റും നല്‍കുകയാണുണ്ടായതെന്നുമായിരുന്നു വാദങ്ങള്‍. ആവശ്യകതയനുസരിച്ചു പറ്റിയ ആള്‍ക്കു സ്ഥാനക്കയറ്റം നല്‍കാന്‍ തൊഴിലുടമക്ക്‌ അവകാശമുണ്ട്‌, 52 വയസ്സുകഴിഞ്ഞതിനാല്‍ 185 (5) പ്രകാരമുള്ള യോഗ്യതാപരീക്ഷ എഴുതേണ്ടതില്ല, 2022മെയ്‌ 31നു വിരമിച്ചു, വിരമനാനുകൂല്യങ്ങള്‍മാത്രമാണു ആവശ്യപ്പെടുന്നത്‌ എന്നീ വാദങ്ങളും ഉന്നയിച്ചു.

185 സ്ഥാനക്കയറ്റം(1) പറയുന്നത്‌ 2,3,4 ഉപചട്ടങ്ങളില്‍ പറയുന്ന കാറ്റഗറികളില്‍ പെട്ടതല്ലാത്ത തസ്‌തികകളിലേക്കുള്ള നിയമനങ്ങള്‍ 2,3,4 ഉപചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്കു വിധേയമായി ഫീഡര്‍കാറ്റഗറിയില്‍നിന്നു സീനിയോറിട്ടിയുടെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം വഴി നടത്തണമെന്നാണ്‌. ഇതിനായി ഫീഡര്‍ കാറ്റഗറികള്‍ വ്യക്തമാക്കി രജിസ്‌ട്രാറുടെ അനുമതിയോടെ സംഘം ഉചിതമായ ചട്ടങ്ങള്‍ രൂപവല്‍കരിക്കയും വേണം. ഫീഡര്‍കാറ്റഗറിയിലെ സീനിയര്‍ സ്ഥാനക്കയറ്റം വേണ്ടെന്നുവെച്ചാല്‍ ആ കാറ്റഗറിയില്‍ തൊട്ടുതാഴെയുള്ളയാള്‍ക്കു സ്ഥാനക്കയറ്റം നല്‍കാം. ഫീഡര്‍കാറ്റഗറിയിലുള്ള എല്ലാവരും സ്ഥാനക്കയറ്റം വേണ്ടെന്നുവെച്ചാല്‍ തൊട്ടുതാഴെയുള്ള കാറ്റഗറിയിലെ ഒരാള്‍ക്കു സൂപ്പര്‍ന്യൂമററി തസ്‌തിക സൃഷ്ടിച്ചുകൊണ്ടു ഫീഡര്‍ കാറ്റഗറിയിലേക്കു സ്ഥാനക്കയറ്റം നല്‍കാം. സ്ഥാനക്കയറ്റത്തിനുള്ള ഫീഡര്‍കാറ്റഗറി ഉപചട്ടങ്ങള്‍ പ്രകാരം ഇന്റേണല്‍ ഓഡിറ്റര്‍/ ശാഖാമാനേജര്‍ തസ്‌തികയിലേക്കു സ്ഥാനക്കയറ്റത്തിനുളള ഫീഡര്‍ കാറ്റഗറി ഹെഡ്‌ക്ലര്‍ക്ക്‌/അക്കൗണ്ടന്റ്‌ തസ്‌തികയാണ്‌. ഇന്റേണല്‍ ഓഡിറ്റര്‍/ശാഖാമാനേജര്‍ തസ്‌തിക അസിസ്റ്റന്റ്‌ സെക്രട്ടറി/ മാനേജര്‍/ ചീഫ്‌ അക്കൗണ്ടന്റ്‌/ ചീഫ്‌ കാഷ്യര്‍ തസ്‌തികയുടെ ഫീഡര്‍ കാറ്റഗറിയാണ്‌. ഈ തസ്‌തികകളാണ്‌ സെക്രട്ടറി തസ്‌തികയുടെ ഫീഡര്‍ കാറ്റഗറി. ഇവിടെ അക്കൗണ്ടന്റിനു നേരിട്ടു സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കി. എന്നാല്‍ പ്രൊവിസോ പ്രകാരം ഫീഡര്‍കാറ്റഗറിയിലുള്ള എല്ലാ ജീവനക്കാരും സ്ഥാനക്കയറ്റം വേണ്ടെന്നുവെച്ചാല്‍ മാത്രമേ അതിനുതൊട്ടുതാഴെയുള്ള കാറ്റഗറിയില്‍ പെട്ടയാള്‍ക്കു സൂപ്പര്‍ന്യൂമററി തസ്‌തികസൃഷ്ടിച്ചുകൊണ്ടു ഫീഡര്‍ കാറ്റഗറിയിലേക്കു സ്ഥാനക്കയറ്റം നല്‍കാവൂ. അയാള്‍ക്ക്‌ ഉയര്‍ന്ന തസ്‌തികകളിലേക്കു സ്ഥാനക്കയറ്റം നല്‍കുന്ന മുറയ്‌ക്കു സൂപ്പര്‍ന്യൂമററി തസ്‌തിക റദ്ദാക്കുകയും വേണം. ഇവിടെ സെക്രട്ടറി തസ്‌തികയിലേക്കു സ്ഥാനക്കയറ്റം നല്‍കാന്‍ ഫീഡര്‍ കാറ്റഗറിയിലേക്കു സൂപ്പര്‍ന്യൂമററി തസ്‌തിക സൃഷ്ടിച്ചുകൊണ്ടു സ്ഥാനക്കയറ്റം ലഭിക്കണമായിരുന്നെങ്കില്‍ ഫീഡര്‍ കാറ്റഗറിയിലുള്ള എല്ലാവരും സ്ഥാനക്കയറ്റം വേണ്ടെന്നുവെക്കണമായിരുന്നു. സ്ഥാനക്കയറ്റസമയത്ത്‌ അദ്ദേഹം അക്കൗണ്ടന്റായിരുന്നു. അത്‌ ഇന്റേണല്‍ ഓഡിറ്റര്‍/ ശാഖാമാനേജര്‍ തസ്‌തികയുടെ ഫീഡര്‍ കാറ്റഗറിയാണ്‌. 185(1) ചട്ടത്തിന്റെ രണ്ടാം പ്രൊവിസോയുടെ ആനുകൂല്യം അക്കൗണ്ടന്റ്‌ തസ്‌തികയില്‍നിന്നു നേരിട്ടു സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കാന്‍ കിട്ടില്ല. അതിനാല്‍ സ്ഥാനക്കയറ്റത്തിനു നിലനില്‍പില്ലെന്നു കോടതി വ്യക്തമാക്കി.

ഉപചട്ടം (2) പ്രകാരം ഫീഡര്‍കാറ്റഗറിയില്‍നിന്നുള്ള സ്ഥാനക്കയറ്റം യോഗ്യതാനിര്‍ണയപ്പരീക്ഷ വഴി യോഗ്യതയും കഴിവും വിലയിരുത്തേണ്ട ഒന്നാണോ എന്നതാണ്‌ അടുത്ത പ്രശ്‌നം. നിര്‍ദിഷ്ട വിദ്യാഭ്യാസയോഗ്യതില്ലെങ്കിലും ജൂനിയര്‍ ക്ലര്‍ക്ക്‌/കാഷ്യര്‍ തസ്‌തികയിലും അതിനുമുകളിലും ജോലിചെയ്യുന്നവരെല്ലാം യോഗ്യതാനിര്‍ണപരീക്ഷ എഴുതാന്‍ യോഗ്യരാണ്‌. ഫീഡര്‍ കാറ്റഗറിയില്‍നിന്നു സീനിയോറിട്ടിയുടെ അടിസ്ഥാനത്തിലാണു 10% സ്ഥാനക്കയറ്റതസ്‌തികകള്‍ നികത്തേണ്ടത്‌. 52 വയസ്സായവര്‍ യോഗ്യതാപരീക്ഷ എഴുതേണ്ട. ഇവിടെ നിയമിതന്‌ 52 കഴിഞ്ഞിരുന്നു. അതുകൊണ്ടു യോഗ്യതാപരീക്ഷ എഴുതാതെ അസിസ്റ്റന്റ്‌ സെക്രട്ടറിയാകാനും തുടര്‍ന്നു സെക്രട്ടറിയാകാനും അര്‍ഹമാണ്‌. എന്നാല്‍ ചട്ടം 185(5)ന്റെ രണ്ടാംപ്രൊവിസോ പ്രകാരം സ്ഥാനക്കയറ്റംവഴി നികത്തേണ്ട 10% തസ്‌തികകളില്‍മാത്രമേ ഇതു പാടുള്ളൂ. ആ പത്തുശതമാനത്തിലേക്കു 52 കഴിഞ്ഞവരെ പരിഗണിക്കാമെന്നു പ്രൊവിസോയിലുണ്ട്‌. പക്ഷേ, ബാങ്കില്‍ അസിസ്‌റ്റന്റ്‌ സെക്രട്ടറി/ സെക്രട്ടറിയുടെ ഒരു തസ്‌തികയേ ഉള്ളൂ. ആ നിലയ്‌ക്ക്‌ ആ തസ്‌തികയ്‌ക്ക്‌ മേല്‍പറഞ്ഞ സംവരണം ബാധകമാകുകയോ അസിസ്‌റ്റന്റ്‌ സെക്രട്ടറി തസ്‌തികക്കുപോലും അവകാശമുന്നയിക്കാന്‍ അദ്ദേഹം പ്രാപ്‌തനാവുകയോ ചെയ്യുന്നില്ല. കാരണം, ഒരു തസ്‌തികക്കുമാത്രമായി സംവരണം നല്‍കാനാവില്ലെന്നും അങ്ങനെ നല്‍കിയാല്‍ അതു 100% സംവരണത്തിനു തുല്യമാകുമെന്നും കോടതിവിധിയുണ്ട്‌. സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചയാള്‍ യോഗ്യതാപരീക്ഷ ജയിച്ചത്‌ 2019 മാര്‍ച്ചിലാണ്‌. 2017 നവംബര്‍ ഒന്നിന്‌ അദ്ദേഹം അസിസ്റ്റന്റ്‌ സെക്രട്ടറി തസ്‌തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിനുപോലും അര്‍ഹമായിരുന്നില്ല. അസിസ്‌റ്റന്റ്‌ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കിക്കൊണ്ടുള്ള ഉത്തരവൊന്നുമില്ല താനും. അതിനാല്‍ സിംഗിള്‍ജഡ്‌ജ്‌ ഉത്തരവില്‍ ചട്ടം 185 ശരിയായവിധം പരിഗണിക്കപ്പെട്ടിട്ടില്ലെന്നും ആ ഉത്തരവിനു നിലനില്‍പില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എങ്കിലും നല്‍കിക്കഴിഞ്ഞ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കരുതെന്നു കോടതി വ്യക്തമാക്കി.

 

Moonamvazhi

Authorize Writer

Moonamvazhi has 993 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!