പെന്‍ഷന്‍ ജീവന്‍രേഖ വഴിയാക്കല്‍: 4ജില്ലകളിലെ സിറ്റിങ് മേയില്‍
സഹകരണപെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം ജീവന്‍രേഖ വഴിയാക്കുന്നതിന്റെ ഭാഗമായി പെന്‍ഷന്‍കാരുടെ രേഖകള്‍ ശേഖരിക്കാനുള്ള സഹകരണപെന്‍ഷന്‍ബോര്‍ഡ് സിറ്റിങ്ങിന്റെ എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ടജില്ലകളിലെ തിയതികളായി. മെയ് ഏഴുമുതല്‍ 19വരെയാണു സിറ്റിങ്. എല്ലാദിവസവും രാവിലെ 10മുതല്‍ വൈകിട്ട് നാലുവരെയാണു സിറ്റിങ്‌സമയം. മെയ് ഏഴിനു മൂവാറ്റുപുഴ അര്‍ബന്‍ബാങ്ക് ഹാളിലും, എട്ടിനു എറണാകുളം സൗത്ത് രവിപുരത്തെ സെന്‍ട്രല്‍ സര്‍വീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയിലും, ഒമ്പതിനു ആലുവമാര്‍ക്കറ്റ് റോഡിലുള്ള ആലുവ അര്‍ബന്‍ബാങ്ക് ഹാളിലുമാണ് എറണാകുളംജില്ലയിലെ സിറ്റിങ്.
മെയ് 13നു കോട്ടയം എയ്‌ഡഡ് പ്രൈമറി ടീച്ചേഴ്‌സ് സൊസൈറ്റിഹാളിലും, 14നു കാഞ്ഞിരപ്പള്ളി കാര്‍ഷികവികസനബാങ്ക് ഹാളിലും, 15നു പാലാ കിഴതടിയൂര്‍ എസ്‌സിബി ഹാളിലുമാണു കോട്ടയം ജില്ലയിലെ സിറ്റിങ്.17ന് ആലപ്പുഴ കേരളബാങ്ക്‌ഹാളിലാണു ആലപ്പുഴജില്ലയിലെ സിറ്റിങ്.19നു പത്തനംതിട്ട കേരളബാങ്ക് ഹാളിലാണു പത്തനംതിട്ടജില്ലയിലെ സിറ്റിങ്.
ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം ജീവന്‍രേഖവഴിയാക്കുന്നതിനായി സേവന പോര്‍ട്ടല്‍വഴി ആധാര്‍നമ്പര്‍ പേര്, മേല്‍വിലാസം, പിന്‍കോഡ്, പോസ്‌റ്റ്‌ഓഫീസ് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. ഈ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയാല്‍ മാത്രമേ പെന്‍ഷന്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാകൂ. പെന്‍ഷന്‍കാര്‍ക്കു നേരിട്ടു ഹാജരായി ഈ വിവരങ്ങള്‍ കൈമാറാന്‍ വിവിധ തടസ്സങ്ങള്‍ ഉണ്ടായിരിക്കുമെന്നതിനാലും ഏറ്റവും ശരിയായ വിവരങ്ങള്‍ തന്നെ ലഭിക്കണമെന്നതിനാലുമാണു ജില്ലകളില്‍ സിറ്റിങ് നടത്തി രേഖകള്‍ ശേഖരിക്കാന്‍ പെന്‍ഷന്‍ബോര്‍ഡ് തീരുമാനിച്ചത്. പെന്‍ഷന്‍ബോര്‍ഡ് തയ്യാറാക്കിയ പ്രൊഫോമയോടൊപ്പം ആധാറിന്റെ പകര്‍പ്പുകൂടി ഉള്‍പ്പെടുത്തിവേണം രേഖകള്‍ സമര്‍പ്പിക്കാന്‍. പെന്‍ഷന്‍കാര്‍ സേവനം അനുഷ്‌ഠിച്ചിരുന്ന ബാങ്ക് അല്ലെങ്കില്‍ സംഘം മേല്‍പഞ്ഞ രേഖകള്‍ ശേഖരിക്കണമെന്നും അതിനുശേഷം ചീഫ് എക്‌സിക്യൂട്ടീവ് അല്ലെങ്കില്‍ കേരളബാങ്ക് മാനേജര്‍ അല്ലെങ്കില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ പെന്‍ഷന്‍ബോര്‍ഡ് സിറ്റിങ്ങില്‍ ശേഖരിക്കണമെന്നുമാണു തീരുമാനിച്ചിട്ടുള്ളത്. ബാങ്ക് മുഖേന രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തവര്‍ക്കു സിറ്റിങ് നടത്തുന്ന കേന്ദ്രങ്ങളില്‍ നേരിട്ടോ പ്രതിനിധിമുഖേനയോ അവ ഹാജരാക്കാം. മേല്‍പറഞ്ഞ രേഖകള്‍ ഒന്നും പെന്‍ഷന്‍ ബോര്‍ഡിന്റെ ഓഫീസിലേക്കു നേരിട്ടു സമര്‍പ്പിക്കേണ്ടതില്ല.