PACS കളെതകര്‍ക്കും ഈ ടച്ച്പോയിന്റ്
– കിരണ്‍ വാസു
കേരളത്തിലെ പ്രാഥമിക സഹകരണ മേഖല ശക്തവും സുദൃഢവും
പ്രവര്‍ത്തന വൈപുല്യം കൊണ്ട് മാതൃകാപരവുമാണ് എന്ന
കാര്യത്തില്‍ റിസര്‍വ് ബാങ്കിനും നബാര്‍ഡിനും തര്‍ക്കമില്ല.
പക്ഷേ, നമ്മുടെ പ്രാഥമിക സഹകരണ മേഖലയുടെ ഭാവി
അത്ര ശുഭകരമല്ലെന്ന സൂചനകളാണ് ഇപ്പോഴുണ്ടാകുന്നത്.
പ്രാഥമിക സഹകരണ ബാങ്കുകളുടെ സ്വന്തമായ അസ്തിത്വം
നശിപ്പിക്കാനുള്ള നടപടി കേന്ദ്ര-സംസ്ഥാന തലങ്ങളില്‍
ഒരേപോലെ നടക്കുന്നുവെന്നതാണ് അപകടഭീതി ഉയരാനുള്ള
കാരണം. പ്രാഥമിക വായ്പാ സംഘങ്ങളുടെ തകര്‍ച്ചയ്ക്ക്
ഇടയാക്കിയേക്കാവുന്ന നടപടികള്‍ അണിയറയില്‍
തയ്യാറായിക്കൊണ്ടിരിക്കുന്നു എന്ന സഹകാരികളുടെ
ഭയം അസ്ഥാനത്തല്ല.
കര്‍ഷകരെ ചേര്‍ത്തുനിര്‍ത്തി ജനകീയ ബാങ്കിങ് കാര്യക്ഷമമായി നടപ്പാക്കി എന്നതാണ് ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിനു കേരളം നല്‍കിയ പ്രധാന സംഭാവന. ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ളതാണു കേരളത്തിലെ വായ്പാ സഹകരണ സംഘങ്ങള്‍. ഐക്യനാണയ സംഘങ്ങള്‍, റൂറല്‍ ക്രെഡിറ്റ് സംഘങ്ങള്‍ എന്നിങ്ങനെ പല പേരിലാണു പ്രവര്‍ത്തിച്ചിരുന്നതെങ്കിലും അതിന്റെയെല്ലാം പ്രവര്‍ത്തനരീതിയും ലക്ഷ്യവും കര്‍ഷകര്‍ക്കും ഗ്രാമീണ തൊഴില്‍മേഖലയിലുള്ളവര്‍ക്കും സാമ്പത്തിക സഹായ കേന്ദ്രമാവുക എന്നതായിരുന്നു. ഇതിന്റെ നവീന രൂപമാണു പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളായ ( PACS ) പ്രാഥമിക സഹകരണ ബാങ്കുകള്‍. ഓരോ പഞ്ചായത്തിലും ഒന്നിലേറെ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുള്ള ഏക സംസ്ഥാനമാണു കേരളം. 1.38 ലക്ഷം കോടി രൂപയാണു കേരളത്തിലെ സഹകരണ മേഖലയിലെ മൊത്തം നിക്ഷേപം. ഇതിന്റെ 80 ശതമാനവും ഈ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടേതാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്രയും നിക്ഷേപവിഹിതം പാക്‌സുകള്‍ സഹകരണ സമ്പദ്‌വ്യവസ്ഥയ്ക്കു നല്‍കുന്നില്ല.
കേരളം സഹകരണ മേഖലയില്‍ ഇന്ത്യയ്ക്കു മാതൃകയാണെന്നു നമ്മള്‍ പറയുന്നത് ഈ നിക്ഷേപവിഹിതത്തിന്റെ ശക്തിയിലാണ്. അതു സഹകരണ മേഖലയില്‍ കേരളത്തിലെ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ അളവുകോല്‍ കൂടിയാകുന്നുണ്ട്. സേവനം ഉറപ്പാക്കുന്ന സഹായകേന്ദ്രം, സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്ന ധനകാര്യകേന്ദ്രം, ബാങ്കിങ് രീതിയിലേക്കു ഗ്രാമീണ ജനതയെ അടുപ്പിച്ച ജനകീയ ബാങ്ക് എന്നിവയൊക്കെയാണു കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍. അതുണ്ടാക്കിയ മൂലധന ശേഷി മറ്റു മേഖലകളിലേക്ക് ഉപയോഗിക്കാനായി എന്നതും കേരളത്തിന്റെ നേട്ടമാണ്. നീതി മെഡിക്കല്‍ സ്‌റ്റോര്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ എന്നിങ്ങനെ പലതും ഈ സംസ്ഥാനത്തുണ്ടായത് ഈ സംഘങ്ങളുടെ മൂലധനശേഷി കൊണ്ടാണ്.
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ രാജ്യത്തെ ഗ്രാമീണ മേഖലയുടെ അവിഭാജ്യ സാമ്പത്തിക ഇടപാടുകേന്ദ്രമാണെന്നു നബാര്‍ഡ് വിലയിരുത്തിയിട്ടുണ്ട്. വാണിജ്യ ബാങ്കുകള്‍ക്കു ഗ്രാമീണ വായ്പാ വിതരണത്തില്‍ വഹിക്കാവുന്ന പങ്കിനു പരിമിതിയുണ്ടെന്നതാണ് ഈ വിലയിരുത്തലിന്റെ അടിസ്ഥാനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു കാര്‍ഷിക മേഖലയില്‍ ഇടപെടാന്‍ സാമ്പത്തിക ഉപകരണമാക്കുന്നത് ഈ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെയാണ്. സംസ്ഥാന സഹകരണ ബാങ്കുകള്‍വഴി പുനര്‍വായ്പയും പലിശ സബ്‌സിഡിയും നബാര്‍ഡ് നല്‍കുന്നത് ഇതേ സംഘങ്ങള്‍ക്കാണ്. കോവിഡ് കാലത്തു രാജ്യത്തിന്റെ സാമ്പത്തിക ഉത്തേജനം സാധ്യമാക്കാന്‍ സാധാരണക്കാരിലും കര്‍ഷകരിലും ഗ്രാമീണ ജനതയിലും പണമെത്തിക്കുകയാണു വേണ്ടതെന്നു റിസര്‍വ് ബാങ്ക് വിലയിരുത്തി. ഈ പണമെത്തിക്കാന്‍ സഹകരണ സംഘങ്ങളെ ഉപയോഗിക്കണമെന്നാണ് ആര്‍.ബി.ഐ. നിര്‍ദേശിച്ചത്. 25,000 കോടി രൂപ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലൂടെ രാജ്യത്തെ ഗ്രാമീണ മേഖലയിലെത്തിക്കാനായിരുന്നു തീരുമാനം. ഇതിന്റെ വിഹിതമായി 2500 കോടി രൂപ കേരളത്തിനും ലഭിച്ചു.
കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ മള്‍ട്ടി സര്‍വീസ് സെന്റുറുകളാകണമെന്ന കാഴ്ചപ്പാട് നബാര്‍ഡ് മുന്നോട്ടുവെച്ചതു കേരളത്തിലെ സംഘങ്ങളുടെ പ്രവര്‍ത്തനം കണക്കിലെടുത്താണ്. ഇതില്‍, കേരളത്തിലെ പാക്‌സുകള്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്ന നിലയില്‍ ബാങ്കിങ് മേഖലയിലേക്കു കേന്ദ്രീകരിക്കുന്നുവെന്ന വിമര്‍ശനം റിസര്‍വ് ബാങ്കിനുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളെന്നരീതിയിലുള്ള കാര്‍ഷിക വായ്പാ സംഘങ്ങളുടെ പ്രവര്‍ത്തനം തടയാനുള്ള ശ്രമം റിസര്‍വ് ബാങ്ക് ശക്തമായി നടത്തുന്നുണ്ട്. എങ്കിലും, കേരളത്തിലെ പ്രാഥമിക സഹകരണ മേഖല ശക്തവും സുദൃഢവും പ്രവര്‍ത്തന വൈപുല്യം കൊണ്ട് മാതൃകാപരവുമാണ് എന്നതില്‍ ഈ രണ്ടു ധനകാര്യ നിയന്ത്രണ സ്ഥാപനങ്ങള്‍ക്കും തര്‍ക്കമില്ല. പക്ഷേ, കേരളത്തിലെ പ്രാഥമിക സഹകരണ മേഖലയുടെ ഭാവി അത്ര ശുഭകരമല്ലെന്ന സൂചനകളാണ് ഇപ്പോഴുണ്ടാകുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളുടെ സ്വന്തമായ അസ്തിത്വം നശിപ്പിക്കാനുള്ള നടപടി കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ ഒരേപോലെ നടക്കുന്നുവെന്നതാണ് ഈ അപകടഭീതി ഉയരാനുള്ള കാരണം.
ഇനി വെറും
ടച്ച് പോയിന്റ്
പ്രാഥമിക സഹകരണ ബാങ്കുകളെ കേരള ബാങ്കിന്റെ ടച്ച് പോയിന്റുകളോ ശാഖകളോ ആക്കി മാറ്റുകയാണെന്ന ഗുരുതരമായ വെളിപ്പെടുത്തലാണു ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ സഹകരണ വകുപ്പ് സെക്രട്ടറി നടത്തിയിട്ടുള്ളത്. സര്‍ക്കാര്‍-സഹകരണ ഓഡിറ്റ് ഒന്നാക്കാനുള്ള ആലോചനായോഗത്തിലാണു സഹകരണ വകുപ്പ് സെക്രട്ടറിയുടെ ഈ അറിയിപ്പുള്ളത്. ഓരോ പ്രാഥമിക സഹകരണ ബാങ്കും കേരള ബാങ്കിന്റെ ടച്ച് പോയിന്റുകളാക്കും എന്നത് ഏറെ നാളായി കേള്‍ക്കുന്ന കാര്യമാണ്. കേരള ബാങ്ക് രൂപവത്കരണത്തിനായി പഠിച്ച ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ടിലും ഈ നിര്‍ദേശമുണ്ട്. അതു കേരളത്തിലെ സഹകാരികള്‍ക്കു മനസ്സിലായതും ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദീകരിച്ചതും സഹകരണ വകുപ്പ് സെക്രട്ടറി വിശദീകരിച്ച രീതിയിലല്ലെന്നതാണു മാറ്റം.
പ്രാഥമിക സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്ന ബാങ്കിങ് നെറ്റ്‌വര്‍ക്ക് സംവിധാനത്തിന്റെ ഭാഗമല്ല. അതിനാല്‍, എ.ടി.എം., ഓണ്‍ലൈന്‍ പെയ്‌മെന്റ്, ഇ-കൊമേഴ്‌സ്, ചെക്ക്-ഡ്രാഫ്റ്റ് ഉപയോഗിക്കല്‍ എന്നിവയൊന്നും സാധ്യമല്ല. നിലവില്‍ സ്വകാര്യ വാണിജ്യ ബാങ്കുകളുടെ സഹായത്തോടെയാണ് ഈ പോരായ്മ പ്രാഥമിക സഹകരണ ബാങ്കുകള്‍ നികത്തുന്നത്. അതു കേരള ബാങ്ക് വഴി ചെയ്യാമെന്നതാണു ടച്ച് പോയിന്റ് എന്നതിലൂടെ സഹകാരികള്‍ മനസ്സിലാക്കിയത്. പ്രാഥമിക സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തിയാകണം കേരള ബാങ്ക് വളരേണ്ടത് എന്നാണു ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇതില്‍നിന്നു വിരുദ്ധമാണു സഹകരണ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം. പ്രാഥമിക സഹകരണ ബാങ്കുകള്‍ കേരള ബാങ്കിന്റെ ടച്ച് പോയിന്റുകളോ ശാഖകളോ ആയി മാറുമെന്നാണ് ഇതില്‍ പറയുന്നത്. അതായത്, കേരള ബാങ്കിന്റെ ബിസിനസ് കേന്ദ്രങ്ങളായി പ്രാഥമിക സഹകരണ ബാങ്കുകള്‍ മാറുമെന്നര്‍ഥം.
1625 പ്രാഥമിക ബാങ്കുകളാണു കേരളത്തിലുള്ളത്. കേരള ബാങ്കും പ്രാഥമിക ബാങ്കുകളും തമ്മില്‍ ഇന്റഗ്രേറ്റഡ് സോഫ്റ്റ്വെയറിലൂടെ ബന്ധിപ്പിക്കും. ഈ മാറ്റം ഉണ്ടാകുന്നതോടെ റിസര്‍വ് ബാങ്കിന്റെ കെ.വൈ.സി. മാനദണ്ഡങ്ങള്‍ പ്രാഥമിക ബാങ്കുകള്‍ക്കും നിര്‍ബന്ധിതമാകുമെന്നു യോഗത്തില്‍ സഹകരണ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ പ്രാഥമിക സഹകരണ ബാങ്കുകളില്‍ പരോക്ഷരീതിയില്‍ നടപ്പാക്കാനുള്ള നടപടികള്‍ സഹകരണ വകുപ്പ് തുടങ്ങിയെന്നതാണ് ആശങ്കയുണ്ടാക്കുന്ന കാര്യം. 2022 ഏപ്രില്‍ 22 നാണു ചീഫ് സെക്രട്ടറി യോഗം വിളിച്ചത്. അതില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, ധനകാര്യ വകുപ്പ്, സഹകരണ വകുപ്പ് എന്നിവയുടെ സെക്രട്ടറിമാരും സഹകരണ ഓഡിറ്റ് ഡയറക്ടര്‍, സഹകരണ സംഘം രജിസ്ട്രാര്‍ എന്നിവരുമാണു പങ്കെടുത്തത്.
കേരള ബാങ്കിന്റെ സേവനങ്ങളും ബിസിനസുകളും ഉറപ്പുവരുത്തുന്ന കേന്ദ്രങ്ങളായി പ്രാഥമിക ബാങ്കുകള്‍ മാറുന്നതോടെ അവയുടെ സ്വയംഭരണ ശേഷിയും വളര്‍ച്ചക്കുള്ള സാധ്യതയും ഇല്ലാതാകുമെന്നാണു സഹകാരികള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും ശക്തമായ സഹകരണ വായ്പാ സംഘങ്ങളുള്ളതു കേരളത്തിലാണ്. സംസ്ഥാനത്തെ സഹകരണ മേഖലയിലെ 1.36 ലക്ഷം കോടി രൂപ വരുന്ന നിക്ഷേപത്തിന്റെ 80 ശതമാനവും പ്രാഥമിക ബാങ്കുകളിലാണ്. 36,000 കോടി രൂപയാണു കേരള ബാങ്കില്‍ പ്രാഥമിക ബാങ്കുകള്‍ നിക്ഷേപിച്ചിട്ടുള്ളത്. ഹോട്ടലുകള്‍, ആശുപത്രികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഡയാലിസിസ് സെന്ററുകള്‍ എന്നിങ്ങനെ ഒട്ടേറെ സംരംഭങ്ങള്‍ പ്രാഥമിക ബാങ്കുകള്‍ക്കു കീഴിലുണ്ട്. ഇവയെല്ലാം സ്വന്തമായി തീര്‍ത്ത ബിസിനസ് വൈപുല്യം കൊണ്ട് പ്രാഥമിക സംഘങ്ങള്‍ ഉണ്ടാക്കിയതാണ്.
ആദ്യം പറഞ്ഞത്
ബക്ഷി കമ്മീഷന്‍
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ ബിസിനസ് കറസ്‌പോണ്ടന്റുമാരാക്കണമെന്ന നിര്‍ദേശം ആദ്യം വെച്ചത് ബക്ഷി കമ്മീഷനാണ്. ത്രിതല സഹകരണ വായ്പാ ഘടനയുടെ പുനസ്സംഘടനയെക്കുറിച്ച് പഠിക്കാന്‍ റിസര്‍വ് ബാങ്ക് 2012 ല്‍ ചുമതലപ്പെടുത്തിയ കമ്മിറ്റിയാണിത്. നബാര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ഡോ. പ്രകാശ് ബക്ഷിയായിരുന്നു ഈ കമ്മിറ്റിയുടെ ചെയര്‍മാന്‍. 2013 ജനുവരിയിലാണ് ഈ റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ചത്. ബക്ഷി കമ്മീഷന്റെ പ്രധാന ശുപാര്‍ശ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ ജില്ലാ സഹകരണ ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റാക്കണമെന്നതായിരുന്നു. കേരളത്തിനു പുറത്തു പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെല്ലാം ജില്ലാ സഹകരണ ബാങ്കുകളുടെ സാമ്പത്തിക സഹായം ആശ്രയിച്ച് ബിസിനസ് നടത്തുന്നവയാണ് എന്നത് ഈ നിഗമനത്തിലെത്താന്‍ കാരണമായിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ സ്ഥിതി നേരെ തിരിച്ചാണ്. ജില്ലാ-സംസ്ഥാന ബാങ്കുകളുടെ മൂലധനം പ്രാഥമിക സംഘങ്ങളെ ആശ്രയിച്ചായിരുന്നു. അതുകൊണ്ടുതന്നെ പ്രകാശ് ബക്ഷി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ത്തിയതു കേരളമാണ്. കേരളത്തിലെ ചില പ്രാഥമിക ബാങ്കുകള്‍ ഹൈക്കോടതിയെ സമീപിച്ച് ഇതു നടപ്പാക്കുന്നതിനു സ്റ്റേ വാങ്ങിയിട്ടുമുണ്ട്.
സഹകരണ വായ്പാ മേഖലയില്‍ പരിഷ്‌കരണം നിര്‍ദേശിച്ച പ്രൊഫ. എ. വൈദ്യനാഥന്‍ കമ്മീഷനും പ്രാഥമിക സംഘങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ബക്ഷി കമ്മീഷന്‍ റിപ്പോര്‍ട്ടിനു വിരുദ്ധമായ നിലപാടാണു വൈദ്യനാഥന്‍ കമ്മീഷന്‍ സ്വീകരിച്ചത്. സഹകരണ വായ്പാ സംഘങ്ങളെ ഗ്രാമീണ കര്‍ഷക ജനങ്ങളുടെ പരമാധികാര സാമ്പത്തിക സഹായ കേന്ദ്രങ്ങളാക്കണമെന്ന നിര്‍ദേശമാണു വൈദ്യനാഥന്‍ മുന്നോട്ടുവെച്ചത്. ഇതിനു കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചു. അതിനു ചില ഉപാധികളുണ്ടായിരുന്നു. സംഘങ്ങളില്‍ ഇടപെടാനുള്ള സഹകരണ സംഘം രജിസ്ട്രാറുടെ അധികാരം പരിമിതപ്പെടുത്തണം, വാണിജ്യ ബാങ്കുകള്‍ക്കുള്ള പ്രുഡന്‍ഷ്യല്‍ നോംസ് സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കണം, ഭരണസമിതിയില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തണം, ഇവരുടെ യോഗ്യത റിസര്‍വ് ബാങ്ക് നിശ്ചയിക്കും, മൂലധന പര്യാപ്തത സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കും, സംഘങ്ങളില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഡിറ്റ് വേണം എന്നിങ്ങനെ നീളുന്നു ഉപാധികള്‍. ഇവ അംഗീകരിച്ചാല്‍ കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ നഷ്ടം മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ നികത്തി അവയെ ശക്തിപ്പെടുത്തുമെന്നായിരുന്നു ധാരണ. അതനുസരിച്ച് കേരളത്തിനു 1600 കോടി രൂപ ലഭിക്കുമായിരുന്നു. ഉപാധികള്‍ കേരളത്തിലെ സഹകരണ സംഘങ്ങളെ ദോഷമായി ബാധിക്കുമെന്നു വിലയിരുത്തി കേരളം വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിസമ്മതിച്ചു. അതിനാല്‍, കേന്ദ്ര സഹായവും ലഭിച്ചില്ല. അന്നു കമ്മീഷന്‍ നിര്‍ദേശിച്ച കാര്യങ്ങളെല്ലാം കേരളത്തില്‍ ഇന്നു നടപ്പായി എന്നതു മറ്റൊരു കാര്യം. ബക്ഷി കമ്മീഷന്‍ നിര്‍ദേശിച്ച ബിസിനസ് കറസ്‌പോണ്ടന്റ് എന്ന നിര്‍ദേശവും മറ്റൊരു രീതിയില്‍ ഇവിടെ നടപ്പാക്കാനൊരുങ്ങുന്നുവെന്നാണു സഹകരണ വകുപ്പ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ബോധ്യപ്പെടുത്തുന്നത്.
ശ്രീറാം കമ്മിറ്റി
പറഞ്ഞത്
കേരള ബാങ്ക് രൂപവത്കരണം സഹകരണ വായ്പാ മേഖലയുടെ ഘടനാപരമായ മാറ്റമായിരുന്നു. അതിനാല്‍, ഇതു സഹകരണ മേഖലയിലുണ്ടാക്കുന്ന അലയൊലികള്‍ എന്താകുമെന്നും എന്തു ഫലമാണ് ഉണ്ടാക്കേണ്ടതെന്നും പ്രൊഫ. എം.എസ്. ശ്രീറാം കമ്മിറ്റി പരിശോധിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ് : ‘ പ്രാഥമിക സഹകരണ സംഘങ്ങള്‍ ഒരു ചെറിയ പ്രദേശത്തു കുറച്ച് അംഗങ്ങളുമായി പ്രവര്‍ത്തിക്കുന്നവയാണ്. താരതമ്യേന ചെറിയ തുകയുടെ ഇടപാടുകളായിരിക്കും ഇവര്‍ നടത്തുന്നതും. അതുകൊണ്ടുതന്നെ ബാങ്കിങ് ഇടപാടുകളിലെ നൂലാമാലകളിലൊന്നുംതന്നെ അവര്‍ക്കു താല്‍പ്പര്യമുണ്ടാവില്ല. ഒരു ചെറിയ പ്രദേശം കേന്ദ്രീകരിച്ചായിരിക്കും ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഏറെ കാലങ്ങളായി തുടര്‍ന്നുവരുന്ന രീതികളില്‍ പെട്ടെന്നു മാറ്റം വരുത്തുമ്പോള്‍ ഉണ്ടാകുന്ന ചെറിയ തിരിച്ചടികള്‍ പോലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. സഹകരണ ബാങ്കുകളെ പരിഷ്‌കരിക്കുമ്പോള്‍ പ്രാഥമിക സംഘങ്ങളെ അത് ഒരിക്കലും മോശമായി ബാധിക്കരുതെന്നു കമ്മിറ്റിക്കു നിര്‍ബന്ധമുണ്ട്.’
ശ്രീറാം കമ്മിറ്റി തുടരുന്നു : ‘ കേരള ബാങ്കിന്റെ സേവനങ്ങള്‍ പ്രാഥമിക സംഘങ്ങളില്‍ അംഗമാകാന്‍ കഴിയാത്തവര്‍ക്കും അതിന്റെ പരിധിക്കു പുറത്തു താമസിക്കുന്നവര്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കുമായി പരിമിതപ്പെടുത്തും. സംഘങ്ങള്‍ നിര്‍വഹിക്കാത്ത ഏതെങ്കിലും സേവനങ്ങള്‍, ഉദാഹരണത്തിനു വാഹന വായ്പകള്‍ പോലുള്ളവ, കേരള ബാങ്ക് നല്‍കും. എന്നാല്‍, സംഘങ്ങള്‍ക്കു നിര്‍വഹിക്കാന്‍ കഴിയുന്ന സേവനങ്ങള്‍ കേരള ബാങ്കില്‍ വന്നാല്‍ അതു സംഘങ്ങളിലേക്കു തിരിച്ചുവിടണം. പരസ്പരം മത്സരം ഒഴിവാക്കണം. ഇടപാടുകാരെ സേവിക്കാനുള്ള സംഘങ്ങളുടെ അവകാശം നിലനില്‍ക്കും. കേരള ബാങ്കിന്റെ ആസ്ഥാനം തിരുവനന്തപുരവും റീജിയണല്‍ ഓഫീസുകള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലുമാകും. അഞ്ചു വര്‍ഷം കൊണ്ട് സഹകരണ സംഘങ്ങളും ശാഖകളും പ്രവര്‍ത്തിക്കുന്ന 4625 ടച്ച് പോയിന്റുകളില്‍ എ.ടി.എം. സ്ഥാപിക്കും. അതോടൊപ്പം ശാഖകള്‍ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന ടൗണുകളിലുമായി ജില്ലയില്‍ 15-20 എന്ന രീതിയില്‍ പരിമിതപ്പെടുത്തും. മറ്റു ബിസിനസും 20 കോടി രൂപയുടെ നിക്ഷേപവും അടിസ്ഥാനമാക്കിയായിരിക്കും ഒരു ശാഖയുടെ നിലനില്‍പ്. ബ്രാഞ്ചുകളുടെ എണ്ണം കൊണ്ടല്ല കേരള ബാങ്ക് വളരേണ്ടത്, പ്രാഥമിക സംഘങ്ങള്‍ കരുത്താര്‍ജിക്കുന്നതിലൂടെയാണ്. പ്രാഥമിക സംഘങ്ങള്‍ ഇല്ലാത്ത നഗരപ്രദേശങ്ങളിലടക്കമായിരിക്കണം കേരള ബാങ്ക് ശാഖകള്‍ തുടങ്ങേണ്ടത്.’
ഇതില്‍നിന്നെല്ലാം വിഭിന്നമായുള്ള സമീപനമാണു കേരള ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. കോവിഡ് കാലത്തു നല്‍കിയ സ്‌പെഷല്‍ ലിക്യുഡിറ്റി ഫണ്ടിന്റെ കാര്യത്തില്‍ പ്രാഥമിക ബാങ്കുകളിലൂടെ കേരള ബാങ്കിന്റെ വായ്പാ വിതരണം നടത്തിയെന്ന നിലയാണു സ്വീകരിച്ചത്. സ്വന്തം ഫണ്ടില്‍നിന്നു നല്‍കുന്ന കാര്‍ഷിക വായ്പകള്‍ക്കു നബാര്‍ഡിന്റെ പലിശസബ്‌സിഡി നല്‍കില്ലെന്ന കേരള ബാങ്കിന്റെ സമീപനവും ഇതിന് ഉദാഹരണമാണ്. ഇതിനുപിന്നാലെയാണു കേരള ബാങ്കിന്റെ ശാഖകളായി പ്രാഥമിക ബാങ്കുകള്‍ സമീപഭാവിയില്‍ മാറുമെന്നു സഹകരണ വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിയുടെ യോഗത്തെ അറിയിച്ച കാര്യവും പുറത്തുവരുന്നത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍ കൊണ്ടുവരുന്നതും അതില്‍ കേരള ബാങ്കിന്റെ ബിസിനസ് അനുസരിച്ച് മൊഡ്യൂള്‍ തയാറാക്കുന്നതുമെല്ലാം ബിസിനസ് കറസ്‌പോണ്ടന്റ് സമീപനത്തിന്റെ ഭാഗമാണെന്ന സംശയമാണു സഹകാരികളില്‍ ബലപ്പെടുന്നത്. ഇതു നടപ്പായാല്‍ പ്രാഥമിക സഹകരണ വായ്പാ മേഖലയുടെ തകര്‍ച്ചയാകും സംഭവിക്കുക എന്നതില്‍ സംശയമില്ല.