സഹകരണസര്‍വകലാശാല വിദൂരവിദ്യാഭ്യാസകോഴ്‌സുകളും നടത്തും
ത്രിഭുവന്‍ ദേശീയ സഹകരണസര്‍വകലാശാല മറ്റുവിധത്തിലുള്ള സഹകരണവിദ്യാഭ്യാസപരിശീലനപ്രവര്‍ത്തനങ്ങള്‍ക്കുപുറമെ, വിദൂരവിദ്യാഭ്യാസപരിപാടികളും ബഹുജന ഇ-പഠനപ്ലാറ്റ്‌ഫോമുകളും നടത്തുമെന്നു കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ ലോക്‌സഭയെ അറിയിച്ചു. ദശീയസഹകരണഡാറ്റാബേസ് വികസിപ്പിക്കാനും നിലനിര്‍ത്താനും സഹകരണവിദ്യാഭ്യാസനിധിയില്‍നിന്ന് എട്ടുകോടിരൂപ ചെലവഴിച്ചു. എട്ടുലക്ഷം പ്രാഥമികസഹകരണസംഘങ്ങളുടെ വിവരങ്ങള്‍ ഡാറ്റാബേസിലുണ്ട്. ഇവയിലാകെ 30കോടി അംഗങ്ങളുണ്ട്. ഉത്തര്‍പ്രദേശില്‍ 5170 പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങളില്‍ പൊതുസേവനകേന്ദ്രങ്ങള്‍ ആരംഭിച്ചു. രാജ്യത്താകെ 42080 പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങളില്‍ പൊതുസേവനകേന്ദ്രങ്ങളുണ്ട്. മുന്നൂറിലധികം ഇ-സേവനങ്ങള്‍ ഇവയിലൂടെ ലഭ്യമാകും. ക്രമക്കേടുകള്‍ നടന്ന മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘമായ ആദര്‍ശ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്‌തികളില്‍ നിലവില്‍ ലിക്വിഡേറ്റര്‍ക്കു നിയന്ത്രണമില്ല. ബാങ്ക് അക്കൗണ്ടുകളടക്കം എല്ലാം മരവിപ്പിച്ചിരിക്കുകയാണ്. ആസ്‌തികള്‍ ലഭിക്കാന്‍ ലിക്വിഡേറ്റര്‍ അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. 18.49 ലക്ഷം നിക്ഷേപകരെയാണു പ്രതിസന്ധി ബാധിച്ചതെന്നും ഷാ അറിയിച്ചു.