നിക്ഷേപം തിരിച്ചുകൊടുത്തില്ല: നാലു മള്‍ട്ടിസംഘങ്ങള്‍ക്കെതിരെ നടപടി

Moonamvazhi

നിക്ഷേപകര്‍ക്കു പണം തിരിച്ചുകൊടുത്തില്ലെന്ന പരാതിയില്‍ നാലു മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങള്‍ക്കെതിരെ നടപടി. ഒരു സംഘം ലിക്വിഡേറ്റ്‌ ചെയ്യാനും മറ്റുമൂന്നു സംഘങ്ങളുടെ കാര്യത്തില്‍, നടപടിക്രമങ്ങളുടെ ഭാഗമായി, 30ദിവസത്തിനകം പണം തിരികെ നല്‍കാനുമുള്ള ഉത്തരവുകളാണ്‌ ഉണ്ടായിരിക്കുന്നത്‌. മഹാരാഷ്ട്രയിലെ പരിവര്‍ത്തന്‍ അര്‍ബന്‍ മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണവായ്‌പാസംഘത്തിനെതിരെയാണു ലിക്വിഡേഷന്‍ ഉത്തരവ്‌. മഹാരാഷ്ട്രയിലെതന്നെ ശ്രീസ്വാമിവിവേകാനന്ദ്‌ മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണവായ്‌പാസംഘം, ഗുജറാത്തിലെ യുണീക്‌ സ്വയം മള്‍ട്ടിസ്‌റ്റേറ്റ്‌ വിവിധോദ്ദേശ്യസഹകരണസംഘം, പശ്ചിമബംഗാളിലെ മാക്‌സ്‌ വിവിധോദ്ദേശ്യസഹകരണസംഘം എന്നിവയോടാണു പണം തിരിച്ചുകൊടുക്കാന്‍ ഉത്തരവ്‌.പരിവര്‍ത്തന്‍ അര്‍ബന്‍ മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണവായ്‌പാസംഘത്തിന്റെ ലിക്വിഡേറ്ററായി ധരൂര്‍ താലൂക്ക്‌ സഹകരണഅസിസ്റ്റന്റ്‌ രജിസ്‌ട്രാറെ നിയമിച്ചിട്ടുമുണ്ട്‌. മഹാരാഷ്ട്ര ബീഡ്‌ മജല്‍ഗവോണ്‍ ജില്ലയില്‍ ഗജാനന്‍മന്ദിര്‍ റോഡിലെ ഗുണ്ടേക്കര്‍ നിവാസ്‌ മേല്‍വിലാസമായുള്ള സംഘമാണിത്‌. 2022ല്‍ മഹാരാഷ്ട്രയിലെ സാമ്പത്തികകുറ്റാന്വേഷണവിഭാഗം സംഘത്തിനെതിരെ 13 കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. 2022ല്‍ മഹാരാഷ്ട്രസഹകരണരജിസ്‌ട്രാറോടും അന്വേഷണത്തിനു നിര്‍ദേശിച്ചു. വാര്‍ഷികക്കണക്കുകള്‍ സമര്‍പ്പിക്കാത്തതിനു 2022ല്‍ നോട്ടീസ്‌ നല്‍കി. ഇതിനൊക്കെ ശേഷവും ഏഴു നിക്ഷേപകരുടെ പരാതി വന്നു. 2025ല്‍ രജിസ്‌ട്രാര്‍ക്ക്‌ അന്വേഷണം സംബന്ധിച്ച്‌ ഓര്‍മപ്പെടുത്തല്‍ കത്തയച്ചു. സംഘം അടച്ചിട്ടിരിക്കുകയാണെന്നും അതുമൂലം രേഖകള്‍ കിട്ടാത്തതിനാല്‍ പരിശോധന പൂര്‍ത്തിയാക്കാനായില്ലെന്നുമാണു രജിസ്‌ട്രാറുടെ റിപ്പോര്‍ട്ട്‌. സംഘത്തിനു പ്രതികരണം ആരാഞ്ഞു നല്‍കിയ കത്ത്‌ മടങ്ങുകയും ചെയ്‌തു. സംഘം പ്രവര്‍ത്തിക്കുന്നില്ലെന്നാണു തോന്നുന്നതെന്ന്‌ കേന്ദ്രരജിസ്‌ട്രാറുടെ ഉത്തരവില്‍ പറയുന്നു. അടച്ചുപൂട്ടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന നോട്ടീസിനും പ്രതികരണമുണ്ടായില്ല. തുടര്‍ന്നാണു ലിക്വിഡേറ്റര്‍ നിയമനം.

30ദിവസത്തിനകം നിക്ഷേപകര്‍ക്കു പണം തിരിച്ചുകൊടുക്കണമെന്ന്‌ മഹാരാഷ്ട്രയിലെ ശ്രീസ്വാമിവിവേകാനന്ദ്‌ മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണവായ്‌പാസംഘത്തോട്‌ കേന്ദ്രസഹകരണഓംബുഡ്‌സ്‌മാന്‍ ഉത്തരവായത്‌ അഞ്ചുപേരുടെ പരാതിയിലാണ്‌. വേറെയും പരാതികള്‍ ഉണ്ട്‌. 13ലക്ഷംരൂപ നിക്ഷേപിച്ച മനോജ്‌ വര്‍മ, 24.5ലക്ഷം നിക്ഷേപിച്ച ചന്ദ്രപ്രകാശ്‌ വര്‍മ, രണ്ടുലക്ഷം നിക്ഷേപിച്ച അഫ്രിന്‍ ഷെയ്‌ഖ്‌, രണ്ടരലക്ഷം നിക്ഷേപിച്ച ആമിനാ എം ഷെയ്‌ഖ്‌, രണ്ടുലക്ഷം നിക്ഷേപിച്ച സട്ടപ്പ ജെ കമാട്ടെ എന്നിവരാണു പരാതിക്കാര്‍. ചോദിച്ചപ്പോള്‍ സംഘം പണം കൊടുക്കുകയോ മറുപടി നല്‍കുകയോ ചെയ്‌തില്ല. പരാതിക്കാരുടെ കത്തുകള്‍ മേല്‍വിലാസത്തിലുളളവര്‍ മാറിപ്പോയതിനാല്‍ കൈമാറാനായില്ലെന്നു പറഞ്ഞു മടങ്ങി. ആദ്യമൂന്നുപേര്‍ കാലാവധിക്കുമുമ്പും ബാക്കി രണ്ടുപേര്‍ കാലാവധിക്കുശേഷവുമാണു പണം ആവശ്യപ്പെട്ടത്‌. സംഘംഭരണസമിതി ഒളിവില്‍പോകുകയോ ബന്ധപ്പെടാന്‍ പറ്റാത്ത അവസ്ഥയിലാവുകയോ ചെയ്‌തുവെന്നാണു കരുതേണ്ടതെന്ന്‌ ഉത്തരവില്‍ പറയുന്നു. പ്രവര്‍ത്തനം നിലച്ചിരിക്കകയാണ്‌. മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘം നിയമപ്രകാരമുള്ള എല്ലാ നടപടികളും എടുക്കേണ്ട അവസ്ഥയാണ്‌. ഈ സാഹചര്യത്തിലാണു നടപടിക്രമങ്ങളുടെ ഭാഗമായി പണം തിരിച്ചു കൊടുക്കാനുള്ള ഉത്തരവ്‌. ഒക്ടോബര്‍ 14ലേതാണ്‌ ഈ ഉത്തരവ്‌.

ഗുജറാത്തിലെ യുണീക്‌ സ്വയം മള്‍ട്ടിസ്‌റ്റേറ്റ്‌ വിവിധോദ്ദേശ്യസഹകരണസംഘവും 30ദിവസത്തിനകം നിക്ഷേപം പലിശസഹിതം തിരിച്ചുകൊടുക്കണമെന്നു കേന്ദ്രസഹകരണഓംബുഡ്‌സ്‌മാന്‍ ഉത്തരവിട്ടിട്ടുണ്ട്‌. അഹമ്മദാബാദ്‌ ആസ്ഥാനമായ സംഘത്തിനെതിരെ ചന്ദുലാല്‍ മോഹന്‍ലാല്‍ റവാരിയ എന്ന നിക്ഷേപകന്‍ നല്‍കിയ പരാതിയിലാണിത്‌. നിക്ഷേപകാലാവധി കഴിഞ്ഞു നാലുകൊല്ലമായിട്ടും പണം കിട്ടിയില്ലെന്നാണു പരാതി. ഇദ്ദേഹം 2015 ഓഗസ്റ്റ്‌ 12ന്‌ ആറുലക്ഷം രൂപ ആറുകൊല്ലത്തേക്കു നിക്ഷേപിച്ചിരുന്നു. 2021 ഓഗസ്റ്റ്‌ 12നു കാലാവധി തീര്‍ന്നു. പലലവതവണ ചോദിച്ചിട്ടും പണം കൊടുത്തില്ല. പലിശയടക്കം 1015000രൂപ തരണമെന്ന്‌ ഒടുവില്‍ അപേക്ഷിച്ചതു 2025 ജൂണ്‍ 24നാണ്‌. പണവും കൊടുത്തില്ല, മറുപടിയും കൊടുത്തില്ല. തുടര്‍ന്ന്‌ ഓംബുഡ്‌സ്‌മാനു പരാതി കൊടുത്തു. ഓംബുഡ്‌സ്‌മാന്‍ ഓഗസ്‌റ്റ്‌ 27നും സെപ്‌റ്റംബര്‍ 23നും നോട്ടീസ്‌ അയച്ചു. മറുപടിയുണ്ടായില്ല. സംഘത്തിനെതിരെ മുമ്പും ഇത്തരം പരാതികളില്‍ പണം തിരിച്ചുകൊടുക്കാന്‍ ഓംബുഡ്‌സ്‌മാന്‍ ഉത്തരവിട്ടിട്ടുണ്ട്‌. പക്ഷേ, സംഘം പ്രതികരിക്കുകയോ പണം കൊടുക്കുകയോ ചെയ്യുന്നില്ല. സംഘം പ്രവര്‍ത്തനരഹിതമായിരിക്കയാണെന്നും മള്‍ട്ടിസ്റ്റേറ്റ്‌സഹകരണസംഘം നിയമപ്രകാരമുള്ള നടപടികളെല്ലാം എടുക്കേണ്ട അവസ്ഥയാണെന്നും ഓംബുഡ്‌സ്‌മാന്റെ ഉത്തരവിലുണ്ട്‌. ഈ സാഹചര്യത്തില്‍ നടപടിക്രമങ്ങളുടെ ഭാഗമായാണ്‌ പണം തിരിച്ചുകൊടുക്കാന്‍ ഒക്ടോബര്‍ 22ന്‌ ഉത്തരവിട്ടത്‌. ഇത്തരത്തില്‍ ലഭിക്കുന്ന മറ്റുപരാതികളിലും പരാതി കിട്ടി 30ദിവസത്തിനകം പണം നല്‍കണമെന്നും ഉത്തരവിലുണ്ട്‌.

കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകര്‍ക്കു പണം മടക്കിക്കൊടുക്കുന്നില്ലെന്നു നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നു പശ്ചിമബംഗാളിലെ മാക്‌സ്‌ വിവിധോദ്ദേശ്യസഹകരണസംഘത്തിനെതിരെയും കേന്ദ്രസഹകരണരജിസ്‌ട്രാര്‍ നടപടികളാരംഭിച്ചിട്ടുണ്ട്‌. സംഘം ചെയര്‍മാനോ ചീഫ്‌ എക്‌സിക്യൂട്ടീവോ രേഖകളുമായി നേരിട്ടു ഹാജരാകണമെന്നാണു നിര്‍ദേശം. 2015ല്‍ തന്നെ പരാതികളില്‍ പണം തിരിച്ചുകൊടുക്കണമെന്നു സംഘത്തോടു നിര്‍ദേശിച്ചിരുന്നതാണ്‌. പശ്ചിമബംഗാള്‍ സഹകരണസംഘം രജിസ്‌ട്രാറോട്‌ അന്വേഷിക്കാനും ആവശ്യപ്പെട്ടിരുന്നു.സംഘം വാര്‍ഷികറിപ്പോര്‍ട്ടുകളും നല്‍കിയിട്ടില്ല. പ്രവര്‍ത്തിക്കുന്നില്ലെന്നാണു മനസ്സിലാക്കുന്നതെന്ന്‌ വാദംകേള്‍ക്കാന്‍ അയച്ച നോട്ടീസില്‍ പറയുന്നു.

 

Moonamvazhi

Authorize Writer

Moonamvazhi has 688 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!