റോഡ്‌നിര്‍മാണം പൂര്‍ത്തിയാക്കാത്ത മള്‍ട്ടിസ്റ്റേറ്റ് സംഘത്തിനെതിരെ നടപടി
റോഡുനിര്‍മാണം ഏറ്റെടുത്തിട്ടു പൂര്‍ത്തിയാക്കാത്ത മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തിനെതിരെ കേന്ദ്രസഹകരണരജിസ്‌ട്രാറുടെ നടപടി. ഉത്തര്‍പ്രദേശ് ഘാസിയാബാദ് കനവാനിയിലെ ഇന്ത്യന്‍ പ്രോജക്ട് ആന്റ് കണ്‍സ്‌ട്രക്ഷന്‍ സഹകരണസംഘത്തിന് എതിരെയാണു നടപടി. ഉടന്‍ വിശദീകരണം നല്‍കാന്‍ സംഘത്തോടും സംഘത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരപ്രദേശ് സഹകരണകമ്മീഷറോടും നിര്‍ദേശിച്ചിരിക്കുകയാണ്.
2024ജൂലൈ 19നു ഡെറാഡൂണ്‍ ചീഫ്‌ഡവലപ്‌മെന്റ് ഓഫീസറാണു പരാതി നല്‍കിയത്. എട്ടുറോഡുകളുടെ നിര്‍മാണത്തിനായി രാജ്‌ബബ്ബാര്‍ എം.പി.യുടെ ഫണ്ടില്‍നിന്നു 37.50ലക്ഷം രൂപ സംഘത്തിന്റെ ജനറല്‍ മാനേജര്‍ക്കു 2019 മാര്‍ച്ചില്‍ നല്‍കി. പക്ഷേ, പലതവണ ഓര്‍മിപ്പിച്ചിട്ടും നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെന്നാണു പരാതി. തുടര്‍ന്നു തുക തിരിച്ചുപിടിച്ചു നല്‍കാന്‍ പ്രതാപ്‌ഗര്‍ ജില്ലാമജിസ്‌ട്രേട്ടിനു കത്തു നല്‍കി. സംഘത്തിന് ആസ്‌തിയില്ലാത്തതിനാല്‍ ഇതിനു നിവൃത്തിയില്ലെന്നായിരുന്നു മറുപടി. മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘത്തിന്റെ 120-ാംവകുപ്പു പ്രകാരമുള്ള വാര്‍ഷികക്കണക്കുകള്‍ സംഘം സമര്‍പ്പിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ ഉടന്‍ വിശദീകരണം നല്‍കാന്‍ സംഘംചെയര്‍മാനോടും ചീഫ്‌എക്‌സിക്യൂട്ടീവിനോടും ആവശ്യപ്പെട്ടു. നോട്ടീസ് കേന്ദ്ര സഹകരണരജിസ്‌ട്രാറുടെ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. മറുപടി നല്‍കിയില്ലെങ്കില്‍ നിയമാവലിയും സഹകരണതത്വങ്ങളും പ്രകാരവുമല്ല സംഘം പ്രവര്‍ത്തിക്കുന്നത് എന്ന നിഗമനത്തില്‍ എത്തുമെന്ന് അറിയിപ്പിലുണ്ട്. ഒപ്പം മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം നിയമത്തിന്റെ 108-ാംവകുപ്പുപ്രകാരം സംഘത്തില്‍ പരിശോധനനടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സഹകരണകമ്മീഷണറോടുനിര്‍ദേശിക്കയും ചെയ്‌തു.