ലീവ് സറണ്ടര്‍ ഉത്തരവായി;പിന്‍വലിക്കാവുന്നത് 2029ല്‍
എല്ലാവിഭാഗം സര്‍ക്കാര്‍ജീവനക്കാരുടെയും അധ്യാപകരുടെയും (സംസ്ഥാന/യുജിസി/ എഐസിടിഇ/ എന്‍ജെപിസിസി നിരക്കുകള്‍) 2025-26സാമ്പത്തികവര്‍ഷത്തെ ആര്‍ജിതാവധി പീരിയോഡിക്കല്‍ സറണ്ടര്‍ 2025 ഏപ്രില്‍ ഒന്നുമുതല്‍ അവരുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുമെന്നു ധനകാര്യവകുപ്പ്(റൂള്‍സ്-ബി) ഉത്തരവായി. 2029 മാര്‍ച്ച് 31നുശേഷമേ പിന്‍വലിക്കാനാവൂ. പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്ലാത്ത താല്‍ക്കാലികജീവനക്കാര്‍ക്കും എംപ്ലോയീസ് പ്രോവിഡന്റ്‌ഫണ്ട് സ്‌കീമിലും കോണ്‍ട്രിബ്യൂട്ടറി പ്രോവിഡന്റ് ഫണ്ട് സ്‌കീമിലും (തൊഴിലുടമയുടെയും ജീവനക്കാരുടെയും കോണ്‍ട്രിബ്യൂഷന്‍ ഉള്ളത്) പെടുന്നവര്‍ക്കും 2025-26സാമ്പത്തികവര്‍ഷത്തെ ആര്‍ജിതാവധി ഏപ്രില്‍ ഒന്നുമുതല്‍ പണമാക്കാവുന്നതാണ്.സര്‍ക്കാര്‍വകുപ്പുകള്‍, കേരളത്തിലെ വിവിധസര്‍വകലാശാലകള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, ഗ്രാന്റ്-ഇന്‍-എയ്‌ഡ് സ്ഥാപനങ്ങള്‍, സ്വയംഭരണസ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാനപങ്ങള്‍, ക്ഷേമബോര്‍ഡുകള്‍, സഹകരണസ്ഥാപനങ്ങള്‍, അപ്പെക്‌സ് സംഘങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, എയ്‌ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സംസ്ഥാനകോണ്‍സോളിഡേറ്റഡ് ഫണ്ടില്‍നിന്നു ശമ്പളം ലഭിക്കുന്ന ഭരണഘടനാസ്ഥാപനങ്ങള്‍, സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതും സംസ്ഥാനസര്‍ക്കാര്‍ രൂപവല്‍കരിച്ചതുമായ മറ്റുസ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് ഉത്തരവ് ബാധകമാണ്.
ലാസ്റ്റുഗ്രേഡ് ജീവനക്കാര്‍ (സബോര്‍ഡിനേറ്റ് സര്‍വീസുകളിലെ ഓഫീസ് അറ്റന്റന്റുമാരടക്കം), പാര്‍ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, മുനിസിപ്പല്‍ കണ്ടിന്‍ജന്റ് ജീവനക്കാര്‍, മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും പേഴ്‌സണല്‍ സ്റ്റാഫിലെ ഓഫീസ് അറ്റന്റന്റുമാര്‍, കുക്കുമാര്‍ എന്നിവരെ ഈ ഉത്തരവിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആര്‍ജിതാവധിയുടെ അനുവദനീയമായ ടേര്‍മിനല്‍ സറണ്ടറിനെയും ഉത്തരവ് ബാധിക്കില്ല.