കാര്‍ഷികസംരംഭങ്ങള്‍ക്കായി കുടുംബശ്രീയുടെ കെ-ടാപ്പ്‌

Moonamvazhi

കാര്‍ഷികസംരംഭങ്ങളെ സഹായിക്കാന്‍ കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ്‌ (കെ-ടാപ്‌) പദ്ധതിക്കു തുടക്കമായി കൊച്ചിയില്‍ കാക്കനാട്‌ ജെയിന്‍ ഡീംഡ്‌ സര്‍വകലാശാലയിലെ കെ-ടാപ്‌ സാങ്കേതികവിദ്യാസംഗമത്തില്‍ മന്ത്രി എം.ബി. രാജേഷ്‌ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. കെ-ടാപ്പിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങള്‍ സാങ്കേതികവിദ്യ കൈമാറാന്‍ കുടുംബശ്രീയുമായി കരാറായി. ഇവ കുടുംബശ്രീഅംഗങ്ങള്‍ക്കു പരിശീലനം നല്‍കും. ഇതിനുള്ള ധാരണാപത്രം മന്ത്രിക്കു കൈമാറി. രാജ്യത്തെ വിവിധകാര്‍ഷികസാങ്കേതികഗവേഷണസ്ഥാപനങ്ങളുമായി സഹകരിച്ചു 184 സാങ്കേതികവിദ്യകള്‍ കുടുംബശ്രീ സ്വന്തമാക്കിയിട്ടുണ്ട്‌. ഇവ ഉപയോഗിച്ചുള്ള മൂല്യവര്‍ധിതോല്‍പന്നനിര്‍മാണം, ബ്രാണ്ടിങ്‌, പാക്കിങ്‌, ഭക്ഷ്യോല്‍പന്നമേഖലയിലെ സംരംഭകര്‍ക്കുള്ള ലൈസന്‍സ്‌ തുടങ്ങിയവയ്‌ക്കു സഹായം പദ്ധതിയില്‍ ലഭിക്കും. ജില്ല തോറും സാങ്കേതികവിദ്യാവ്യാപനക്ലിനിക്കുകള്‍ സ്ഥാപിച്ചാണു കുടുംബശ്രീസംരംഭകര്‍ക്കു പരിശീലനം നല്‍കുക. സംരംഭകര്‍ തയ്യാറാക്കുന്ന ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും തിരഞ്ഞെടുക്കാനും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്‌. പ്രമേഹരോഗികള്‍ക്കുള്ള ഭക്ഷ്യോല്‍പന്നങ്ങള്‍, ചെറുധാന്യങ്ങള്‍, ചക്കയിലുംമറ്റുംനിന്നുള്ള മൂല്യവര്‍ധിതോല്‍പന്നങ്ങള്‍, പോഷകസമ്പുഷ്ടമായ ഭക്ഷ്യോല്‍ന്നങ്ങള്‍ തുടങ്ങിയവയുടെ ഉല്‍പാദനവും വിപണനവും പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നടപ്പാക്കാനാവും. ഐ.സി.എ.ആര്‍-കേന്ദ്രതോട്ടവിളഗവേഷണസ്ഥാപനം, ദേശീയഭക്ഷ്യാസാങ്കേതികവിദ്യാസംരംഭ-മാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, സി.എസ്‌.ഐ.ആര്‍-കേന്ദ്രഭക്ഷ്യസാങ്കേതികവിദ്യാഗവേഷണസ്ഥാപനം, ദേശീയപരസ്‌പരവിജ്ഞാനശാസ്‌ത്രസാങ്കേതികവിദ്യാഇന്‍സ്റ്റിറ്റിയൂട്ട്‌, കേരളകാര്‍ഷികസര്‍വകലാശാല എന്നിവയുമായി സാങ്കേതികവിദ്യ വാങ്ങുന്നതു സംബന്ധിച്ച ധാരണാപത്രമാണു കൈമാറിയത്‌. പദ്ധതിയുടെ ഭാഗമായി പരിശീലനവും സഹായവും നല്‍കാന്‍ എം.എസ്‌. സ്വാമിനാഥന്‍ ഗവേഷണഇന്‍സ്റ്റിറ്റിയൂട്ട്‌, മഹാത്മഗാണ്ഡി സര്‍വകലാശാല, ലീഡ്‌ കോളേജ്‌ ഓഫ്‌ മാനേജ്‌മെന്റ്‌, ജെയിന്‍ ഡീംഡ്‌ സര്‍വകലാശാല, സെന്റ്‌ ഗിറ്റ്‌സ്‌ എഞ്ചിനിയറിങ്‌ കോളേജ്‌, ഭക്ഷ്യഗവേഷണ-വികസനകൗണ്‍സില്‍, ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ സസ്യഗവേഷണഇന്‍സ്റ്റിറ്റിയൂട്ട്‌ എന്നീ സ്ഥാപനങ്ങളുമായും ധാരണാപത്രം കൈമാറിയതായി മന്ത്രി അറിയിച്ചു. സംരംഭങ്ങളെ ആധുനികമാക്കാനും വൈവിധ്യമുള്ളതാക്കാനും പദ്ധതികൊണ്ടു കഴിയും. വനിതാസംരംഭകര്‍ക്കു സ്ഥിരവരുമാനത്തിനും കാര്‍ഷികരംഗത്തു കുടുംബശ്രീയുടെ വളര്‍ച്ചക്കും പദ്ധതി സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുടുംബശ്രീ പ്രോഗ്രാംഓഫീസര്‍ ഡോ.എസ്‌. ഷാനവാസ്‌ പദ്ധതി വിശദീകരിച്ചു. തൃക്കാക്കര നഗരസാഭാധ്യക്ഷ രാധാമണിപിളള അധ്യക്ഷയായി. കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ എച്ച്‌. ദിനേശന്‍, സംസ്ഥാനആസൂത്രണബോര്‍ഡ്‌ കാര്‍ഷികവിഭാഗം മേധാവി എസ്‌. നാഗേഷ്‌, ജെയിന്‍ സര്‍വകലാശാലാഡയറക്ടര്‍ ഡോ.. ടോം ജോസഫ്‌, ഫ്യൂച്ചര്‍ കേരളമിഷന്‌ഡ അധ്യക്ഷന്‍ വേണു രാജാമണി, ജെയിന്‍ പ്രോ വൈസ്‌ ചാന്‍സര്‍ ഡോ. ജെ. ലത, കുടുംബശ്രീ എറണാകുളംജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ ടി.എം. റെജീന തുടങ്ങിയവരും കാര്‍ഷികസാങ്കേതികഗവേഷണസ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.

Moonamvazhi

Authorize Writer

Moonamvazhi has 400 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!