കേരളബാങ്ക് ക്ലര്‍ക്ക്/കാഷ്യര്‍ കേസ്: ലയനപൂര്‍വറാങ്കുലിസ്റ്റിലുള്ളവര്‍ക്കു നിയമനാര്‍ഹത
കേരളബാങ്ക് ക്ലര്‍ക്ക്/കാഷ്യര്‍ നിയമനക്കേസില്‍ റാങ്കുലിസ്‌റ്റിലുള്ളവര്‍ക്ക് ലഭിച്ച അനുകൂലവിധി പ്രതികൂലവിധി ലഭിച്ച മറ്റൊരുകൂട്ടം റാങ്കുഹോള്‍ഡര്‍മാര്‍ക്കുകൂടി ഹൈക്കോടതി ബാധകമാക്കി. സര്‍ക്കാരിന്റെയും കേരളബാങ്കിന്റെയും അപ്പീല്‍ തളളി. ഇതുപ്രകാരം, ജില്ലാബാങ്കുകള്‍ കേരളബാങ്കില്‍ ലയിക്കുംമുമ്പുണ്ടായിരുന്ന റാങ്കുലിസ്റ്റില്‍നിന്ന്‌് ഹര്‍ജിക്കാര്‍ക്ക് നിയമനാര്‍ഹത ലഭിക്കും. ചീഫ്‌ജസ്‌റ്റിസ് നിതിന്‍ ജംദാറും ജസ്റ്റിസ് ബസന്ത് ബാലാജിയുമടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെതാണു വിധി.2022ജൂലൈ 12നാണു ഹര്‍ജിക്കാരായ റാങ്കുഹോള്‍ഡര്‍മാര്‍ക്ക് അനുകൂലമായി സിംഗിള്‍ബെഞ്ച് വിധി വന്നത്. എന്നാല്‍ ആലപ്പുഴജില്ലാസഹകരണബാങ്കിലെ ക്ലര്‍ക്ക്/കാഷ്യര്‍ റാങ്കുലിസ്റ്റിലുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ മറ്റൊരു സിംഗിള്‍ബെഞ്ച് തള്ളുകയാണുണ്ടായത്. നിലവിലില്ലാത്ത ഒരു ബാങ്കിനു നിര്‍ദേശം നല്‍കുമ്പോള്‍ ലയനക്കാര്യം അവഗണിക്കാനാവില്ലെന്നു പറഞ്ഞായിരുന്നു അത്. അതിനെതിരെ നല്‍കിയ അപ്പീലിലാണ് അനുകൂലവിധി അവര്‍ക്കും ബാധകമാക്കിയത്. അനുകൂലവിധിയിലെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചും,ആ വിധിയുടെ രീതിശാസ്‌ത്രം ഹര്‍ജിക്കാരുടെ കേസുകളിലെ വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ മാറ്റങ്ങളോടെ പിന്തുടരാനുമാണു വിധി. അനുകൂലവിധി നല്‍കിയ സിംഗിള്‍ബെഞ്ച് നിശ്ചയിച്ച 2022 ജൂലൈ 12 എന്ന സമയപരിധിക്കു വിധിത്തിയതിമുതല്‍ (2025 ഡിസംബര്‍8)പ്രാബല്യമുണ്ടാകും.

അനുകൂലഉത്തരവിലെ നിര്‍ദേശങ്ങള്‍ റാങ്കുലിസ്റ്റിലുള്ളവരുടെ അവകാശങ്ങള്‍ക്കു പ്രാബല്യം നല്‍കുന്നതാണ്. റിട്ട് അധികാരപരിധിയനുസരിച്ചാണ് ആ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. ഈ നിര്‍ദേശങ്ങള്‍ക്കു സുവ്യക്തമായ യുക്തിയുടെ പിന്‍ബലമില്ലെന്ന്‌് അതിനെതിരെ അപ്പീല്‍ നല്‍കിയ സര്‍ക്കാരും കേരളബാങ്കുമൊക്കെ വാദിക്കുന്നുണ്ട്. എങ്കിലും പ്രായോഗികത പരിഗണിച്ച് പ്രശ്‌നം പരിഹരിക്കാന്‍ നല്‍കിയ അന്തിമനിര്‍ദേശങ്ങളില്‍ ഇടപെടുന്നത് നിയമപരവും വസ്‌തുതാപരവുമായി ഉചിതമല്ലെന്നു ഡിവിഷന്‍ബെഞ്ച് വിലയിരുത്തി.കേരളബാങ്ക് വരുംമുമ്പുണ്ടായിരുന്ന ജില്ലാസഹകരണബാങ്കുകളിലെ ക്ലര്‍ക്ക്/കാഷ്യര്‍ തസ്‌തികയാണു വിഷയം. ഈ തസ്‌തികയിലേക്കു പിഎസ്‌സി റാങ്കുലിസ്റ്റുകള്‍ തയ്യാറാക്കിയിരുന്നു. പക്ഷേ, നിയമനത്തിനുമുമ്പു ജില്ലാബാങ്കുകള്‍ ലയിപ്പിച്ചു കേരളബാങ്ക് രൂപവല്‍കരിച്ചു. നിയമനത്തിനായി റാങ്കുലിസ്റ്റിലുള്ള നിരവധിപേര്‍ ഹര്‍ജികള്‍ നല്‍കി. ഇവയിലാണ് റാങ്കുലിസ്റ്റിലുള്ളവര്‍ക്ക് അനുകൂലമായും പ്രതികൂലമായും വെവ്വേറെ സിംഗിള്‍ ബെഞ്ചുകളില്‍നിന്നു വിധിയുണ്ടായത്. പ്രതികൂലവിധിക്കെതിരെ അവയിലെ ഹര്‍ജിക്കാരും, അനുകൂലവിധിക്കെതിരെ സര്‍ക്കാരിന്റെയും കേരളബാങ്കിന്റെയും ചില ജില്ലാബാങ്കുകളുടെയും സഹകരണവകുപ്പുസെക്രട്ടറിയുടെയും ജോയിന്റ് രജിസട്രാറുടെയുംമറ്റും അപ്പീലുകളും ഡിവിഷന്‍ബെഞ്ചിലെത്തി.പിഎസ്‌സി 2017ല്‍ പലപ്പോഴായാണു വിവിധ ജില്ലകളിലെ റാങ്കുലിസ്‌റ്റുകള്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ കേരളബാങ്ക് രൂപവല്‍കരണത്തിനുമുന്നോടിയായി 2019 ഫെബ്രുവരി 14ന് പിഎസ്‌സിക്കു നിയമനം നടത്താവുന്ന സഹകരണസംഘങ്ങളുടെ കാറ്റഗറി ഭേദഗതി ചെയ്‌തു.
- അഡ്വക്കേറ്റ് ജനറലിന്റെയും കേരളബാങ്കിന്റെ വക്കിലീന്റെയുംമറ്റും വാദങ്ങളുടെ ചുരുക്കം ഇതാണ്: 80(3എ) വകുപ്പുപ്രകാരം ഷെഡ്യൂള്‍1ല്‍പെട്ട സഹകരണസംഘങ്ങളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കേണ്ടതു പി.എസ്.സി.യാണ്. 80(3എ) ഭേദഗതി ചെയ്‌തു ഷെഡ്യൂള്‍ 1ല്‍നിന്നു ജില്ലാബാങ്കുകളെ ഒഴിവാക്കി. അതുകൊണ്ടു ജില്ലാബാങ്കുകളിലേക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്‌വൈസ് അയക്കാന്‍ പി.എസ്.സി.ക്ക് അധികാരമില്ല. 74എച്ച്(13)വകുപ്പില്‍ ലയിക്കുമ്പോള്‍ എടുക്കപ്പെടാന്‍ സ്ഥിരംജീവനക്കാര്‍ക്കുമാത്രമേ അര്‍ഹതയുള്ളൂവെന്നുണ്ട്. അതുകൊണ്ടു കേരളബാങ്കിന് അത്തരം സ്ഥിരംജീവനക്കാരെ എടുക്കാന്‍ മാത്രമേ ബാധ്യതയുള്ളൂ. 28എ(5) വകുപ്പിനെ പിന്തുടര്‍ന്ന് 74എച്ച് പ്രകാരം കേരളബാങ്ക് നിയമനച്ചട്ടങ്ങള്‍ (2023) രൂപവല്‍കരിച്ചു. അതനുസരിച്ചാണിപ്പോള്‍ ക്ലര്‍ക്ക്-കാഷ്യര്‍തസ്‌തിക സംബന്ധിച്ച കാര്യങ്ങള്‍. ചട്ടങ്ങള്‍ നിലവില്‍വന്നതു 2021 ഓഗസ്‌റ്റ് രണ്ടിനാണ്. അതിനുശേഷമുള്ള കേരളബാങ്ക്‌നിയമനങ്ങള്‍ ആ ചട്ടം പാലിക്കണം. അതുകൊണ്ടു റാങ്കുലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ക്കനുകൂലമായ സിംഗിള്‍ബെഞ്ച് ഉത്തരവ് നിലവിലില്ലാത്ത സ്ഥാപനങ്ങളിലേക്കുള്ള റാങ്കുലിസ്റ്റിനു പ്രബാല്യം നല്‍കുന്നതും അതുകൊണ്ടുതന്നെ റദ്ദാക്കപ്പെടേണ്ടതുമാണ്.
- ഹര്‍ജിക്കാരുടെ വാദങ്ങളുടെ ചുരുക്കം ഇതാണ്: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഇടക്കാലഉത്തരവുണ്ട്. അവയ്‌ക്കെതിരായ വാദങ്ങള്‍ തള്ളുകയും ചെയ്‌തു. 74എച്ച് കൂടാതെ 1969ലെ സഹകരണസംഘം നിയമത്തില്‍ ലയനംസംബന്ധിച്ചു വേറെയും വ്യവസ്ഥകളുണ്ട്. 14എ(6)സൂചിപ്പിക്കുന്നതു ജില്ലാബാങ്കുകള്‍ പൂര്‍ണമായി ഇല്ലാതാകില്ലെന്നാണ്. 74എച്ച് (12) പറയുന്നത് ലയനത്തിനുമുമ്പുള്ള എല്ലാ റിട്ട്‌ഹര്‍ജികളും തുടരുമെന്നും ബാങ്കിനു നിര്‍ദേശം നല്‍കാന്‍ കോടതിക്ക് അധികാരമുണ്ടെന്നുമാണ്. ലയിച്ചതിനാല്‍ ജില്ലാബാങ്കിലേക്കു നിയമനം നടത്താനാവില്ലെന്ന വാദവും 80(3എ)യില്‍ വരുത്തിയ ഭേദഗതിയും ശരിയല്ല. ഈ നിയമപ്രകാരം റിപ്പോര്‍ട്ടുചെയ്‌ത ഒഴിവുകളിലേക്കു നിയമനം അഡ്‌വൈസ് ചെയ്യാന്‍ പി.എസ്.സിക്കു നിയമപരമായ ബാധ്യതയുണ്ട്. 80(3എ)വകുപ്പിനും മുകളിലാണ് 74എച്ച്(18) വകുപ്പ്. 74എച്ച്(12) പ്രകാരം ലയനത്തിനുമുമ്പുള്ള എല്ലാ നിയമനടപടികളും ചുമതലകളും തുടരാന്‍ ട്രാന്‍സ്‌ഫറി ബാങ്ക് (കേരളബാങ്ക്) ബാധ്യസ്ഥമാണ്. അതുകൊണ്ടു ലയനത്തിനുശേഷവും ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാനുള്ള ബാധ്യതയും ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്‌വൈസ് അയക്കാനുള്ള പി.എസ്.സി.യുടെ അധികാരവും തുടരുകയാണ്. 2019 നവംബര്‍ 29നാണു ലയനഉത്തരവ്. അന്നുമുതലേ 74എച്ച് വകുപ്പിനു പ്രാബല്യമുള്ളൂ. 2019 നവംബര്‍ 29വരെ നിയമനം നടന്നിരുന്നത് 80(3എ) വകുപ്പു പ്രകാരമാണ്. അതുകൊണ്ടു ലയനത്തിനുമുമ്പുണ്ടായ ഒഴിവുകള്‍ പി.എസ്.സി.ക്കു റിപ്പോര്‍ട്ടു ചെയ്യാനും പ്രാബല്യത്തിലുണ്ടായിരുന്ന റാങ്കുലിസ്റ്റില്‍നിന്ന് ഉദ്യോഗാര്‍ഥികളെ നിര്‍ദേശിക്കാന്‍ പി.എസ്.സി.ക്കും ബാധ്യതയുണ്ട്. കോഴിക്കോട് ജില്ലാബാങ്കില്‍ 130 ഒഴിവുണ്ടായിരുന്നെങ്കിലും റാങ്കുലിസ്‌റ്റുകളില്‍നിന്നു 40പേരെ മാത്രമേ നിയമിച്ചുള്ളൂ. അവിടെയും സ്ഥാനക്കയറ്റത്തിനും നേരിട്ടുള്ള നിയമനത്തിനുമുള്ള 1:5 എന്ന അനുപാതം ലംഘിച്ചു. 2014 ജൂലൈ 30ന് അവസാനിച്ച 2006ലെ റാങ്കുലിസ്റ്റില്‍നിന്നു നിരവധി നിയമനങ്ങള്‍ നടത്തി. ധാരാളം ഒഴിവുകളുണ്ടായിരുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു. നിയമപ്രകാരമുള്ള നടപടിക്രമങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ഥികളാണു ഹര്‍ജിക്കാര്‍. അവരുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളുടെ പേരില്‍ അവര്‍ക്കു നിയമനം നിഷേധിക്കരുത്. പി.എസ്.സി. കോടതിയുത്തരവുകളെ ചോദ്യം ചെയ്‌തിട്ടില്ല. ലയനത്തിനുശേഷവും നിയമനഅഡ്‌വൈസ് നല്‍കാനുള്ള അധികാരം പി.എസ്.സി.യില്‍നിന്ന് എടുത്തുമാറ്റപ്പെട്ടിട്ടില്ലെന്ന് ഇതു വ്യക്തമാക്കുന്നു. ഇടുക്കി ജില്ലാബാങ്കു പോലുള്ള ചില ജില്ലാബാങ്കുകളില്‍ അത്തരം റാങ്കുലിസ്‌റ്റുകളില്‍നിന്നു നിയമനം നടന്നിട്ടുമുണ്ട്. രാഷ്ട്രീയലക്ഷത്തോടെയാണ് അധികൃതര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. തൊഴിലുടമകളായ ബാങ്കുകളില്‍നിന്നു താല്‍കാലികജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന നിര്‍ദേശം വന്നിരിക്കുന്നത് ഇനിയും കൂടുതല്‍ ജീവനക്കാരെ ആവശ്യമുണ്ടെന്നതിനു തെളിവാണ്. സാധുവായ റാങ്കുലിസ്റ്റുകളില്‍നിന്നു പി.എസ്.സി.വഴി നിയമനോപദേശവും നിയമനവും ലഭിക്കാനുള്ള ക്ലെയിമിനെ ഇത് ഊട്ടിയുറപ്പിക്കുന്നു. റാങ്കുലിസ്റ്റിലുള്ളവര്‍ക്ക് അനുകൂലമായ ഉത്തരവു പ്രാബല്യത്തിലാക്കിക്കൊണ്ടു 2023 ജൂണ്‍ എട്ടിനു സഹകരണസംഘം രജിസ്‌ട്രാര്‍ ഉത്തരവ് ഇറക്കിയതുമാണ്. ബാങ്ക് അപ്പീല്‍ നല്‍കിയെന്നും സ്റ്റേ ചെയ്യപ്പെട്ടുവെന്നും പറഞ്ഞു പിന്നീടിതു പിന്‍വലിക്കുകയാണുണ്ടായത്. എന്നാല്‍ ഒഴിവുകള്‍ നിലനില്‍ക്കുന്നുവെന്നതും കണ്ടെത്തിയിട്ടുണ്ടെന്നതും ഇപ്പോഴും രേഖയിലുണ്ട്. അതുകൊണ്ടു റാങ്കുലിസ്‌റ്റുകളുടെ കാര്യത്തില്‍ അധികൃതരുടെ നിലപാടുകള്‍ ഇരട്ടത്താപ്പാണ്. ഉദ്യോഗാര്‍ഥികള്‍ നിയമവിരുദ്ധമായ വിവേചനത്തിന് ഇരയാകുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു.
- കോടതി വ്യക്തമാക്കിയത് ഇപ്രകാരമാണ്: ജില്ലാബാങ്കുകള്‍ കേരളബാങ്കില്‍ ലയിക്കുമുമ്പ് ലിസ്റ്റില്‍ വന്ന ഉദ്യോഗാര്‍ഥികളുടെ നിയമാവകാശമാണു കേന്ദ്രപ്രശ്‌നം. മുന്‍ജില്ലാബാങ്കുകളിലെ ക്ലര്‍ക്ക്-കാഷ്യര്‍ തസ്‌തികകളിലേക്കു പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. റാങ്കുലിസ്റ്റും പ്രസിദ്ധീകരിച്ചു. നിമനം നടത്താനാകുംമുമ്പു കേരളസഹകരണസംഘംഭേദഗതിനിയമം2019 (2019ലെ ആക്ട്1) 2019 ഫെബ്രുവരി 14നു നിലവില്‍വന്നു. ഇതോടെ ജില്ലാബാങ്കുകള്‍ കേരളബാങ്കില്‍ ലയിച്ചു. ജില്ലാബാങ്കുകളിലേക്കുള്ള റാങ്കുലിസ്‌റ്റുകളില്‍ പെട്ടവരുടെ അവസ്ഥയും അവകാശവുമാണ് അപ്പീലുകളുടെ വിഷയം. പ്രശനം സംബന്ധിച്ചു സ്റ്റാറ്റിയൂട്ടറി വ്യവസ്ഥകളുമായി ബന്ധപ്പെട്ടു രണ്ടു സെറ്റ് നിയമങ്ങളും ചട്ടങ്ങളുമുണ്ട്. ഒന്നു സഹകരണസംഘങ്ങളെ സംബന്ധിച്ചുള്ളതും രണ്ടാമത്തേതു പി.എസ്.സി.യെ സംബന്ധിച്ചുള്ളതും. ജില്ലാബാങ്കുകള്‍ അടക്കമുള്ള സഹകരണസംഘങ്ങള്‍ 1969ലെ കേരളസഹകരണസംഘംനിയമനുസരിച്ചാണു പ്രവര്‍ത്തിക്കുന്നത്. അതിലെ 80(3എ) പ്രകാരം ഷെഡ്യൂള്‍1ലുള്ള സംഘങ്ങളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെത് ഒഴികെയുള്ള ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും നേരിട്ടുള്ള നിയമനം പി.എസ്.സി.ലിസ്റ്റില്‍നിന്നാണു നടത്തേണ്ടത്. 14ജില്ലാബാങ്കും അപ്പെക്‌സ് സംഘങ്ങളും ഇതില്‍ പെടും. സഹകരണസംഘംനിയമത്തിന്റെ പതിനാലാംവകുപ്പുപ്രകാരം സംഘങ്ങള്‍ക്കു രജിസ്‌ട്രാറുടെ അനുമതിയോടെ ലയിക്കുകയോ ആസ്‌തിബാധ്യതകള്‍ കൈമാറുകയോ സംഘങ്ങളെ വിഭജിക്കുകയോ ചെയ്യാം. ജില്ലാബാങ്കുകളുടെ ആസ്‌തിബാധ്യതകള്‍ സംസ്ഥാനബാങ്കിനു കൈമാറാനുള്ള വ്യവസ്ഥകള്‍ 14എ വകുപ്പിലുണ്ട്. 2019 ഫെബ്രുവരി 14നു കേരളസര്‍ക്കാര്‍ കേരളസഹകരണസംഘം ഭേദഗതിനിയമം 2019 (2019ലെ ആക്ട്1) കൊണ്ടുവന്നു. 1969ലെ നിയമത്തിന്റെ രണ്ടാംവകുപ്പു ഭേദഗതി ചെയ്‌തുകൊണ്ടാണത്. കേരളബാങ്കിനെപ്പറ്റിയുള്ള രണ്ടു ക്ലോസുകള്‍ (ക്ലോസ് ia യും ക്ലോസ് kaയും) അതില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്നു ജില്ലാബാങ്കുകള്‍ കേരളബാങ്കില്‍ ലയിച്ചു. 2019 ഫെബ്രുവരി 14മുതല്‍ 14 ജില്ലാബാങ്കുകളും പി.എസ്.സി.നിയമനം നടത്തേണ്ട ഷെഡ്യൂള്‍1 സംഘങ്ങളുടെ പട്ടികയില്‍ ഇല്ലാതായി. 1969ലെ സഹകരണസംഘംനിയമത്തിലെ 74എച്ച് വകുപ്പില്‍ ജീവനക്കാരുടെ ലയനത്തെപ്പറ്റിയും പറയുന്നുണ്ട്. കേരളബാങ്ക് നിയമനച്ചട്ടങ്ങള്‍ 2023 ്‌്ര 2021 ഓഗസ്റ്റ് രണ്ടിനു പ്രാബല്യത്തില്‍വന്നു. ഭേദഗതിചെയ്‌ത നിയമനച്ചട്ടങ്ങള്‍ പ്രകാരമായിരിക്കും നിലവിലെ ഒഴിവുകളിലെ നിയമനം എന്നു സര്‍ക്കാര്‍ഉത്തരവു വ്യക്തമാക്കുന്നു. ചട്ടംIIല്‍ സര്‍വീസിന്റെ കാറ്റഗറിയുമുണ്ട്. ക്ലര്‍ക്ക്-കാഷ്യര്‍ തസ്‌തിക പതിനൊന്നാംകാറ്റഗറിയിലാണ്. ചട്ടം IIIലാണു നിയമനവ്യവസ്ഥ. പി.എസ്.സി.വഴി നേരിട്ടുള്ള നിയമനത്തിനും. നിശ്‌ചിതയോഗ്യതയുള്ളവരും മൂന്നുകൊല്ലം സര്‍വീസുള്ളവരുമായ താഴെത്തലജീവനക്കാരില്‍നിന്നു സ്ഥലംമാറ്റനിയമനത്തിനും വ്യവസ്ഥയുണ്ട്. 3:1 എന്നതാണു നേരിട്ടുള്ള നിയമനത്തിനും സ്ഥാനക്കയറ്റനിയമനത്തിനുമുള്ള അനുപാതം. ലയനത്തിനുമുമ്പുള്ള റാങ്കുലിസ്റ്റുകളിലുള്ളവരാണു ഹര്‍ജിക്കാരെല്ലാം. അവരൊക്കെ അനുകൂലമായ ഇടക്കാലഉത്തരവുകള്‍ നേടിയിട്ടുമുണ്ട്. അതുവഴി റിട്ട്‌ഹര്‍ജികളിലെ തീര്‍പ്പിനുവിധേയമായി റാങ്കുലിസ്റ്റുകളിലെ അവരുടെ സ്ഥാനം സംരക്ഷിക്കപ്പെട്ടു. റാങ്കുലിസ്റ്റുകളുടെ കാലാവധി കഴിഞ്ഞതായി കണക്കാക്കപ്പെടുകയില്ലെന്നും വന്നു. റിട്ട്‌ഹര്‍ജികളില്‍ കക്ഷിയായിരുന്നെങ്കിലും പി.എസ്.സി. ഒരു അപ്പീലും നല്‍കിയില്ല. റാങ്കുലിസ്റ്റില്‍വരുന്നതു തസ്‌തികക്കുള്ള അവകാശമാവുന്നില്ലെന്നു ശങ്കര്‍ശന്‍ ദാസും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീംകോടതിവിധിയുണ്ട്. എന്നുവച്ചു സര്‍ക്കാരിനു സ്വേച്ഛാപരമായി പ്രവര്‍ത്തിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒഴിവു നികത്താതിരിക്കാനുള്ള തീരുമാനത്തിന് ഉചിതമായ കാരണം വേണം. ഏതെങ്കിലും നിയമനം നടത്തുകയാണെങ്കില്‍ നിയമനപ്പരീക്ഷയിലെ താരതമ്യമികവ് അംഗീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഒരു വിവേചനവും പാടില്ല. ഇതു ചൂണ്ടിക്കാട്ടി സര്‍ക്കാരും കേരളബാങ്കും ഭരണഘടനയുടെ പതിനാലാംവകുപ്പുപ്രകാരമുള്ള അവകാശം ലംഘിച്ചു സ്വേച്ഛാപരമായി പ്രവര്‍ത്തിച്ചുവെന്നാണ് ഉദ്യോഗാര്‍ഥികളുടെ വാദം. ബാങ്കുകളുടെ ലയനത്തോടെ ജില്ലാബാങ്കുകള്‍ പാടേ ഇല്ലാതായിട്ടില്ലെന്ന് അവര്‍ വാദിക്കുന്നു. ചില്ല ജില്ലാബാങ്കുകളിലേക്കു നിയമനം നടത്തിയിട്ടുമുണ്ട്. അതിനു കാരണമെന്നും പറഞ്ഞിട്ടുമില്ല. 2014 മാര്‍ച്ച് 15നു പി.എസ്.സി. നിയമനപ്രക്രിയ ആരംഭിക്കുമ്പോള്‍ സ്‌റ്റാറ്റിയൂട്ട് പ്രകാരം 1969ലെ ചട്ടങ്ങളാണു പിന്തുടരേണ്ടത്. പക്ഷേ, ലയിച്ചു എന്ന വസ്‌തുതയും നിയമപരവും വസ്‌തുതാപരവുമായ പ്രത്യാഘാതങ്ങളുമാണു സര്‍ക്കാരിനും കേരളബാങ്കിനും ഉന്നയിക്കാനുള്ളത്. 74എച്ച് വകുപ്പിന്റെ 13-ാം ഉപവകുപ്പുപ്രകാരം ലയനത്തിനുമുമ്പുള്ള ബാങ്കുകളിലെ സ്ഥിരംജീവനക്കാര്‍ക്കും പ്രൊബേഷനിലുള്ളവര്‍ക്കുംമാത്രമാണു സംരക്ഷണമെന്നും ഹര്‍ജിക്കാരായ റാങ്കുഹോള്‍ഡര്‍മാര്‍ക്ക് ഈ സംരക്ഷണമില്ലെന്നും സര്‍ക്കാരും കേരളബാങ്കും വാദിച്ചു. എന്നാല്‍ 1969ലെ നിയമത്തിന്റെ 14എ(6) പ്രകാരം ഒരോജില്ലാബാങ്കിന്റെയും ആസ്‌തികളുടെയും ബാധ്യതകളുടെയും കൈമാറ്റം രജിസ്‌ട്രാര്‍ അംഗീകരിക്കുന്ന അന്നുമുതല്‍ ആ ബാങ്കുകളുമായി ബന്ധപ്പെട്ട നിയമനടപടികള്‍ തുടരാന്‍ കേരളബാങ്ക് ബാധ്യസ്ഥമാണെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. ലയനത്തോടെ എല്ലാം അവസാനിക്കുന്നില്ല എന്ന് ഇതു വ്യക്തമാക്കുന്നു. 74എച്ച് വകുപ്പിന്റെ 12-ാം ഉപവകുപ്പുപ്രകാരം ലയനത്തിനുതൊട്ടുമുമ്പു ബാങ്കുകളുടെ പേരിലുള്ള കേസെല്ലാം (ഉത്തരവുകളും സ്യൂട്ടുകളും തിരിച്ചുപിടിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും അപ്പീലുകളുമെല്ലാംഉള്‍പ്പെടെ) ലയനത്തിലൂടെ അവയെ ഉള്‍ക്കൊണ്ട ബാങ്ക് തുടരാനും നടപ്പാക്കാനും ബാധ്യസ്ഥമാണ്. ഇവ വിശാലമായ അര്‍ഥത്തിലെടുക്കണമെന്നു കോടതി അഭിപ്രായപ്പെട്ടു. പലതരം ലയനങ്ങളും അവയ്‌ക്കു പലതരം പ്രത്യാഘാതങ്ങളുമുണ്ടാകും. വ്യത്യസ്‌തസ്റ്റാറ്റിയൂട്ടുകള്‍ പ്രകാരമുള്ള എല്ലാ ലയനങ്ങളെയും ഒറ്റമാനദണ്ഡം വച്ചു വിലയിരുത്തരുത്. ഏതെങ്കിലും സ്ഥാപനം അടച്ചുപൂട്ടുന്നതുപോലെയല്ല ലയനമെന്നു കേന്ദ്രപ്രിന്‍സിപ്പല്‍ ആദായനികുതികമ്മീഷണറും മഹാഗുണ്‍റിയാല്‍റ്റേഴ്‌സും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ലയനത്തോടെ നേരത്തേയുള്ള സംരംഭങ്ങള്‍ പുതിയൊരു വസതിയില്‍ തുടരുകയാണ്. അതുകൊണ്ടു മുന്‍സ്ഥാപനത്തിന്റെ നാശം എന്നതിന് അതീതമായി അതിനെ കാണണം. ലയനത്തിന്റെ ഫലവും സ്വഭാവവും ലയനവ്യവസ്ഥകളെയും നിയമനിര്‍മാണത്തെയും ആശ്രയിച്ചിരിക്കുന്നു. ഇവിടെ സ്റ്റാറ്റിയൂട്ടുപ്രകാരം പൂര്‍ണമായി ഇല്ലാതാകലിനു തുല്യമാകുന്നില്ല. അതിനാല്‍ ലയനത്തോടെ എല്ലാം അവസാനിച്ചു എന്ന വാദം സ്വീകാര്യമല്ല. കോസിലെ വസ്‌തുതകളുടെയും ലയനത്തിന്റെ നിയമപരമായ നിലയെപ്പറ്റി അപ്പീല്‍ദാതാക്കള്‍ എന്താണു മനസ്സിലാക്കിയിരിക്കുന്നതെന്നതിന്റെയും അടിസ്ഥാനത്തില്‍ വേണം പ്രശ്‌നം വിലയിരുത്താന്‍. ഇവിടെയാണു ലയനത്തിനുശേഷം സമാനറാങ്കുലിസ്‌റ്റിന്റെ കാര്യത്തില്‍ അധികൃതര്‍ പരസ്‌പരവിരുദ്ധനിലപാടെടുക്കുകയും ഏറ്റവും സ്വേച്ഛാപരമായി പ്രവര്‍ത്തിക്കുകയും ചെയ്‌തുവെന്ന ഹര്‍ജിക്കാരായ റാങ്കുഹോള്‍ഡര്‍മാരുടെ വാദം കടന്നുവരുന്നത.് ലയനത്തിനു ഏറെകാലത്തിനുശേഷവും, 2023 മാര്‍ച്ച് 30നും 2024 മെയ് 23നുമിടയില്‍,വിവിധജില്ലാബാങ്കുകളുടെ ഇതേ റാങ്കുലിസ്റ്റുകളില്‍നിന്നുതന്നെ ഹര്‍ജിക്കാര്‍ക്കു നിയമനോപദേശവും നിയമനവും നല്‍കിയിട്ടുണ്ട്. ഇതിന്റെ പട്ടികയുമുണ്ട്. 2023 ഓഗസ്റ്റ് 25ലെ റാങ്കുലിസ്റ്റില്‍നിന്നു കാസര്‍ഗോഡ് ജില്ലാസഹകരണബാങ്കിന്റെ ശാഖാമാനേജര്‍ തസ്‌തികയിലേക്കു പി.എസ്.സി. നിയമന അഡ്‌വൈസ് നല്‍കിയതായി ഒരു ഉദ്യോഗാര്‍ഥി അറിയിച്ചിട്ടുണ്ട്. അതിനുശേഷം ചില പ്യൂണ്‍/വാച്ച്‌മാന്‍, ഡ്രൈവര്‍ നിയമനങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ സുപ്രീംകോടതിനിര്‍ദേശങ്ങളെത്തുടര്‍ന്നായിരുന്നുവെന്നും അതില്‍നിന്നു മുതലെടുക്കരുതെന്നുമാണ് അധികൃതരുടെ വാദം. എന്നാല്‍ ഇടുക്കിജില്ലാസഹകരണബാങ്കുമായി ബന്ധപ്പെട്ട് ക്ലര്‍ക്ക്/കാഷ്യര്‍-പാര്‍ട്ട്III തസ്‌തികയില്‍ 2019 മേയ് 29, ജൂണ്‍12, ഓഗസ്റ്റ 20, ഒക്ടോബര്‍ 3 തിയതികളിലായി ഒമ്പതു പുതിയ ഒഴിവു റിപ്പോര്‍ട്ടു ചെയ്‌തു. ക്ലര്‍ക്ക്/കാഷ്യര്‍ പാര്‍ട്ട്I തസ്‌തികയിലും ഇതേതിയതികളില്‍ ഒമ്പത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 2020 ജനുവരി 29നു പി.എസ്.സി അഡ്‌വൈസ് നല്‍കുകയും ചെയ്‌തു. ഇതു ലയനത്തിനും അതീതമാണ്. ഇതിന് അധികൃതര്‍ ഒരു വിശദീകരണവും നല്‍കിയിട്ടില്ല. ഉദ്യോഗാര്‍ഥികള്‍ക്കു നിയമപരമായി അവകാശമൊന്നുമില്ലെന്നും നിലവിലില്ലാതായിക്കഴിഞ്ഞ ബാങ്കുകളുടെ പേരില്‍ പി.എസ്.സി.ക്ക് അഡ്‌വൈസ് അയക്കാനാവില്ലെന്നും വാദിക്കുകമാത്രമാണ് അധികൃതര്‍ ചെയ്യുന്നത്. ഇതു സ്വേച്ഛാപരമാണ്. അഡ്‌വൈസ് നല്‍കാന്‍ പി.എസ്.സി.ക്കു നിയമപരമായി അധികാരമില്ലെന്ന് അധികൃതര്‍ വാദിക്കുന്ന അതേറാങ്കുലിസ്റ്റുകളില്‍നിന്നുതന്നെ ചില ജില്ലാബാങ്കുകളില്‍ നിയമനം നടന്നിട്ടുണ്ട്. സഹകരണബാങ്കുകളിലെ നിയമനങ്ങളില്‍ രാഷ്ട്രീയഇടപെടലുണ്ടെന്ന ഹര്‍ജിക്കാരുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍വേണം ഇതു കാണാന്‍. സമാനലിസ്റ്റുകളില്‍നിന്നു വിവിധജില്ലാബാങ്കുകളില്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നതിന്റെയും സര്‍ക്കാര്‍ അപ്പീലുകള്‍ നല്‍കുകകയും നിയമനടപടികളുമായി മുന്നോട്ടുപോകുകയും ചെയ്‌ത രീതിയുടെയും അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളുടെ വാദത്തില്‍ കഴമ്പില്ലെന്നു പറയാനാവില്ല.
1969ലെ സഹകരണനിയമത്തിലെ ഒന്നാംഷെഡ്യൂളില്‍ വന്ന ഭേദഗതിയുടെ പശ്ചാത്തലത്തില്‍ പി.എസ്.സി.ക്ക് എത്രത്തോളം അധികാരമുണ്ടെന്നതാണ് അടുത്തപ്രശ്‌നം. ജില്ലാബാങ്കുകള്‍ക്ക് അഡ് വൈസ് അയക്കാന്‍ പി.എസ്.സി.ക്ക് അധികാരമില്ലെന്നാണ് അധികൃതരുടെ വാദം. പി.എസ്.സി. അപ്പീല്‍ നല്‍കിയിട്ടില്ല. ലയനത്തിനുശേഷവും ഇടുക്കി ജില്ലസഹകരണബാങ്കിന്റെ കാര്യത്തില്‍ അഡ്‌വൈസ് നല്‍കിയിട്ടുമുണ്ട്. ഇതിനെ അധികൃതര്‍ എതിര്‍ത്തിട്ടുമില്ല. സഹകരണബാങ്കുകളില്‍നിന്നും സര്‍ക്കാരില്‍നിന്നും വ്യത്യസ്‌തമായ സ്ഥാപനമാണു പി.എസ്.സി. 2019ലെ ഒന്നാംആക്ടിനുമുമ്പ് നിയമനങ്ങള്‍ പി.എസ്.സി.വഴി നടത്തണമെന്നുണ്ടായിരുന്നു. 2014 മാര്‍ച്ച് 15നു വിജ്ഞാപനം വരുമ്പോള്‍ ഒഴിവുകള്‍ പി.എസ്.സി.ക്കു റിപ്പോര്‍ട്ടു ചെയ്യണമെന്നും പി.എസ്.സി.നിയമനം നടത്തണമെന്നുമുള്ള ചട്ടം പാലിക്കാന്‍ ജില്ലാസഹകരണബാങ്കുകള്‍ക്കു സ്റ്റാറ്റിയൂട്ടറി ബാധ്യതയുണ്ടായിരുന്നു. 2019ലെ ഒന്നാംആക്ട് പ്രാബല്യത്തില്‍വരുമ്പോള്‍ പി.എസ്.സി.ലിസ്റ്റുകള്‍ ഉണ്ട്. 2019ലെ ഒന്നാംആക്ടിനുശേഷം പി.എസ്.സി.ക്ക് അധികാരം ഇല്ലാതാകുമോ എന്നതാണു പ്രശ്‌നം. പി.എസ്.സി.യുടെ അധികാരം ജില്ലാബാങ്കുകള്‍ക്കു ബാധകമല്ല എന്നാണ് അധികൃതരുടെ വാദം. എന്നാല്‍ 2019ലെ ഒന്നാംആക്ടിനുമുമ്പ്, പി.എസ്.സി.ക്ക് അധികാരമുണ്ടായിരുന്ന കാലത്തു തയ്യാറാക്കിയ സാധുവായ റാങ്കുലിസ്റ്റുകളില്‍നിന്ന് അഡ്‌വൈസ് അയക്കാനുള്ള പി.എസ്.സി.യുടെ അധികാരം ഇല്ലാതാകുന്നുണ്ടോ? 2019ലെ ഒന്നാംആക്ടോടെ റാങ്കുലിസ്‌റ്റുകള്‍ റദ്ദാകുന്നു എന്നാണ് ഒരു വാദം. ഭേദഗതിക്കുശേഷമുള്ള പി.എസ്.സി.യുടെ അധികാരകാര്യം പുതിയ നിയമനങ്ങള്‍ക്കേ ബാധകമാകൂ എന്നും ഭേദഗതിക്കുമുമ്പുണ്ടായിരുന്ന അധികാരപ്രകാരം തയ്യാറാക്കിയ റാങ്കുലിസ്റ്റുകളെ ബാധിക്കില്ലെന്നുമാണു മറുവാദം. ഈ വാദം നേരത്തേ തയ്യാറാക്കിയ റാങ്കുലിസ്റ്റിന്റെ കാര്യത്തിലുള്ള പി.എസ്.സി.യുടെ അധികാരത്തെ സംരക്ഷിക്കുന്ന ഒന്നാണ്. പി.എസ്.സി.യുടെ ലക്ഷ്യവും പദവിയും കണക്കിലെടുത്തു വിശാലമായിവേണം ഇതു വിലയിരുത്താന്‍. സങ്കുചിതമായ വ്യാഖ്യാനം ഒരു സ്വതന്ത്രസംവിധാനമെന്ന പി.എസ്.സി.യുടെ പദവിയെ താഴ്‌ത്തിക്കെട്ടും. രണ്ടുനിയമവ്യാഖ്യാനങ്ങള്‍ വരുമ്പോള്‍ ആധികാരികതാനുകൂലമായ വ്യാഖ്യാനമാണ് എടുക്കേണ്ടത്. അധികൃതരുടെയും പി.എസ്.സി.യുടെയും നടപടി വിലയിരുത്തിയാലും രണ്ടാമത്തെ വ്യാഖ്യാനത്തിനാണ് (നിലവിലുള്ള ലിസ്റ്റിന്റെ കാര്യത്തില്‍ പി.എസ്.സി.ക്ക് അധികാരമുണ്ടെന്ന നിലപാട്) സാധുത. റാങ്കുലിസ്റ്റിലുള്ളവര്‍ക്കനുകൂലമായ സിംഗിള്‍ജഡ്‌ജിയുടെ വിധിക്കെതിരെ പി.എസ്.സി. അപ്പീല്‍ നല്‍കിയിട്ടില്ല. ആ ഉത്തരവുപ്രകാരം ഭേദഗതിക്കുശേഷവും റാങ്കുലിസ്റ്റുകളില്‍നിന്നു പി.എസ്.സി. അഡ്‌വൈസ് നല്‍കേണ്ടതാണ്. എന്നാല്‍ ചില ഉദ്യോഗാര്‍ഥികള്‍ക്കുമാത്രമാണു പി.എസ്.സി. അഡ്‌വൈസ് അയച്ചത്. ആ അഡ്‌വൈസുകള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുമുണ്ട്. അതുകൊണ്ടുപി.എസ്.സി.യുടെ അധികാരം സംബന്ധിച്ച വിശാലവ്യാഖ്യാനത്തോട് അധികൃതരുടെ യോജിക്കുന്നു എന്നു വ്യക്തം. അതിനു വിരുദ്ധമായ നിലപാട് അധികൃതര്‍ക്ക് ഇപ്പോള്‍ കൈക്കൊള്ളാനാവുമോ എന്നതാണു ചോദ്യം. ഭേദഗതിക്കുശേഷവും ഇടുക്കിജില്ലാസഹകരണബാങ്കിന്റെ കാര്യത്തില്‍ പി.എസ്.സി.യുടെ അഡ്‌വൈസ് പ്രകാരം നിയമനം നടത്തിയ അധകൃതര്‍ ലിസ്റ്റ് പ്രാബല്യത്തിലുള്ളിടത്തോളം അഡ് വൈസ് അയക്കാനുള്ള പി.എസ്.സി.യുടെ അധികാരം അംഗീകരിക്കുകയാണു ചെയ്‌തത്. ഒരുകൂട്ടം ഉദ്യോഗാര്‍ഥികളുടെ കാര്യത്തില്‍ ഈ നിയമവ്യാഖ്യാനം സ്വീകരിച്ച നിലക്ക് ഹര്‍ജിക്കാരുടെ കാര്യത്തില്‍ വ്യത്യസ്‌തസമീപനം സ്വീകരിക്കാന്‍ അധികൃതര്‍ക്കാവില്ല. സമാനറാങ്കുലിസ്റ്റുകള്‍ ഒരേസമയം നിലനില്‍ക്കുകയും നിലനില്‍ക്കാതിരിക്കുകയും ചെയ്യുന്ന നില പറ്റില്ല. അധികൃതരുടെ ഈ സമീപനം സ്വേച്ഛാപരമാണ്. അതുകൊണ്ടു 2019ലെ ഒന്നാംആക്ടിനുമുമ്പു യഥാവിധം സാധുവായി തയ്യാറാക്കപ്പെട്ട റാങ്കുലിസ്റ്റുകളുടെ കാര്യത്തില്‍, ഭേദഗതിക്കുശേഷവും പി.എസ്.സി.യുടെ അധികാരം ഇല്ലാതാകുന്നില്ലെന്നുമാത്രമല്ല, റാങ്കുലിസ്റ്റുകളുടെ കാലാവധി തീരുംവരെ ആ അധികാരം നിലനില്‍ക്കുകയും ചെയ്യും.

ഓരോ മുന്‍ജില്ലാബാങ്കിന്റെയും സാമ്പത്തികനില പരിശോധിച്ച് തസ്‌തികകള്‍ ഉണ്ടോ എന്നു നോക്കി അവ കേരളബാങ്കില്‍ ലയിപ്പിക്കുന്നതിനാവശ്യമായ ഉത്തരവുകള്‍ നല്‍കാന്‍ സിംഗിള്‍ബെഞ്ച് സഹകരണസംഘം രജിസ്‌ട്രാറോടു നിര്‍ദേശിച്ചിരുന്നു. റാങ്കുലിസ്‌റ്റുകള്‍ നിലനില്‍ക്കെ അനുപാതം തെറ്റിച്ച് അനധികൃതനിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും നടത്തിയെന്ന ആരോപണങ്ങളുടെ കാര്യത്തില്‍ ഒറുമാസത്തിനകം രേഖാമൂലം രജിസ്‌ട്രാര്‍ക്കു പരാതി നല്‍കാന്‍ ഹര്‍ജിക്കാരോടും നിര്‍ദേശിച്ചിരുന്നു. രജിസ്‌ട്രാര്‍ അതു പരിശോധിച്ചു വാദംകേട്ടു ക്രമക്കേടുണ്ടെങ്കില്‍ റദ്ദാക്കി ഒഴിവുകള്‍ നേരിട്ടുള്ള നിയമനത്തിനായി നീക്കിവെക്കണമെന്നായിരുന്നു ഉത്തരവിലെ മറ്റൊരു നിര്‍ദേശം. കേരളബാങ്കിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനയെും കേള്‍ക്കണം. കാരണം ലയനത്തിനുമുമ്പു ക്രമവിരുദ്ധനിയമനമൊന്നും നടന്നിട്ടില്ലെന്ന് ഉറപ്പാക്കാനായി ലഭ്യമായ ഒഴിവുകള്‍പോലും നികത്തേണ്ടതില്ലെന്നു ബാങ്കു തീരുമാനിച്ചേക്കാം. മുന്‍ഉത്തരവുകളെത്തുടര്‍ന്നു നേരത്തേതന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഒഴിവുകളുടെ കാര്യത്തില്‍ റാങ്കുലിസ്റ്റുകളുടെ കാലാവധി കഴിഞ്ഞോ എന്നു നോക്കേണ്ടെന്നും വ്യക്തമാക്കി. നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെങ്കില്‍ രജിസ്‌ട്രാര്‍ക്ക് ആദ്യം ഒഴിവുകള്‍ നിശ്ചയിക്കുകയും അഡ്‌വൈസ് നല്‍കാന്‍ പി.എസ്.സി.യെ അനുവദിക്കുകയും ചെയ്യാവുന്നതാണ്. റാങ്കുലിസ്റ്റു നിലനില്‍ക്കെ നടത്തിയ നിയമനങ്ങളിലോ സ്ഥാനക്കയറ്റങ്ങളിലോ ഏതെങ്കിലും നിയമവിരുദ്ധമായിരുന്നുവെന്നു കണ്ടെത്തിയാല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ഒഴിവുകളിലേക്കു റദ്ദായ ലിസ്റ്റില്‍നിന്നു അഡ്‌വൈസ് അയക്കാം. ഇതൊക്കെ ആറുമാസത്തിനകം തീര്‍ക്കണമെന്നും നിര്‍ദേശിച്ചിരുന്നു. സമുദായക്വാട്ടഒഴിവുകള്‍ സംബന്ധിച്ച രേഖാമൂലമുള്ള ക്ലെയിമുകള്‍ പരിശോധിക്കാനും രജിസ്‌ട്രാറോടു സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
ലയനത്തോടെ ജില്ലാബാങ്കുകള്‍ ഇല്ലാതായെന്നും അതുകൊണ്ടു റാങ്കുലിസ്റ്റിലുള്ളവര്‍ക്ക് അനുകൂലമായ സിംഗിള്‍ബെഞ്ച് ഉത്തരവു പ്രായോഗികമല്ലെന്നുമായിരുന്നു അധികൃതരുടെ ഒരു വാദം. ലയനവിധേയമായ സ്ഥാപനം പൂര്‍ണമായി ഇല്ലാതകുന്നില്ലെന്നും ചില കാര്യങ്ങള്‍ സ്റ്റാറ്റിയൂട്ടറി ആയി തുടരുമെന്നും നേരത്തേ വ്യക്തമാക്കപ്പെട്ടതാണ്. വസ്‌തുതകളുടെ അടിസ്ഥാനത്തിലും അധികൃതരുടെ വാദം സ്വീകാര്യമല്ല. കാരണം സിംഗിള്‍ബെഞ്ച് വിധിയെത്തുടര്‍ന്നു രജിസ്‌ട്രാര്‍ വിശദമായി പഠിക്കുകയും 2023 ജൂണ്‍ എട്ടിന് ഒരു ഉത്തരവ് ഇറക്കുകയും ചെയ്‌തിരുന്നു. അതുപ്രകാരം കേരളബാങ്ക് വരുംമുമ്പു 14 ജില്ലാബാങ്കിനുംകൂടി അനുവദിച്ച ക്ലര്‍ക്ക്/കാഷ്യര്‍ തസ്‌തികകളുടെ എണ്ണം 1762 ആണ്. ഇതില്‍ 5:1 അനുപാതപ്രകാരം 1468 തസ്‌തികകളില്‍ പി.എസ്.സി. നിയമനം നടത്തി. കേരളബാങ്ക് രൂപവല്‍കരണഘട്ടത്തില്‍ പി.എസ്.സി.വഴി നിയമനം കിട്ടിയവരുടെ എണ്ണം 1265 ആണ്. കേരളബാങ്ക് വന്നശേഷം നിയമനം കിട്ടിയത് എട്ടുപേര്‍ക്കാണ്. ഡിഎ/എന്‍സിഎ കാറ്റഗറിയില്‍ 154 ഒഴിവുകള്‍ പി.എസ്.സി.ക്കു റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അതുകൊണ്ടു കേരളബാങ്ക് രൂപവല്‍കരണത്തിനുമുമ്പ് രജിസ്‌ട്രാര്‍ നിര്‍ദേശിച്ച പ്രകാരവും, ഹൈക്കോടതിയുടെ ഉത്തരവു പ്രകാരവും 5:1 എന്ന അനുപാതത്തില്‍ നിയമനം നടത്താന്‍ കേരളബാങ്കിനോട് ഉത്തരവിടുകയും ചെയ്‌തുകൊണ്ടുള്ളതാണ് രജിസ്‌ട്രാറുടെ ഉത്തരവ്. ഡിഎ/എന്‍സിഎ കാറ്റഗറിയിലെ 154 ഒഴിവുകളില്‍ 84 എണ്ണം റിപ്പോര്‍ട്ടു ചെയ്യാനും രജിസ്‌ട്രാര്‍ നിര്‍ദേശിച്ചിരുന്നതാണ്.

പക്ഷേ, 2023 സെപ്‌റ്റംബര്‍ ഏഴിന് ഇതു പിന്‍വലിച്ചു. പ്രായോഗികമല്ലെന്നോ തെറ്റാണെന്നോ പറഞ്ഞല്ല, സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു പറഞ്ഞാണു പിന്‍വലിച്ചത്. സിംഗിള്‍ബെഞ്ചിന്റെ ഉത്തരവു നടപ്പാക്കാനാവുമായിരുന്നുവെന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. പ്രായോഗികമോ നിയമപരമോ ആയ ബുദ്ധിമുട്ടൊന്നും പറയാതെ അതു നടപ്പാക്കാന്‍ ശ്രമിച്ചതുമാണ്. അതിനുശേഷമാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്. ഒഴിവുകള്‍ കണ്ടെത്താന്‍ സാധ്യമാണെന്നും പ്രായോഗികമാണെന്നും ഇതൊക്കെ സൂചിപ്പിക്കുന്നു. അതിനുശേഷം സിംഗിള്‍ബെഞ്ചിന്റെ ഉത്തരവു നടപ്പാക്കുന്നതു പ്രായോഗികമല്ലെന്നു വാദം സ്വീകരിക്കാനാവില്ല.
തസ്‌തികയുടെ യോഗ്യതകളും വ്യത്യസ്‌തമല്ല. ലയനത്തിനുശേഷവും ജില്ലാബാങ്കുകളില്‍ ചില ഉദ്യോഗാര്‍ഥികളെ നിയമിച്ചിട്ടുണ്ട്. 2023ലെ നിയമനച്ചട്ടങ്ങളും യോഗ്യതയില്‍ മാറ്റം വരുത്തിയിട്ടില്ല. ഒഴിവുകള്‍ കണ്ടെത്താമെന്നു 2023 ജൂണ്‍ എട്ടിലെ സഹകരണരജിസ്‌ട്രാറുടെ ഉത്തരവിലുണ്ട്. അതുകൊണ്ടു ലയനത്തിനും ചട്ടങ്ങളുടെ രൂപവല്‍കരണത്തിനുംശേഷവും പിഎസ്‌സി സാധുവായ സെലക്ഷന്‍ നടത്തി.
അപ്പീലുകള്‍ കോടതിയുടെ പരിഗണനയിലിരിക്കെ കോടതിയില്‍നിന്ന് അനുമതി വാങ്ങാതെ പുതിയചട്ടങ്ങള്‍ പ്രകാരം അപ്പീല്‍ നല്‍കിയവര്‍ നിയമനപ്രക്രിയയും സെലക്ട്‌ലിസ്റ്റ് തയ്യാറാക്കാനും നടപടി തുടങ്ങി. സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് ഇടക്കാലഉത്തരവിലൂടെ സ്റ്റേ ചെയ്‌തിരുന്നെങ്കിലും അപ്പീല്‍വാദംകേള്‍ക്കുന്ന പ്രശ്‌നമെന്ന നിലയില്‍ ഈ അനുമതി വാങ്ങേണ്ടതായിരുന്നു. അതിനാല്‍ അപ്പീലുകളില്‍ തീര്‍പ്പാകുംവരെ പുതിയ ലിസ്റ്റിനു പ്രാബല്യം നല്‍കരുതെന്നു കോടതി നിര്‍ദേശിച്ചു. നേരത്തേതന്നെ ലിസ്‌റ്റ് നിലവിലിരിക്കുകയും അതു തയ്യാറാക്കാനുള്ള പിഎസ്‌സിയുടെ അധികാരം അംഗീകരിക്കുകയും ചെയ്‌തിരിക്കെ പുതിയ ലിസ്റ്റില്‍ പെട്ടവര്‍ക്ക് ഒരവകാശവുമില്ല; ലിസ്‌റ്റുതന്നെ അപ്പീലുകളിലെ അന്തിമവിധിക്കു വിധേയമാണു താനും-ഉത്തരവില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ 2022ജൂലൈ 12ലെ സിംഗിള്‍ബെഞ്ച് വിധിയിലെ നിര്‍ദേശങ്ങള്‍ റാങ്കുലിസ്റ്റിലുള്ളവരുടെ അവകാശങ്ങള്‍ക്കു പ്രാബല്യം നല്‍കുന്നതും അപ്പീല്‍ നല്‍കിയ റാങ്കുഹോള്‍ഡര്‍മാര്‍ക്കും അര്‍ഹമാണെന്നും കോടതി വ്യക്തമാക്കി്.

