കേരളബാങ്ക് ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നില്ലെന്നു പി എസ് സി കൂട്ടായ്‌മ
കേരളബാങ്ക് ഒഴിവുകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ടു ചെയ്യുന്നില്ലെന്നു കേരളബാങ്ക് ക്ലര്‍ക്ക്/കാഷ്യര്‍ പിഎസ്‌സി കൂട്ടായ്‌മ കുറ്റപ്പെടുത്തി. ക്ലര്‍ക്ക്/ കാഷ്യര്‍ തസ്‌തികയില്‍ 1800ല്‍പരം ഒഴിവുണ്ടെന്നാണ് ഉദ്യോഗാര്‍ഥികളുടെ കണക്കുകൂട്ടലെന്നു കൂട്ടായ്‌മ അറിയിച്ചു. ഒഴിവുകളൊക്കെ റിപ്പോര്‍ട്ടുചെയ്യണമെന്നും അതനുസരിച്ചു മൂന്നുവര്‍ഷക്കാലാവധിയുള്ള റാങ്കുലിസ്‌റ്റ് പ്രസിദ്ധീകരിക്കണമെന്നും കൂട്ടായ്‌മ ആവശ്യപ്പെട്ടു.
640/2023ആയി ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ തസ്‌തികയിലേക്കും 063/2024 ആയി ക്ലര്‍ക്ക്-കാഷ്യര്‍ പൊതുവിഭാഗത്തിലേക്കും 064/2024 ആയി സൊസൈറ്റി വിഭാഗത്തിലേക്കുമാണു പിഎസ്‌സി വിജ്ഞാപനം. ഒരേ യോഗ്യതയും ഒരേ സിലബസ്സും അനുസരിച്ചു തൊട്ടടുത്ത മാസങ്ങളില്‍ പരീക്ഷ നടത്തി. അതിനാല്‍ മൂന്നിനംതസ്‌തികകളിലേക്കും ഒരേഉദ്യോഗാര്‍ഥികള്‍തന്നെ പരീക്ഷ എഴുതുകയും ചുരുക്കപ്പെട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്യാന്‍ സാധ്യത കൂടുതലാണ്. സൊസൈറ്റി വിഭാഗത്തില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കി പരീക്ഷ എഴുതിയ അര്‍ബന്‍ബാങ്ക്, സര്‍വീസ് സഹകരണബാങ്ക് എന്നിവിടങ്ങളിലെ ക്ലര്‍ക്കിനുമുകളിലുള്ള ഉദ്യോഗസ്ഥര്‍ പരീക്ഷയെഴുതി മെയിന്‍ലിസ്‌റ്റില്‍ ഉള്‍പ്പെട്ടേക്കാമെങ്കിലും പലരും ക്ലര്‍ക്ക്-കാഷ്യര്‍ജോലിയില്‍ പ്രവേശിക്കില്ലെന്ന് അറിഞ്ഞതായി കൂട്ടായ്‌മ പറയുന്നു. റിപ്പോര്‍ട്ടു ചെയ്‌ത ഒഴിവുകളും ജില്ലാസഹകരണബാങ്ക് റിപ്പോര്‍ട്ടുചെയ്‌ത ഒഴിവുകളും വിരമിക്കലും എന്‍ജെഡിയും പ്രതീക്ഷിതഒഴിവുകളും അടക്കം 1800ല്‍പരം ഒഴിവുകള്‍ ഉണ്ടാകാനിടയുണ്ട്. 2024 ഡിസംബര്‍ ആറിനു പിഎസ്‌സിയില്‍നിന്നു ലഭിച്ച വിവരാവകാശമറുപടിയില്‍ പൊതുവിഭാഗത്തില്‍ 900പേരെ മെയിന്‍ലിസ്‌്‌റ്റില്‍ ഉള്‍പ്പെടുത്തുമെന്നുണ്ട്. അതിന് ആനുപാതികമായി സൊസൈറ്റി വിഭാഗത്തിലും 900 പേരെ ഉള്‍പ്പെടുത്തേണ്ടതാണ്. പക്ഷേ, ഇതില്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരോട് സര്‍ട്ടിഫിക്കറ്റും മറ്റുരേഖകളും പിഎസ് സി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ 2024 ഡിസംബര്‍ 23നു ഫോണിലും പ്രൊഫൈലിലുമായി ആവശ്യപ്പെട്ടിട്ടുള്ളതു തീരെ കുറച്ചുപേരോടുമാത്രമാണ്. പൊതുവിഭാഗത്തിലും സൊസൈറ്റിവിഭാഗത്തിലും 207പേരെവീതം 414 ഒഴിവുകളേ കേരളബാങ്ക് റിപ്പോര്‍ട്ടു ചെയ്‌തുള്ളൂവെന്നും ക്ലര്‍ക്ക്-കാഷ്യര്‍തസ്‌തികയുടെ റാങ്കുലിസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ ആറുമാസത്തിനകം കാലാവധി തീരുമെന്നതാണ് അവസ്ഥയെന്നും കൂട്ടായ്‌മ കുററപ്പെടുത്തി.