വസ്‌തുവാങ്ങല്‍: സ്വതന്ത്രവാല്യുവര്‍മാരെ നിശ്ചയിച്ചു
സഹകരണസംഘങ്ങള്‍ വാങ്ങുന്ന സ്ഥാവരസ്വത്തുക്കളുടെയും കെട്ടിടങ്ങളുടെയും മൂല്യനിര്‍ണയം നടത്താനുള്ള കമ്മറ്റിയിലെ സ്വതന്ത്രവാല്യൂവര്‍മാരുടെ പട്ടിക ജില്ലാടിസ്ഥാനത്തില്‍ നിശ്ചയിച്ചു.ഭേദഗതിചെയ്‌ത സഹകരണസംഘംചട്ടങ്ങളിലെ 54(1ബി) പ്രകാരമാണിത്. സ്ഥാവരവസ്‌തുവിന്റെ മൂല്യം നിര്‍ണയിക്കാന്‍ രജിസ്‌ട്രാര്‍ രൂപവല്‍കരിക്കുന്ന ഒരു കമ്മറ്റിയുണ്ടായിരിക്കണമെന്ന് 54(1ബി) പറയുന്നുണ്ട്. ജോയിന്റ് രജിസ്‌ട്രാര്‍ (ജനറല്‍) അല്ലെങ്കില്‍ ബന്ധപ്പെട്ട ജില്ലയുടെ അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന്റെ ജില്ലാഓഫീസര്‍, ജില്ലയിലെ സഹകരണഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍, സംഘത്തിന്റെ പ്രവര്‍ത്തനപരിധിയിലെ പ്രാഥകികാര്‍ഷികഗ്രാമവികസനബാങ്കിന്റെ വാല്യുവേഷന്‍ ഓഫീസര്‍, റവന്യൂവകുപ്പില്‍നിന്നു ഡെപ്യൂട്ടിതഹസീല്‍ദാരുടെ പദവിയില്‍ കുറയാത്ത തസ്‌തികയില്‍നിന്നു വിരമിച്ച ഒരു ഓഫീസര്‍, സബ്‌ജിസ്‌ട്രാറുടെ പദവിയില്‍ കുറയാത്ത തസ്‌തികയില്‍നിന്നു രജിസ്‌ട്രേഷന്‍ വകുപ്പില്‍നിന്നു വിരമിച്ച ഒരു ഓഫീസര്‍ എന്നിവരടങ്ങിയതായിരിക്കണം കമ്മറ്റി. വസ്‌തുവിന്റെ വിപണീവില കണക്കിലെടുത്താണു മൂല്യനിര്‍ണയം നടത്തേണ്ടത്. കെട്ടിടമുമുള്ള സ്ഥാവരവസ്‌തുവാണെങ്കില്‍ പൊതുമരാമത്തുവകുപ്പില്‍നിന്ന് തദ്ദേശസ്വയംഭരണവകുപ്പില്‍നിന്നോ അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ പദവിയില്‍കുറയാത്ത തസ്‌തികയില്‍നിന്നു വിരമിച്ച ഒരു ഓഫീസര്‍കൂടി കമ്മറ്റിയില്‍ വേണം. കെട്ടിടത്തിന്റെ മൂല്യം നിര്‍ണയിക്കാനാണിത്. സര്‍ക്കാര്‍ സമയാസമയങ്ങളില്‍ നിശ്ചയിക്കുന്ന ന്യായവിലയോ ബന്ധപ്പെട്ട റവന്യൂഅധികാരി നല്‍കുന്ന വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റോ വസ്‌തുവിന്റെ മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ കഴിഞ്ഞ മൂന്നുകൊല്ലത്തിനുള്ളില്‍ രജിസ്‌റ്റര്‍ ചെയ്‌ത മൂന്നു വില്‍പനരേഖകളിലെ ശരാശരി വിലയോ പരിഗണിച്ചുവേണം കമ്മറ്റി മൂല്യനിര്‍ണയം നടത്തേണ്ടത്. ഇങ്ങനെ നിശ്ചയിക്കുന്ന മൂല്യം വിപണീവിലയുമായി പൊരുത്തപ്പെടുന്നതല്ലെങ്കില്‍ വിപണീവിലയനുസരിച്ചാണു മൂല്യനിര്‍ണയം നടത്തേണ്ടത് എന്നും 54(1ബി)യിലുണ്ട്. ഇതുപ്രകാരം കമ്മറ്റിയില്‍ നിയോഗിക്കാവുന്ന വിരമിച്ച ഉദ്യോഗസ്ഥരുടെ പട്ടിക നിശ്ചയിച്ചാണ് ഉത്തരവായിട്ടുള്ളത്.
വസ്‌തു വാങ്ങുമ്പോള്‍ സംഘങ്ങള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചും സഹകരണചട്ടം 54(1 ) പ്രകാരവുമാണ് 54(1ബി) അനുസരിച്ചുള്ള കമ്മറ്റി രൂപവല്‍കരിക്കേണ്ടതെന്ന് സഹകരണസംഘം രജിസ്‌ട്രാര്‍ ഡോ. ഡി.സജിത്‌ബാബു ഓഗസ്‌റ്റ് 16ന്‌ഇറക്കിയ ആര്‍സിഎസ്/ 8080/2025/-ജി(3) നമ്പര്‍ ഉത്തരവില്‍ പറയുന്നു. സ്വതന്ത്രവാല്യുവര്‍മാര്‍ക്ക് 1500 രൂപ വാല്യുവേഷന്‍ഫീസും 500രൂപ ദിനബത്തയും (പരമാവധി 1500രൂപ) നല്‍കണം. പട്ടികയിക്കു രണ്ടുവര്‍ഷം പ്രാബല്യമുണ്ടായിരിക്കും.