ഐ.സി.എ-എ.പി സഹകരണവര്‍ഷാചരണത്തിനു തുടക്കമിട്ടു
അന്താരാഷ്ട്ര സഹകരണസഖ്യം ഏഷ്യാ-പസഫിക് (ഐസിഎ-എപി) മേഖലയുടെ അന്താരാഷ്ട്രസഹകരണവര്‍ഷാചരണത്തിനു ടോക്യോയിലെ ഐക്യരാഷ്ട്ര സര്‍വകലാശാലയില്‍ ഔദ്യോഗികമായി തുടക്കം കുറിച്ചു. ഐസിഎ-എപിക്കൊപ്പം ഐവൈസി2025 ജപ്പാന്‍ കമ്മറ്റിയും അന്താരാഷ്ട്രതൊഴില്‍സംഘടനയുടെ ജപ്പാന്‍ കാര്യാലയവും സംയുക്തമായാണ് അതിഥേയത്വം വഹിച്ചത്. നേരിട്ടും ഓണ്‍ലൈനിലുമായി 700 പ്രതിനിധികള്‍ പങ്കെടുത്തു. ഐസിഎ പ്രസിഡന്റ് ഏരിയല്‍ ഗുവാര്‍കോ, ഐസിഎ-എപി പ്രസിഡന്റ് ഡോ. ചന്ദ്രപാല്‍സിങ് യാദവ് തുടങ്ങിയവര്‍ സംസാരിച്ചു. ഐക്യത്തിന്റെയും പങ്കാളിത്തത്തിന്റെയും സമാധാനത്തിന്റെയും അടിസ്ഥാനത്തില്‍ സഹകരണസമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കണമെന്ന് ഗുവാര്‍കോ പറഞ്ഞു. ലാഭത്തെക്കാള്‍ സമൂഹനന്‍മയ്‌ക്കു പ്രാധാന്യം നല്‍കുന്ന പങ്കാളിത്തസമ്പദ്‌വ്യവസ്ഥയിലേക്കു തൊഴിലാളികളെയും ഉപഭോക്താക്കളെയും ഉല്‍പാദകരെയും നിക്ഷേപകരെയും സ്വാഗതം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്രസഹകരണവര്‍ഷാചരണം വിജയിപ്പിക്കാന്‍ സര്‍ക്കാരുകളും ബന്ധപ്പെട്ടമന്ത്രാലായങ്ങളുമായി സഹകാരികള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നു ചന്ദ്രപാല്‍സിങ് യാദവ് പറഞ്ഞു. സഹകരണസ്ഥാപനങ്ങള്‍ സാമൂഹികമാറ്റത്തിന്റ വാഹകര്‍കൂടിയാകണമെന്നും അദ്ദേഹം പറഞ്ഞു. ജപ്പാനിലെ ഡെപ്യൂട്ടി ചീഫ് ക്യാബിനറ്റ് സെക്രട്ടറി കെയിചിറോ ടാചിബാന, സഹകരണപ്രസ്ഥാനങ്ങളെ പ്രോല്‍സാഹിപ്പിക്കാനുള്ള പാര്‍ലമെന്റംഗങ്ങളുടെ സമിതിയുടെ ചെയര്‍പേഴ്‌സണായ ഹിരോഷി മൊറിയാമ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
കാലാവസ്ഥാവ്യതിയാനം സാമ്പത്തികഅസമത്വം, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയെ നേരിടാനുള്ള മാര്‍ഗങ്ങളെക്കുറിച്ചു ചര്‍ച്ച നടന്നു. ഐഎല്‍ഒ ജപ്പാന്‍ കാര്യാലയത്തിലെ ഷിനിച്ചി തകസാക്കി, ഐഎല്‍ഒയുടെ സഹകരണ-സാമൂഹിക-ഐക്യദാര്‍ഢ്യസമ്പദ്‌വ്യവസ്ഥാ പരിപാടിയുടെ മാനേജര്‍ സിമെല്‍ എസിം എന്നിവര്‍ ചര്‍ച്ച നയിച്ചു. അന്താരാഷ്ട്രസഹകരണവര്‍ഷാചരണകര്‍മപദ്ധതികളും അവതരിപ്പി്‌ക്കപ്പെട്ടു. യുവാക്കളെ സഹകരണപ്രസ്ഥാനനേതൃത്വത്തിലേക്കു കൂടുതലായി കൊണ്ടുവരുന്നതിനെപ്പറ്റിയും ചര്‍ച്ച നടത്തി. നേപ്പാള്‍, ഫിലിപ്പീന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സഹകരണവിജയകഥകളെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ആഗോളതലത്തില്‍ സഹകരണസംരംഭങ്ങള്‍ ശക്തിപ്പെടുത്തണമെന്നു സഹകരണവര്‍ഷാചരണത്തിനമുള്ള ജപ്പാന്‍സമിതിയുടെ സെക്രട്ടറി ജനറല്‍ മാസഹിറോ ഹിഗ ആഹ്വാനം ചെയ്‌തു.