ലോകസഹകരണോല്‍സവം മാഞ്ചസ്‌റ്ററില്‍
അന്താരാഷ്ട്രസഹകരണദിനാഘോഷത്തോടനുബന്ധിച്ചു നൂറില്‍പരം രാജ്യങ്ങളില്‍നിന്നായി സഹകരണമേഖലയിലെ 600ല്‍പരം പ്രമുഖര്‍ ജൂലൈ അഞ്ചിനു യുകെയില്‍ ലോകസഹകരണപ്രസ്ഥാനത്തിന്റെ കളിത്തൊട്ടിലായ മാഞ്ചസ്റ്ററില്‍ സംഗമിക്കും. അന്താരാഷ്ടച്രസഹകരണസഖ്യത്തിന്റെ (ഐസ്‌എ) ബോര്‍ഡ് യോഗവും അസാധാരണപൊതുയോഗവും ചേരുന്നതിനോടനുബന്ധിച്ചു ജൂലൈ രണ്ടിന് ആരംഭിച്ച നാലുദിവസത്തെ സമ്മേളനത്തിന്റെ സമാപനം കുറിച്ചുകൊണ്ടാണിത്. സഹകരണോല്‍സവം (ഫെസ്റ്റിവല്‍ ഓഫ് കോഓപ്പറേറ്റീവ്‌സ് ) എന്നു പേരിട്ടുള്ള സമ്മേളനം ഐസിഎയുടെ 130-ാംവാര്‍ഷികത്തിന്റെ കൂടി ഭാഗമാണ്. ജൂലൈ അഞ്ച് ഐക്യരാഷ്ട്രസംഘടന അന്താരാഷ്ട്രസഹകരണദിനമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ നിന്നു ദേശീയസഹകരണയൂണിയന്‍ പ്രസിഡന്റ് ഡോ. ചന്ദ്രപാല്‍സിങ് യാദവിന്റെ നേതൃത്വത്തില്‍ വലിയൊരു സംഘം സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്‌്. ഇഫ്‌കോ ചെയര്‍മാന്‍ ദിലീപ് സംഘാനി, മാനേജിങ് ഡയറക്ടര്‍ ഡോ. യുഎസ് അവാസ്‌തി തുടങ്ങിയവര്‍ സംഘത്തില്‍ ഉള്‍പ്പെടുന്നു. കോഓപ്പറേറ്റീവ് ഗ്രൂപ്പും കോഓപ്പറേറ്റീവ്‌സ് യുകെയും ചേര്‍ന്നാണു സമ്മേളനം സംഘടിപ്പിക്കുന്നത്. 1844 ല്‍ റോച്‌ഡേല്‍ പയനിയര്‍മാര്‍ സഹകരണസ്റ്റേര്‍ തുറന്നുകൊണ്ട് ആധുനികസഹകരണപ്രസ്‌ഥാനത്തിനു ജന്‍മം നല്‍കിയ നഗരമാണു മാഞ്ചസ്റ്റര്‍. അതിന്റെ 180-ാംവാര്‍ഷികാഘോഷങ്ങളും പുരോഗമിക്കുകയാണ്. ഐസിഎ പ്രസിഡന്റ് ഏരിയല്‍ ഗുവാര്‍കോ, നടനും നിര്‍മാതാവുമായ സ്‌റ്റീവ് കൂഗന്‍, സാമ്പത്തികകമന്റേറ്റര്‍ ഹ്രേസ് ബ്ലേക്‌ലി, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബോണ്‍ഹാം, കോഓപ്പറേറ്റീവ് യുകെ സിഇഒ റോസ് മാര്‍ലി, വിഎംഇ കോഓപ്പിന്റെ സിഇഒ സ്റ്റീഫന്‍ ഗില്‍, മിഡ് കൗണ്ടീസ് കോഓപ്പറേറ്റീവിന്റെ സിഇഒ ഫില്‍ പോണ്‍സണ്‍ബി തുടങ്ങിയവര്‍ സംസാരിക്കുന്നുണ്ട്. 2026-30 കാലത്തേക്കുള്ള സഹകരണതന്ത്രങ്ങല്‍ സമ്മേളനം ആവിഷ്‌കരിക്കും.