ജിഎസ്‌ടി ഉത്തരവ്‌: ഈ സാമ്പത്തികവര്‍ഷം ന്യൂനതയില്‍ ചൂണ്ടിക്കാട്ടരുത്‌ – സഹകരണവീക്ഷണം

Deepthi Vipin lal

സഹകരണസംഘങ്ങളുടെ ഓഡിറ്റില്‍ ജിഎസ്‌ടി യഥാസമയം അടച്ചിട്ടുണ്ടോ എന്നു പരിശോധിക്കണമെന്ന ഉത്തരവിന്റെ കാര്യത്തില്‍, ഈ സാമ്പത്തികവര്‍ഷം ഓഡിറ്റ്‌ സര്‍ട്ടിഫിക്കറ്റില്‍ പ്രശ്‌നം ന്യൂനതയില്‍ ചൂണ്ടിക്കാട്ടുന്നത്‌ ഒഴിവാക്കണമെന്നു സഹകരണവീക്ഷണം കൂട്ടായ്‌മ സഹകരണസംഘം രജിസ്‌ട്രാര്‍ക്കു നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ഥിച്ചു. അടുത്ത സാമ്പത്തികവര്‍ഷം ഈ സര്‍ക്കുലര്‍ നടപ്പാക്കുമ്പോള്‍ തങ്ങള്‍ക്കുള്ള ആറു നിര്‍ദേശങ്ങള്‍കൂടി പാലിക്കണമെന്നും നിവേദനത്തില്‍ അഭ്യര്‍ഥിച്ചു.

സഹകരണവകുപ്പുദ്യോഗസ്ഥരുടെയും ജിഎസ്‌ടി ഉദ്യോഗസ്ഥരുടെയും സോഫ്‌റ്റുവെയര്‍ വെണ്ടര്‍മാരുടെയും സഹകരണസംഘംപ്രതിനിധികളുടെയും സംയുക്തയോഗം വിളിച്ച്‌ സഹകരണസ്ഥാപനങ്ങളുടെ സോഫ്‌റ്റുവെയറില്‍ വേണ്ട മാറ്റങ്ങളും ക്രമീകരണങ്ങളും വരുത്തുക, ഈ മാറ്റങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ഏതെല്ലാം ഇനങ്ങളില്‍ എത്രശതമാനം ജിഎസ്‌ടി ഈടാക്കണമെന്നു കൃത്യമായി നിര്‍ദേശിക്കുക, ജീവനക്കാര്‍ക്ക്‌ ഇക്കാര്യങ്ങളില്‍ താലൂക്കുതലപരിശീലനം നല്‍കുക, എല്ലാ സംഘങ്ങള്‍ക്കും സോഫ്‌റ്റുവെയര്‍ ക്രമീകരിക്കാന്‍ സമയം നല്‍കുകയും ക്രമീകരിക്കാന്‍ അവയോടു നിര്‍ദേശിക്കുകയും ചെയ്യുക, 2017ല്‍ നിലവില്‍വന്ന ജിഎസ്‌ടി നിയമത്തില്‍ ഇതുവരെയുള്ള ഇടപാടുകളില്‍ സംഘങ്ങള്‍ക്കു വല്ല വീഴ്‌ചയും വന്നിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി ഇളവനുവദിപ്പിക്കുകയും അതിനു പ്രായോഗികനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുക എന്നിവയാണ്‌ ആറു നിര്‍ദേശങ്ങള്‍.


സംഘങ്ങളില്‍ ഒരുമുന്നൊരുക്കവും ഇല്ലാതിരിക്കെയാണ്‌ ഉത്തരവു വന്നതെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പ്രാഥമികസംഘങ്ങളുടെ സോഫ്‌റ്റുവെയറില്‍ ഏതൊക്കെ ഇനങ്ങളില്‍ ജിഎസ്‌ടി ഈടാക്കണമെന്നോ എങ്ങനെ റിട്ടേണ്‍ നല്‍കണമെന്നോ ഇല്ല. രണ്ടുകാര്യത്തിലും സഹകരണവകുപ്പിലോ ജിഎസ്‌ടി വകുപ്പിലോനിന്നു വ്യക്തമായ നിര്‍ദേശം കിട്ടിയിട്ടുമില്ല. അതുകൊണ്ട്‌ ഈ സാമ്പത്തികവിര്‍ഷം ഈ വിഷയം ന്യൂനതാനോട്ടില്‍ ചൂണ്ടിക്കാട്ടുകയും ഓഡിറ്റ്‌ സര്‍ട്ടിഫിക്കറ്റില്‍ ന്യൂനതയില്‍ ചൂണ്ടിക്കാട്ടുന്നത്‌ ഒഴിവാക്കുകയും വേണമെന്നാണ്‌ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Latest News