ജിഎസ്‌ടി:ഐഎംഎ കേസിലെ വിധി സംഘങ്ങള്‍ക്കും ഗുണമായേക്കുമെന്നു പ്രതീക്ഷ

Moonamvazhi

ജിഎസ്‌ടിക്കാര്യത്തില്‍ ഐഎംഎ കേസിലെ വിധി സഹകരണസ്ഥാപനങ്ങള്‍ക്കു സഹായകമായേക്കുമെന്നു പ്രതീക്ഷ. കേന്ദ്ര,കേരള ജിഎസ്‌ടി നിയമങ്ങളിലെ നാലു വകുപ്പുകളും അവയുടെ വിശദീകരണവും ഭരണഘടനാവിരുദ്ധമാണെന്നും അസാധുവാണെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള വിധി ഐഎംഎക്കു 2017മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ജിഎസ്‌ടി ചുമത്തിയ നടപടി റദ്ദാക്കിയിട്ടുമുണ്ട്‌. ഏപ്രില്‍ 11നു കേരളഹൈക്കോടതി ജഡ്‌ജിമാരായ ജസ്‌റ്റിസ്‌ എ.കെ. ജയശങ്കരന്‍നമ്പ്യാര്‍, ജസ്റ്റിസ്‌ ഈശ്വരന്‍ എസ്‌ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചാണു വിധി പ്രഖ്യാപിച്ചത്‌.

തങ്ങളുടെതും സമാനസാഹചര്യമാണെന്നു ബോധ്യപ്പെടുത്തി ആ വിധിയുടെ ആനുകൂല്യം തങ്ങള്‍ക്കും നേടാനായേക്കുമെന്ന പ്രതീക്ഷയിലാണു പല സഹകരണസംഘങ്ങളും. ഐഎംഎ കേസിലെ വിധിയില്‍ സഹകരണസ്ഥാപനങ്ങള്‍ എന്ന്‌ എടുത്തുപറയുന്നില്ല. ക്ലബ്ബുകളും അസോസിയേഷനുകളും എന്നാണുള്ളത്‌. അവ അംഗങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങള്‍ക്കു ജിഎസ്‌ടി ചുമത്താനാവില്ല എന്നാണു വിധിയുടെ കാതല്‍. കാരണം അംഗങ്ങളും ക്ലബ്ബും ഒരേ സംവിധാനത്തിന്റെ ഭാഗമാണ്‌. അവിടെ പാരസ്‌പര്യ(മ്യൂച്വാലിറ്റി)തത്വത്തിന്റെ അടിസ്ഥാനത്തില്‍ അംഗങ്ങള്‍ക്കിടയില്‍ നടപ്പാക്കുന്ന സേവനങ്ങള്‍ക്കുംമറ്റും വില്‍ക്കുന്നയാളും വാങ്ങുന്നയാളും തമ്മിലുള്ള നികുതിവിധേയമായ വിതരണം എന്ന ഭരണഘടനാപരമായ അര്‍ഥം വരില്ല എന്നാണു വിധിയിലെ നിഗമനം. സഹകരണസംഘങ്ങളും അംഗങ്ങളുംതമ്മിലുള്ള ഇടപാടുകളും പാരസ്‌പര്യതത്വപ്രകാരം പരസ്‌പരസഹായാടിസ്ഥാനത്തില്‍ ചെയ്യുന്ന കാര്യങ്ങളാണെന്നും, അവയെ നികുതി ബാധകമായ വിതരണം എന്ന അര്‍ഥത്തിലെടുക്കുന്നതു ശരിയല്ലെന്നും ഈ വിധിയുടെ അടിസ്ഥാനത്തില്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താമെന്നു പല സഹകാരികളും കരുതുന്നു. പ്രതീക്ഷിക്കാത്തതും അതുകൊണ്ടുതന്നെ സേവനം നല്‍കപ്പെട്ടവരില്‍നിന്നു പിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതുമായ ഒരു നികുതി മുന്‍കാലപ്രാബല്യത്തോടെ ചുമത്തുന്നതു നിയമവാഴ്‌ചക്ക്‌ എതിരാണെന്നു വിധിയിലുണ്ട്‌. 2017ലെ സിജിഎസ്‌ടി നിയമത്തിലെ 2(17)ഇ, 7(1)എഎ, അവയുടെ വിശദീകരണം, കെജിഎസ്‌ടി നിയമത്തിലെ 2(17)(ഇ), 7(1)എഎ, അവയുടെ വിശദീകരണം എന്നിവയാണു ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചത്‌. നേരത്തേ ഐഎംഎ കേരള നല്‍കിയ ഹര്‍ജിയില്‍, ജിഎസ്‌ടി ചുമത്തിയ നടപടി സിംഗിള്‍ബെഞ്ച്‌ ശരിവച്ചിരുന്നു. എങ്കിലും മുന്‍കാലപ്രാബല്യം റദ്ദാക്കി. ജിഎസ്‌ടി ചുമത്തിയതു ശരിവച്ചതിനെതിരെ ഐഎംഎയും മുന്‍കാലപ്രാബല്യം റദ്ദാക്കിയതിനെതിരെ ജിഎസ്‌ടി അധികൃതരും കേന്ദ്ര,സംസ്ഥാനസര്‍ക്കാരുകളും റിട്ട്‌ഹര്‍ജികള്‍ നല്‍കി. അതിലാണ്‌ ഏപ്രില്‍ 11ലെ വിധി.

അംഗങ്ങള്‍ക്കു നല്‍കിയ സേവനങ്ങളുടെ പേരില്‍ ജിഎസ്‌ടി ഇന്റലിജന്‍സ്‌ ഡയറക്ടറേറ്റ്‌ ജനറല്‍ നീതിപൂര്‍വകമല്ലാത്ത നടപടികളെടുക്കുന്നു എന്നാണ്‌ ഐഎംഎയുടെ പരാതി. അംഗങ്ങള്‍ക്കു നല്‍കിയ സേവനങ്ങള്‍ക്കു നികുതി ബാധകമല്ലെന്ന്‌്‌ ഐഎംഎ വാദിച്ചു. 2017-18 സാമ്പത്തികവര്‍ഷംമുതല്‍ 2021-22 സാമ്പത്തികവര്‍ഷംവരെയുള്ള കാലത്തെ രേഖകള്‍ ആവശ്യപ്പെട്ട്‌ ഐഎംഎക്കു സമന്‍സ്‌ ലഭിച്ചിരുന്നു. ജിഎസ്‌ടി നിയമപ്രകാരം രജിസ്‌ട്രേഷന്‍ എടുത്തതിന്റെ വിശദവിവരങ്ങള്‍, ഓഡിറ്റ്‌ ചെയ്‌ത കണക്കുകള്‍, മറ്റുസാമ്പത്തികരേഖകള്‍ എന്നിവ ഹാജരാക്കാനായിരുന്നു സമന്‍സ്‌. തങ്ങള്‍ അംഗങ്ങള്‍ക്കു നല്‍കിയ സേവനങ്ങള്‍ക്കു നികുതി ബാധകമല്ലെന്ന്‌ ഐഎംഎ മറുപടി നല്‍കി. അംഗങ്ങളായ ഡോക്ടര്‍മാര്‍ക്കുവേണ്ടി പരസ്‌പരസ്‌കീമുകള്‍ ഐഎംഎ നടത്തുന്നുണ്ട്‌. സാമൂഹികസുരക്ഷാസ്‌കീമുകള്‍, പ്രൊഫഷണല്‍ ഡിസെബിലിറ്റി സപ്പോര്‍ട്ട്‌ സ്‌കീം, പ്രൊഫഷണല്‍ പ്രൊട്ടക്ഷന്‍ സ്‌കീം, കേരള ഹെല്‍ത്ത്‌ സ്‌കീം, പെന്‍ഷന്‍ സ്‌കീം, മ്യൂച്വല്‍ ബെനഫിറ്റ്‌ സ്‌കീം, പേഷ്യന്റ്‌ കെയര്‍ സ്‌കീം തുടങ്ങിയവയാണിവ. എല്ലാ സ്‌കീമും അംഗഡോക്ടര്‍മാരെ സഹായിക്കാനാണ്‌. ഒന്നുരണ്ടെണ്ണം ഡോക്ടര്‍മാരുടെ ഏറ്റവുംഅടുത്ത കുടുംബാംഗങ്ങളെ സഹായിക്കാനും. അംഗങ്ങള്‍ ഇതിനായി പ്രവേശനഫീസ്‌, വാര്‍ഷികഫീസ്‌, സാഹോദര്യസംഭാവന എന്നിവ അടക്കുന്നുണ്ട്‌. ഓരോ സ്‌കീമിനും വെവ്വേറെ ബാങ്ക്‌ അക്കൗണ്ടും ഉണ്ട്‌. ഈ സേവനങ്ങള്‍ക്കു ജിഎസ്‌ടി ബാധകമല്ലെന്നാണ്‌ ഐഎംഎ കരുതിയിരുന്നത്‌. പരസ്‌പരസഹായതത്വത്തിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പാക്കുന്ന വിധത്തില്‍ ക്ലബ്ബുകളും അസോസിയേഷനുകളും തങ്ങളുടെ അംഗങ്ങള്‍ക്കു നല്‍കുന്നതാണ്‌ ഇത്തരം സേവനങ്ങളെന്നതിനാല്‍ സേവനവിതരണത്തിന്‍മേല്‍ ഈടാക്കുന്ന ജിഎസ്‌ടി ഇവയ്‌ക്കു ബാധകമല്ലെന്ന്‌ ഐഎംഎ വാദിച്ചു. ക്ലബ്ബോ അസോസിയേഷനോ അംഗങ്ങള്‍ക്കു സേവനം നല്‍കുമ്പോള്‍ അതു വേറെയാര്‍ക്കുമല്ല അതിലെ അംഗങ്ങള്‍ക്കുതന്നെയാണു ലഭിക്കുന്നത്‌ എന്നതാണ്‌ ഇത്തരം സേവനങ്ങള്‍ നികുതിയില്‍നിന്ന്‌ ഒഴിവാക്കപ്പെടാനുള്ള അടിസ്ഥാനം. അംഗങ്ങള്‍ തങ്ങള്‍ക്കുതന്നെ നല്‍കുന്ന സേവനങ്ങളാണവ. പക്ഷേ, ഈ അടിസ്ഥാനം 2017ലെ കേന്ദ്രജിഎസ്‌ടിനിയമത്തിലെയും കേരള ജിഎസ്‌ടി നിയമത്തിലെയും ഭേദഗതി വഴി ഒഴിവാക്കപ്പെട്ടു. അതോടെ ക്ലബ്ബും അസോസിയേഷനും അംഗങ്ങള്‍ക്കു നല്‍കുന്ന സേവനത്തിനും നികുതി ബാധകമായി. അവ നികുതി ബാധകമായ `വിതരണം’ആയി. 2021ല്‍ ഫിനാന്‍സ്‌ ആക്ട്‌ ഭേദഗതി ചെയ്‌ത്‌ ഇതിന്‌ 2017 ജൂലൈ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യവും നല്‍കി.

ഈ ഭേദഗതികള്‍ മൗലികാവകാശലംഘനമാണെന്നു വാദിച്ചും സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതില്‍നിന്ന്‌ എതിര്‍കക്ഷികളെ വിലക്കണമെന്ന്‌ അപേക്ഷിച്ചും ഐഎംഎ. നല്‍കിയ ഹര്‍ജിയാണ്‌ സംഗിള്‍ബെഞ്ച്‌ വിധിക്കും തുടര്‍ന്നു ഡിവിഷന്‍ബെഞ്ചിന്റെ പരിഗണനയ്‌ക്കും വിധേയമായത്‌. പാരസ്‌പര്യതത്വം (മ്യൂച്വാലിറ്റി) പ്രകാരം ക്ലബ്ബ്‌, അസോസിയേഷന്‍ എന്നിവയും അവയിലെ അംഗങ്ങളും ഒരേസ്വത്വം (ഐഡന്റിന്റി) ആണെന്ന കാര്യം പൊതുനിയമത്തില്‍ പണ്ടേ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്ന്‌ ഐഎംഎക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. അതുകൊണ്ടു ക്ലബ്ബും അംഗങ്ങളും തമ്മിലുള്ള ഇടപാടിനെ വില്‍പന എന്നു വിളിക്കാനാവില്ല. ഇന്‍കോര്‍പറേറ്റ്‌ ചെയ്യപ്പെട്ട ക്ലബ്ബുകള്‍ക്കുപോലും ഈ തത്വം ബാധകമാണ്‌. നികുതിനിയമങ്ങളുടെ കാര്യത്തിലും, അംഗങ്ങളുടെതായ ക്ലബ്ബ്‌ (ഇന്‍കോര്‍പറേറ്റ്‌ ചെയ്‌തതടക്കം) ഘടനാപരമായി മാത്രമാണു കമ്പനി ആകുന്നത്‌. കോര്‍പറേഷന്‍ ലാഭനികുതി ബാധകമാകുന്ന വിധത്തിലുള്ള വ്യാപാരമോ ബിസിനസോ അല്ല അത്‌ നടത്തുന്നത്‌. അതിഥികളെ പ്രവേശിപ്പിക്കുമ്പോള്‍പോലും ക്ലബ്ബിന്‌ അതിന്റെ അംഗങ്ങളില്‍നിന്നു വ്യത്യസ്‌തമായ നിലനില്‍പില്ലെന്നു സുപ്രീംകോടതിവിധിയുണ്ട്‌. കമ്പനി നിയമപ്രകാരം ഇന്‍കോര്‍പറേറ്റ്‌ ചെയ്‌ത ക്ലബ്ബിനെപ്പോലും ബിസിനസ്‌ നടത്തുന്ന ലിമിറ്റഡ്‌ കമ്പനിയുടെ സ്വഭാവത്തിലുള്ള, നിയമപരമായി വേറൊരു സ്ഥാപനമായി കാണാനാവില്ലെന്നുമുണ്ട്‌ സുപ്രീംകോടതിവിധി. ക്ലബ്ബ്‌ അംഗങ്ങള്‍ക്കു നല്‍കിയ ഭക്ഷ്യ-പാനീയങ്ങള്‍ക്കു വില്‍പന നികുതി ഈടാക്കിയ നടപടി സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്‌. ക്ലബ്ബ്‌/അസോസിയേഷനില്‍നിന്നു വില്‍പനനികുതി ഈടാക്കുന്നതിനു നിയമസാധുത നല്‍കാനായി കൊണ്ടുവന്ന 46-ാംഭരണഘടനാഭേദഗതിപോലും മ്യൂച്വാലിറ്റി തത്വം അംഗീകരിക്കുന്നുണ്ട്‌. ആ ഭേദഗതിപോലും സാധനങ്ങള്‍ക്കല്ലാതെ സേവനങ്ങള്‍ക്കു നികുതി ഏര്‍പ്പെടുത്തുന്നില്ല. ജിഎസ്‌ടിയുടെ നിര്‍വചനപ്രകാരം അതു ചരക്കു-സേവനങ്ങളുടെ വിതരണത്തിന്‍മേലുള്ള നികുതിയാണ്‌. വിതരണം ആയി കണക്കാക്കണമെങ്കില്‍ അതു വെവ്വേറെ ആളുകള്‍ തമ്മിലായിരിക്കണം; ഇവിടെ അങ്ങനെയല്ല. – ഇതൊക്കെയാണ്‌ ഐഎംഎക്കുവേണ്ടി അഭിഭാഷകര്‍ വാദിച്ചത്‌. 2021ലെ ഫിനാന്‍സ്‌ ആക്ട്‌ ക്ലബ്ബ്‌/അസോസിയേഷനെയും അതിലെ അംഗങ്ങളെയും വെവ്വേറെയായ രണ്ടു വ്യക്തികളെപ്പോലെ കണക്കാക്കുകയും ക്ലബ്ബും/അസോസിയേഷനും അംഗങ്ങളുംതമ്മിലുള്ള പ്രവര്‍ത്തനങ്ങളെയും ഇടപാടുകളെയും നികുതി ഈടാക്കാവുന്നയാക്കി മാറ്റുകയും ചെയ്‌തു. ചരക്കുകള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതിനു നികുതി ഈടാക്കുന്നതിനെപ്പറ്റിയാണു നിയമത്തിലുള്ളത്‌. സംസ്ഥാനനിയമസഭകള്‍ തൊഴില്‍കരാറും വില്‍പനയായി കണക്കാക്കുന്ന വിധത്തില്‍ അതു വിപുലമാക്കിയപ്പോള്‍ കോടതി അതു റദ്ദാക്കുകയാണുണ്ടായത്‌ തുടങ്ങിയ കാര്യങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടു.

ഐഎംഎ ചൂണ്ടിക്കാട്ടുന്ന കല്‍ക്കട്ട ക്ലബ്‌ കേസിലെ വിധി പശ്ചിമബംഗാള്‍ വില്‍പനനികുതിനിയമവുമായും സേവനനികുതിയുമായുംമാത്രം ബന്ധപ്പെട്ടതാണെന്ന്‌ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ജിഎസ്‌ടി എന്നാല്‍ അര്‍ഥം മദ്യം ഒഴിച്ചുള്ള ഏതു ചരക്കിന്റെയും സേവനത്തിന്റെയും വിതരണത്തിന്‍മേലുള്ള നികുതി എന്നാണ്‌. നികുതി ചുമത്താനും പരമാവധി നികുതി പിരിക്കാനുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താനും നിയന്ത്രണമില്ലാത്ത അധികാരം പാര്‍ലമെന്റിനും നിയമസഭകള്‍ക്കുമുണ്ട്‌. ഐഎംഎ 1955ലെ ട്രാവന്‍കൂര്‍ – കൊച്ചിന്‍ ലിറ്റററി സയന്റിഫിക്‌ ആന്റ്‌ ചാരിറ്റബിള്‍ സൊസൈറ്റീസ്‌ രജിസ്‌ട്രേഷന്‍ ആക്ട്‌ പ്രകാരം രജിസ്റ്റര്‍ ചെയ്‌തതാണ്‌. ഒരാള്‍ അംഗമല്ലാതാക്കപ്പെടുകയോ സംഘംതന്നെ പിരിച്ചുവിടപ്പെടുകയോ ചെയ്‌താലും അസോസിയേഷന്റെ സ്വത്തുകള്‍ അംഗങ്ങള്‍ക്കായി വിതരണം ചെയ്യാന്‍ അവകാശമില്ല. സംഘവും അംഗങ്ങളുംതമ്മില്‍ തര്‍ക്കമുണ്ടായാല്‍ സംഘത്തിന്‌ അംഗങ്ങള്‍ക്കെതിരെ കോടതിയില്‍ കേസ്‌ കൊടുക്കാന്‍ അധികാരമുണ്ട്‌. അതിനാല്‍ മ്യൂച്വാലിറ്റിതത്വം ബാധകമാണെന്ന വാദവും, അസോസിയേഷനും അംഗങ്ങളും ഒന്നുതന്നെയാണെന്ന വാദവും ഇവിടെ ശരിയല്ല. ഹോട്ടലുകള്‍, ബാര്‍, ഗസ്‌റ്റ്‌ഹൗസുകള്‍, ബയോമെഡിക്കല്‍ മാലിന്യനിര്‍മാര്‍ജനപ്ലാന്റ്‌, പാര്‍പ്പിടസമുച്ചയങ്ങളുടെ നിര്‍മാണം, അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആരോഗ്യഇന്‍ഷുറന്‍സ്‌ ഏര്‍പ്പാടാക്കല്‍ തുടങ്ങി വിവിധ ബിസിനസ്‌ സംരംഭങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്യങ്ങളില്‍ ഐഎംഎ ഏര്‍പ്പെടുന്നുണ്ട്‌. ഐഎംഎ കേരളയുടെ സ്‌കീമുകള്‍ ഏഴു ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാര്‍ ഓഡിറ്റ്‌ ചെയ്യുന്നുണ്ട്‌. പക്ഷേ, വേറൊരു പാന്‍ നേടിയശേഷം പ്രവര്‍ത്തിക്കുന്ന ഇമേജ്‌ എന്ന സ്ഥാപനത്തിന്റെതൊഴികെ ഒരു പ്രവര്‍ത്തനവും അവര്‍ ജിഎസ്‌ടി വകുപ്പിനെ അറിയിച്ചില്ല. വകുപ്പ്‌ പരിശോധനാനടപടികള്‍ തുടങ്ങിയപ്പോള്‍ മാത്രമാണ്‌ ഐഎംഎ തങ്ങളുടെ വിവിധ സ്‌കീമുകള്‍ക്കു ജിഎസ്‌ടി നല്‍കാനാരംഭിച്ചത്‌. നിയമനിര്‍മാണസംവിധാനങ്ങള്‍ക്കു മുന്‍കാലപ്രാബല്യത്തോടെയും ഭാവികാലപ്രാബല്യത്തോടെയും നിയമങ്ങള്‍ നിര്‍മിക്കാന്‍ അധികാരമുണ്ട്‌. അതിനാല്‍ മുന്‍കാലപ്രാബല്യത്തോടെ ജിഎസ്‌ടി ആവശ്യപ്പെട്ടതില്‍ തെറ്റില്ല. കല്‍ക്കട്ട ക്ലബ്‌ കേസിലെ സുപ്രീംകോടതിവിധിക്കുശേഷമുണ്ടായ സംശയം തീര്‍ക്കാനാണു പാര്‍ലമെന്റ്‌ നിയമം ഭേദഗതി ചെയ്‌തത്‌. അതിനാല്‍ അതിനു മുന്‍കാലപ്രാബല്യമുണ്ട്‌. അതുകൊണ്ടു മുന്‍കാലപ്രാബല്യത്തോടെ ജിഎസ്‌ടി പിരിക്കാന്‍ ശ്രമിച്ചതില്‍ തെറ്റില്ല. ഏതാണ്ടെല്ലാ അസോസിയേഷനുകളും ക്ലബ്ബുകളും ഇന്‍കോര്‍പറേറ്റഡ്‌ സ്ഥാപനങ്ങളും അംഗങ്ങള്‍ക്കു നല്‍കുന്ന സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും സര്‍വീസ്‌ നികുതി പിരിക്കുകയും അടക്കുകയും ചെയ്യുന്നുണ്ട്‌. അതുകൊണ്ട്‌ ജിഎസ്‌ടി പിരിക്കാനുള്ള നീക്കം അപ്രതീക്ഷിതമായിരുന്നുവെന്ന ഐഎംഎയുടെ നിലപാട്‌ ശരിയല്ല.- ഇതൊക്കെയായിരുന്നു ജിഎസ്‌ടി അധികൃതര്‍ക്കും കേന്ദ്ര,കേരളസര്‍ക്കാരുകള്‍ക്കുമുള്ള വാദം.

വാദങ്ങള്‍ കേട്ട ശേഷം, രണ്ടുവ്യക്തികള്‍ തമ്മിലുള്ള ഇടപാടിനാണു നികുതി ചുമത്താവുന്നതെന്നു ഭരണഘടന വ്യക്തമാക്കിയിരിക്കെ, രണ്ടുവ്യക്തികള്‍ ഉള്‍പ്പെടാത്ത ഇടപാടിനെ നികുതി ഈടാക്കാവുന്ന ഇടപാടായി നിയമനിര്‍മാണസഭയ്‌ക്ക്‌ എങ്ങനെ കണക്കാക്കാനാവുമെന്ന പ്രശ്‌നം ഇതിലുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഇവിടെ സിജിഎസ്‌ടി/ എസ്‌ജിഎസ്‌ടി നിയമത്തിലെ ഭേദഗതി `വിതരണം’ എന്ന വാക്കിന്റെ നിര്‍വചനത്തില്‍ പണത്തിനോ പിന്നീടു നല്‍കേണ്ട പേമെന്റിനോ മൂല്യവത്തായ മറ്റു പരിഗണനകള്‍ക്കോ ആയി അംഗങ്ങളുമായോ ഘടകങ്ങളുമായോ തിരിച്ചോ നടത്തുന്ന പ്രവര്‍ത്തനങ്ങളും ഇടപാടുകളും ഉള്‍പ്പെടും എന്നു വ്യക്തമാക്കാനാണ്‌. അത്തരം പ്രവര്‍ത്തനങ്ങളെയോ ഇടപാടുകളെയോ ഉള്‍പ്പെടുത്തിക്കൊണ്ടു സേവനം എന്ന പരികല്‍പനയില്‍ മാറ്റം വരുത്തിയിട്ടില്ല.

നിയമനിര്‍മാണസഭ സ്റ്റാറ്റിയൂട്ട്‌ വഴി ഒരു വാക്കിന്‌ അഥവാ ആശയത്തിന്‌ ഭരണഘടനയില്‍ ആ വാക്കിന്‌ അല്ലെങ്കില്‍ ആശയത്തിനുള്ള അംഗീകരിക്കപ്പെട്ട അര്‍ഥത്തില്‍നിന്നു വ്യത്യസ്‌തമായ അര്‍ഥം നല്‍കി എന്നതാണു പ്രശ്‌നം. ഒരു വാക്ക്‌ അല്ലെങ്കില്‍ ആശയം സുപ്രീംകോടതി നിര്‍വചിച്ചുകഴിഞ്ഞാല്‍, നിയമനിര്‍മാണസഭയ്‌ക്ക്‌, സ്റ്റാറ്റിയൂട്ട്‌ ഉണ്ടാക്കാനുള്ള ഭരണഘടനാപരമായ അവകാശം ഉപയോഗിച്ചുകൊണ്ട,്‌ സുപ്രീംകോടതി ആ വാക്കിന്‌ അല്ലെങ്കില്‍ ആശയത്തിനു ഭരണഘടനാദൃഷ്ട്യാ നല്‍കിയതില്‍നിന്നു വ്യത്യസ്‌തമായ അര്‍ഥം നല്‍കാനാവില്ലെന്നാണു കോടതിയുടെ അഭിപ്രായം. അതുകൊണ്ടു ഭരണഘടനാഭേദഗതിക്കുശേഷം `വിതരണം’ എന്ന വാക്കിന്‌ നല്‍കിയ അര്‍ഥത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ വിതരണം നടന്നിട്ടുണ്ടെന്നു കരുതിയാല്‍പോലും, സേവനം എന്ന വാക്കിന്റെ അര്‍ഥത്തിനു മാറ്റം വന്നിട്ടില്ല. അതിനാല്‍ ഇവിടെ ജിഎസ്‌ടി വകുപ്പ്‌ ഉദ്ദേശിക്കുന്ന വിധത്തിലുള്ള നികുതിവിധേയമാകുന്ന `സേവനം’ ഇല്ല.

ക്ലബ്ബോ അസോസിയേഷനോ അംഗങ്ങള്‍ക്കു നല്‍കുന്ന സേവനത്തെ ജിഎസ്‌ടി ഈടാക്കാവുന്ന സേവനമായി കണക്കാക്കാവുന്ന വിധത്തിലൊരു ഭരണഘടനാഭേദഗതി ഉണ്ടായിട്ടില്ലെന്ന ഹര്‍ജിക്കാരുടെ വാദം പ്രസക്തമാണ്‌. 46-ാംഭരണഘടനാഭേദഗതിക്കുശേഷവും പാരസ്‌പര്യതത്വത്തിന്റെ പ്രാബല്യം തുടരുന്നുണ്ടെന്നു കല്‍ക്കട്ട ക്ലബ്ബ്‌ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുമുണ്ട്‌. ആ നിലയ്‌ക്ക്‌ പാര്‍ലമെന്റ്‌ പാസ്സാക്കിയ ഭേദഗതി ഭരണഘടനാവിരുദ്ധമായി കണക്കാക്കേണ്ടിവരും. കാരണം വിതരണം എന്ന വാക്കിനു ഭരണഘടനയിലുള്ള അര്‍ഥത്തിനു ചേരാത്ത ഒരര്‍ഥം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതിയാണത്‌. ഭരണഘടനപ്രകാരമുള്ള അര്‍ഥത്തെ സ്റ്റാറ്റിയൂട്ടിലൂടെ വികസിപ്പിക്കാന്‍ നിയമനിര്‍മാണസഭയ്‌ക്ക്‌ അധികാരമില്ല. നിയമസഭകള്‍ നികുതിയുടെ വല വ്യാപിപ്പിക്കാനായി വില്‍പന എന്ന വാക്കിന്റെ അര്‍ഥം സ്റ്റാറ്റിയൂട്ടുകളിലൂടെ വികസിപ്പിച്ചപ്പോള്‍, ഭരണഘടനയിലുള്ള അര്‍ഥത്തിനും അപ്പുറമാണത്‌ എന്നു പറഞ്ഞുകൊണ്ടു സുപ്രീംകോടതി ആ ഭേദഗതികള്‍ റദ്ദാക്കിയിട്ടുമുണ്ട്‌. ആ വിധികള്‍ മറികടക്കാന്‍ ഭരണഘടനയുടെ 366 (29) എ യില്‍ ആറ്‌ ഉപവ്യവസ്ഥകള്‍ ചേര്‍ത്തു ഭരണഘടന ഭേദഗതി ചെയ്‌തു.

വിതരണത്തിനും സേവനത്തിനും രണ്ടുപേര്‍ (നല്‍കുന്നയാളും സ്വീകരിക്കുന്നയാളും) ഉണ്ടായിരിക്കണം എന്നതാണ്‌ ആ വാക്കുകളുടെ നിയമദൃഷ്ട്യാ ഉള്ള വ്യാഖ്യാനം. 46-ാംഭരണഘടനാഭേദഗതിക്കു ശേഷവും പാരസ്‌പര്യതത്വത്തിനു പ്രാബല്യമുണ്ടെന്നു കല്‍ക്കട്ട ക്ലബ്ബ്‌കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്‌. പാലിക്കാന്‍ ബാധ്യസ്ഥമായ കീഴ്‌വഴക്കത്തിന്റെ ശക്തിയുള്ള വിധിയാണിത്‌. വിതരണം, സേവനം എന്നീ ആശയങ്ങളില്‍നിന്നു പാരസ്‌പര്യതത്വം എടുത്തുമാറ്റിക്കൊണ്ടുള്ള ഭരണഘടനാഭേദഗതി ഉണ്ടായിട്ടുമില്ല. അതിനാല്‍ സിജിഎസ്‌ടി/എസ്‌ജിഎസ്‌ടി നിയമങ്ങളില്‍ വരുത്തിയ ഭേദഗതി ഭരണഘടനാപരമല്ല. ഈ സാഹചര്യത്തില്‍ 2017ലെ സിജിഎസ്‌ടി നിയമത്തിലെ 2(17)ഇ, 7(1)എഎ, അവയുടെ വിശദീകരണം, കെജിഎസ്‌ടി നിയമത്തിലെ 2(17)(ഇ), 7(1)എഎ, അവയുടെ വിശദീകരണം എന്നിവ ഭരണഘടനാവിരുദ്ധവും അസാധുവുമാണ്‌. ഇവ അസാധുവായതിനാല്‍ അവയുടെ മുന്‍കാലപ്രാബല്യത്തിന്റെ പ്രസക്തി ഉദിക്കുന്നില്ല. എങ്കിലും മുന്‍കാലപ്രാബല്യം റദ്ദാക്കിയ സിംഗിള്‍ബെഞ്ച്‌ വിധിയോടുള്ള യോജിപ്പ്‌ ഡിവിഷന്‍ബെഞ്ച്‌ രേഖപ്പെടുത്തി. നിയമനിര്‍മാണം അടക്കം സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനത്തിലും നീതിതത്വം പാലിക്കണം. കാരണം അതു ഭരണഘടനയുടെ അടിസ്ഥാനസവിശേഷതയായ നിയമവാഴ്‌ചയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്‌. തങ്ങള്‍ പ്രതീക്ഷിക്കാത്തതും അതുകൊണ്ടുതന്നെ സേവനം നല്‍കപ്പെട്ടവരില്‍നിന്നു പിരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതുമായ ഒരു നികുതി മുന്‍കാലത്തേക്കു ബാധകമാകുന്ന വിധം ചുമത്തി പരോക്ഷനികുതിയുടെ അടിസ്ഥാനസ്വഭാവംമാറ്റുന്ന സ്റ്റാറ്റിയൂട്ടറി വ്യവസ്ഥ ഏര്‍പ്പെടുത്തുന്നതു നിയമവാഴ്‌ചക്ക്‌ എതിരാണ്‌. സര്‍ക്കാര്‍ ഈ നിയമനിര്‍മാണത്തിനു മതിയായ ന്യായീകരണം നല്‍കേണ്ടതുണ്ട്‌. കഴിഞ്ഞ 70കൊല്ലംകൊണ്ട്‌ അധികാരത്തിന്റെ സംസ്‌കാരത്തില്‍നിന്നു നീതിമത്‌കരണത്തിന്റെ സംസ്‌കാരത്തിലേക്കുള്ള പുരോഗമനം ഉറപ്പാക്കുന്ന ഗ്യാരണ്ടികളാണു ഭരണഘടന പൗരര്‍ക്കു പ്രദാനം ചെയ്‌തിട്ടുള്ളത്‌. അതുകൊണ്ട്‌ പൗരരുടെ ഭരണഘടനാപരമായ അവകാശങ്ങളില്‍ കൈവയ്‌ക്കുന്ന എല്ലാ പ്രവര്‍ത്തനത്തിനും മതിയായ നീതീകരണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്‌. അത്തരം ഒരു നീതീകരണവും ഈ സ്റ്റാറ്റിയൂട്ട്‌ വ്യവസ്ഥകള്‍ക്കു മുന്‍കാലപ്രാബല്യം നല്‍കുന്നതിനില്ലെന്നു വിധിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഐഎംഎയുടെ ഹര്‍ജിയും അതില്‍ അഭ്യര്‍ഥിച്ച കാര്യങ്ങളും അനുവദിച്ചു. മറ്റു രണ്ടു റിട്ടു ഹര്‍ജികള്‍ തള്ളി. ജിഎസ്‌ടി ഇന്റലിജന്‍സ്‌ ഡയറക്ടറേറ്റിന്റെ അഡീഷണല്‍ ഡയറക്ടര്‍, കേന്ദ്ര റവന്യൂവകുപ്പു സെക്രട്ടറി (കേന്ദ്രസര്‍ക്കാരിനുവേണ്ടി), ജിഎസ്‌ടി കൗണ്‍സില്‍, ജിഎസ്‌ടി ഇന്റലിജന്‍സ്‌ ഡയറക്ടറേറ്റ്‌ ജനറലിന്റെ കോഴിക്കോട്‌ റീജിയണല്‍ യൂണിറ്റ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരും സംസ്ഥാനധനവകുപ്പുസെക്രട്ടറിയും (കേരളസര്‍ക്കാരിനുവേണ്ടി) നല്‍കിയതാണു തള്ളപ്പെട്ട ഹര്‍ജികള്‍.

ഈ വിധിയുടെ അടിസ്ഥാനത്തില്‍, ഒരു സഹകരണസംഘം അതിലെ അംഗങ്ങളുമായി നടത്തുന്ന ഇടപാടുകളെ വിതരണമായി കണക്കാക്കാനാവില്ലെന്നും അതിനാല്‍ നികുതിവിധേയമാകില്ലെന്നും ചൂണ്ടിക്കാട്ടാനാവുമെന്നു പല സഹകാരികളും കരുതുന്നു. സഹകരണസംഘം അംഗങ്ങള്‍ക്കു കൊടുക്കുന്ന വായ്‌പകള്‍ക്കും സബ്‌സിഡിയോടെയുള്ള വില്‍പനകള്‍ക്കും ജിഎസ്‌ടി ബാധകമല്ലെന്നു വാദിക്കാനായേക്കും. എന്നാല്‍ സഹകരണസ്ഥാപനം അതിലെ അംഗങ്ങളല്ലാത്തവരുമായി നടത്തുന്ന ഇടപാടുകളുടെ കാര്യം വ്യത്യസ്‌തമായിരിക്കും. അധികൃതരെ ജിഎസ്‌ടി ഒഴിവിനായി സമീപിക്കുമ്പോള്‍ അംഗത്വപ്പട്ടിക, ഇടപാടുകള്‍ സംഘവും അംഗങ്ങളുംതമ്മില്‍ മാത്രമാണെന്നതിനുള്ള രേഖകള്‍ തുടങ്ങിയവ ഹാജരാക്കേണ്ടിവരാം.

 

Moonamvazhi

Authorize Writer

Moonamvazhi has 369 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!