കൃഷിഭൂമിക്കായി നവോഥൻ പദ്ധതി :മന്ത്രി പ്രസാദ്
കൃഷിക്കായി ഭൂമി നൽകാൻ താല്പര്യം ഉള്ളവരെയും ഭൂമി ആവശ്യം ഉള്ളവരെയും ഉൾപ്പെടുത്തിയുള്ള ഏകോപന വേദിയായി നവോഥൻ പദ്ധതി നടപ്പാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. അടുത്ത നിയമസഭ സമ്മേളനം ആവുമ്പോൾ ക്രോപ് കൾട്ടിവേറ്റേഴ്സ് റൈറ്റ് കാർഡ് തയ്യാറാകുമെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട് സരോവാരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ കർഷക ഉത്പാദക സംഘടന കളുടെ വിപണന പ്രദർശന മേളയായ എഫ് പി ഒ മേള 2025 ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആശംസാവാചകങ്ങൾ കൊണ്ടോ, ആശീർവാദങ്ങൾ കൊണ്ടാ അല്ല കർഷകർക്ക് ആദരമർപ്പിക്കേണ്ടതെന്നും അന്ത:സ്സോടെയുള്ള ജീവിത സാഹചര്യം ഉറപ്പാക്കുന്നതിന് ഉൽപ്പന്നങ്ങൾക്ക് മാന്യമായ വില നൽകാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
തങ്ങൾ ഉത്പാദിപ്പിച്ച ഉത്പന്നങ്ങൾക്ക് വില നിശ്ചയിക്കാൻ അധികാരമില്ല എന്നതാണ് കർഷകർ എക്കാലവും നേരിടുന്ന വെല്ലുവിളി. കർഷകരെ ദൈവമായി അവതരിപ്പിക്കുകയും പ്രകീർത്തനം നടത്തുകയും ചെയ്യുമ്പോഴും കർഷകർക്ക് മാന്യമായ ജീവിത സാഹചര്യം ഉറപ്പാക്കാനാവുന്നില്ല. വില നിശ്ചയിക്കുന്നതിനുള്ള അധികാരം കർഷകർക്കാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പതിവ് കാർഷിക വൃത്തികൾ കൂടാതെ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽപനക്ക് ലഭ്യമാക്കുന്ന സാഹചര്യം കൂടി ഉണ്ടാകണം. നമ്മുടെ സംസ്ഥാനം പ്രാഥമിക കാർഷിക മേഖലയിലാണ് കഴിഞ്ഞ കാലം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പുതിയ കാലത്ത് ദ്വിതീയ കാർഷിക മേഖലയിൽ ഊന്നിയുള്ള ഉത്പാദനവും വിപണനവും ഗൗരവത്തിൽ സമീപിക്കണം. കർഷക കൂട്ടായ്മകളെ ഇതിനായി ഫലപ്രമായി പ്രയോജനപ്പെടുത്താം. ഇരു രീതികളെയും സംയോജിപ്പിച്ചാകും സർക്കാർ മുന്നേറുക. കൃഷിക്കാരന്റെ വരുമാനത്തിനും സ്വയം പര്യാപ്തതക്കുമാണ് സർക്കാർ മുൻഗണ നൽകുക.
മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഭാഗമായി തന്നെ മൂല്യവർദ്ധിത കൃഷിയും സാധ്യമാകും. ഇത് സംയോജിപ്പിച്ചുള്ള പദ്ധതികളാണ് നമുക്കാവശ്യം. ഒരു കൃഷിഭവൻ 5 മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാവുന്ന നില നമുക്ക് കൈവരിക്കണം. നാട്ടിലും മറുനാട്ടിലും സാധ്യമായ വിപണികൾ കണ്ടെത്താനാകണം. നമ്മുടെ നാടിന്റേ കാലാവസ്ഥ, പശ്ചിമഘട്ടം, ഭൂമി തുടങ്ങിയ ഒട്ടനേകം പ്രത്യേകതകൾ കൊണ്ട് നമ്മുടെ ഉത്പന്നങ്ങൾക്ക് ഗുണമേന്മ കൂടുതലാണ്. കർഷക സംഘങ്ങളെയും കൂട്ടായ്മകളെയും ഉപയോഗപ്പെടുത്തി വിപണന സാധ്യതകൾ വർദ്ധിപ്പിക്കും. സംസ്ഥാനത്ത് ഇരുപത്തി മൂവായിരത്തിലധികം കൃഷിക്കൂട്ടങ്ങൾ രൂപീകരിക്കാനായി.
കൃഷി സർവ്വകാല സർവ്വകാല പ്രസക്തമാണ്. ആ പ്രാധാന്യം കണക്കിലെടുത്ത് ഇടപെടുന്നതിന് ഭരണകൂടങ്ങളും സർക്കാറുകളും തയ്യാറാവണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.നൂറിലധികം എഫ് പി ഒ കൾ ഇതിനകം യാഥാർത്ഥ്യമായെന്നും മന്ത്രി അറിയിച്ചു.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കാബ്കോ അഡീഷണൽ മാനേജിങ്ങ് ഡയറക്ടർ സാജു കെ സുരേന്ദ്രൻ കാബ്കോ സംരംഭങ്ങളെ പരിചയപ്പെടുത്തി. ഡെപ്യൂട്ടി അഗ്രികൾച്ചറൽ മാർക്കറ്റിങ്ങ് അഡ്വൈസർ ഡോ. അനിൽ കുമാർ ആർ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ രജനി മുരളീധരൻ, എ യു ഡബ്യു എം വേങ്ങേരി മാർക്കറ്റ് സെക്രട്ടറി സൂസമ്മ ജോർജ്ജ് എന്നിവർ ആശംസ നേർന്നു. എസ് എഫ് എ സി കേരള മാനേജിങ്ങ് ഡയറക്ടർ ബീനമോൾ ആന്റണി സ്വാഗതവും എ ടി എം എ കോഴിക്കോട് പ്രൊജക്ട് ഡയറക്ടർ സപ്ന എസ് നന്ദിയും പറഞ്ഞു.
കെ ഇ ആർ എ പദ്ധതി സംരംഭങ്ങൾ സംബന്ധിച്ച് ലോങ്ക പ്രൊജക്ട് അസിസ്റ്റന്റ് ഡയറക്ടറും ടീം ലീഡറുമായ ജേക്കബ് ജോയ്, ഉത്പാദന സഖ്യങ്ങൾ സംബന്ധിച്ച് കെ ഇ ആർ എ സേഫ് ഗാർഡ് സ്പെഷ്യലിസ്റ്റ് ഡോ. യമുന എസ് എന്നിവർ വിഷയാവതരണങ്ങൾ നടത്തി. പ്രദർശനം ഞായറാഴ്ച സമാപിക്കും.സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർട്ടിയം, കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങൾ, സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേരള അഗ്രോ ബിസിനസ് കമ്പനി എന്നിവരുടെ കുട്ടായ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്.ആഗ്രികൾച്ചറൽ പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡിവലപ്മെന്റ് അതോറിറ്റി, നബാർഡ്, കാനറ ബാങ്ക്, നാഷണൽ ഹോർട്ടികൾച്ചറൽ ബോർഡ്, കേരള ക്ലൈമറ്റ് റസിലിയന്റ് അഗ്രി വാല്യു ചെയിൻ മോഡേണൈസേഷൻ പദ്ധതി എന്നിവയുടെ പിന്തുണയോടെയാണ് മേള.
പങ്കാളിത്തവും സഹകരണവും വളർത്തുന്നതിനുള്ള ബിസിനസ് ടു ബിസിനസ് ഇടപെടലുകൾ, അഭിമുഖങ്ങൾ, അഗ്രി ബിസിനസ് ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശ്രേണി ഉൾക്കൊള്ളിച്ചു വിവിധ എഫ് പി ഒ കൾ ഒരുക്കുന്ന അമ്പതിൽ പരം സ്റ്റാളുകൾ, വിപണനവും ബ്രാൻഡിങ്ങും കാര്യക്ഷമത മെച്ചപ്പെടുത്തലും സാമ്പത്തിക കാര്യങ്ങളും തുടങ്ങി അഗ്രി ബിസിനസ്സിന്റെ വിവിധ സാധ്യതകളെ കുറിച്ചുള്ള വിദഗ്ധരുടെ പ്രഭാഷണങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (എഫ് പി ഒ), കമ്പനികൾ (എഫ് പി സി) എന്നിവർക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി കെ ഇ ആർ എ പദ്ധതി മുഖേന ഉത്പാദന സഖ്യ സംരംഭത്തിന് തുടക്കമിടൽ,കലാ സാംസ്കാരിക പരിപാടികൾ തുടങ്ങിയവ മേള യുടെ ഭാഗമായുണ്ട്