ജപ്‌തി പാടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന പിന്‍വലിക്കണം
വായ്‌പയ്‌ക്കു ജാമ്യം നല്‍കുന്നതു വീടും പുരയിടവുമാണെങ്കില്‍ ജപ്‌തി ചെയ്യരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന പിന്‍വലിക്കണമെന്നു കോഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാനപ്രസിഡന്റ് അഡ്വ. ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി എന്‍ ഭാഗ്യനാഥും മുഖ്യമന്ത്രിയോടു നിവേദനത്തില്‍ ആവശ്യപ്പെട്ടു. സിബില്‍ സ്‌കോര്‍ ഇല്ലെന്നു പറഞ്ഞു സാധാരണക്കാര്‍ക്കു കുറഞ്ഞ സെന്റ് സ്ഥലവും പുരയിടവും വീടും പണയപ്പെടുത്തി വാണിജ്യബാങ്കുകളും പൊതുമേഖലാബാങ്കുകളും പുതുതലമുറബാങ്കുകളും വായ്‌പ നല്‍കില്ല. സിബില്‍സ്‌കോര്‍ നോക്കാതെ അഞ്ചുസെന്റില്‍ താഴെയാണെങ്കിലും ഈടു സ്വീകരിച്ച് വായ്‌പ കൊടുക്കുന്നതു പ്രാഥമിസഹകരണബാങ്കുകളാണ്. മുതലും പലിശയും അടക്കാന്‍ തീരെ നിവൃത്തിയില്ലാത്തവരുടെ ജപ്‌തി ഒഴിവാക്കുന്നതിന് എതിരല്ല. എന്നാല്‍ ജപ്‌തി ചെയ്യുക എന്നതു സര്‍ക്കാരിന്റെ നയമല്ല എന്ന പൊതുപ്രസ്‌താവനയാണു മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയത്. ഇതു വായ്‌പ തിരിച്ചടക്കുന്നതില്‍നിന്നു ജനങ്ങളെ പിന്തിരിപ്പിക്കാനും വീടുണ്ടെങ്കില്‍ വായ്‌പ തിരിച്ചടക്കേണ്ട എന്ന സമീപനം ഉണ്ടാകാനും ഇടയാക്കും. സഹകരണബാങ്കുകളിലെ കുടിശ്ശിക വര്‍ധിക്കുകയും നിക്ഷേപം തിരിച്ചുകൊടുക്കാനാവതെ വരികയും ചെയ്യും. അതു നിധി ബാങ്കുകളിലേക്കും മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളിലേക്കും പുതുതലമുറബാങ്കുകളിലേക്കും വാണിജ്യബാങ്കുകളിലേക്കും നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെടാനിടയാക്കും.
സഹകരണബാങ്കുകളെ ജപ്‌തി നിരോധനബില്‍ നേരിട്ടു ബാധിക്കില്ലെന്നു വാദിക്കാമെങ്കിലും കിടപ്പാടം നഷ്ടപ്പെടുന്നുവെന്നു വായ്‌പയെടുത്തവര്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പരാതി നല്‍കിയാല്‍ വകുപ്പുദ്യോഗസ്ഥരായ സെയില്‍ ഓഫീസറുടെയും രജിസ്‌ട്രാറുടെയും ജപ്‌തി നടപടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും നിര്‍ത്തിവെപ്പിക്കാനും സര്‍ക്കാരിന് ഉത്തരവിലൂടെ സാധിക്കും. ജനപ്രീതിക്കായുള്ള ഇത്തരം പ്രസ്‌താവനകള്‍ ദൂരവ്യാപകപ്രത്യഘാതം ഉണ്ടാക്കും. ഇളവുകള്‍ നല്‍കുമ്പോള്‍ പ്രതിസന്ധിയിലാകുന്ന സംഘങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കണമെന്നും, സാമ്പത്തികപ്രതിസന്ധിയിലൂടെ മുന്നോട്ടുപോകുന്ന മല്‍സരാധിഷ്‌ഠിത കമ്പോളത്തില്‍ ബദല്‍സംവിധാനം ഒരുക്കി സംഘങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും, പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നിലപാടില്‍നിന്നു പിന്തിരിയണമെന്നും ഇരുവരും ആവശ്യപ്പെട്ടു.