മല്‍സ്യത്തൊഴിലാളികള്‍ക്കായി ആഴക്കടല്‍ ട്രോളറുകള്‍ നീറ്റിലിറക്കി
പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയിൽ രണ്ട് ആഴക്കടല്‍ മല്‍സ്യബന്ധനട്രോളറുകള്‍ കേന്ദ്ര സഹകരണമന്ത്രികൂടിയായ ആഭ്യന്തരമന്ത്രി അമിത്‌ഷാ നീറ്റിലിറക്കി. തീരപ്രദേശങ്ങള്‍ സഹകരണാധിഷ്‌ഠിതമായി വികസിപ്പിക്കുന്നതിലും മല്‍സ്യബന്ധനമേഖലയെ ആധനികീകരിക്കുന്നതിലും സുപ്രധാനമാണിതെന്ന് മുംബൈ മസഗോണ്‍ ഡോക്കില്‍ നടന്ന ചടങ്ങില്‍ ഷാ പറഞ്ഞു. സഹകരണമേഖലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നീലസമ്പദ്‌വ്യവസ്ഥ ശക്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സഹകരണപ്രസ്ഥാനങ്ങളിലൂടെ മല്‍സ്യബന്ധനവ്യവസായത്തിന്റെ ലാഭം വര്‍ധിപ്പിക്കാനും കഠിനാധ്വാനികളായ ദരിദ്രമീന്‍പിടിത്തക്കാരുടെ വീടുകളിലേക്കു കൂടുതല്‍ വരുമാനമെത്തിക്കാനും ഇത്തരം നടപടികള്‍ക്കു കഴിയും. നിലവില്‍ ട്രോളറുകളില്‍ പണിയെടുക്കുന്നവര്‍ക്കു ശമ്പളമാണു കിട്ടുന്നത്. സഹകരണാധിഷ്‌ഠിതമായ മല്‍സ്യബന്ധനംവഴി ട്രോളറുകളില്‍നിന്നുള്ള വരുമാനംമുഴുവന്‍ അതില്‍ ഉള്‍പ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കുതന്നെ കിട്ടും. തുടക്കത്തില്‍ ഇത്തരം 14 ട്രോളറുകളാണു പുറത്തിറക്കുകയെന്നും കേന്ദ്രസര്‍ക്കാരും സഹകരണമന്ത്രാലയവും ഫിഷറീസ് വകുപ്പും സഹകരിച്ചു കൂടുതല്‍ ട്രോളറുകള്‍ മല്‍സ്യത്തൊഴിലാളികള്‍ക്കായി ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ ട്രോളറുകള്‍ക്ക് 25ദിവസംവരെ ആഴക്കടലില്‍ കഴിയാനും 20ടണ്‍വരെ മല്‍സ്യം പിടിച്ചുകൊണ്ടുവരാനും കഴിയും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കടലില്‍നിന്നു കിട്ടുന്ന മീനുകളെ തീരത്തെത്തിക്കാനും കൂടുതല്‍ വലിയ കപ്പലുകള്‍ ലഭ്യമാക്കും. 11000 കിലോമീറ്റര്‍ ദുരമുള്ള കടലോരങ്ങളില്‍ താമസിച്ചു ജീവിതമാര്‍ഗം കണ്ടെത്തുന്ന ദരിദ്രസഹോദരീസഹോദരന്‍മാര്‍ക്കായി വന്‍പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ഷാ അറിയിച്ചു. മഹാരാഷ്ട്രമുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിന്‍ഡെ, അജിത് പവാര്‍, കേന്ദ്രസഹകരണസഹമന്ത്രി മുര്‍ളീധര്‍ മോഹോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


