കര്‍ഷക സഹകരണ സംഘങ്ങള്‍ക്കായി ഐസിഎഎപി-ഹെയ്‌ഫര്‍ ഇന്റര്‍നാഷണല്‍ ധാരണാപത്രം

Moonamvazhi

ഏഷ്യയിലും പസഫിക്‌ മേഖലയിലും കര്‍ഷകസഹകരണസംഘങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക്‌ മേഖലാസമിതിയും (ഐസിഎ-എപി) ഹെയ്‌ഫെര്‍ ഇന്റര്‍നാഷണലുമായി ധാരണാപത്രം ഒപ്പുവച്ചു. ന്യൂഡല്‍ഹി ഐസിഎ-എപി ഓഫീസിലായിരുന്നു ചടങ്ങ്‌. ഐസിഎ-യൂറോപ്യന്‍യൂണിയന്റെ ധനകാര്യഘടനാപങ്കാളിത്തക്കരാറിന്റെ രണ്ടാംഭാഗമായാണിത്‌. കര്‍ഷകസഹകരണസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, പങ്കാളിത്താധിഷ്‌ഠിതവും സുസ്ഥിരവും കാലാവസ്ഥാപ്രതിരോധകവുമായ ഭക്ഷ്യോല്‍പാദനസംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുക എന്നിവയാണു ലക്ഷ്യങ്ങള്‍. കാര്‍ഷിക-സാമൂഹികമാറ്റങ്ങളുടെ മുഖ്യഘടകങ്ങളായി ചെറുകിടകര്‍ഷകരെ, പ്രത്യേകിച്ചു സ്‌ത്രീകളെയും യുവാക്കളെയും ഉപയോഗപ്പെടുത്താനുള്ളതാണു കരാര്‍. ഇതിന്റെ ഭാഗമായി ഉയര്‍ന്ന നിലവാരമുള്ള വിത്തുകളും കാര്‍ഷികോപകരണങ്ങളും സാങ്കേതികസഹായവും കര്‍ഷകര്‍ക്കു നല്‍കും. കര്‍ഷസഹകരണസംഘങ്ങള്‍ രൂപവല്‍കരിക്കാനും വളരാനും പറ്റിയ സാഹചര്യമൊരുക്കും. പങ്കാളിത്താധിഷ്‌ഠിതഭരണസംവിധാനങ്ങളെ പ്രോല്‍സാഹിപ്പിക്കും. വിവിധ പ്രദേശങ്ങളിലെ കാലാവസ്ഥാപ്രതിരോധകവും പുനരുജ്ജീവനകരവുമായ കാര്‍ഷികരീതികള്‍ സംയോജിപ്പിക്കും. പ്രാദേശികമായ നൂതനരീതികളും നേതൃത്വവും പരിപോഷിപ്പിക്കാന്‍ ആശയവിനിമയസംവിധാനങ്ങള്‍ തന്ത്രപ്രധാനമായ രീതിയില്‍ ഉപയോഗിക്കും. അന്താരാഷ്ട്രസഹകരണവര്‍ഷാചരണത്തിന്റെ ഭാഗമായി `ശക്തിയുടെ വിത്തിടല്‍: കര്‍ഷസഹകരണസംഘങ്ങളെ ശാക്തീകരിക്കല്‍’ എന്ന പ്രചാരണം ഏഷ്യാ-പസഫിക്‌ മേഖലയില്‍ നടത്താന്‍ ഹെയ്‌ഫെര്‍ ഇന്റര്‍നാഷണലും ഐസിഎ-എപിയും തീരുമാനിച്ചിട്ടുണ്ട്‌. കര്‍ഷകരുടെ വരുമാനം കൂട്ടാന്‍ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നേപ്പാളിലെയും കമ്പോഡിയയിലെയും കര്‍ഷകസഹകരണസംഘങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു നല്ല പ്രചാരം നല്‍കുക, സുസ്ഥിരകാര്‍ഷികരീതികള്‍ നടപ്പാക്കാന്‍ പ്രേരിപ്പിക്കുക, ശക്തമായ സാമൂഹികമൂലധനം കെട്ടിപ്പടുക്കുക എന്നിവയാണ്‌ ഇതില്‍ ചെയ്യാനുദ്ദേശിക്കുന്നത്‌. ഭക്ഷ്യോല്‍പാദനസംവിധാനങ്ങളുടെ പരിവര്‍ത്തനത്തിനായി ചെറുകിടകര്‍ഷകര്‍ നടത്തുന്നതും അംഗീകരിക്കപ്പെടാതെ പോകുന്നതുമായ സംഭാവനകള്‍ എടുത്തുകാട്ടുകയും ചെയ്യും.

ധാരണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ ഐസിഎ-എപി പ്രസിഡന്റ്‌ ഡോ. ചന്ദ്രപാല്‍സിങ്‌ യാദവ്‌, ഹെയ്‌ഫര്‍ ഇന്റര്‍നാഷണലിന്റെ ഏഷ്യാ പ്രോഗ്രാംസ്‌ പ്രസിഡന്റ്‌ നീനാ ജോഷി, ഏഷ്യാമേഖലാ കമ്മൂണിക്കേഷന്‍ ഡയറക്ടര്‍ ഗുര്‍പ്രീത്‌ കെ ഭാട്ടി, പാസിങ്‌ ഗിഫ്‌റ്റ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കണ്ട്രി ഡയറക്ടര്‍ റീനാ സോണി, ദേശീയസഹകരണയൂണിയന്‍ ഡെപ്യൂട്ടി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ സാവിത്രിസിങ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Moonamvazhi

Authorize Writer

Moonamvazhi has 447 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!