മള്‍ട്ടിസ്‌റ്റേറ്റ്‌ സംഘനിയമത്തിന്റെ പിന്‍ബലത്തില്‍ സഹകരണമേഖലയില്‍ കേന്ദ്രം കടന്നുകയറുന്നു: മന്ത്രി രാജന്‍

Moonamvazhi

മള്‍ട്ടിസ്‌റ്റേറ്റ്‌സഹകരണസംഘംനിയമത്തിന്റെ വ്യവസ്ഥകളുടെ മറപറ്റി സംസ്ഥാനങ്ങളില്‍ വ്യാപകമായി മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങള്‍കൊണ്ടുവന്നു സംസ്ഥാനസഹകരണനിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നു റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു. കനകക്കുന്ന്‌ കൊട്ടാരമൈതാനത്തു നടക്കുന്ന സഹകരണഎക്‌സ്‌പോ 25ന്റെ ഭാഗമായി സഹകരണമേഖലയ്‌ക്കായുള്ള ഭരണഘടനാവ്യവസ്ഥകള്‍ സംബന്ധിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകാരികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതരത്തിലാണു മള്‍ട്ടിസ്‌റ്റേറ്റി സഹകരണസംഘം നിയമത്തിലൂടെയുള്ള നീക്കങ്ങള്‍. നോട്ടുനിരോധനത്തിന്റെ ലക്ഷ്യം കള്ളപ്പണം ഇല്ലാതാക്കലും ഭീകരപ്രവര്‍ത്തനം തടയലുമാണെന്നു പറഞ്ഞിരുന്നെങ്കിലും സഹകരണപ്രസ്ഥാനത്തിലാകെ കള്ളപ്പണമാണെന്നു വ്യാപകപ്രചാരണം നടത്തി സഹകരണപ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിച്ചു. നോട്ടുനിരോധനത്തിന്റെ ദോഷഫലങ്ങള്‍ തടയാനായതു കേരളത്തില്‍ സഹകരണപ്രസ്ഥാനം ശക്തമായിരുന്നതുകൊണ്ടാണ്‌. സഹകരണമേഖലയില്‍ നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്നു മുഖ്യന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്‌. ഒരു കാലത്തു ശക്തമായിരുന്ന ഗുജറാത്തിലെ സഹകരണപ്രസ്ഥാനം ഇന്നു ദയനീയസ്ഥിതിയിലാണ്‌. നിരവധി സ്ഥാപനങ്ങള്‍ അടച്ചു. പ്രാഥമികസഹകരണസംഘങ്ങളിലെ നിക്ഷേപം കാര്യമായി കുറഞ്ഞു. ആ നിലയിലേക്കു കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ താഴ്‌ത്താന്‍ അനുവദിക്കില്ല. മൂല്യവര്‍ധിതോല്‍പന്നങ്ങള്‍വഴി കേരളത്തിലെ കര്‍ഷകര്‍ക്കു മികച്ച വരുമാനമേകാന്‍ ഇവിടത്തെ സഹകരണപ്രസ്ഥാനങ്ങള്‍ക്കു കഴിയുന്നുണ്ട്‌. കേന്ദ്രനീക്കങ്ങള്‍ക്കെതിരെ സഹകരണാവകാശങ്ങള്‍ നിലനിര്‍ത്താന്‍ കൂട്ടായജനകീയമുന്നേറ്റം ആവശ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

സി.എച്ച്‌. ഹരീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനായി. സംസ്ഥാനങ്ങളിലെ സഹകരണമേഖലയെ കൈപ്പിടിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 49 ഭേദഗതികളാണു കൊണ്ടുവന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനസംഘങ്ങള്‍ക്കു മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങങ്ങളായി മാറാനും മള്‍ട്ടിസ്റ്റേറ്റ്‌ സംഘങ്ങളില്‍ ലയിക്കാനും അനുമതി നല്‍കിക്കൊണ്ടുള്ള മാറ്റം ഫെഡറലിസത്തിനെതിരായ നീക്കമാണ്‌. കേരളത്തിലെ പ്രാഥമികസഹകരണസംഘങ്ങളിലെ രണ്ടരലക്ഷംകോടിരൂപയുടെ നിക്ഷേപത്തിലും 1.86ലക്ഷം കോടിയുടെ വായ്‌പയിലും കണ്ണവച്ചാണ്‌ ഈ നീക്കങ്ങള്‍. ഗ്രാമീണസമ്പ്‌ വ്യവസ്ഥയെ പോറ്റിവളര്‍ത്തുന്ന സഹകരണമേഖലയെ തകര്‍ക്കാനാണു കേന്ദ്രനീക്കമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ്‌ഭരണകാലത്തുപോലും സംസ്ഥാനവിഷയമായിരുന്ന സഹകരണത്തിനുമേല്‍ കേന്ദ്രനിയന്ത്രണം കൊണ്ടുവരുന്നതിനുള്ള വിവിധനിയമങ്ങള്‍ക്കെതിരെ അഖിലേന്ത്യാതലത്തില്‍ സഹകരണപ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകരുടെയും യോജിച്ച സമ്മര്‍ം സംഘടിപ്പിക്കണമെന്നു അഡ്വക്കേറ്റ്‌ ജനറല്‍ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ്‌ പറഞ്ഞു. 2011ല്‍ കൊണ്ടുവന്ന ഭരണഘടനാഭേദഗതിയോടെയാണു കേന്ദ്രീകരണനീക്കങ്ങള്‍ ശക്തമായത്‌. അതിനെതിരെ ഗുജറാത്തിലെ ചില സംഘങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിവിധിയും അതിനെതിരായ അപ്പീലിലെ സുപ്രീംകോടതിവിധിയും സംസ്ഥാനങ്ങള്‍ക്കനുകൂലമായിരുന്നു. എങ്കിലും വിവിധസംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ കാര്യത്തില്‍ കേന്ദ്രനിയമത്തിനു പ്രാബല്യമുണ്ടായിരിക്കുമെന്നു കോടതി അനുകൂലിച്ചു. ഈ പഴുതുപയോഗി്‌ച്ചാണു സംസ്ഥാനങ്ങളുടെ സഹകരണപ്രസ്ഥാനങ്ങളുടെമേല്‍ കേന്ദ്രം പിടിമുറുക്കുന്നത്‌. ബാങ്കിങ്‌ റെഗുലേറ്ററിനിയമം. ചിട്ടിഫണ്ട്‌ നിയമ ംതുടങ്ങി വിവിധനിയമങ്ങളിലെ വ്യവസ്ഥകളും സംസ്ഥാനങ്ങളിലെ സഹകരണപ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ കേന്ദ്രം ഉപയോഗപ്പെടുത്തുകയാണ്‌. ഇവയ്‌ക്കെതിരായി നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തി. അവയൊക്കെ ഒരുമിച്ചു പരിഗണിക്കുന്നതിനായി മദ്രാസ്‌ ഹൈക്കോടതിയെ ചുമതലപ്പെടുത്തിരിക്കുകയാണെന്നതാണ്‌ ഇതുസംബന്ധിച്ച ഒടുവിലത്തെ സ്ഥിതിയെന്നും അദ്ദേഹം അറിയിച്ചു.

സഹകരണമേഖലയ്‌ക്കെതിരായ കേന്ദ്രനീക്കത്തിനെതിരെ കര്‍ഷകസമരത്തിന്റെ മാതൃകയിലുള്ള പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ അഖിലേന്ത്യാകിസാന്‍സഭാ ജനറല്‍ സെക്രട്ടറി വിജൂകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു. ഇതു കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. കേന്ദ്രത്തിന്റെ കടന്നുകയറ്റം സഹകരണമേഖലയില്‍മാത്രമല്ല വിദ്യാഭ്യാസരംഗത്തും ഗവര്‍ണര്‍മാരുടെ അമിതാധികാരപ്രയോഗത്തിന്റെ കാര്യത്തിലുമൊക്കെയുണ്ട്‌. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ മറ്റൊരുകാലത്തുമുണ്ടായിട്ടില്ലാത്തവിധം ആക്രമിക്കപ്പെടുന്നു. ബീഡിത്തൊഴിലാളികള്‍ പടുത്തുയര്‍ത്തുയര്‍ത്തിയ ദിനേശ്‌ സഹകരണപ്രസ്ഥാനവും സാധാരണതൊഴിലാളികള്‍ പടുത്തുയര്‍ത്തിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘവുംപോലുള്ള സഹകരണസംഘങ്ങളൊക്കെ ജന്‍മിനാടുവാഴിത്ത-മുതലാളിത്തചൂഷണങ്ങള്‍ക്കെതിരായ സമരങ്ങളുടെ ഭാഗമായിക്കൂടി ഉയര്‍ന്നുവന്നവയാണ്‌. ചെത്തുതൊഴിലാളികളുടെയും കയര്‍ത്തൊഴിലാളികളുടെയുമൊക്കെ സഹകരണസംഘങ്ങള്‍ ഇങ്ങനെയുണ്ടായതാണ്‌. ആ സംഘങ്ങള്‍ തൊഴിലാളികള്‍ക്കു വായ്‌പയും തൊഴിലും നല്‍കിയാണു വളര്‍ന്നത്‌. സഹകരണപ്രസ്ഥാനമായ കേരളബാങ്ക്‌ കേരളത്തിലെ സാധാരണക്കാരെ ഏറെ സഹായിക്കുന്നു. എന്നാല്‍ ഇഡി, പിഎംഎല്‍എ ആക്ടുകള്‍വഴി സഹകരണപ്രസ്ഥാനത്തെ ഞെരുക്കാനാണു കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. സഹകരണസംഘങ്ങള്‍ എല്ലാഗ്രാമങ്ങളിലും തുടങ്ങണമെന്നു ജവഹര്‍ലാല്‍നെഹ്‌റു പറഞ്ഞതു സോവിയറ്റ്‌ യൂണിയനിലെ സഹകരണപ്രസ്ഥാനത്തിന്റെ വിജയത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ്‌. നെഹ്‌റുവിന്റെ സ്വപ്‌നങ്ങള്‍ക്കു വിരുദ്ധമാണ്‌ ഇപ്പോഴത്തെ കേന്ദ്രനീക്കങ്ങള്‍. ഇതിനു തുടക്കമിട്ടതു കോണ്‍ഗ്രസ്‌ തന്നെയാണ്‌. കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെമേല്‍ സമ്മര്‍ദം ചെലുത്തുകയാണു ചെയ്‌തിരുന്നതെങ്കില്‍ ബിജെപി സര്‍ക്കാര്‍ നേരിട്ട്‌ കാര്യങ്ങള്‍ കേന്ദ്രത്തില്‍നിന്ന്‌ അടിച്ചേല്‍പിക്കുകയാണ്‌. ലാറ്റിനമേരിക്കയിലെ പച്ചാമാമ സഹകരണപ്രസ്ഥാനംപോലെ വിവിധരാജ്യങ്ങളിലെ സഹകരണപ്രസ്ഥാനങ്ങള്‍ ഒരുമിച്ചുപ്രവര്‍ത്തിച്ചുകൊണ്ടുള്ള നീക്കങ്ങള്‍പോലുള്ള പുതിയ ചെറുത്തുനില്‍പുരീതികള്‍ക്കു സഹകരണമേഖലയില്‍ പ്രസക്തിയുണ്ട്‌. കേരളത്തില്‍ സഹകരണസംഘങ്ങള്‍ നെല്ലിനു നല്‍കുന്ന താങ്ങുവിലയുടെ പകുതി പോലും ബിഹാറിലും മറ്റ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കിട്ടുന്നില്ലെന്നും അത്രയ്‌ക്കു രൂക്ഷമാണ്‌ ഇതരസംസ്ഥാനങ്ങളിലെ ചൂഷണമെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്‌ടി വന്നതോടെ സംസ്ഥാനങ്ങളുടെ നികുതിവരുമാനം വലിയതോതില്‍ കുറഞ്ഞിരിക്കുകയാണെന്നു ധനമന്ത്രി കെ.ംഎന്‍. ബാലഗോപാല്‍ പറഞ്ഞു. സഹകരണമേഖലയിലെ ഫണ്ടും മറ്റു സാധ്യതകളും കണ്ടു മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങള്‍ അമിതപ്പലിശ വാഗ്‌ദാനം ചെയ്‌തു രംഗത്തു വരികയാണ്‌. മഹാരാഷ്ട്രയിലുംമറ്റും പൂട്ടിപ്പോയസംഘങ്ങള്‍വരെ മള്‍ട്ടിസ്‌റ്റേറ്റ്‌ സഹകരണസംഘങ്ങളായി തിരിച്ചുകൊണ്ടുവരുന്നുണ്ട്‌. യെസ്‌ബാങ്കും പിഎന്‍ബി ബാങ്കുംപോലുള്ള വന്‍ബാങ്കുകള്‍ക്കുപ്രതിസന്ധിയുണ്ടായപ്പോള്‍ നികുതിദായകരുടെ പണമെടുത്തു കേന്ദ്രം താങ്ങിനിര്‍ത്തി. കേരളത്തില്‍ കേരളബാങ്കല്ലാത്ത ബാങ്കുകളും മറ്റുസാമ്പത്തികസംവിധാനങ്ങളുംവഴി വലിയതോതില്‍ പണം പുറത്തേക്കു പമ്പുചെയ്യപ്പെടുന്നുണ്ട്‌. പണ്ട്‌ എസ്‌ബിടി ഉണ്ടായിരുന്നപ്പോള്‍ ആ ബാങ്കില്‍നിന്നു കേരളത്തില്‍ കിട്ടിക്കൊണ്ടിരുന്ന വായ്‌പയുടെ അളവും അത്‌ എസ്‌ബിഐയില്‍ ലയിച്ചശേഷം കേരളത്തില്‍ ലഭിക്കുന്ന സാമ്പത്തികത്തിന്റെ അളവും പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. അതേസമയം കേരളത്തിലെ സഹകരണസംഘങ്ങള്‍ നല്‍കുന്ന വായ്‌പ മുഴുവന്‍ കേരളത്തിലാണു ചെലവഴിക്കുന്നത്‌. സഹകരണസ്ഥാപനം ഒരു ഉല്‍പന്നം ഇറക്കുമ്പോള്‍ അതിന്റെ ഗുണം താഴെക്കിടയില്‍ ലഭിക്കും. അമുല്‍ ഒരു ഉല്‍പന്നം വില്‍ക്കുമ്പോള്‍ അതിന്റെ വിലയുടെ 55 ശതമാനവും കര്‍ഷകര്‍ക്കാണു ലഭിക്കുന്നത്‌. നെസ്ലെയുടെ കാര്യത്തില്‍ ഇതു 40ശതമാനംമാത്രമാണ്‌. ഈ വ്യത്യാസം സഹകരണസംരംഭങ്ങളും വന്‍കിടസ്വകാര്യസ്ഥാപനങ്ങളും തമ്മിലുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

ബിസിനസ്‌ സുഗമത (ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌) പോലെ സഹകരണസംരംഭസുഗമത (ഈസ്‌ ഓഫ്‌ ഡൂയിങ്‌ കോഒപ്പറേറ്റീവ്‌ എന്റര്‍പ്രൈസ്‌) ആവശ്യമാണെന്ന്‌ അന്താരാഷ്ടസഹകരണസഖ്യത്തിന്റെ നിയമനിര്‍മാണവിഭാഗം ഡയറക്ടര്‍ പി. സന്തോഷ്‌കുമാര്‍ പറഞ്ഞു. സഹകരണമാതൃകപോലൊരു ബിസിനസ്‌ മാതൃക വേറെയില്ല. ഏഴുസഹകരണതത്വങ്ങള്‍ പ്രാവര്‍ത്തികമാക്കപ്പെടുന്ന വിധത്തില്‍ എത്രത്തോളം നിയമനിര്‍മാണം നടക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ഓരോരാജ്യത്തെയും സഹകരണപ്രസ്ഥാനങ്ങളെ വിലയിരുത്തേണ്ടത്‌. സഹകരണം നൂറ്റാണ്ടുകള്‍ക്കുമുമ്പു പൂരാതനസമൂഹങ്ങളില്‍തന്നെയുള്ളതാണെങ്കിലും റോച്‌ഡേല്‍ പയനിയേഴ്‌സ്‌ ആണ്‌ ആദ്യത്തെ സഹകരണസംഘമായി കണക്കാക്കുന്നത്‌. ഇത്‌ അവര്‍ തങ്ങളുടെ പ്രവര്‍ത്തനരീതികളും വ്യവസ്ഥകളും കൃത്യമായി നിയമാവലിയുടെ രൂപത്തില്‍ രേഖയിലാക്കി എന്നതുകൊണ്ടാണ്‌. നിയമനിര്‍മാണത്തിന്റെ പ്രാധാന്യം ഇതു വ്യക്തമാക്കുന്നു. ഇന്ത്യന്‍ഭരണഘടന സഹകരണസംഘം രൂപല്‍കരിക്കാനുള്ള അവകാശം മൗലികാവകാശമാക്കിയതു വലിയ കാര്യമാണ്‌. ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളില്‍ മൂന്നിലൊന്നിന്റെയും ഭരണഘടനകളില്‍ സഹകരണമേഖലയെക്കുറിച്ചു പരാമര്‍ശമുണ്ട്‌. ഗയാന എന്ന രാജ്യത്തിന്റെ അടിസ്ഥാനംതന്നെ സഹകരണത്തിലാണ്‌. സ്വിറ്റ്‌സര്‍ലണ്ടും കാന്റണുകള്‍തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിലുള്ള ക്രമീകരണമാണ്‌. സഹകരണരംഗത്തു വിദ്യാഭ്യാസം, സംരംഭകത്വനയം സാമ്പത്തികപ്രാപ്യത, സമൂഹ്യസുരക്ഷ എന്നിവ രാജ്യങ്ങളുടെ ഭരണഘടനയില്‍തന്നെ ഗ്യാരന്റി ചെയ്യപ്പെടാന്‍ പ്രയത്‌നിക്കണം. പാരിസില്‍ മേരിക്യൂറിയുടെ അമ്മ സ്ഥാപിച്ച സഹകരണസ്ഥാപനമാണു സ്‌ത്രീകള്‍ക്കുള്ള വിദ്യാഭ്യാസനിരോധനം പിന്‍വലിക്കാന്‍ പ്രേരകമായത്‌. മേരിക്യൂറി നൊബെല്‍ജേതാവായിവളര്‍ന്നു. അസോസിയേറ്റഡ്‌ പ്രസ്‌ എന്ന ലോകപ്രശസ്‌ത വാര്‍ത്താഏജന്‍സി ഒരു സഹകരണസ്ഥാപനമാണ്‌. സഹരണസ്ഥാപനങ്ങള്‍ക്കു പ്രൊഫഷണലായ ഘടനയുണ്ടാകണം. സഹകരണപരിതസ്‌തിഥിയും പ്രധാനമാണ്‌. റുവാണ്ടയില്‍ ആഭ്യന്തരകലാപത്തില്‍ പരസ്‌പരം പോരാടിയ വംശങ്ങള്‍ ഇന്നു സഹകരണപ്രസ്ഥാനത്തിലൂടെ യോജിക്കുകയും റുവാണ്ടയെ ആഫ്രിക്കയുടെ സ്വിറ്റ്‌സര്‍ലണ്ടായി പരിവര്‍ത്തിപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. ഫിലിപ്പൈന്‍സില്‍ ഏഴുവയസ്സുമാത്രമുള്ളവര്‍ പോലും അംഗങ്ങളായി കുട്ടികളാല്‍ നടത്തപ്പെടുന്ന ലബോറട്ടറി സഹകരണസംഘങ്ങള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണു കാഴ്‌ചവയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ഭരണഘടന അതിന്റെ ആമുഖത്തില്‍ വിഭാവനം ചെയ്യുന്ന സോഷ്യലിസം സഹകരണസോഷ്യലിസമാണെന്ന്‌ ത്രിഭവുന്‍സഹകരണസര്‍വകലാശാലയായി മാറിയ ആനന്ദ്‌ ഗ്രാമീണമാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ അധ്യാപകന്‍ പ്രൊഫ. എച്ച്‌.എസ്‌. ശൈലേന്ദ്ര പറഞ്ഞു. അമുലിന്റെ സ്ഥാപകനും ഇന്ത്യയിലെ സഹകരണപ്രസ്ഥാനത്തിന്റെ കുലപതിയുമായ ഡോ. വര്‍ഗീസ്‌ കുര്യന്‍ രാഷ്ട്രീവല്‍കരണവും ഔദ്യോഗികവല്‍കരണവും ഉദ്യോഗസ്ഥവല്‍കരണവുമാണു സഹകരണപ്രസ്ഥാനത്തിന്റെ മൂന്നുശാപങ്ങളെന്നു എന്നു പറഞ്ഞിട്ടുണ്ട്‌. സഹകരണപ്രസ്ഥാനം വളരുമ്പോഴും ഈ മൂന്നുദോഷങ്ങളും തുടരുകയാണ്‌. ആസൂത്രണക്കമ്മീഷന്‍ പോയി പകരംവന്ന നീതിആയോഗിന്റെ പദ്ധതിരേഖയില്‍ മല്‍സ്യസഹകരണസംഘത്തെക്കുറിച്ചുള്ള ചെറിയപരമാര്‍ശമൊഴിച്ചാല്‍ സഹകരണപ്രസ്ഥാനത്തെക്കുറിച്ച്‌ ഒന്നുമില്ല. നബാര്‍ഡിന്റെ റീഫിനാന്‍സ്‌ പദ്ധതികളിലും സഹകരണപ്രസ്ഥാനം താഴേക്കുപോയിക്കൊണ്ടിരിക്കുകയാണ്‌. മൊത്തആഭ്യന്തരോല്‍പാദനത്തിലും സഹകരണമേഖലയുടെ സംഭാവന കുറഞ്ഞുവരികയാണ്‌. നവലിബറല്‍നയങ്ങള്‍ ഇതിനു കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ്‌ ഭരണകാലഘട്ടത്തിന്റെ പൈതൃകമായ നിയമപരവും നടപടിക്രമപരവുമായ സങ്കീര്‍ണതകള്‍ സഹകരണമേഖലയിലുണ്ടെന്ന്‌ അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാപസഫിക്കിന്റെ സംരംഭകത്വവികസനവിഭാഗം മേധാവി ഗണേഷ്‌ ഗോപാല്‍ പറഞ്ഞു. ഇത്തരം സങ്കീര്‍ണതകള്‍മൂലം സഹകരണസ്ഥാപനമായി രൂപവല്‍കരിക്കാവുന്ന പല കൂട്ടായ്‌മയും സഹകരണസംഘത്തിന്റെ സംഘടനാരൂപം കൈക്കൊള്ളാതെ മറ്റു സംഘടനാരൂപം സ്വീകരിച്ചു രജിസ്റ്റര്‍ ചെയ്‌തു പ്രവര്‍ത്തിക്കുന്ന സംഭവങ്ങളുണ്ട്‌. സഹകരണമേഖലയാണു സമ്പദ്‌വ്യവസ്ഥയുടെ മൂന്നാമത്തെ നെടുംതൂണെന്നു റിസര്‍വ്‌ബാങ്ക്‌ മുന്‍ഗവര്‍ണര്‍ രഘുറാംരാജന്‍ പറഞ്ഞിട്ടുണ്ട്‌. സഹകരണം സംസ്ഥാനവിഷയമായി തുടര്‍ന്നേ പറ്റൂ. കാരണം താഴെത്തലത്തിലെ മനുഷ്യരുടെ പ്രശ്‌നങ്ങളാണ്‌ അതു കൈകാര്യം ചെയ്യുന്നത്‌. കേന്ദ്രമന്ത്രാലയങ്ങളും എന്‍സിഡിസിപോലുള്ള സ്ഥാപനങ്ങളും സഹകരണസംഘങ്ങളെ വലിയതോതില്‍ സാമ്പത്തികമായി സഹായിക്കണം. കാരണം സ്വകാര്യമേഖലയുമായി ഒറ്റയ്‌ക്കു മല്‍സിക്കാന്‍ സഹകരണമേഖലയ്‌ക്കാവില്ല. കാലാവസ്ഥാവ്യതിയാനം അടക്കമുള്ള പ്രശ്‌നങ്ങള്‍മൂലം സഹകരണമേഖലയുടെ നിലനില്‍പിനുതന്നെ ഭീഷണിയുണ്ട്‌. അതുകൊണ്ടു സുശക്തമായി വളരാനാവശ്യമായ പരിതസ്ഥിതി സഹകരണമേഖലയ്‌ക്കു പ്രദാനം ചെയ്യാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്‌. സഹകരണപ്രസ്ഥാനത്തെ പുതിയതലമുറക്കിണങ്ങിയ വിധത്തില്‍ എങ്ങനെ ശാക്തീകരിക്കാമെന്ന പുനര്‍വിചിന്തനം ആവശ്യമാണ്‌. വൈവിധ്യവല്‍കരണം പ്രധാനമാണ്‌. സാധാരണതൊഴിലാളികള്‍ വികസിപ്പെിച്ചെടുത്ത സഹകരണപ്രസ്ഥാനങ്ങളും പൊതുമേഖലാസ്ഥാപനങ്ങളുമുണ്ടായിരുന്നതുകൊണ്ടാണു ലോകസാമ്പത്തികമാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിക്കാതിരുന്നത്‌. സാമൂഹികനന്‍മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹികസംരംഭകരുമായും സാമൂഹികഐക്യദാര്‍ഢ്യസമ്പദ്‌വ്യവസ്ഥയുടെ പ്രയോക്താക്കളുമായൊക്കെ സഹകരിച്ചുവേണം സഹകരണമേഖല മുന്നോട്ടുപോകേണ്ടത്‌. സഹകരണരജിസ്‌ട്രാര്‍ റെഗുലേറ്റര്‍ എന്നതിനെക്കാള്‍ വികസനത്തിന്റെ പ്രയോക്താവ്‌ ആയിരിക്കണം. അഞ്ചും ആറും വ്യവസായവല്‍കരണങ്ങള്‍ ഒരുമിച്ചു സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ ഡാറ്റാകോഓപ്പറേറ്റീവുകളും പ്ലാറ്റ്‌ഫോം കോഓപ്പറേറ്റീവുകളുമൊക്കെ വികസിപ്പിച്ചുകൊണ്ടു സഹകരണപ്രസ്ഥാനം ആധുനികീകരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Moonamvazhi

Authorize Writer

Moonamvazhi has 360 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!