സഹകരണസംഘങ്ങള്‍ക്ക്‌ ഉല്‍പാദനമേഖലയില്‍ ഏറെ തൊഴില്‍ സൃഷ്ടിക്കാനാവും:മന്ത്രി രാജീവ്‌

Moonamvazhi
  • സര്‍ക്കാര്‍ പര്‍ച്ചേസ്‌ സഹകരണസ്ഥാപനങ്ങളില്‍നിന്നാക്കണം
  • ദേശീയടാക്‌സിസഹകരണസംഘം:യുഎല്‍സിസി കണ്‍സള്‍ട്ടന്റ്‌
  • കേരളോല്‍പന്നങ്ങളുടെ പാക്കിങ്ങിനു പ്രശംസ
  • ബൈലോ ഭേദഗതിക്കായി   യാചിക്കേണ്ട സ്ഥിതി

സഹകരണസംഘങ്ങള്‍ക്ക്‌ ഉല്‍പാദനമേഖലയിലേക്കുമാറി വലിയതോതില്‍ തൊഴില്‍ സൃഷ്ടിക്കാനാവുമെന്നു വ്യവസായമന്ത്രി പി. രാജീവ്‌ പറഞ്ഞു. തിരുവനന്തപുരം കനകക്കുന്ന്‌ കൊട്ടാരമൈതാനത്തു സഹകരണഎക്‌സ്‌പോ 25ന്റെ ഭാഗമായി, തൊഴില്‍സൃഷ്ടിക്കുന്നതില്‍ സഹകരണമേഖലയ്‌ക്കുള്ള പങ്കിനെപ്പറ്റിയുള്ള സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണസംഘങ്ങളെ വ്യാവസായികമായി ഉപയോഗിച്ചു തൊഴില്‍ സൃഷ്ടിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ വ്യവസായവകുപ്പ്‌ വ്യവസായസഹകരണസംഘങ്ങളുടെ സ്ഥിതിയുടെ റിപ്പോര്‍ട്ട്‌ എടുത്ത്‌ സംഘങ്ങളില്‍ ഉപയോഗിക്കാത്തഭൂമിയും യന്ത്രങ്ങളും എത്രത്തോളമുണ്ടെന്നു പഠിച്ചു. പഴയതരം ഉല്‍പന്നങ്ങള്‍ക്ക്‌ ആവശ്യക്കാരില്ലെന്നും ആധുനികയന്ത്രോപകരണങ്ങള്‍ ഉപയോഗിക്കുകയും ക്ലസ്‌റ്ററുകളായി പ്രവര്‍ത്തിക്കുകയും പുതിയ ഡിസൈനുകളും സാങ്കേതികവിദ്യകളും സ്വീകരിക്കുകയും ചെയ്‌താല്‍ സംഘങ്ങള്‍ക്കു വലിയതോതില്‍ തൊഴില്‍ സൃഷ്ടിക്കാനാവുമെന്ന്‌ അപ്പോള്‍ വ്യക്തമായതായി അദ്ദേഹം പറഞ്ഞു.

സഹകരണസംഘങ്ങള്‍ക്കു സാമൂഹികവും സാമ്പത്തികവുമായ ചുമതലകള്‍ ഒരുമിച്ചു നിര്‍വഹിക്കേണ്ടതുണ്ടെന്ന്‌ സംസ്ഥാനആസൂത്രണബോര്‍ഡ്‌ വൈസ്‌ചെയര്‍മാന്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍ പറഞ്ഞു. സ്‌പെയിനിലെയും ഇറ്റലിയിലെയും സഹകരണപ്രസ്ഥാനങ്ങള്‍ വിജയിച്ചത്‌ അവയ്‌ക്കു കമ്പോളത്തിന്റെമേല്‍ നിയന്ത്രണം നേടാനായതുകൊണ്ടാണ്‌. ഇവിടെയും വിപണീനിയന്ത്രണം കൈവരിക്കാന്‍ കഴിയുംവിധം സഹകരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍സ്ഥാപനങ്ങള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കഴിയുന്നത്ര സഹകരണസ്ഥാപനങ്ങളില്‍നിന്നു വാങ്ങാന്‍ സിക്കിംസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മറ്റുസര്‍ക്കാരുകളും ആ തീരുമാനമെടുക്കണമെന്നും, സ്‌ത്രീശാക്തീകരണത്തിലൂന്നിയുള്ള സേവാസഹകരണഫെഡറേഷന്‍ പ്രസിഡന്റ്‌ മിറായി ചാറ്റര്‍ജി പറഞ്ഞു. സേവ സ്‌ത്രീകളുടെ സഹകരണപ്രസ്ഥാനമാണ്‌. എന്നാല്‍ പൊതുവേ സഹകരണപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ രണ്ടുശതമാനം സ്‌ത്രീകളേയുള്ളൂ. കേരളത്തിലും അതാണു സ്ഥിതി. കോവിഡില്‍ തങ്ങള്‍ അതിജീവിച്ചത്‌ സഹകരണസംഘമുണ്ടായതുകൊണ്ടാണെന്നു ഗുജറാത്തില്‍ 70ശതമാനം സ്‌ത്രീകളും പറയുന്നു. താഴെത്തലത്തില്‍ വനിതാനേതാക്കളെ വളര്‍ത്താന്‍ ഗുജറാത്തില്‍ സേവ ഫെല്ലോഷിപ്പ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ദേശീയസഹകരണനയം തയ്യാറാക്കുന്ന 47അംഗസമിതിയില്‍ ഒരു സ്‌ത്രീപോലുമില്ലെന്നും മിറായി ചാറ്റര്‍ജി ചൂണ്ടിക്കാട്ടി.

സഹകരണസ്ഥാപനങ്ങള്‍ ചാക്രികസമ്പദ്‌വ്യവസ്ഥയ്‌ക്കു പ്രാധാന്യം നല്‍കണമെന്ന്‌ ഓണ്‍ലൈനായി സെമിനാറില്‍ പങ്കെടുത്ത ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത്‌ ബിസിനസ്‌ സ്‌കൂള്‍ അധ്യാപിക ഡോ. സിഡ്‌സെല്‍ ഗ്രിംസ്‌റ്റാഡ്‌ പറഞ്ഞു. സുസ്ഥിരവികസനലക്ഷ്യങ്ങള്‍ നേടാന്‍ ചാക്രികസമ്പദ്‌വ്യവസ്ഥ വേണം. മാലിന്യവും മലിനീകരണവും ഒഴിവാക്കുന്നതിനു ചാക്രികസമ്പദ്‌വ്യവസ്ഥ പ്രത്യേകപ്രാധാന്യം നല്‍കുന്നു. വിഭവങ്ങളുടെ പുനരുപയോഗത്തില്‍ അധിഷ്‌ഠിതമാണത്‌. ഇതിനു മാര്‍ഗങ്ങള്‍ തേടുമ്പോള്‍ അദൃശ്യമായ ഒരു നൂതനവല്‍കരണം നടക്കുന്നുണ്ട്‌. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലുള്ള സഹകരണം ചാക്രികസമ്പദ്‌വ്യവസ്ഥയില്‍ പ്രധാനമാണ്‌. വിദ്യാഭ്യാസസഹകരണസ്ഥാപനങ്ങള്‍ക്ക്‌ ഇക്കാര്യത്തില്‍ നല്ല പങ്കു വഹിക്കാനാവും. മാലിന്യനിര്‍മാര്‍ജനത്തില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചു ജീവിക്കുന്നവരുടെയും ആര്‍ടിസാന്‍മാരുടെയുമൊക്കെ സഹകരണസംഘങ്ങളുമായും പ്രാദേശികസര്‍ക്കാരുകളുമായി യോജിച്ചു പ്രവര്‍ത്തിക്കണം.

ഹരിതോര്‍ജസഹകരണസംഘങ്ങള്‍ക്കും ചാക്രികസമ്പദ്‌ വ്യവസ്ഥയില്‍ പങ്കുവഹിക്കാനാവും. കേരളത്തില്‍ ധാരാളം ജൈവകര്‍ഷകസഹകരണസംഘങ്ങളുള്ളത്‌ ഇക്കാര്യത്തില്‍ ശ്രദ്ദേയമാണ്‌. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം നിര്‍മാണമേഖലയില്‍ കാര്‍ബണ്‍മലിനീകരണം കുറയ്‌ക്കുന്ന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുകയും റോഡുനിര്‍മാണത്തില്‍ നവീനവും ആധുനികവുമായ രീതികള്‍ അവലംബിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഹരിതസമ്പദ്‌വ്യവസ്ഥയ്‌ക്കായി പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യാസഹകരണസ്ഥാപനങ്ങളെയും പ്ലാറ്റ്‌ഫോംസഹകരണസ്ഥാപനങ്ങളെയും പ്രോല്‍സാഹിപ്പിക്കണം. ഓസ്‌ട്രേലിയയില്‍ കോപവര്‍ഓസ്‌ട്രേലിയ എന്ന സഹകരണസ്ഥാപനം പുനരുപയോഗഊര്‍ജരംഗത്തും സാമൂഹികഭവനനിര്‍മാണമേഖലയിലും പ്രവര്‍ത്തിക്കുന്ന മാതൃകാപരമായ ഒരു സഹകരണസംരംഭമാണ്‌. വിദ്യാഭ്യാസം, ബോധവല്‍കരണം, ഊര്‍ജം, പ്രകൃതിവിഭവങ്ങള്‍ എന്നിവയുടെ രംഗങ്ങളിലും ഓസ്‌ട്രേലിയയില്‍ ചാക്രികസമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന സഹകരണസംരംഭങ്ങളുണ്ടെന്ന്‌ അവര്‍ പറഞ്ഞു.

കേരളത്തിലെ സഹകരണസ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളുടെ പാക്കേജിങ്‌ വളരെ മികച്ചതാണെന്ന്‌ ആനന്ദ്‌ ഗ്രാമീണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (ഇര്‍മ) മുന്‍പ്രൊഫസര്‍ ഹരേകൃഷ്‌ണമിശ്ര പറഞ്ഞു. ഇവിടെ ഒരു പാക്കേജിങ്‌ സഹകരണസ്ഥാപനം ഉണ്ടെന്ന തോന്നലുളവാക്കുംവിധം മികച്ചതാണ്‌ പാക്കേജിങ്‌. വിവിധസംസ്ഥാനങ്ങളിലെ സഹകരണസ്ഥാപനങ്ങള്‍തമ്മില്‍ സഹകരണം കുറവാണ്‌. കോ-ബ്രാന്റിങ്ങും കോമണ്‍ബ്രാന്റിങ്ങും ഇല്ലാത്തതും പ്രശ്‌നങ്ങളാണ്‌. വിപണിയിലുണ്ടാകാനിടയുള്ള ഏതു പ്രശ്‌നങ്ങളെയും നേരിടാന്‍ സഹകരണസ്ഥാപനങ്ങള്‍ തയ്യാറായിരിക്കണം. സഹകരണസ്ഥാപനങ്ങള്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം പഠിക്കണം. അപ്പെക്‌സ്‌ സംഘങ്ങള്‍ തങ്ങളുടെ ഘടകസംഘങ്ങളെ വിപണിയുടെത്‌ അടക്കമുള്ള വെല്ലുവിളികളില്‍നിന്നു സംരക്ഷിക്കണം. ഘടകസംഘങ്ങളുടെ താല്‍പര്യങ്ങള്‍ അപ്പെക്‌സ്‌ സ്ഥാപനങ്ങള്‍ സംരക്ഷിക്കണം. വിതരണശൃംഖലകള്‍ മാനേജ്‌ചെയ്യാന്‍ പ്രൊഫഷണലുകളെ നിയോഗിക്കണം. ആളുകളെ തൊഴില്‍തേടുന്നവരില്‍നിന്നു തൊഴില്‍ നല്‍കുന്നവരായിമാറ്റാനുള്ള സംവിധാനങ്ങളാകാന്‍ സഹകരണസ്ഥാപനങ്ങള്‍ക്കാണ്‌ ഏറ്റവുംകൂടുതല്‍ കഴിയുക. ലോകത്ത്‌ വിദ്യാഭ്യാസ-പരിശീലനപ്രവര്‍ത്തനങ്ങള്‍ ഏറ്റവും കുറവ്‌ ഇന്ത്യയിലെ സഹകരണരംഗത്താണ്‌. ഓരോ സംസ്ഥാനവും സഹകരണനയത്തിലെ വിടവുകള്‍ നികത്തണമെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ക്കു സഹകരണആശയങ്ങളെയും സഹകരണപ്രസ്ഥാനങ്ങളെയും കുറിച്ചുള്ള അറിവു തീരെ കുറവാണെന്ന്‌ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (യുഎല്‍സിസിഎസ്‌) ചീഫ്‌ പ്രൊജക്ട്‌ കോ-ഓര്‍ഡിനേറ്റര്‍ ടി.കെ. കിഷോര്‍കുമാര്‍ പറഞ്ഞു. ഒലെയുടെയും ഊബറിന്റെയും മാതൃകയില്‍ പ്രവര്‍ത്തിക്കുന്നതും ടാക്‌സിഡ്രൈവര്‍മാരുടെതുമായ ഒരു സഹകരണസ്ഥാപനത്തെപ്പറ്റിയുള്ള പരികല്‍പന തങ്ങള്‍ നേരത്തേ കേന്ദ്രസഹകരണമന്ത്രാലയഅധികൃതര്‍ക്കുമുന്നില്‍ വച്ചിരുന്നുവെന്നും അതു നടപ്പാക്കാന്‍ കേന്ദ്രസഹകരണമന്ത്രാലയം തീരുമാനിച്ചപ്പോള്‍ അവരുടെ നിര്‍ദേശപ്രകാരം യുഎല്‍സിസിഎസ്‌ അതിന്റെ കണ്‍സള്‍ട്ടന്റ്‌ ആയി പ്രവര്‍ത്തിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

സ്‌പെയിനിലെ മോണ്‍ട്രഗോണ്‍ സഹകരണപ്രസ്ഥാനത്തിന്റെ മാതൃക പ്രശംസനീയമാണ്‌. ഒരുകാര്യവും സഹകരണമേഖലയ്‌ക്കു പുറത്തേക്കുപോകാതെ അവിടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുന്നു. സ്‌മാര്‍ട്ട്‌ കോഓപ്പറേറ്റീവുകളായി മാറാനും സാങ്കേതികവിദ്യയില്‍ നൂതനകണ്ടുപിടിത്തങ്ങള്‍ നടപ്പാക്കാനുമാണ്‌ ഇനി സഹകരണപ്രസ്ഥാനങ്ങള്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത്‌. മുതിര്‍ന്നപൗരര്‍ക്കായി മടിത്തട്ട്‌ എന്ന സഹകരണസംരംഭം യുഎല്‍സിസിഎസ്‌ നടപ്പാക്കിയിട്ടുണ്ട്‌. യുഎല്‍സിസിഎസില്‍ 45ശതമാനം ജീവനക്കാരും സ്‌ത്രീകളാണ്‌. സഹകരണമേഖലയ്‌ക്കു ഭാവിയില്‍ വന്‍പുരോഗതി നേടാന്‍ ഏറ്റവും അനുകൂലസാഹചര്യമുള്ളതു കേരളത്തിലാണ്‌. നാലുവിമാനത്താവളങ്ങളും വിഴിഞ്ഞം അടക്കമുള്ള വലുതും ചെറുതുമായ ധാരാളം തുറമുഖങ്ങളും ആറുവരിയാക്കപ്പെടുന്ന ദേശീയപാതയുമെല്ലാം അനുകൂലഘടകങ്ങളാണ്‌. ഡിജിറ്റല്‍ വിജ്ഞാനസഹകരണസംഘങ്ങളും മുതിര്‍ന്നപൗരര്‍ക്കു സേവനങ്ങള്‍ നല്‍കുന്ന സഹകരണസംഘങ്ങളും ആരോഗ്യപരിചരണസഹകരണസംഘങ്ങളും ഗതാഗതസഹകരണസംഘങ്ങളും റിയല്‍എസ്റ്റേറ്റ്‌ സഹകരണസംഘങ്ങളും ലാന്റ്‌ പൂളിങ്‌ സഹകരണസംഘങ്ങളും കേരളത്തില്‍ കൂടുതലായി ഉയര്‍ന്നുവരണമെന്ന്‌ അദ്ദേഹം പറഞ്ഞു.

ശമ്പളക്കാരുടെ യുഗം അവസാനിപ്പിച്ചുകൊണ്ടു സൂക്ഷ്‌മസംരംഭങ്ങളുടെതായ കാലത്തിലേക്കുള്ള സാംസ്‌കാരികമായ പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം സഹകരണമേഖല ശ്രദ്ധിക്കണമെന്നു കേരളകാര്‍ഷികസര്‍വകലാശാല സഹകരണമാനേജ്‌മെന്റ്‌ വിഭാഗം മേധാവി ഡോ. ആര്‍.ഇ. രഞ്‌ജിത്‌കുമാര്‍ പറഞ്ഞു. സഹകരണരംഗം പ്രൊഫഷണല്‍വല്‍ക്കരിക്കണം. ലെന്റിങ്‌ കണ്‍സോര്‍ഷ്യവും വേണം. കോമണ്‍ബ്രാന്റിങ്‌ പ്രധാനമാണ്‌. കോഓപ്പ്‌ കേരള ബ്രാന്റിങ്‌ കൂടുതല്‍ സജീവമാക്കണം. സഹകരണസംഘങ്ങള്‍ തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്തണം. മൂല്യവര്‍ധനയും അനിവാര്യമാണ്‌. മുതിര്‍ന്നപൗരരുടെ പരിചരണം, യാത്ര, ടൂറിസം, ഓണ്‍ലൈന്‍ ഷോപ്പിങ്‌, ഇന്‍ഷുറന്‍സ്‌ എന്നീരംഗങ്ങളിലൊക്കെ സഹകരണസംഘങ്ങള്‍ കൂടുതലായി രൂപവല്‍കരിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു.

സഖി എന്ന പദ്ധതിയടക്കം നിരവധി തൊഴില്‍സംരംഭങ്ങള്‍ വനിതാഫെഡിനുണ്ടെന്നു ചെയര്‍പേഴ്‌സണ്‍ ശ്രീജ കെ പറഞ്ഞു.കേരളത്തിലെ ഏറ്റവും പ്രധാനതൊഴില്‍ദാതാവായി സഹകരണമേഖലയ്‌ക്കു മാറാനാവുമെന്നും പക്ഷേ, വ്യവസായസംരംഭങ്ങള്‍ ആരംഭിക്കാന്‍ ബൈലോഭേദഗതിക്കായി സഹകരണവകുപ്പിനുമുന്നില്‍ യാചിച്ചുനില്‍ക്കേണ്ട സ്ഥിതിയാണു സഹകരണസംഘങ്ങള്‍ക്കുള്ളതെന്നും കെസിഇയു ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ പറഞ്ഞു. വി.കെ. പ്രശാന്ത്‌ എം.എല്‍.എ. അധ്യക്ഷനായി.

 

Moonamvazhi

Authorize Writer

Moonamvazhi has 325 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!