തൊഴിലാളികളുടെ ചികിത്സാസൗകര്യം വര്‍ധിപ്പിക്കാന്‍ ഇ.എസ്.ഐ-ആയുഷ്മാന്‍ ഭാരത് സംയുക്തപദ്ധതി
തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കുമുള്ള ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (ഇ.എസ്.ഐ) ആനുകൂല്യങ്ങളെ ആയുഷ്മാന്‍ ഭാരത്-പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യയോജനയുടെ (എ.ബി-പിഎംജേ) സൗകര്യങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇതു സംബന്ധിച്ച കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. ഇതു നടപ്പാകുന്നതോടെ ഇ.എസ്.ഐ. ഗുണഭോക്താക്കള്‍ക്ക് എ.ബി-പി.എം.ജേ പട്ടികയിലുള്ള ആശുപത്രികളില്‍കൂടി ചികിത്സ തേടാം. പ്രഥമതല ചികിത്സാസേവനങ്ങള്‍ ഇ.എസ്.ഐ. ആനുകൂല്യപ്രകാരമുള്ള ആശുപത്രികളിലായിരിക്കും. ദ്വിതല-ത്രിതല ചികിത്സാസേവനങ്ങള്‍ക്കായി എം.ബി-പി.എം.ജേ പട്ടികയിലുള്ള ആശുപത്രികളെക്കൂടി സമീപിക്കാനാവും
രാജ്യത്ത് ഇത്തരം മൂവായിരത്തില്‍പരം ആശുപത്രികളുണ്ട്. ചികിത്സാച്ചെലവുകള്‍ക്കു സാമ്പത്തികപരിധിയില്ല. ചികിത്സാച്ചെലവുകള്‍ പൂര്‍ണമായി ഉള്‍പ്പെടുന്നതും ചികിത്സ പ്രാപ്യവും വരുമാനത്തിലൊതുങ്ങുന്നതുമാക്കുകയാണു ലക്ഷ്യം. രാജ്യമെങ്ങുമുള്ള ജീവകാരുണ്യആശുപത്രികളെയും ഇ.എസ്.ഐ.ഗുണഭോക്താക്കളെ ചികിത്സിക്കാനുള്ള ആശുപത്രികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. 687 ജില്ലകളിലാണ് ഇ.എസ്.ഐ. സ്‌കീം ഉള്ളത്. പി.എം.ജേയുമായി ബന്ധിപ്പിക്കുന്നതോടെ മറ്റുജില്ലകളിലും ഇതു ലഭ്യമാകും.