DICGC 2022-23 ല്‍ സഹകരണ നിക്ഷേപത്തിന്മേല്‍ നല്‍കിയ ഇന്‍ഷുറന്‍സ്തുക 6545 കോടി രൂപ

moonamvazhi

ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്‍ ( DICGC ) 2023 മാര്‍ച്ച് 31 വരെ 363 സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്മേല്‍ 6545 കോടി രൂപ ഇന്‍ഷുറന്‍സ് തുകയായി നല്‍കിയിട്ടുണ്ടെന്നു DICGC യുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയതായി ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. മൊത്തം 10,503 കോടി രൂപയുടെ ക്ലെയിമാണു കോര്‍പ്പറേഷനു കിട്ടിയത്. ഇതില്‍ 3956 കോടി രൂപ റീപേമെന്റായി കിട്ടി. ഒന്നരക്കോടി രൂപ എഴുതിത്തള്ളുകയും ചെയ്തു. ബാക്കിവന്ന 6545 കോടി രൂപയാണു നിക്ഷേപകര്‍ക്കു നല്‍കിയത്. DICGC ഈയിടെ പുറത്തുവിട്ട 2022-23 ലെ വാര്‍ഷികറിപ്പോര്‍ട്ടിലാണ് ഈ കണക്കുള്ളത്.

ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷനില്‍ 2023 മാര്‍ച്ച് 31 വരെ ഇന്‍ഷുറന്‍സ് പരിരക്ഷ തേടിയിട്ടുള്ള സഹകരണ ബാങ്കുകളുടെ എണ്ണം 1887 ആണ്. ഇവയില്‍ 1502 എണ്ണവും അര്‍ബന്‍ സഹകരണ ബാങ്കുകളാണ്. 33 സംസ്ഥാന സഹകരണ ബാങ്കുകളും 352 ജില്ലാ സെന്‍ട്രല്‍ സഹകരണ ബാങ്കുകളും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍ഷുര്‍ ചെയ്തിട്ടുള്ള ബാങ്കുകളില്‍ ഒന്നാംസ്ഥാനത്തു മഹാരാഷ്ട്രയാണ്. ഇവിടത്തെ 508 സഹകരണ ബാങ്കുകളാണ് DICGCയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ 476 എണ്ണം അര്‍ബന്‍ സഹകരണ ബാങ്കുകളാണ്. 2022-23 ല്‍ നിക്ഷേപ ഇന്‍ഷുറന്‍സ്-ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷനു മൊത്തം കിട്ടിയിട്ടുള്ള പ്രീമിയം 21,381 കോടി രൂപയാണ്. ഇതില്‍ 94.03 ശതമാനവും ( 20,104 കോടി രൂപ ) കമേഴ്‌സ്യല്‍ ബാങ്കുകളുടേതാണ്. കഴിഞ്ഞ നാലു വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ നിക്ഷേപ ഗാരണ്ടി കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന സഹകരണ ബാങ്കുകളുടെ എണ്ണം വര്‍ധിക്കുന്നതായി കാണാം. 2019-20 ല്‍ 923 സഹകരണ ബാങ്കുകള്‍ ഈ ഇന്‍ഷുറന്‍സ് സ്‌കീമില്‍ ചേര്‍ന്നപ്പോള്‍ 2020-21 ല്‍ ഇതു 1176 ആയും 21-22 ല്‍ 1243 ആയും വര്‍ധിച്ചു.

2022-23 ല്‍ നിക്ഷേപ ഗാരണ്ടി കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബാങ്കുകളുടെ കണക്ക് ഇപ്രകാരമാണ്:  സഹകരണ ബാങ്കുകള്‍ ( 1887 ),
കമേഴ്‌സ്യല്‍ ബാങ്കുകള്‍ ( 139 ), പൊതുമേഖലാ ബാങ്കുകള്‍ ( 12 ), സ്വകാര്യ ബാങ്കുകള്‍ ( 21 ), വിദേശ ബാങ്കുകള്‍ ( 43 ), ചെറുകിട ധനകാര്യ ബാങ്കുകള്‍ ( 12 ), പേമെന്റ് ബാങ്കുകള്‍ ( 6 ), റീജ്യണല്‍ റൂറല്‍ ബാങ്കുകള്‍ ( 43 ), ലോക്കല്‍ ഏരിയ ബാങ്കുകള്‍ ( 2 ). 1887 സഹകരണ ബാങ്കുകള്‍ മൊത്തം 6,88,803 കോടി രൂപയുടെ നിക്ഷേപമാണു DICGC യില്‍ ഇന്‍ഷുര്‍ ചെയ്തത്. DICGC രൂപംകൊണ്ട ശേഷം ഇതുവരെയായി 27 കമേഴ്‌സ്യല്‍ ബാങ്കുകളിലെ നിക്ഷേപകര്‍ക്കു 295.85 കോടി രൂപ നിക്ഷേപ ഗാരണ്ടി കോര്‍പ്പറേഷനില്‍നിന്നു നല്‍കിയിട്ടുണ്ട്. ലിക്വിഡേറ്റ് ചെയ്യപ്പെട്ട 374 സഹകരണ ബാങ്കുകളുടെ നിക്ഷേപകര്‍ക്കു 10,631 കോടി രൂപയും ഇന്‍ഷുര്‍ തുകയായി നല്‍കിയിട്ടുണ്ട്.

കേന്ദ്ര ധനകാര്യവകുപ്പിന്റെ അധികാരപരിധിയില്‍ റിസര്‍വ് ബാങ്കിന്റെ പ്രത്യേക ഡിവിഷനായി 1978 ജൂലായ് 15 നു രൂപം കൊണ്ട നിക്ഷേപ ഇന്‍ഷുറന്‍സ്-ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്‍ 2020 ഫെബ്രുവരി നാലിനാണു ബാങ്ക്‌നിക്ഷേപത്തിനുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു ലക്ഷം രൂപയില്‍നിന്നു അഞ്ചു ലക്ഷം രൂപയായി വര്‍ധിപ്പിച്ചത്. സേവിങ്‌സ്, ഫിക്‌സഡ്, കറന്റ്, റിക്കറിങ് എന്നിങ്ങനെ എല്ലാ ബാങ്ക്‌നിക്ഷേപവും DICGC ഇന്‍ഷുര്‍ ചെയ്യും. ഒരു നിക്ഷേപകനു പരമാവധി അഞ്ചു ലക്ഷം രൂപയാണു കോര്‍പ്പറേഷന്‍ നല്‍കുക.

Leave a Reply

Your email address will not be published.