നിക്ഷേപസമാഹരണം: ഒരുവര്‍ഷംമുതലുള്ള നിക്ഷേപങ്ങളുടെയും പലിശ കൂട്ടി
സഹകരണ നിക്ഷേപസമാഹരണകാലത്തെ സ്ഥിരനിക്ഷേപപ്പലിശനിരക്കുകളില്‍ ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷത്തില്‍താഴെവരെയുള്ള നിക്ഷേങ്ങളുടെയും രണ്ടുവര്‍ഷവും അതിനുമുകളിലുമുള്ളനിക്ഷേപങ്ങളുടെയും പലിശനിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ട് പലിശനിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. മാര്‍ച്ച് നാലിനു പുതുക്കിനിശ്ചയിച്ചനിരക്കുകളാണു വീണ്ടും പുതുക്കിയിരിക്കുന്നത്. ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷത്തില്‍താഴെവരെയുള്ള നിക്ഷേപത്തിന്റെ പലിശ എട്ടുശതമാനത്തില്‍നിന്ന് 8.50 ശതമാനമായാണ് ഉയര്‍ത്തിയിട്ടുള്ളത്. രണ്ടുവര്‍ഷവും അതിനുമുകളിലും കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് എട്ടുശതമാനത്തില്‍നിന്ന് 8.75 ശതമാനമാക്കി. 15ദിവസംമുതല്‍ 45ദിവസംവരെയുള്ളവയുടെ പലിശ 6.25 ശതമാനമായും, 46ദിവസംമുതല്‍ 90ദിവസംവരെയുള്ളതിന്റെത് 6.75 ശതമാനമായും, 91ദിവസംമുതല്‍ 179ദിവസംവരെയുള്ളതിന്റെത് 7.25 ശതമാനമായും, 180ദിവസംമുതല്‍ 364ദിവസംവരെയുള്ളതിന്റെത് 7.75 ശതമാനമായും തുടരും. ഏതുകാലാവധിയിലുള്ള നിക്ഷേരത്തിനും മുതിര്‍ന്നപൗരര്‍ക്ക് അരശതമാനം പലിശ കൂടുതല്‍ കിട്ടും. മാര്‍ച്ച് അഞ്ചിനു തുടങ്ങിയ നിക്ഷേപസമാഹരണയജ്ഞം ഏപ്രില്‍ മൂന്നുവരെയാണ്. അതിനുശേഷം 9/2025 നമ്പര്‍ സര്‍ക്കുലര്‍പ്രകാരമുള്ള പലിശനിരക്കു പുനസ്ഥാപിക്കപ്പെടും.
സര്‍വീസ് സഹകരണബാങ്കുകള്‍, അര്‍ബന്‍സഹകരണസംഘങ്ങള്‍, പ്രാഥമികകാര്‍ഷികഗ്രാമവികസനബാങ്കുകള്‍, റീജിയണല്‍ റൂറല്‍ കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, എംപ്ലോയീസ് സകരണസംഘങ്ങള്‍, അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണസംഘങ്ങള്‍, മിസലേനിയസ് സഹകരണസംഘങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ പ്രാഥമികസഹകരണസംഘങ്ങള്‍ക്കും പുതിയ നിരക്ക് ബാധകമാണ്.
മാര്‍ച്ച് നാലിലെ സര്‍ക്കുലറില്‍ 15ദിവസംമുതല്‍ 45ദിവസംവരെയുള്ള നിക്ഷേപത്തിന്റെ പലിശ ആറുശതമാനത്തില്‍നിന്ന് 6.25 ശതമാനമായും, 46ദിവസംമുതല്‍ 90ദിവസംവരെയുള്ളതിന്റെ പലിശ 6.50 ശതമാനത്തില്‍നിന്ന് 6.75 ശതമാനമായും, 180ദിവസംമുതല്‍ 364ദിവസംവരെയുള്ളതിന്റെ പലിശ 7.50 ശതമാനത്തില്‍നിന്ന് 7.75 ശതമാനമായും വര്‍ധിപ്പിക്കാനും 91ദിവസംമുതല്‍ 179ദിവസംവരെയുള്ളതിന്റെ പലിശ 7.25 ശതമാനമായി തുടരാനും തീരുമാനിച്ചപ്പോള്‍ ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷത്തില്‍താഴെവരെയുള്ളനിക്ഷേപങ്ങളുടെ പലിശനിരക്ക് 8.25 ശതമനത്തില്‍നിന്ന് എട്ടുശതമാനമായി കുറയ്‌ക്കാനും രണ്ടുവര്‍ഷവും അതിനുംമുകളിലുമുള്ളവയുടെ പലിശനിരക്ക് എട്ടുശതമാനത്തില്‍നിന്നു വര്‍ധിപ്പിക്കാതിരിക്കാനുമാണു തീരുമാനിച്ചിരുന്നത്.
പലിശനിരക്കു കുറച്ചതിനെത്തുടര്‍ന്നു നിക്ഷേപസമാഹരണകാലത്തു പ്രതീക്ഷിച്ചത്ര നിക്ഷേപം എത്തുന്നില്ലെന്നു വാര്‍ത്തയുണ്ടായിരുന്നു. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കു കുറച്ചതിനെത്തുടര്‍ന്നു കേരളബാങ്ക് വായ്‌പാ-നിക്ഷേപപ്പലിശനിരക്കുകള്‍ കുറച്ചിരുന്നു.